Boycott plastic.....

അമ്മാമയുടെ കൂടെ എന്നും കടയിൽ സാധനങ്ങൾ വാങ്ങാൻ പോയിരുന്ന അപ്പുവിന് ഇന്ന് വേറിട്ടൊരു അനുഭവം ഉണ്ടായി. കേറിയ ഒരു കടയിൽ നിന്നു പോലും പ്ലാസ്റ്റിക് കവറിൽ സാധനങ്ങൾ കൊടുത്തിരുന്നില്ല. ഒന്നല്ലെങ്കിൽ ഏഴോ അഞ്ചോ പതിനഞ്ചോ രൂപ കൊടുത്ത് ഒരു തുണി സഞ്ചി അല്ലേൽ പത്തു രൂപ കൊടുത്ത് ഒരു ചാക്ക് വാങ്ങിക്കണം. അല്ലാതെ അവർ കവർ തരുന്നില്ല . ഇതിൽ ഏറ്റവും വലിയ തമാശ ചാക്കാണ്. ചാക്ക് പ്ലാസ്റ്റിക്കാണല്ലോ പിന്നെന്താ അതിൽ കൊടുക്കുന്നത്. അപ്പുവിന്റെ സംശയങ്ങളും കൂടി . അവൻ അതും ആലോചിച്ചു നടന്നു.
ഇറച്ചി വാങ്ങാൻ കേറിയ ഇറച്ചിക്കടയിലും  ഇതൊക്കെ തന്നെയാണ് കഥ. പത്രത്തിൽ ഇറച്ചി പൊതിഞ്ഞു വരുന്ന ഇറച്ചിക്കാരനെ കണ്ട് അമ്മാമ പറയുന്നുണ്ട്. "അനക്ക് ഓർമയുണ്ടോ വാസു... പണ്ട് നമ്മൾ  പൊടിയനീടെ ഇലയിൽ ഇറച്ചി കൊണ്ടു വന്നിരുന്നത് . വന്ന് വന്ന് നമ്മടെ കാലത്തേക്ക് ഇവര് പോവുമോ…
 ആ കാലം ഒന്നും അത്ര വിദൂരമല്ലല്ലോ... “

വീട്ടിൽ ചെന്ന് അപ്പു ആദ്യം ചോദിച്ചതും അതു തന്നെയാണ്  എന്നതാ അമ്മാമേ  പ്ലാസ്റ്റിക്ക് കവർ ഒക്കെ ഇങ്ങനെ ഒഴിവാക്കുന്നത് ...?
“അത് മോനെ പ്ലാസ്റ്റിക്ക് നമ്മുടെ പ്രകൃതിക്ക് ദോഷം വരുത്തി വെക്കുന്ന ഒന്നാണ് . അതുകൊണ്ടാണ് അത്  ഉപയോഗിക്കണ്ടാന്ന്‌ പറഞ്ഞത് . അപ്പു വീണ്ടും ചോദിച്ചു അപ്പോ പഞ്ചസാര തൂക്കി തന്നത്  പ്ലാസ്റ്റിക്ക് കവറിൽ ആണല്ലോ...? ''അതൊക്കെ വഴിയേ നിരോധിക്കും മോനെ…” ഇതെല്ലാം കേട്ടു കൊണ്ടാണ് അപ്പുവിന്റെ ചെറിയച്ചന്മാർ  അങ്ങോട്ട് വന്നത് . രണ്ട് പേരും ഒരു തരത്തിൽ പറഞ്ഞാൽ സന്ദേശം സിനിമയിലെ ജയറാമും ശ്രീനിവാസനുമാണ്. “ എന്ത് നല്ല തീരുമാനമാണ്  തികച്ചും അഭിന്ദനാർഹമായ ഒരു പദ്ധതി സമ്പൂർണ പ്ലാസ്റ്റിക്ക് മുക്ത കേരളമാണ് ഞങ്ങൾ സ്വപ്നം കാണുന്നത് “ മൂത്ത ഇളയച്ഛൻ പറഞ്ഞു.
ഇത് കേട്ട ഇളയ ചെറിയച്ചൻ “എന്തോന്ന് അഭിനന്ദനാർഹം വെറും പ്രഹസനം അല്ലാണ്ട് എന്തു പറയാൻ. പ്ലാസ്റ്റിക്ക് ഒരു പ്രശ്നക്കാരൻ തന്നെയാണ്  എങ്കിലും ഒരു വസ്തു നിരോധിക്കുമ്പോൾ അത് എത്രത്തോളം പ്രായോഗിക മാണെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു . അല്ലേൽ അതിന് ഒരു ബദൽ മാർഗം കണ്ടെത്തണം.
ഇത് കേട്ട മൂത്തചെറിയച്ചൻ “ഉണ്ടല്ലോ പിന്നെ എന്തിനാ തുണി സഞ്ചി...? അതുപോലെ ഉപഭോക്താക്കൾക്ക് വീട്ടീന്ന് പാത്രം കൊണ്ടു വന്ന് വങ്ങിക്കൂടെ…?”
“നീ ഈ പറയുന്ന തുണി സഞ്ചി ഒരു പരിധി വരെ സഹായകമാണ് , ചിലവേറിയതുകൊണ്ട് പണം ഈടാക്കേണ്ടിയും വരും. കുറഞ്ഞ പൈസക്ക് വങ്ങുന്നവ പെട്ടെന്ന് പൊട്ടുന്നു.  അതുകൊണ്ട്  ഉറപ്പുള്ള നല്ല തുണിസഞ്ചിയ്ക്ക് നല്ല പൈസയും കൊടുക്കണം. 2000 ത്തിനും 4000 ത്തിനുമോക്കെ സാധനങ്ങൾ  വാങ്ങിച്ചിട്ട്‌ കവറിന് 15 രൂപ വേണം എന്ന് കടക്കാരൻ പറഞ്ഞാൽ സ്വഭാവികമായും സാധാരണക്കാർക്ക് ഉൾകൊള്ളാൻ പറ്റിയെന്നു വരില്ല. അവർ ക്ഷുഭിതരാകും പ്രശ്നം ഉണ്ടാക്കും. ഒട്ടുമിക്ക കടയിലും ഇതാണ് അവസ്ഥ”
മൂത്ത ചേട്ടൻ വീണ്ടും തർക്കിച്ചു ”4000 ത്തിനും 5000 ത്തിനും പർച്ചേസ് ചെയ്തവർക്കാണോ പതിനഞ്ച് രൂപക്ക് ഒരു സഞ്ചി വാങ്ങാൻ പ്രയാസം...? അതൊക്കെ എന്തു ന്യായമാടോ.. ആദ്യമൊക്കെ ഒരു പ്രശ്നമായി തോന്നും പിന്നെ ശരിയായിക്കൊളളും. നമ്മൾ ഇതെത്ര കണ്ടതാണ് അനിയാ..”
“അത് ശരിയാണ് പണ്ട് കമ്പ്യൂട്ടർ വന്നാൽ തൊഴിൽ നഷ്ടപ്പെടും ഈ കുന്ത്രാണ്ടം നമുക്ക് വേണ്ടാന്ന് പറഞ്ഞ് നടന്നവർ ആയിരുന്നല്ലോ…ഇന്ന് അതേ നേതാക്കന്മാർ  ജനങ്ങളോട് സംവദിക്കുന്നത്  ആ കുന്ത്രാണ്ടത്തിൽ തന്നെയാണ്  അത് കൊണ്ട് അതും ഇത് പോലെ ശീലമായിക്കൊളളും. ഏത് അത് തന്നെ….(ചിരിക്കുന്നു) മലയാളി പൊളി അല്ലേ.. ചെറിയച്ചൻമാരുടെ വഴക്ക് അപ്പു കോമഡി സിനിമ കാണുമ്പോലെ ഇരുന്ന് കണ്ടു.
വീട്ടിൽ അവശേഷിച്ചിരുന്ന പ്ലാസ്റ്റിക്ക് കവറുകൾ പഞ്ചായത്തിൽ നിന്ന് വന്നവർക്ക് കൊടുക്കുന്നത് അവൻ കണ്ടു. എന്തോ വലിയ തെറ്റ് ചെയ്ത പ്രതിയെ കൊണ്ടു പോകുന്നത് പോലെ അവർ അത് കൊണ്ടു പോയി . പക്ഷേ, ഇന്നവരുടെ കയ്യിലിരുന്ന് ആ കവറുകൾ  ചിരിക്കുകയായിരുന്നു . കാരണം അന്നും അവരുടെ കൈകളിൽ തന്നെയായിരുന്നല്ലോ തങ്ങളുടെ സ്ഥാനം എന്നാലോചിച്ച്...
By sabith koppam

അഭിപ്രായങ്ങള്‍