വേര് മുളച്ചയിടം.......





MET ENGLISH MEDIUM SCHOOL ഇന്ന് ഈ കാട്ടി കൂട്ടുന്ന എല്ലാത്തിന്റെയും തുടക്കം  ഇവിടുന്നാണ്. നീണ്ട പന്ത്രണ്ട് കൊല്ലത്തെ സ്ക്കൂൾ ജീവിതം. LKG തൊട്ട് പത്താം ക്ലാസ് വരെ തുടർച്ചയായി പഠിച്ചത് ഒരു സ്കൂളിൽ. ആ പന്ത്രണ്ട് വർഷത്തെ കുറിച്ച് ഇന്നോർക്കുമ്പോൾ ഞാൻ എന്ന വ്യക്തിയെ രൂപീകരിക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുള്ള സമയമായിരുന്നുവെന്ന് പറയാം. പക്ഷേ, അന്ന് അങ്ങനെയല്ലായിരുന്നു, വെറുപ്പായിരുന്നു എന്തിനോടന്നില്ലാത്ത വെറുപ്പ്. പഠിച്ച സ്കൂളിനെ പറ്റി മോശം മാത്രം പറയാൻ തോന്നുന്ന വെറുപ്പ്. ഒരു പക്ഷേ തൊപ്പിയും ഇൻസൈഡും ബുധനാഴ്ചകളിൽ പോലുമുള്ള യൂണിഫോമും ഷൂസും ഒക്കെ ആയിരിക്കാം. അതുമല്ലെങ്കിൽ മറ്റു കൂട്ടുകാരെല്ലാം അലമ്പും കാണിച്ച് സ്കൂളിലേയ്ക്ക് നടന്നു പോകുമ്പോൾ വീടിന്റെ മുമ്പിൽ നിന്നും വണ്ടിയിൽ കുത്തി നിറച്ചുള്ള പോക്കുവരവു കൊണ്ടുണ്ടായിട്ടുള്ള അസഹിഷ്ണുതയായിരിക്കാം. എന്തായാലും
ഇന്നതെല്ലാം നല്ല സുഖമുള്ള  ഓർമകളാണ്. വിരുന്നുപോയാൽ അമ്മാവന്റെ മക്കൾ തൊട്ടപ്പുറത്തിരുന്ന് ഓര് രണ്ട് രണ്ട് ...ഈ രണ്ട് നാല്... എന്ന് പറയുമ്പോൾ  one twoes are two ,two twoes are four എന്ന് പറയുന്ന എന്നെ അവർ കൗതുകത്തോടെ നോക്കിയിരുന്നു. മലയാളം പറഞ്ഞാൽ ഫൈൻ അടിക്കുന്നതും വെള്ളിയാഴ്ച കളിലെ വെള്ളവസ്ത്രവും  റമളാൻ മാസത്തിലെ വിചാരണ രേഖയും ഇതൊക്കെ ഇപ്പോ ഓർക്കാൻ നല്ല രസമുണ്ട്. പക്ഷേ അന്ന് അതൊക്കെ മറ്റു കുട്ടികൾക്ക് ഞങ്ങളെ കളിയാക്കാൻ ഉള്ള കാരണങ്ങളായിരുന്നു. വരിവരിയായി തൊപ്പിയിട്ട് പള്ളിയിൽ പോകുക,  അച്ചടക്കത്തിൽ പോയി നിസ്കരിച്ചു വരിക... ഹാ ഹാ എന്ത് നല്ല കുട്ടി ആയിരുന്നു ഞാൻ...! ഒച്ചവെച്ചു അട്ടഹസിച്ചു  ചാടി നടക്കേണ്ട പ്രായത്തിലെ അച്ചടക്കത്തിന്റെ ആദ്യ  പാഠം അവിടുന്ന് പഠിച്ചു. പള്ളിയിൽ സംസാരിക്കുന്നുണ്ടോ തിരിയുന്നുണ്ടോ ചുമരിൽ ചാരി ഇരിക്കുന്നുണ്ടോ തല തിരിയുന്നുണ്ടോ തൊപ്പിയില്ലാതെ ഇരിക്കുന്നുണ്ടോ എന്നൊക്കെ നോക്കാൻ  ഒരുത്തനെ ഏല്പിച്ചിട്ട് ഉണ്ടാകും. അവൻ കൊടുക്കുന്ന ചീട്ടിൽ പേരുള്ളവരുടെ കുണ്ടിക്ക് ചൂരലിന്റെ അടയാളം പെരുത്ത് ഉണ്ടാകും .
പക്ഷേ ഇങ്ങനെയൊക്കെ ആണെങ്കിലും  അവിടം പൊളി ആയിരുന്നുവെന്ന് ഇപ്പോ തോന്നുന്നു. കണ്ണ് ഉള്ളപ്പോള് കണ്ണിന്റെ വില അറിയില്ല എന്ന് പറഞ്ഞപോലെ...സ്വപ്നങ്ങളെ നോക്കി നിക്കാതെ ചൂണ്ടൽ ഇട്ട് പിടിക്കാനുള്ള ഒരുപാട്‌ അടവുകൾ  പറഞ്ഞ് തന്ന ലോകം. എന്നിലെ പ്രാസംഗികൻ തല പൊക്കാൻ അവിടുന്ന് പല തവണ ശ്രമിച്ചിട്ടുണ്ട്. ശരിക്കും പറഞ്ഞാൽ ആ പ്രാന്ത് പൂത്തത് അവിടെ നിന്നാണ്. ഇന്ന് പതുക്കെ അതൊക്കെ പൊടിത്തട്ടുമ്പോൾ തൊപ്പിയിട്ട് വേദിയിൽ പ്രസംഗിക്കുന്ന ഒരു കണ്ണട വെച്ച കൊച്ചു മുഖം മനസ്സിലേക്ക് ഓടി വരും. ഒരു പക്ഷേ വെറുത്ത് വെറുത്ത് വെറുപ്പിന്റെ അവസാനം ഇന്ന് ഒരുപാട് ഇഷ്ടം തോന്നുണ്ട്  മൂച്ചികൾക്കിടയിലെ ആ കിളിക്കൂടിനോട്...കിളിക്കൂട് പോലെയാണ് പക്ഷേ വേട്ടക്കാരിൽ നിന്നും മറച്ച് വെക്കുവായിരുന്നുവത്രെ....
ആ നിയന്ത്രണങ്ങളിൽ നിന്നും പുറത്ത് വരാനുള്ള എന്റെ ത്വരയായിരിക്കാം എന്റെ എഴുത്തുകൾ. അത് കൊണ്ട് അവിടെ പഠിച്ചില്ലായിരുന്നെങ്കിൽ  ഇന്ന് ഇതൊന്നും സാധ്യമാക്കില്ലായിരുന്നു .ഇന്നാര് ചോദിച്ചാലും ഞാൻ ഞാനായത് പണ്ട് എനിക്ക് ഇഷ്ടമില്ലായിരുന്ന ആ 12 കൊല്ലങ്ങൾ ആണെന്ന് ഞാൻ പറയും...

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ