പ്രവാസിയുടെ പെട്ടി...

"പെട്ടി തുറക്കുന്നില്ലേ ഉപ്പാ?''
''അമ്മായിയും കുട്ടികളും വന്നിട്ട് പോരെ...
രാത്രിക്ക് തുറക്കാ...എടാ അതിൽ ഒന്നും ഇല്ലെടാ ഇയ്യൊന്ന് ക്ഷമിക്ക്. ഹാ ന്നാ തുറക്കാം വായോ..''
പ്രവാസികളുടെ മക്കൾക്ക് ഓർത്തെടുക്കാൻ  പറ്റുന്ന  ചില വാക്കുകൾ ആണത്.
നാട്ടിലേക്ക് തിരിക്കും മുമ്പ് വാങ്ങി വെച്ച സാധനങ്ങൾ  ഇത്‌ മോന്, ഇത്‌ മോൾക്ക്, ഇത് ഭാര്യക്ക്, ഇത് ഉമ്മാക്ക്, ഇത് പെങ്ങന്മാർക്ക്, ഇത് അളിയന്മാർക്ക് എന്ന് പറഞ്ഞ് മാറ്റി വെച്ചവയെല്ലാം ഒരുമിച്ച് വെക്കും എന്നിട്ട് റൂമിലുള്ള എല്ലാവരും കൂടെ അത് ഒരു പെട്ടിയിലാക്കും.  നല്ല നീളൻ  കയർ കൊണ്ട് കെട്ടും,ഒരു പ്രവാസിയുടെ ഒരു കൊല്ലത്തെ അല്ലേൽ രണ്ട് കൊല്ലത്തെ അധ്വാനത്തെ  വലിച്ചു മുറുക്കി കെട്ടും. എന്നിട്ട് എയർപോർട്ടിൽ നിന്ന് ഒരു ലാമിനേഷനും കസ്റ്റംസ് ചെക്കിങ് മുതലാക്കലും വെട്ടി കീറലും കഴിഞ്ഞ് ആ പെട്ടി എയർപോർട്ടിൽ നാട്ടിലേക്ക് യാത്രയാകും ..

വീടിന്റെ  മുറ്റത്ത്  കൂട്ടുകാർക്കൊപ്പം കളിച്ചു കൊണ്ടിരിക്കുന്ന മോന്റെ മുന്നിലേക്ക് അംബാസഡർ കാറിൽ പെട്ടി വെച്ച് കെട്ടി ഉപ്പ വന്നിറങ്ങും. പഴയ പ്രവാസിയുടെ നാട്ടിൽ വരവാണിത്😊.  ചെളിയും അഴുക്കും നിറഞ്ഞ  വേഷത്തിൽ  കളിസ്ഥലത്ത് നിന്നും മോൻ ഓടി ചെല്ലും. പൊക്കിയെടുത്ത് ഒരു മുത്തം കൊടുക്കും. നല്ല റോയൽ മാര്യേജിന്റെ മണവും മുറ്റത്തെ മണ്ണിന്റെ മണവും  പരസ്പരം കലഹിക്കും. മോൻ വീണ്ടും കളിക്കളത്തിലേക്കു ഓടും. ഒരു ഉമ്മ കൊണ്ട് തന്റെ ദേഹത്ത് വന്ന ദുബായ് മണം കൂട്ടുകാരെ മണപ്പിച്ചു നടക്കും. പിന്നെ എല്ലാരും നമ്മുടെ നായകനെ പറ്റി ചോയ്ക്കും.  "എടാ രണ്ട് പെട്ടി ഒക്കെ ഉണ്ടാല്ലോ എന്തായിരിക്കും അതിൽ...?''  നെഞ്ചു വിരിച്ച് മകൻ പറയും അത് മൊത്തം ഇനിക്കാ... കളിക്കാനുള്ളത്, പിന്നെ ഡ്രസ്സ്, സ്കൂൾക്ക് പെന്ന്, പെൻസിൽ....

പെട്ടി പൊളിക്കുക എന്ന  ചടങ്ങാണ്  പ്രവാസിയുടെ മുന്നിലെ  വലിയ വെല്ലുവിളി. ഞാൻ കൊണ്ടുവന്നത്  എല്ലാവർക്കും ഇഷ്ടപ്പെടൂലെ പാകമാവുമോ... ആരെയെങ്കിലും മറന്നോ...അങ്ങനെയങ്ങനെ..
 പെട്ടി തുറക്കാൻ മകനും മകളും മുൻകൈയെടുക്കും ശേഷം അവരുടെ പെട്ടി യുമായുള്ള മല്ലെല്ലാം എല്ലാവരും ആസ്വദിച്ച് കാണും. മിഠായി, പിസ്താ, ബദാം എന്ന് പറഞ്ഞു പിന്നെ ആകപ്പാടെ ഒരു  ബഹളവും...ആ നേരം കൊണ്ട് റൂം മൊത്തം ഒരു ദുബൈ മണം നിറഞ്ഞിട്ടുണ്ടാകും..എല്ലാവരും അവരവർക്ക് കിട്ടിയ ദുബായ്‌കാരന്റെ വകകൾ വിലയിരുത്തി  റൂമിലേക്ക് കിടക്കാൻ പോകും. മകനെ ഉറക്കി  ഉപ്പ കൊണ്ടുവന്ന കാർ  മുറുക്കെ പിടിച്ച് കിടന്നു റങ്ങുന്ന മോന്റെ കയ്യിന്ന് അത് വാങ്ങി വെച്ച ശേഷം  തന്റെ കയ്യിലെ ചെറിയ ബാഗ് ഉപ്പ തുറക്കും അത് വരെ ദുബായ് മണം വീശിയ റൂമിൽ ഒരു ആയുസ്സിന്റെ കഷ്ടപ്പാടിന്റെ മണം നിറയും  തന്റെ വിയർപ്പിന്റെ ഗന്ധം."എടിയെ ഇതൊന്നും തിരുമ്പാൻ പറ്റീലാ ഇത് ഒന്ന് തിരുമ്പി ഇട്ടേക്ക് എന്നും പറഞ്ഞ്. ആ മണം പക്ഷേ  ആ റൂമിന് പുറത്തേക്ക് ആരും അറിഞ്ഞിട്ടുണ്ടാവില്ല ഉറങ്ങി കിടക്കുന്ന മക്കൾ പോലും.
ഇന്ന് കൊറോണ കാലത്ത് ഈ പെട്ടിയുടെയും പ്രവാസിയുടെയും കഥകൾ നിങ്ങൾക്ക് അറിയാലോ.... ഇപ്പോ ഇങ്ങനെ ഒന്ന് എഴുതാൻ ചില വാർത്തകളും ചിലരുടെ വീഡിയോകളും ഒക്കെയാണ്...
നിങ്ങൾ ഒരിക്കലും മറക്കരുത് തളളി പറയരുത് അങ്ങനെ തോന്നുമ്പോൾ.... നിങ്ങൾ നിങ്ങളിലേക്ക് തന്നെ നോക്കിയാൽ മതി അവർ വരുത്തിയ മാറ്റങ്ങൾ നിനക്ക് മനസ്സിലാകും...

Sabith koppam

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ