തെരുവിലെ ദൈവം ....

“പേ ഇളകിയ നായയുടെ പുറകെ വടിയും കമ്പും എടുത്ത് ഓടുന്നവനോട്  ഇപ്പോ നിങ്ങളും, നായയും തമ്മിൽ എന്താ വ്യത്യാസം എന്ന് ചോദിച്ചവനെ നായ ഓടിച്ചിട്ട് കടിക്കുമ്പോൾ വീഡിയോ എടുത്ത് രസിക്കുന്ന ഒരു പറ്റം ചിത്തഭ്രമരോഗികളുടെ കൂട്ടത്തിലാണ് നാം ജീവിക്കുന്നത്”.
വേദിയിൽ നിന്ന് പ്രസംഗിക്കുന്ന പ്രാസംഗികന്റെ വാക്കുകൾ ആണ് ഇത്. വരികളിലെ പുതുമ എന്നെ മനോരോഗം ഇല്ലാത്ത മനുഷ്യനെ തിരഞ്ഞു നടക്കാൻ പ്രരിപ്പിച്ചു.  രാത്രി നന്നായി ഭക്ഷണം കഴിച്ച് ഒരു ടോർച്ചും എടുത്ത് പുറത്തിറങ്ങി.

കോഴി കൂട്ടിൽ കേറിട്ടേ ഒള്ളു. വൈകുന്നേരം പണി മാറ്റി വന്ന  പണിക്കാര് കാദർ കുട്ടിക്കാന്റെ കടയിൽ ഇരുന്നുകൊണ്ട് ഉറക്കെ പറയുന്നുണ്ട്

 “ആ ഷാനവാസിന്റെ മൂത്തമോന്റെ കോലം കണ്ടോ താടി മുടി വളർത്തീട്ട്, ഇന്നലെ ബാംഗ്ലൂർന്ന് വന്നുക്കുണു"

“എല്ലാരും പറയുന്നുണ്ട് ചെക്കൻ കഞ്ചാവ് ആണെന്ന്”.

തള്ളൽ ദൂരെ നിന്ന് എനിക്ക് കേൾക്കാമായിരുന്നു. സമയം ഒരുപാട് നീങ്ങി. പ്രധാന കടകളുടെ എല്ലാം വെളിച്ചം അണഞ്ഞു. മുഖ്യധാര സ്ഥാപനങ്ങളുടെ  എല്ലാം മുമ്പിൽ തെരുവ് നായകൾ  സ്ഥാനം പിടിച്ചിരിക്കുന്നു. ഞാൻ ബസ്സ് സ്റ്റോപ്പ്‌ ലക്ഷ്യമാക്കി നടന്നു. അവിടെ ഒരുപ്പാട്‌ ഭിക്ഷാടകർ കിടന്നുറങ്ങുന്നുണ്ടായിരുന്നു. കച്ചവടക്കാർ ഇതര സംസ്ഥാന തൊഴിലാളികൾ എല്ലാം കുറച്ചു മാറി ഒരു പുറമ്പോക് ഭൂമിയിൽ ടെന്റ് കെട്ടി താമസിക്കുന്നു..

രാവിലെ പെങ്ങടെ മോൻ ഒരു ബലൂൺ വാങ്ങാൻ ചെന്നപ്പോൾ കച്ചവടക്കാരന്റെ കൂടെ ഞാൻ കണ്ട ആ കുട്ടി ദൂരെ നോക്കി കരയുന്നുണ്ട്. ഹിന്ദിയിൽ അങ്ങേര് എന്തൊക്കയോ കൊച്ചിനോട് പറയുന്നുണ്ട്.  എനിക്ക് ഒന്നും മനസ്സിലായില്ല. ബസ്സ് സ്റ്റോപ്പിന്റെ തിണ്ണയിൽ ഞാൻ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു മനുഷ്യൻ, അങ്ങനെ തന്നെ പറയാം നഗരത്തിലെ പ്രധാന ഹോട്ടലുകളിൽ എല്ലാം ഒരു കവർ പിടിച്ച് കയറി ഇറങ്ങുന്നുണ്ടായിരുന്നു. ഇയാളെ കണ്ടപാടെ എല്ലാവരും ഷട്ടർ പൊക്കി ഒരു പൊതി കൊടുക്കുന്നു. രണ്ട് കയ്യിലും കവർ പിടിച്ച് മുഷിഞ്ഞ ഷർട്ടും മുണ്ടും ഇട്ട ആ മനുഷ്യൻ  ഞങ്ങളെ ലക്ഷ്യമാക്കി വന്നു കയറി. അദ്ദേഹം ആദ്യം പോയത് ടെന്റുകളിൽ കഴിയുന്നവരുടെ അടുത്തേക്ക് ആയിരുന്നു. കരഞ്ഞു കൊണ്ടിരുന്ന ആ കുട്ടിടെ കരച്ചിൽ അയാളുടെ നിഴൽ വെട്ടം കണ്ടപ്പോൾ മാറുന്നത് ഞാൻ ശ്രദ്ധിച്ചു. അദ്ദേഹം അവർക്കെല്ലാം അത് വീതിച്ച് കൊടുത്തു. ശേഷം ഞങ്ങളുടെ അടുത്തേക്ക് വന്നു. എനിക്ക് നേരെയും ഒരു പൊതി ചോർ നീട്ടി. ഞാൻ നിരസിച്ചപ്പോൾ പുഞ്ചിരിച്ചു.

ഭക്ഷണം കഴിച്ച് എല്ലാവരും കിടന്ന് ഉറങ്ങി. ആ തെരുവ് നിശ്ശബ്ധമായി. കരഞ്ഞിരുന്ന കുട്ടി ഉറങ്ങി തുടങ്ങി, ബംഗാളിലെ ഒരു മനോഹരമായ താരാട്ട് പാട്ട് ആ തെരുവിൽ അങ്ങനെ മുഴങ്ങി. തണുത്തു വിറക്കുന്ന എന്റെ നേരെയും നീട്ടി അദ്ദേഹം ഒരു പുതപ്പ്,  ഞാൻ അത് വാങ്ങി പുതച്ചു.
“നിങ്ങൾ ആരാണ്" എന്ന് ഞാൻ ചോദിച്ചപ്പോൾ  എന്നെ നോക്കി പുഞ്ചിരിച്ചു ഒന്നും മിണ്ടീലാ.
മോൻ എവിടുന്ന എന്താ ഇവിടെ? ഭക്ഷണം കഴിച്ചു കാണുമല്ലേ..
“ ഉം കഴിച്ചു, ഞാൻ ഇവിടെ അടുത്തുള്ളതാണ്. രാത്രിയിൽ ദൈവം തന്റെ അടിമകളുടെ വിശപ്പ് അകറ്റാൻ വരുമെന്ന് കേട്ടിട്ടുണ്ട്, ആ ദൈവത്തെ കാണാൻ വന്നതാണ്"
എന്റെ ചോദ്യം കേട്ട അദ്ദേഹം, എന്നിട്ട് മോൻ കണ്ടോന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, എന്റെ മുമ്പിൽ ദാ ഇരിക്കല്ലേ അങ്ങേര്.
അദ്ദേഹം പൊട്ടിച്ചിരിച്ചു.“ ഈ കടകളിൽ ബാക്കി വരുന്ന ഭക്ഷണം  അത് ശേഖരിച്ച് കൊടുന്നു കൊടുക്കുക മാത്രമാണ് ഞാൻ ചെയ്യുന്നത്. അല്ലാണ്ട് ഒന്നും അല്ല”.
“ആയിരിക്കാം പക്ഷേ എത്രയോ തവണ ഞാൻ ഇത് വഴി നടന്ന് പോയിട്ടും എനിക്ക്  ഒന്ന് കൊണ്ട് കൊടുക്കാൻ തോന്നിയോ…ഇല്ലാ.. അപ്പോൾ നിങ്ങൾ എനിക്ക് ഒരു മാതൃകയാണ്.

ഞങ്ങൾ സംസാരിച്ചു കുറെ സംസാരിച്ചു.. ഒടുക്കം ഞാൻ മനസ്സിലാക്കി കാണുന്നതും കേൾക്കുന്നതിനും അപ്പുറത്ത് കേൾക്കാനും കാണാനും കഴിയുന്നവരുടെ കൂടെയാണ് ഞാൻ കിടക്കുന്നത് എന്ന്. മൊബൈലില്ലെ എന്റെ തോണ്ടി കളി കണ്ടിട്ടാവണം അദ്ദേഹം പറഞ്ഞു. “ഞാൻ ഒരുപാട് വേദികളിൽ ഇതിനെ പറ്റി പ്രസംഗിക്കുന്നവരെ കണ്ടിട്ടുണ്ട്. എന്നാൽ അവർ തന്നെ അതിനെ അവരുടെ വാക്കുകൾക്ക് എതിരായി പ്രവർത്തിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. സത്യത്തിൽ ഇവ വലിയ അപകടകാരികൾ ഒന്നും അല്ല. മീൻ കഴിക്കുന്നത്  പോലെയാണ്  സൂക്ഷിച്ച് മുള്ള് നോക്കി കഴിച്ചാൽ  മുള്ള് തറക്കാതെ കഴിക്കാം, അല്ലാത്ത പക്ഷം മുള്ള് തൊണ്ടയിൽ കുരുങ്ങി ഇടങ്ങേറാകും"
ആ ഉദാഹരണം എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു. അദ്ദേഹം വീണ്ടും സംസാരിച്ചു തുടങ്ങി..
“ഈ കിടക്കുന്നവരെ നിനക്ക് അറിയോ നിങ്ങടെ ഒക്കെ മുമ്പിൽ കൈ  നീട്ടുന്നവരാണ്. ഇവർ ഭിക്ഷയാജിക്കുമ്പോൾ നമ്മൾ ആട്ടി ഓടിക്കും, തണ്ടും തടിയും ഇല്ലേ പണി എടുത്ത് ജീവിച്ചൂടെ എന്ന് ചോദിക്കുന്നവരും ഉണ്ട് നമ്മുടെ കൂട്ടത്തിൽ. എന്നാൽ ഒരുത്തൻ പോലും അവർക്ക് കടയിലോ കൂപ്പിലോ പണി മേടിച്ചുകൊടുത്തില്ല. അങ്ങനെ ആരേലും കൊടുക്കുന്നത് നീ കണ്ടിട്ടുണ്ടോ….”
“ഇവർക്ക് ഒക്കെ കഴിയാൻ നാട്ടിൽ ഒരുപാട് സ്ഥാപനങ്ങൾ ഉണ്ടല്ലോന്ന് ഞാൻ പറഞ്ഞപ്പോൾ
എന്നെ അദ്ദേഹം ദേഷ്യത്തോടെ നോക്കി എന്നിട്ട് പറഞ്ഞു,  അത്തരത്തിൽ ഉള്ളവയെ പ്രോത്സാഹിപ്പിക്കാതിരിക്കുന്നതാണ് നല്ലത്. അനാഥ അഗതി മന്ദിരങ്ങളും വൃദ്ധസധനങ്ങളും കണ്ടാൽ അമ്മയെ ഉപേക്ഷിക്കുന്ന  മക്കളുടെ എണ്ണവും മക്കളെ ഉപേക്ഷിക്കുന്ന അമ്മ മാരുടെ എണ്ണവും കൂടും. പക്ഷേ തെരുവിലും കുപ്പതോട്ടിയിലും ഇവരെ കാണേണ്ടി വരില്ല എന്നതാണ് ഏക ആശ്വാസം. ഞാൻ ദൂരേക്ക് നോക്കി ഇരുന്നു.

“ദൈവം അത്ര നീതിമാൻ ഒന്നും അല്ല അല്ലേൽ പിന്നെ അങ്ങേര് എന്തിനാ പണകാരനെയും,  പാവപ്പെട്ടവനെയും സൃഷ്ട്ടിച്ചു. വെളുത്തവനെയും കറുത്തവനെയും സൃഷ്ട്ടിച്ചു. ശരിക്കും ഈ വിവേചനങ്ങളുടെ പേരിൽ വലിയ പീഡനങ്ങൾ സഹിക്കുമ്പോൾ ഇതെല്ലാം അങ്ങേര് കണ്ട് നിൽക്കുന്നുണ്ടല്ലോ എന്നതാണ് അതിശയം. ആകാശവും ഭൂമിയും നരകവും സ്വർഗ്ഗവും  ഉണ്ടാക്കി മനുഷ്യനെ പടച്ചു വിട്ട് ഇത്രയും നീതി ഇല്ലായ്മയും ഉണ്ടാക്കിവെച്ചിട്ട് മനുഷ്യരോട് അദ്ദേഹം പറയുകയാണ്  പ്രാർഥിക്കു ഉത്തരം കിട്ടുമെന്ന്. ദൈവത്തിന്റെ ചില വികൃതികൾ കൂടി പറയാൻ തുടങ്ങിയപ്പോഴേക്കും അദ്ദേഹം അരുത് എന്ന് പറഞ്ഞു.
“ നീ നോക്കുന്ന അല്ലേൽ കാണുന്ന കാഴ്ചയാണ് തെറ്റ് ശെരിക്കും നോക്കിയാൽ നിനക്ക് ഉത്തരങ്ങൾ കിട്ടും”.
ഞാൻ കിടന്ന് ആലോചിച്ചു. ദരിദ്രനെ പടച്ചതും ദൈവമാണ് ധനികനെ പടച്ചതും ദൈവമാണ്. ഇവരെ തിരിച്ച് ഒന്നും അല്ലാതെയാകുന്നതും അവൻ തന്നെ. കറുത്തതിന്റെ പേരിൽ വിവേചനം  ഏറ്റുവാങ്ങുന്നവൻ കുഷ്ട്ടരോഗവും വെള്ളപാണ്ടും    ഉള്ളവനേക്കാൾ നല്ല ജീവിതമാണ് തനിക്ക് ഉള്ളത് എന്ന് ചിന്തിക്കണം. ആ ചിന്ത ഉണ്ടാക്കുകയാണ് മൂപ്പര്. അങ്ങനെ ഒരുപാട് ഉത്തരങ്ങൾ പലതും കൂട്ടി വായിക്കാൻ പോലും പറ്റാത്ത ഉത്തരങ്ങൾ. ഉത്തരങ്ങളിലെ പല നീതി കേടുകൾ എന്നിലെ പിശാച് ചൂണ്ടിക്കാട്ടി കൊണ്ടേ ഇരുന്ന്. ഞാൻ ദൈവനാമം ഉച്ചരിച്ചു. പൊറുക്കലിനെ തേടി കിടന്ന് ഉറങ്ങി.

ഉണർന്നപ്പോൾ ആ ഭിക്ഷകാർക്കിടയിലെ മനുഷ്യൻ ഒരു വാഹനത്തിൽ നല്ല വസ്‌ത്രങ്ങൾ അണിഞ്ഞു പോകുന്നത് ഞാൻ കണ്ടു..

Sabith koppam

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ