എന്റെ ആത്മാവ്(മരണം )

എന്റെ ആത്മാവ്(മരണം )


“നീ എങ്ങോട്ടാണീ പോകുന്നത്? അതും ഈ ഉച്ച സമയത്ത്. നീ കുറച്ച് നേരം ഇവിടെ ഇരിക്ക്. നീയിത് ആരെ കാണാനാണ് പോകുന്നത്. ആ ഹെൽമെറ്റെങ്കിലും വെച്ചിട്ട് പോ…”

ഞാൻ മരിക്കുന്നതിന് തൊട്ട് മുമ്പ് എന്റെ ഉമ്മ എന്നോട് പറഞ്ഞതാണ്. ആ വാക്കുകൾ ഞാൻ കേട്ടില്ല. പ്രായത്തിന്റെ കുറുമ്പും അനുസരണക്കേടും കുറച്ചധികം ഉണ്ട്. ഉമ്മയോട് ദാ വരുന്നു എന്ന് പറഞ്ഞു പോയ ഞാൻ വെള്ള തുണിയിൽ പൊതിഞ്ഞാണ് ആ വീട്ടിലേക്കു വന്നെത്തിയത്. എന്റെ അമിത വേഗത  മൂലം ഞാൻ സ്വന്തമാക്കിയ മരണം.

ആരൊക്കെയോ എന്നെ ഹോസ്പിറ്റലിൽ എത്തിച്ചു. എന്റെ ശരീരത്തിൽ നിന്നും എന്റെ ആത്മാവ് പുറത്തേക് പോകാൻ പ്രയത്നിക്കുന്നു. ഞാൻ പതിയെ ശരീരത്തിൽ നിന്നും എണീറ്റു കസേരയിൽ പോയി ഇരുന്നു. ഡോക്ടർമാർ അങ്ങോട്ടും ഇങ്ങോട്ടും ഓടിപായുന്നു. സുഹൃത്തുക്കൾ പുറത്ത് ബ്ലഡ് ഡോണേഴ്‌സിനെ തപ്പുന്നു. നഴ്സ് പുറത്തുള്ള ആൾക്കൊരു പൊതി കൊണ്ടുകൊടുത്തു.

അതിൽ എന്റെ  കണ്ണട, വാച്ച്, മൊബൈൽ ഒക്കെ ഉണ്ട്. എല്ലാം പൊട്ടിയിരിക്കുന്നു. കഴിഞ്ഞ വർഷം ഉപ്പ വന്നപ്പോൾ വാശിപിടിച്ച് വാങ്ങിയ ഫോൺ ആണ്. അതിന്റെ സ്ക്രീൻ ആകെ പൊട്ടിയിരിക്കുന്നു. ഞാൻ എന്നെയൊന്ന് നോക്കി അതിലും മോശമാണ് എന്റെ അവസ്ഥ.

അൽപസമയം കഴിഞ്ഞ് ഡോക്ടർ അവരോട് പറഞ്ഞു. തൊണ്ണൂറു ശതമാനവും രക്ഷപ്പെടാൻ സാധ്യതയില്ല. അറിയിക്കേണ്ടവരെയൊക്കെ അറിയിച്ചോളൂ. എന്റെ ശരീരത്തിലേക്ക് കടക്കാൻ ഞാൻ ശ്രമിച്ചു സാധിക്കുന്നില്ല. എന്റെ ജീവിതത്തിൽ ഇന്നേ വരെ അനുഭവിക്കാത്ത ഒരു വേദന ഞാൻ അനുഭവിച്ചു. അത് എന്റെ ശിരസ്സ് വരെയെത്തി. എനിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. പതിയെ എന്റെ ശരീരം നിശ്ചലമായി. എന്നിൽ ഘടിപ്പിച്ച യന്ത്രങ്ങൾ എടുത്തു മാറ്റി വെള്ള തുണിയിൽ പൊതിഞ്ഞു. ഞാൻ അവരോട് ആവുന്ന പോലെ പറഞ്ഞു ഞാൻ മരിച്ചിട്ടില്ല  എന്നെ നോക്കൂ. എനിക്ക് സംസാരിക്കാം, നിങ്ങളെ കാണാം ആരും അത് കേട്ടില്ല.

എന്റെ കണ്മുന്നിൽ വെച്ച് അവരെന്നെ കീറി മുറിച്ചു. പോസ്റ്റ്മോർട്ടവും കഴിഞ്ഞു. പുറത്ത് എനിക്ക് വേണ്ടി ഒരുപാട്‌ പേര് കാത്ത് നിൽക്കുന്നുണ്ട്. സുഹൃത്തുക്കൾ നാട്ടുകാർ ബന്ധുക്കൾ അങ്ങനെ ഒരുപാടുപേർ. ഉപ്പയുടെ സുഹൃത്ത് വിവരങ്ങൾ  ഉപ്പയെ അറിയിക്കുന്നുണ്ട്. വിവരം അറിഞ്ഞയുടനെ തന്നെ അവരൊക്കെ അവിടെനിന്ന് പോന്നിട്ടുണ്ടാവണം. ഉപ്പയുടെ സഹോദരങ്ങളും ഉണ്ട് കൂടെ.

എന്റെ മരണം എന്റെ വീട്ടുകാർക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അങ്ങനെ എന്റെ മൃതദ്ദേഹവുമായി ആംബുലൻസ് എന്റെ നാട്ടിലേക്ക് തിരിച്ചു. എന്നെ കാണാൻ എന്റെ നാട് ഒരുങ്ങിയിരുന്നു. എന്റെ കല്യാണത്തിന് പന്തൽ ഒരുങ്ങേണ്ട മുറ്റം ഇന്ന് മറ്റൊരു  കർമ്മത്തിനൊരുങ്ങുന്നു. ടാർപ്പായ വലിച്ചു കെട്ടി കുറച്ചു കസേരയും ഇട്ടു. വീട്ടിൽ നിന്നും പ്രാർത്ഥനകൾ കേൾക്കാൻ തുടങ്ങി. 11.30 യോടെ എന്റെ മൃതദേഹം വീട്ടുമുറ്റത്ത്‌ എത്തി. ഞാൻ സന്തോഷത്തോടെ വണ്ടിയിൽ നിന്ന് ഇറങ്ങി. അപ്പോഴാണ് വീട്ടിൽ നിന്നും പൊട്ടിക്കരച്ചിൽ കേട്ടത്. എന്റെ അമ്മായിമാർ കരയുകയാണ്. ഞാൻ എന്റെ ശരീരത്തെ നോക്കാതെ. വീടിന്റെ അകത്തേക്ക് കേറി. ഉമ്മയെ തിരഞ്ഞു. ഉമ്മ എന്റെ മുറിയിൽ കിടക്കുകയാണ്. ഉമ്മ എന്നെ വിളിച്ച് കരയുന്നുണ്ട്. ഉമ്മ പറഞ്ഞതാണ് പോകണ്ടാന്ന് ഞാൻ കേട്ടില്ല. ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് ആ പാവത്തിനെ ."ഉമ്മ മാപ്പ് എല്ലാത്തിനും മാപ്പ്".

എന്റെ ശരീരം പൂമുഖത്ത് കട്ടിലിൽ കിടത്തി. ഓരോരുത്തരായി എന്നെ കാണാൻ തുടങ്ങി. നാട്ടിലെ രാഷ്ട്രീയക്കാർ, പള്ളി കമ്മറ്റിക്കാർ, അങ്ങനെ എല്ലാവരും. എന്റെ മുമ്പിൽ ഒരു കൊച്ചു പയ്യൻ ഖുർആൻ ഒതുന്നുണ്ട്. അവനു  വിശക്കുന്നുണ്ട് എന്ന് ഇക്ക് മനസ്സിലായി. അവൻ അവിടുന്ന് മാറാൻ പറ്റാതെ വിഷമത്തോടെയും ദേഷ്യത്തോടെയും പ്രാർത്ഥിക്കുന്നു" ഇവന് നീ സ്വർഗ്ഗം നൽക്കണം നാഥാ".

എന്റെ സുഹൃത്തുക്കൾ എന്നെ കാണാൻ വന്നു. അവർ തിരക്കിലായിരുന്നു .ഹോസ്പിറ്റലിലെയും വീട്ടിലെയും കാര്യങ്ങൾ  നോക്കുകയാണ്. കുറെ നേരം എന്റെ അരികിൽ നിന്നു. അവരുടെ മനസ്സിൽ എന്റെ ഓർമകൾ ആയിരുന്നു ആരും കാണാതെ മാവിൽ കല്ലെറിഞ്ഞതും ലൗ ലെറ്റർ കൊടുത്തതും, സിഗരറ്റ് വലിച്ചതും അത് പിടിച്ചതും എല്ലാം...

പിന്നെയും ഒരുപാട് പേർ വന്നു. വന്നവരെല്ലാം എന്റെ നന്മകൾ പറഞ്ഞ് വിഷമിക്കുന്നു. എന്നെ കുറിച്ച് കുറ്റം മാത്രം പറഞ്ഞ ചായക്കടയിലെ കാക്ക വരെ നല്ലത്‌ പറയുന്നു അതാണ് മരണം.

എപ്പോഴും എന്നോട് വഴക്കിടുന്ന എന്റെ ജന്മ ശത്രുവായി ഞാൻ കണ്ടിരുന്ന ഒരു   സുഹൃത്ത്. അവനും എന്നെ കാണാൻ വന്നു.  അവൻ ആദ്യമായി കരയുന്നത് ഞാൻ കണ്ടു. കല്ല് കൊണ്ട് നെറ്റി കുത്തി പൊട്ടിച്ചപ്പോൾ പോലും അവൻ കരയുന്നത് ഞാൻ കണ്ടിട്ടില്ല. ആ അവനാണ് എന്റെ മുമ്പിൽ കരയുന്നത്. അവനെ കെട്ടി പിടിച്ച് നീ ഇനി ആരോട് വഴക്കിടും എന്ന് പറയാൻ തോന്നി എനിക്ക്.

സഹപാഠികൾ ഒരുപാട് വന്നു. എന്നെ കണക്ക്, മലയാളം പഠിപ്പിച്ച ടീച്ചർമാർ വന്നു. ഏറ്റവും കുടുതൽ ശകാരിച്ചവർ. ജീവിതം കൈവിട്ടു പോകുമ്പോൾ ഉപദേശിച്ചവർ. ഒരുപാട് ഉയരങ്ങളിൽ എത്തേണ്ടവൻ ആണെന്ന് പറഞ്ഞവർ. അവരൊക്കെ കണ്ണുകൾ പലവട്ടം തുടക്കുന്നത് ഞാൻ കണ്ടു.

എനിക്കും ഉണ്ടായിരുന്നു ലക്ഷ്യങ്ങൾ...അത് എല്ലാം കേവലം ഒരു  ഉറക്കത്തിൽ കണ്ട സ്വപ്നം മാത്രമായി.
ഒരുപാട് സ്ത്രീകൾ വന്ന കൂട്ടത്തിൽ ഒരു തേങ്ങൽ ഞാൻ കേട്ടു. ആരോടും പറയാതെ കഴിഞ്ഞ മൂന്ന് വർഷമായി ഞാൻ മനസ്സിൽ കൊണ്ട് നടന്ന പെണ്ണ്. വിവാഹപ്രായമെത്തുമ്പോൾ അവളെ പോയി പെണ്ണ് ചോദിക്കണമെന്ന് കരുതിയതായിരുന്നു. മൂന്ന് ദിവസം മുമ്പാണ് ഞാൻ എന്റെ പ്രണയം അവളോട് പറഞ്ഞത്.

അവളും എന്റെയീ വാക്കുകൾക്കായി  കാത്തിരിക്കുകയായിരുന്നു. അവളോട്‌ ഒത്തുള്ള  ജീവിതം സ്വപ്നം കണ്ട ഞാൻ ആണ് ഈ കിടക്കുന്നത്.  ആശ കൊടുത്ത് വഞ്ചിക്കാനായിരുന്നോ മരണമേ നീ വന്നത്‌...?

ഉപ്പയും എളാപ്പമാരും വന്നു.  ഞാൻ എന്തെങ്കിലും ആവാൻ വേണ്ടിയാണ് ഇത്രയും നാൾ ആ പാവം അവിടെ കിടന്ന്  പണിയെടുത്തത്. ഉപ്പയുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്  ഈ കിടക്കുന്നത്.  ദൂരെ മാറിനിന്ന് പൊട്ടിക്കരയുകയാണ്.
ഇനി ആരും കാണാൻ ഇല്ലായിരിക്കും. ഒരുപാട് പേർ പരസ്പരം പറയുന്നത് കേട്ടു.

എനിക്ക് പോകാൻ സമയമായി. നാളിതുവരെ  ഞാൻ കണ്ട സ്വപ്‍നം, കുടുംബം, സ്നേഹിച്ച പെണ്ണ്...എല്ലാം വിട്ട് ഞാൻ പോകുകയാണ്. ഇന്ന് എന്നെ മറ്റാരോ കുളിപ്പിക്കുന്നു. എന്റെ പുത്തൻ ഷർട്ടുകൾക്ക് പകരം വെള്ള തുണികൾ പുതപ്പിക്കുന്നു. എല്ലാവരും ചേർന്ന് എന്നെ പള്ളികാട്ടിലേക്ക് കൊണ്ടുപോകുന്നു. എനിക്കായി നിർമിച്ച പുതിയ വീട് ആറ് അടിയേ ഉള്ളൂ.  ഇരുപത് സെന്റിൽ വലിയ വീട്ടിൽ കഴിഞ്ഞ എനിക്ക് ആ സൗകര്യം പോരായിരുന്നു... കിടക്കയിൽ തലയണ വെച്ചു കിടന്ന ഞാൻ മണ്ണിന്റെ മണം കൊണ്ട് കിടക്കുന്നു. എന്റെ മുകളിൽ അവസാന മൂട് കല്ലും വെച്ചു എല്ലാവരും പിരിഞ്ഞ് പോയി .ഞാൻ ഇവിടെ തനിച്ചാണ് എന്റെ ആത്മാവ് എന്നെ വിഡ്ഢി  എന്ന് വിളിക്കുന്നു. ഓരോ വെള്ളിയാഴ്ചയിലും എന്നെ തേടി ആരെങ്കിലും വരുമെന്ന പ്രതീക്ഷയിൽ  ഞാൻ ഇവിടെ കാത്തിരിക്കുകയാണ്...........

(നമ്മുടെ പ്രവൃത്തികൾ ആണ് നമ്മളെ ഒന്നും അല്ലാതെ ആക്കുന്നത്)

Sabith koppam

അഭിപ്രായങ്ങള്‍