കുഞ്ഞോർമ

ഒരിക്കലും മറക്കാത്ത ഒരു കുഞ്ഞോർമ.😁. തീർന്നു ഇനി ഇല്ലാ എന്നിടത്ത് നിന്നും ഉള്ള തിരിച്ചു വരവ്. തലേ..ദിവസം വരെ ഓടിച്ചാടി നടന്നിരുന്ന  കുട്ടി പെട്ടെന്ന് ഒരു ദിവസം രാവിലെ എണീറ്റപ്പോൾ  നിലത്ത് കാൽ കുത്തുന്നില്ല ഒരു ഇഞ്ച് നടക്കുന്നില്ല. അതെ എന്റെ മൂന്നാമത്തേയോ നാലാമത്തേയോ വയസ്സിലാണെന്ന് തോന്നുന്നു. രാവിലെ എണീറ്റ്‌ പായീന്ന് നീച്ചതേ ഓർമയുള്ളൂ. കാലിൽ ഒരായിരം സൂചിമുനകൾ ഒരുമിച്ചു  തറക്കുന്ന വേദന. ഒരടി എന്നെ കൊണ്ട് അനക്കാൻ പറ്റുന്നില്ല. ഉമ്മയെ വിളിച്ച് പറഞ്ഞപ്പോൾ അപ്പം ചുടുന്നിടത്ത്ന്ന് ആളെ കളിയാക്കുന്നോ രാവിലെ എന്നും പറഞ്ഞു രണ്ട് അടി തന്നങ്ങ് പോയി. കാര്യത്തിന്റെ സത്യാവസ്ഥ മനസ്സിലായപ്പോൾ  പിന്നെ കരച്ചിലായി... ദികറായി...സ്വലത്തായി ആകെ ഒരു ഒച്ചപ്പാട്.
എന്താ പ്രശ്നം എന്ന് തിരക്കി പൂമുഖത്ത്ന്ന് ഉപ്പൂപ്പ ഓടി വന്നു. കരഞ്ഞു മൂക്ക്തുടച്ചു കൊണ്ട് ന്റെ കുട്ടിക്ക് നടക്കാൻ പറ്റുന്നില്ലത്രേ...ഉമ്മയുടെ കരച്ചിൽ കണ്ടപ്പോൾ  "ഏയ് ഇജ്ജ്  സബൂറാക്...അത് ഒന്നുമില്ലെടി നിലത്ത് കിടക്കല്ലേ... പായിലാണെന്ന് പറഞ്ഞിട്ടെന്തു കാര്യം ആ ജാതി തണുപ്പ്‌ അല്ലേ ഇച്ച് ലേശം ചൂട് വെള്ളവും തോർത്തും കൊണ്ടു വാ" എന്നും പറഞ്ഞ് ഉപ്പൂപ്പ കാൽ അങ്ങനെ തടവി...ഉമ്മ കൊണ്ടു വന്ന ചൂട് വെള്ളം ഉപ്പൂപ്പ കാലിലങ്ങനെ  പിടിപ്പിച്ചു. മുക്കിടി വൈദ്യം  പതിനെട്ടു പയറ്റിട്ടും പേരക്കുട്ടി നടക്കുന്നില്ല. ഒടുക്കം നേരെ ശിവദാസിന്റെ ഹോസ്പിറ്റലിലേക്ക്. ഇന്നത്തെ സ്നേഹനിലയം നിൽക്കുന്നത് തന്നെ പട്ടാമ്പി പാലത്തിന്റെ അപ്പുറംമാണെന്ന് ഓർക്കണം. അച്യുതൻ ഡോക്ടറുടെ ചികിത്സയിലുള്ള ആശുപത്രി. വെള്ളം കോരൻ പോകുന്ന സർക്കാർ കിണറിന്റെ സമീപത്തും  നാട്ടിലെ അടുക്കളകളിലും ചർച്ച "രാവിലെ എണീറ്റപ്പോൾ  അബ്‌ദുന്റെ ചെക്കൻ നടക്കുന്നില്ലത്രേ എന്താണെന്ന് ഇപ്പോളും ഡോക്ടർ മാർക്ക് പിടുത്തം കിട്ടീട്ടില്ലത്രേ..."സീരിയൽ പോലെ... ന്റെ കഥ ഓടിക്കൊണ്ടിരുന്നു. അന്നും നമ്മടെ കഥയ്ക്ക് ഡിമാൻഡ് ഉണ്ടേ😁😁. ആ സമയത്ത് ആ ഹോസ്പിറ്റലിൽ ഒരു കുട്ടി മരിക്കുകയോ എന്തോ ഉണ്ടായി. ശരിയായി ഓർക്കുന്നില്ല. എങ്കിലും അവിടെ ആകെ അടിയായി ബഹളമായി. പോലീസും പട്ടാളവും എന്ന് പറഞ്ഞ പോലെ ആകെ സീൻ. ജനിച്ച അന്ന് മുതൽ ടിവി യിൽ മാത്രേ പോലീസുകാരെ കണ്ടിട്ടുള്ളൂ. മ്മടെ മമ്മൂക്കയും സുരേഷട്ടനും ഒക്കെയാണ് നമ്മടെ പോലീസുകാര്. അതു കൊണ്ട് തന്നെ ആകെ ഇവരെ കണ്ടപ്പോൾ ഞാൻ പേടിച്ചു. എന്തിനധികം വയറ്റീന്ന്പോക്ക് വരെ പിടിച്ചുന്ന് വരെ ഇപ്പോളും അമ്മായിമാർ കളിയാക്കാറുണ്ട്. ഇനി കുട്ടി നടക്കില്ല എന്നിടത്ത് നിന്നും ഉള്ള ഒരു ഉയർത്തെഴുന്നേൽപ്പായിരുന്നു പിന്നീട് ഉണ്ടായത്. തന്റെ കളിപ്പാട്ടം കയ്യീന്ന് പിടിച്ചു വാങ്ങി പോയ എളാപ്പന്റെ കൂടെ ദേഷ്യത്തിൽ ഓർക്കപ്പുറത്ത് ഇറങ്ങി ഒരു പോക്കാണ്.. മരുന്ന് എടുത്ത് കൊണ്ടിരുന്ന ഉമ്മ ചിരിച്ചു കൊണ്ട് "അതാ സാബി നടന്നന്നൂ"ന്ന്. എന്തോ അത്ഭുതം നടന്ന പോലെ എല്ലാരും തുറിച്ചു നോക്കുന്നു. അപ്പുറത്തെ റൂമിലുള്ളവർ വരെ എന്റെ നടത്തത്തിന്റെ കഥ കേട്ട് വന്നു 😂
ഇന്നും കാലിൽ ചെറിയ വേദനകൾ മറ്റോ കളിക്കുന്ന സമയത്ത് വന്നാൽ ആ ഭീതി നിറഞ്ഞ നാളുകൾ ഓർക്കും.
"പരീക്ഷണങ്ങൾ എന്നും എനിക്ക് മേൽ വട്ടമിട്ടിരുന്നു. കഴുകന്റെ കാലിൽ നഖം വളർന്നതു ‌കൊണ്ടോ അതോ അവന്റെ അലിവ് കൊണ്ടോ ഓരോ തവണയും ഇര രക്ഷപ്പെടുന്നു😉"
By
Sabith koppam

അഭിപ്രായങ്ങള്‍