വിശപ്പിന്റെ വില





ഇല്ലത്തെ ഗോവിന്ദൻ നമ്പൂതിരിയുടെ മകനും കുടുംബവും ഗ്രാമം വിട്ട് നഗരത്തിലേക്ക് പോയി, അങ്ങനെ ഒരുപാട് കാലത്തിന് ശേഷം ഗോവിന്ദന്റെ പേരക്കുട്ടി തന്റെ കളിക്കൂട്ടുകാരൻ ചാത്തുവിനെ കാണാൻ ഗ്രാമത്തിലോട്ട് വരുകയാണ്.
നഗരത്തിൽ നിന്നും ചാത്തുവിന് ഒരു കൂട്ട് വസ്ത്രവും വാങ്ങി ഉണ്ണി നമ്പുതിരി ബസ്സ് പിടിച്ചു. അങ്ങനെ തൊട്ട് മുക്കിൽ ബസ്സ് ഇറങ്ങി. തൊട്ട് മുക്കിന്ന് ഒരു ഒന്നര മണിക്കൂർ നടക്കണം ചാത്തുവിന്റെ കുടിലിലേക്ക്. ആൾ നമ്പുതിരി ഒകെ ആണേലും നഗരത്തിലെ സംസാരവും, വേഷവും ഒക്കെയാണ്. നടന്ന് ശീലമില്ലാത്തത് കൊണ്ടും മടി കൊണ്ടും ഉണ്ണി അവിടെ നിന്ന് പരുങ്ങാൻ തുടങ്ങി. ഒടുക്കം അതുവഴി വന്ന കുമാരേട്ടന്റെ കാള വണ്ടിയിലാണ് ചാത്തുവിന്റെ കുടിലിൽ എത്തിയത്.
ചാത്തുവിന്റെ അമ്മ കാർത്തു മുറ്റത്ത് ഇരുന്ന് ചൂൽ ഉണ്ടാക്കുകയാണ്.
ഉണ്ണി: അമ്മേ... എന്നെ അറിയോ.. ഇല്ലത്തെ ഗോവിന്ദൻ നമ്പുതിരിയുടെ  പേരകുട്ടിയാണ്.
അമ്മ: എടാ ഉണ്ണി എനിക്ക് നിന്നെ മനസ്സിലായില്ല കേട്ടോ.. പണ്ട് ചാത്തുന്റെ കൂടെ മൂക്കൊലിച്ചു ട്രൗസറും ഇട്ട് നടന്ന ചെക്കനാണ്.
ഉണ്ണി:ചാത്തു എവിടെ?
അമ്മ: അവൻ ഉറങ്ങാണ് ഇപ്പൊ വിളിക്കാം ടാ, അന്റെ അച്ഛനൊക്കെ  സുഖല്ലേ..
ഉണ്ണി : ഉം ബാങ്കിലാണ്.
ഉച്ചക്ക് മൂന്ന് മണിക്ക് കണ്ണും തിരുമ്പി ചാത്തു പുറത്തേക്ക്‌ , കണ്ടപാടെ ഉണ്ണിയെ ചാത്തുവിനു മനസ്സിലായി 
"ഹയ് ഇതാരാ ശ് നേരായോ.. ഇരിക്യ ഇങ്ങോട്ട് കേറി ഇരിക്യ അമ്മെ സംഭാരം എടുക്കട്ടെ.. ഉണ്ണിക്ക് എങ്ങനാ സംഭാരം ആവാലോ..."
കളിയാക്കി കൊണ്ട് ചാത്തു പറഞ്ഞു: "നമ്പുതിരി കുട്ടിക്ക്  നമ്മടെ നമ്പുതിരി ഭാഷ പിടിച്ചോ എങ്ങനെ ഉണ്ട്..."
ചാത്തു ഞാൻ നിന്നെ കാണാൻ വന്നതാണ് കുറച്ചു ദിവസം ഇവിടെ കാണും നിന്റെ കൂടെ എന്നിട്ടെ പോകു.

ചാത്തു:" കുറച്ചു ദിവസമോ..."

ഉണ്ണി: "ആ ഒരു രണ്ട് ദിവസം."

അമ്മ കൊടുത്ത ചക്ക കുരു പുഴുങ്ങിയതും ചായയും കുടിച്ച് കുറച്ച് നാട്ടുവർത്ഥമാനം പറഞ്ഞപ്പോഴേക്കും നേരം ഇരുട്ടി. ചാത്തു തന്റെ പണി ആയുധങ്ങൾ എടുത്ത് പുറത്ത് ഇറങ്ങി.

ചാത്തു: "ഉണ്ണി ഞാൻ പണിക്ക് പോവുകയാണ് ഭക്ഷണം കഴിച്ചു കിടന്നട്ടോ..".

ഉണ്ണി:ഈ നേരത്തോ..

ചാത്തു:" തൊട്ടമുക്കിലെ സൂര്യൻ അന്തിമയങ്ങുമ്പോൾ ചാത്തു ഇരുട്ടിൽ മറയും.അതാണ് ചാത്തുവിന്റെ നേരം ."

മൂളി പാട്ടും പാടി ചാത്തു ഇരുട്ടിലേക്ക് മറഞ്ഞു. ഭക്ഷണം കഴിച്ചു ഉണ്ണി ഉറങ്ങാൻ കിടന്നു. നഗരത്തിലെ പട്ടു മെത്തയിൽ കിടന്ന് ശീലിച്ച ഉണ്ണിക്ക് പട്ടമെടഞ്ഞു മറച്ച കക്കൂസും പുല്പായയും ഒന്നും അങ്ങാട്ട് പിടിച്ചിട്ടില്ല. ആകെ ഒരു അസ്വസ്ഥത. അത് കൊണ്ട് തന്നെ ഉണ്ണികുറെ വൈകിയാണ് ഉറങ്ങിയത്.

നേരം വെളുത്തപ്പോൾ ഉണ്ണി കേൾക്കുന്നത്

"അമ്മേ ഇന്ന് കിട്ടിയത് ആകെ 3കിലോ അരിയാണ് പഞ്ചസാര ഒന്നും ഇല്ല. ജന്മിമാരും പട്ടിണി ആയിന്നാ തോന്നുന്നെ"

ഉണ്ണി എണീറ്റു,ചാത്തു കയ്യിൽ കുറച്ച് ഉമ്മികരി ഇട്ട് കൊടുത്തു.  ഉണ്ണിക്ക് അത് അവന്റെ കുട്ടിക്കാലത്തെ ഓർമ്മകൾ നൽകി. പല്ല് തേപ്പിനിടയിൽ ഉണ്ണി അവനോട് അവന്റെ രാത്രിയിലെ പണിയെ കുറിച്ച് ചോദിച്ചു. ചാത്തു ചിരിച്ചുകൊണ്ട് പറഞ്ഞു നാട്ടിൽ അരിയും പഞ്ചസാരയും പിന്നെ മറ്റു സാധനങ്ങൾ  ഒക്കെ ഉള്ള വിട്ടിന്ന് കുറച്ച് എടുത്ത് എന്റെ വീട്ടിൽ കൊണ്ട് വന്ന് വെക്കും നേരായ ഭാഷയിൽ പറഞ്ഞാൽ ഒരു കള്ളൻ.

ഉണ്ണി : നീ കള്ളനോ...
ചാത്തു: കള്ളൻ കുഞ്ഞന്റെ മോൻ പിന്നെ പള്ളിക്കൂടത്തിൽ പഠിപ്പിക്കുന്ന മാഷാകുമോ 

ഉണ്ണി: എടാ നഗരത്തിലെ കള്ളന്മാർ എല്ലാം പണമാണ് മോഷ്ട്ടികാർ  നീ എന്താ ഈ അരിയും പച്ചക്കറിയും മോഷ്ടിക്കുന്നത്.
ചാത്തു: എടാ നിനക്ക് വിശപ്പിന്റെ വില അറിയോ...
ഉണ്ണി: വിശപ്പിന്റെ വിലയോ... അരിയുടെ വില അറിയാം
ചാത്തു: എങ്കിൽ ഞങ്ങൾ ആ വില ഒരുപാട് അറിഞ്ഞതാണ്. പിന്നെ പണം അത് ഇല്ലല്ലോ.. നഗരത്തിൽ കുറെ ഉള്ളിലോട്ട് ആയത് കൊണ്ട് തന്നെ സർക്കാരും എമാന്മാരും ഒന്നും തിരിഞ്ഞു നോക്കാറില്ല. ജന്മിമാരാണ് ഇവിടെ വാഴുന്നത്. അവർ നൽകുന്ന നെല്ല്. ഒരു നേരത്തേക്ക് പോലും തികയില്ല. ഈ നാട്ടിലെ ഓരോ കർഷകന്റെ യും കുടിലിൽ പുകയുന്ന അടുപ്പും നിറഞ്ഞ കലവും  കാണാൻ വലിയ പാടാണ്
ഉണ്ണി: നിന്റെ അച്ഛൻ ആണോ നിന്നെ കള്ളൻ ആക്കിയത്.
ചാത്തു : അല്ല എന്ന് പറയാനാണ് എനിക്കിഷ്ട്ടം. ഒരിക്കൽ അച്ഛന്റെ കൂടെ വെള്ളിമല കയറിക്കൊണ്ടിരിക്കുമ്പോൾ അച്ഛൻ എനിക്ക് ഒരു കഥ പറഞ്ഞു തന്നു. ആ കഥ കേട്ടാണ് ഞാൻ കള്ളനായത്.
ഉണ്ണി:ആരുടെ കഥയാണ് അത്?
ചാത്തു: കായംകുളം കൊച്ചുണ്ണി. പുള്ളിയാണ് എന്റെ ദൈവം വലിയ മനുഷ്യനാണ്. ഉള്ളവരിൽ നിന്ന് വാങ്ങി ഇല്ലാത്തവനു  കൊടുക്കും ,വലിയ ദാന  ധർമ്മിഷ്ട്ടനാണ് .
ഉണ്ണി ചിരിച്ചുകൊണ്ട് എടാ പിടിച്ചു പറിക്കുന്ന ഒരു കള്ളനാണോ നിന്റെ ദൈവം അയ്യേ...

ചാത്തു: ഒരു കണക്കിന് പിടിച്ചു പറിക്കുന്ന കൊച്ചുണ്ണി അല്ലെ നല്ലവൻ .അല്ലെ പിന്നെ ദാരിദ്ര്യം പിടിച്ച ചാത്തുവാക്കി എന്നെയും ഇല്ലത്തെ ധനികനായ നമ്പുതിരി കുട്ടിയായി നിന്നെയും ദൈവം രണ്ടായി പടക്കില്ലായിരുന്നുവല്ലോ . നീതിമാന് ആയിരുന്നേൽ ദൈവം എല്ല മനുഷ്യരെയും തുല്യരായി ജനിപ്പിക്കില്ലായിരുന്നോ.ഉണ്ണി കുറെ ചിരിച്ചു. എന്നിട്ട് രാത്രി മോഷണത്തിന് ഉണ്ണിയേയും കൂടെ കൂട്ടമൊന്ന് ചോദിച്ചു. ചാത്തു സമ്മതവും മൂളി.

അങ്ങനെ ഉണ്ണിയും ചാത്തുവും മോഷണത്തിന് ഇറങ്ങി നാട്ടിലെ ഒരു ജന്മിയുടെ വീടിന്റെ പത്തായ പുരയിൽ കയറി പറ്റി. കിട്ടിയതെല്ലാം ചാക്കിലാക്കി.
 ചാത്തു : "ഞാൻ ലീലക്ക് എന്തേലും കിട്ടുമൊന്ന് നോക്കട്ടെ".
ഉണ്ണി: "ആരാ ലീല".
വീടുക്കാരണവരുടെ മൂത്ത മോൾടെ മുറിയിൽ നിന്നും കുറച്ച് കരിവളയും കുപ്പിവളയും ചാത്തു പൊക്കി.

ചാത്തു: നീ ലീലയെ പറ്റി ചോദിച്ചില്ലേ. നീ വാ ഞാൻ കാണിച്ചു തരാം. അവൾ കള്ളുഷാപ്പിലെ  കേളുവേട്ടന്റെ മോളാണ്. ഈ ചിങ്ങത്തിൻ അമ്മക്ക് ഒരു  കൂട്ടായി വിളിച്ചിറക്കി കൊണ്ടുവരണം.എനിക്ക് ഇഷ്ട്ടാണ് അമ്മ കൂടെ സമ്മതിക്കണം.
പാടത്തിന്റെ നടുവിൽ കാണുന്ന ഒരു ഒറ്റമുറി വീട്ടിലെ ജനാലയിലൂടെ നോക്കി  അവൾ അവനെയും കാത്ത്‌ ഇരിക്കുകയാണ്. കണ്ണ് എഴുതി ചുവന്ന വലിയ പൊട്ടും ഇട്ട അവൾ ചിരിച്ചു. ചാത്തു അവൾക്ക് അവൻ കയ്യിൽ കരുതിയ വളകൾ കൊടുത്തു.അവൾ അവനു ഒരു കുപ്പി കള്ളും കൊടുത്തു. അതും കുടിച്ച് രണ്ടും പേരും പാടവരമ്പത്തിലൂടെ ആടിയാടി നടന്നു.

രാവിലെ ഉണ്ണി ബാഗും തൂക്കി ഇറങ്ങി. ഉണ്ണി നഗരത്തിലേക്ക് ഒരു വലിയ പഠനവും കഴിഞ്ഞാണ് പോകുന്നത്, കൂട്ടത്തിൽ ചാത്തു വിന്റെ വിശപ്പിന്റെ വില എന്ന പുതിയ വിലയും.

 ഉണ്ണി:  ഞാൻ ഇറങ്ങുകയാണ് നീ ഇനി മോഷ്ടിക്കരുത്. എന്തൊക്കെ പറഞ്ഞാലും അത് ഒരു വലിയ തെറ്റാണ്. നിങ്ങളുടെ വിശപ്പും ദാരിദ്ര്യവും ഒക്കെ  മാറും ഇനിയുള്ള കാലം മോഷ്ടിക്കാതെ കഴിയാൻ ദൈവം വിവേചനം കാട്ടിയ ഈ നമ്പുതിരികുട്ടി പണം അയച്ചു തരാം നിന്റെ ഇപ്പോഴത്തെ ആവശ്യത്തിന്, നീ ചെറിയ വല്ല ജോലിക്കും പോകണം. അപ്പോ ചിങ്ങത്തിലെ കല്യാണത്തിന് ഇനി കൂടാം.

ഉണ്ണിയോട് ചാത്തു ഒന്നും പറഞ്ഞില്ല. കാരണം അവനു അറിയാം ഈ നാട് മാറാൻ ഇനി അധികം ഒന്നുമില്ല എന്ന്. കേശുവിന്റെ പാടത്ത് ഒരു ചുവന്ന കൊടി കുത്തിയിട്ടുണ്ട്. പിന്നെ കഞ്ഞിമുക്കിയ ഷർട്ട് ഇട്ടവൻ  എൻഞ്ചിനുള്ള വണ്ടിയിൽ പാടം നോക്കാൻ വരുന്നുമുണ്ട്. ഈ ഗ്രാമവും നഗരവും കൂട്ടത്തിൽ ഗ്രാമത്തിലെ കള്ളൻ നഗരത്തിലെ വലിയ കള്ളന്മാരെക്കാളും കാലം അഴി എണ്ണുകയും ചെയ്യുമെന്ന്.  

By
Sabith koppam

അഭിപ്രായങ്ങള്‍