അന്ന് ഒരു വേനൽ അവധിക്ക്









 അന്ന് ഒരു വേനൽ അവധിക്ക് , മൈതാനത്ത് കൂട്ടുകാരോട് ഒപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്നു. ശ്രീജിത്തിന്റെ പന്തിൽ കുട്ടൻ അടിച്ച സിക്സിർ പൊങ്ങി പോകുന്നത് തലയിൽ കയ്യ് വെച്ച് നോക്കുമ്പോഴാണ് ആ സംഭവം നടക്കുന്നത്. ആളെ കുത്തി നിറച്ച് പൂങ്കോട് നിന്ന് നെല്ലൂരിലേക്ക് പോകുന്ന ശാസ്താ ബസ്സിനെ ഒരു ചേട്ടൻ വട്ടം വെക്കുന്നു. 

ബസ്സിന്ന് ഇറങ്ങിയോടിയ ഒരു ചേട്ടനെ  പിടിച്ച് ആഞ്ഞൊരു ചവിട്ട് .കുട്ടാ ശ്രീജിത്തെ അടി അടി. അവന്മാരെല്ലാം ഓടി കൂടി. എടാ ഇത് നമ്മടെ ഹരിദാസേട്ടനാണ്  പുള്ളി അടിക്കില്ല വെട്ടേ ചെയ്യൂ....

എന്ത് 

നീ നോക്ക് .

അരയിൽ നിന്ന് ഹാൻസ് പാക്കറ്റ് എടുത്ത് അതിൽ നിന്ന് അൽപ്പം കയ്യിലേക്ക് ഇട്ട് തിരുമ്മി തിരുമ്മി ചുണ്ടിനിടയിൽ ഇട്ട്  നീട്ടി ഒരു തുപ്പും തുപ്പി .ബൈക്കിൽ നിന്ന് കൊടുവൾ എടുത്ത് ആഞ്ഞൊരു വെട്ട്.വെട്ട് കൊണ്ട് പുളയുന്ന ആളെ നോക്കി ചിരിച്ചു കൊണ്ട് പോട്ടെ ഒരു പത്ത് ഇരുപത് സ്റ്റിച്ച്നുള്ളതൊക്കെ ഉണ്ട് കുറവ് ഉണ്ടേൽ പറയണേ എന്നും പറഞ്ഞ് ബൈക്ക് എടുത്ത് പോയ ആ പഴയ ഹരിദാസേട്ടൻ .

പൂങ്കോട് യു.പി സ്കൂളിലെ പ്യൂണ്‍ ആണ് ഹരിദാസേട്ടന്റെ അച്ഛൻ . മകൻ ഓരോ വെട്ട് വെട്ടുമ്പോഴും സ്റ്റാഫ് റൂമിൽ പരദൂഷണം പറയാനും കുത്തി നോവിക്കാനും ഒരുപാട്‌ പേരുണ്ടായിരുന്നു. പലപ്പോഴും മൂത്ര പുരയുടെ പിറകിൽ നിന്ന് കരയുന്ന ആ മനുഷ്യനെ ഞാൻ കണ്ടിട്ടുണ്ട്.

ഒരു ദിവസം  തൊട്ട് വാക്കത്ത് ഇരുന്ന് മീൻ പിടിക്കുമ്പോൾ  ഹരിദാസേട്ടൻ ആ വഴി വന്നു. തന്റെ  കൊടുവൾ പുറത്തേക്ക് എടുത്തു നല്ല കട്ട ചോര അതിൽ മൊത്ത മുണ്ടായിരുന്നു  അയാൾ ആ തൊട്ട് വക്കത്ത് ഇരുന്നു കഴുകുമ്പോൾ കൊതിയോടെ  ഓടി കൂടുന്ന മൽസ്യ കുഞ്ഞുങ്ങളെ കൗതുകത്തോടെ ഞാൻ നോക്കി നിന്നു. അമ്മ മീന്‌ മുറിക്കുമ്പോൾ ഉച്ചക്കത്തെ ചോറിന്റെ സ്വാദ് ആസ്വദിക്കുന്ന എന്നെ പോലെ  തോന്നി എനിക്ക് ആ മീൻ കുഞ്ഞുങ്ങളെ .

ഞാൻ അയാളോട് ചോദിച്ചു. "ചേട്ടൻ വല്യ ഗുണ്ട ആണല്ലേ..."

മൂപ്പര് എന്നെ ഒന്ന് നോക്കി. ഒന്നും മിണ്ടിയില്ല. ഇങ്ങൾ സുധാകരൻ മാഷിന്റെ മോൻ ആണല്ലേ...

"മാഷോ അയാൾ നിന്നെ ഏത് അക്ഷരം ആട പടിപ്പിച്ചേ"

"നിങ്ങൾക്ക് ആ മനുഷ്യനോട് ഒരു സ്നേഹവുമില്ലേ "

കുറച്ച്‌ നേരം  മനുഷ്യ മാംസത്തിന്റെ ചീളുകൾ കൊത്തി പറിക്കുന്ന മീനുകളെ നോക്കി അയാൾ മീശ പിരിച്ചു കൊണ്ടേ ഇരുന്നു.

" വെട്ടും കുത്തും നാട് മൊത്തം പെണ്ണ് പിടിയുമായി നടക്കുന്ന ഒരുത്തനെ അയാൾ എങ്ങനെ സ്നേഹിക്കാനാണ് അത് കിട്ടിയാൽ അല്ലേ തിരിച്ചു കൊടുക്കാൻ പറ്റു. കിട്ടിയിരുന്ന കാലത്ത് അത് ഇരട്ടിയായി ഞാൻ കൊടുത്തിട്ടുണ്ട്. ഇപ്പൊ സ്നേഹം കിട്ടാറില്ല അത് എന്താണെന്ന് ഞാൻ മറന്നു പോയി."

അപ്പോ സുധ എച്ചി ,

"ആരെയും ഞാൻ തേടി പോകറില്ല ചെക്കാ 

എങ്ങോട്ടും ഞാൻ പോകാൻ ഉദ്ദേശിക്കുന്നുമില്ല,

സ്നേഹിച്ചവർ എല്ലാം കൂടെ കൂടിയവർ എല്ലാം എന്നെ മടുത്ത് ഇറങ്ങി നടന്നവരാണ്."

തന്റെ ബാല്യവും തന്റെ പ്രണയവും കുടുംബവും അയാൾ ഒത്തിരി മിസ്സ് ചെയ്യുന്നുണ്ട് എന്ന് എനിക്ക് അന്ന് ബോധ്യപെട്ടിരുന്നു.

ഇന്ന് ഈ ഉണങ്ങിയ ചീനി മരത്തിൽ നാവ് പുറത്തിട്ട് കണ്ണ് തുറിച്ച് അയാൾ തുങ്ങിയാ ടുന്നത് കണ്ടപ്പോൾ വല്ലാതെ സങ്കടം തോന്നി അയാൾ എടുത്ത ജീവനുകൾ ഒരു നിമിഷത്തേക്ക് ഞാൻ മറന്നു പോയി. അയാളോട്‌ ഇത്തിരി സ്നേഹം എനിക്ക് തോന്നി. അന്നത്തെ സംസാരത്തിൽ അയാളിൽ, വെട്ടി കുത്തി ജീവിച്ച ആ ജീവിതത്തിന്മേൽ കുറ്റബോധം കൊണ്ട് വീർപ്പു മുട്ടുന്ന മനസ്സ് ഞാൻ കണ്ടിരുന്നു .തനിക്ക് ഇനി ഒരു  തിരിച്ചു പോക്ക് സാധ്യമാകില്ല എന്ന് അയാൾക്ക് തോന്നിക്കാണും ഗുണ്ടയായ മകനെ അച്ഛന്  വീണ്ടും സ്നേഹിക്കാൻ ആവില്ല എന്ന് അയാൾ വിശ്വസിച്ച് കാണും . അയാൾ തുങ്ങിയാടിയ ഉണങ്ങിയ മരത്തിന്റെ ഭലം പോലും  അയാളുടെ ആ മനസ്സിന് ഉണ്ടായില്ല. പൂങ്കോടും നെല്ലൂരും ഭയന്നിരുന്ന  ഹരിദാസൻ (വെട്ട്  ഹരി ) ജീവിതത്തെ ഭയന്ന് ആത്മഹത്യ ചെയ്തു.

- സാബിത്ത് കൊപ്പം

അഭിപ്രായങ്ങള്‍