ഒരിടവേളക്ക് ശേഷം

ഉമ്മ ഉണ്ടാക്കി തന്ന നല്ല ചൂട് കട്ടൻകാപ്പി കുടിച്ച് ടെറസ്സിൽ നിൽക്കുമ്പോഴാണ് ആരിഫ മുകളിലേക്ക് കയറി വന്നത്...

" നീ എന്നാ വന്ന് ?"

"ഞാൻ ഇന്നലെ..."

"  ഇനി നാളെ പോകുമോ...? "

"പോണം.."


"ശരിക്കും എന്താണ് നിന്റെ ലൈഫിൽ സംഭവിച്ച്. ഇന്നലെ ആയിരുന്നു ല്ലേ...."

ഫസലിന്റെ  ഡൈവോഴ്സ് ഇന്നലെ ആയിരുന്നു..അതിന് വേണ്ടിയാണ് ഓൻ കൊല്ലത്ത് നിന്നും വന്നത് തന്നെ..ആരിഫയുടെ ചോദ്യം കേട്ട് ഓൻ ഒന്ന് ചിരിച്ചു....

"ഞങ്ങൾക്കിടയിൽ അങ്ങനെ വലിയ  പ്രശ്‌നങ്ങൾ ഒന്നും ഇല്ലടോ...ജീവിതത്തിന്റെ നല്ല നിമിഷങ്ങൾ ഒക്കെ ഇങ്ങനെ ആസ്വദിച്ച് പോകുന്നതിനിടക്ക് രണ്ടു പേർക്കും ഏതോ ഒരു പോയിന്റിൽ അവരവരാണ് ശരി എന്ന് തോന്നി തുടങ്ങി പിന്നീട് അങ്ങോട്ട് ആ ശരിയുടെ പേരിൽ ആയിരുന്നു കുഴപ്പങ്ങൾ...
ഒരു തരം മത്സരമായിരുന്നു...ഞാൻ പറയുന്നത് അവൾക്ക് പറ്റില്ല അവൾ പറയുന്നത് എനിക്കും...
ഈ പരസ്പ്പരം ഉള്ള ഒരു വിശ്വാസം ഉണ്ടല്ലോ അതൊക്കെ പതിയെ കുറഞ്ഞു വന്നു...
ഈ ആളുകൾ പറയും മനസ്സിലുള്ളത് ആരോടെങ്കിലും ഒക്കെ പറഞ്ഞ ചിലപ്പോൾ ഒരു മനസമാധാനം കിട്ടുമെന്ന് ചുമ്മാ പറയുന്നതാണ്...അത് പറയുന്ന ആൾ കേൾക്കാൻ കൂടെ അർഹത ഉണ്ടെങ്കിൽ ഓക്കെ, ഇല്ലേൽ അതോട് കൂടെ ഉള്ള മനസമാധാനം പോകും..അവൾ ഈ വിഷയം ഒക്കെ ഓൾടെ ഫ്രൻഡ്‌സിനോട് ഒക്കെ പറഞ്ഞിരുന്നു, പിന്നെ അവര് അങ് കേറി മറിയുകയായിരുന്നു.... എന്റെ ഇൻസ്റ്റാഗ്രാം ഫേസ്ബുക്ക് ട്വിറ്റർ എന്തിന് അതികം ലിങ്കിനിൽ വരെ എത്തി സി ഐ ഡി പണി... പിന്നെ ഞാൻ പറയുന്നതിനേക്കാൾ വിശ്വാസം അവൾക്ക് അവർ പറയുന്നതായിരുന്നു... മടുത്തപ്പോൾ  ഞാൻ പറഞ്ഞു...പഴയ ആശിഖയായിട്ടാണ് എങ്കിൽ നമുക്ക് മുന്നോട്ട് പോകാം ഇത് നടക്കില്ല ഈ ആശിഖയെ എനിക്ക് അറിയില്ല എന്ന്...
പിരിയും വരെ ഉള്ള വാശി ഒക്കെ പിരിയാൻ തീരുമാനിച്ചപ്പോൾ പോയി. വീണ്ടും ചേർത്ത് പിടിക്കാം എന്നൊക്കെ രണ്ടു പേർക്കും തോന്നിയതാണ് പക്ഷേ ഒന്ന് ആലോചിച്ചപ്പോൾ ഇതാണ് പിരിയാൻ നല്ല സമയമെന്ന് മനസ്സ് പറഞ്ഞു....എന്തായി നിന്റെ കുട്ടിടെ കേസ് അവന്റെ കൂടെ ആണോ അതോ നിന്റെ യോ.... "


" അത് ഇപ്പോ അവൻ കുട്ടി അല്ലേ ന്റെ കൂടെ വിടാനാണ് പറഞ്ഞത്...പക്ഷേ അവന് ഇഷ്ട്ടം അങ്ങോട്ട് പോകാനാണ്  അവടെ മുത്തച്ഛന്റെ മക്കൾ ഒക്കെ ഉണ്ടല്ലോ കളിക്കാൻ ഇവടെ ആരാ ഉള്ളത് വയസ്സായ  അവറാനും കദീജയും "  അവൾ ചിരിച്ചു...


" നിനക്ക് ഒരു കുട്ടി ഇല്ലാത്തത് കൊണ്ട് അത് ഒന്നും നോക്കണ്ടല്ലോ"


"മനപ്പൂർവ്വം വേണ്ടന്ന് വെച്ചതായിരുന്നു. അവൾ ഇപ്പോ ചെയ്യുന്ന ഈ ജോലി ഉണ്ടല്ലോ അത് അവളുടെ ഡ്രീം ആയിരുന്നു... അതിനുള്ള പഠിപ്പും പരീക്ഷക്കൊക്കെ ഇടയിൽ ഒരു കുഞ്ഞ് വേണ്ടാന്ന് ഞാനാണ് നിർബന്ധം പിടിച്ചത് .അത് ഏതായാലും ഇപ്പോ ഒരു ആശ്വാസം ഉണ്ട് ഇല്ലേൽ അത് കൂടെ ഞാൻ ചിന്തിക്കേണ്ടി വന്നേനെ..
നമ്മൾ രണ്ടാളും പ്രണയത്തിൽ ആണെന്ന് വീട്ടുകാര് അറിഞ്ഞപ്പോൾ അന്റെ വാപ്പ എന്താണ് ഇന്നോട് പറഞ്ഞതെന്താന്നറിയോ..  'അനക്ക് ന്റെ ആരിഫാനെ തരാൻ എനിക്ക് പൂർണ്ണ സമ്മതാണ് അന്നേ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയത് അല്ലല്ലോ ഞാന്'ന്ന്
പക്ഷേ ന്റെ കുടുംബക്കാർ അതിന് സമ്മതിച്ചീല അന്ന്, സാരല്ല രണ്ട് കുടുംബവും സമ്മതം പറഞ്ഞാൽ മാത്രം മതി നിക്കാഹ് ഇല്ലേൽ നമുക്ക്‌ പിരിയാന്നും പറഞ്ഞ് നമ്മൾ പിരിയുമ്പോ ആരേലും കരുതിയോ രണ്ടാളും ഇങ്ങനെ വീണ്ടും നിൽക്കേണ്ടി വരുന്ന് ."
ഓൾ ചിരിച്ചു

"ഇന്നലെ അന്റെ ഉമ്മ വന്ന് ഉപ്പാനോട് പറഞ്ഞിരുന്നു ഒരിക്കെ നമ്മൾ ഒരേ പിരിച്ചു ഇപ്പോ നമുക്ക് ഒന്നിപ്പിച്ചുടെ ന്ന്"

"അപ്പോ കുടുംബക്കാര് ?"

"ഓര് ഉണ്ടാക്കിയത് ആണല്ലോ ഇപ്പോ കയ്യാല പുറത്തെ തേങ്ങ പോലെ നിക്കുന്നത്.."
 
"  എന്ന ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ ?"



"ഉം"

"ഇപ്പോഴും ആ പഴയ സ്നേഹം എന്നോട് ഉണ്ടോ...."

"കട്ടിലിൽ ഒന്ന് മലർന്ന് കിടന്നതിന്റെ പേരിൽ ആരിഫ ഒന്ന് പെറ്റിട്ടുണ്ട് എന്നേ ഒള്ളു, വേറെ ഒന്നിനും ഒരു മാറ്റവും വന്നിട്ടില്ല, ഒന്നിനും.......
ഇങ്ങക്കോ  ? "

"പാതി സ്നേഹം ഞാൻ കുറച്ചു കാലം ഒരാൾക്ക് കടം കൊടുത്തിരുന്നു ഓൾ അത് ഇന്നലെ ഒപ്പിട്ട് തിരിച്ച് തന്നു, ഇനി അതിന് അവകാശി ഒന്നുമില്ല മുഴുവനും ഞാൻ അങ് തരാം.."

By
സാബിത്ത് കൊപ്പം

അഭിപ്രായങ്ങള്‍