NRC.......... AND THE EARTH'S APPOLGIES.....

ഒരു സൂര്യഗ്രഹണ നാളിൽ  എല്ലാവരും ദൈവത്തിൻറെ സന്നിധിയിൽ  ഒത്തുകൂടി .ഭൂമിയും സൂര്യനും ചന്ദ്രനും എല്ലാം ദൈവത്തിൻറെ കാൽക്കൽ വീണു തൊഴുതു. ഭൂമിക്ക് കൂട്ടായി കാറ്റും മഴയും ഉണ്ടായിരുന്നു.

ദൈവം ഉച്ചത്തിൽ ചോദിച്ചു  “ എന്തുപറ്റി ഭൂമിദേവിക്ക്  വലിയ സന്തോഷം ഒന്നും കാണാനില്ലല്ലോ...? ഇന്നലെ ക്രിസ്തുമസ് ആഘോഷിച്ചവർ എല്ലാവരും കൂടെ വല്ലതും ഒപ്പിച്ചോ... ദേവി  പറയൂ..''
ഭൂമി : ദൈവമേ ഭൂമിയിൽ ആകെ പ്രശ്നങ്ങളാണ് .അതും അങ്ങയുടെ സ്വന്തം നാടായ കേരളം ഉൾപ്പെടുന്ന എന്റെ ശരീരത്തിലെ ജ്വലിക്കുന്ന ഭാഗമായ ഇന്ത്യ മഹാരാജ്യത്ത് പഴയ പോലെ വെടിയൊച്ചകൾ കേട്ടു തുടങ്ങിയിരിക്കുന്നു. അവിടെയുള്ളവർ മന:സമാധാനമായി ഉറങ്ങിയിട്ട് കുറച്ചു നാളുകളായി ദൈവമേ…

"ആരവിടെ ….ഇന്ത്യയിൽ ഇത്തവണ ചെയ്ത അനുഗ്രഹങ്ങളും ശിക്ഷകളും  എന്തൊക്കെയാണ്…?. എന്ന ദൈവത്തിന്റെ ഉറക്കെയുള്ള ചോദ്യത്തിന് മാലാഖ ഇപ്രകാരം മറുപടി  പറഞ്ഞു. അനുഗ്രഹത്തേക്കാൾ അങ്ങയുടെ പരീക്ഷണമായിരുന്നു അവരുടെ മേൽ കൂടുതലും..

ഭൂമി ദേവി ദൈവത്തിനെ നിസ്സഹായതയോടെ നോക്കി…
ദൈവം അരുളി. അവർ ചെയ്യുന്ന പാപങ്ങൾക്ക് നാം നൽകുന്ന ശിക്ഷകളും പരീക്ഷണങ്ങളും എല്ലാം  അവരിലെ നന്മകൾ ഉണർത്തി നേരായ മാർഗത്തിലേക്ക്  നയിക്കാൻ വേണ്ടിയായിരുന്നു. എന്നിട്ട് ഇപ്പോഴും അവർ മാറിയില്ല അല്ലേ..
മാലാഖ വീണ്ടും പറഞ്ഞു തുടങ്ങി. ഇന്ത്യയിൽ കഴിഞ്ഞ രണ്ടു വർഷമായി കടുത്ത ശിക്ഷകൾ നാം നടപ്പിലാക്കിയിട്ടുണ്ട്. അതിൽ അങ്ങയുടെ നാടായ കേരളത്തെ ഒരൽപ്പം കൂടുതൽ ശിക്ഷിച്ചിട്ടുണ്ട്. ഇനിയും  ജിഷയും സൗമ്യയുമൊന്നും ആവർത്തിക്കരുത്. പെണ്ണിന് സംരക്ഷണം ഒരുക്കാൻ അവരുടെ മനസ്സിൽ തോന്നട്ടെ എന്നൊക്കെയായിരുന്നു ആ ശിക്ഷ മുറകളുടെ ഉദ്ദേശ്യം .
2018 ലെ മഹപ്രളയത്തിന് പിന്നാലെ 2019 ആഗസ്റ്റ് 8 ന് വീണ്ടും പ്രളയത്തിന് അവർ സാക്ഷ്യം വഹിച്ചു. 24മണിക്കൂർ പെയ്ത മഴ അതിതീവ്രമായി ഒറ്റ ദിവസം കൊണ്ട് 12 ജില്ലകളെയും വെള്ളത്തിലാഴ്ത്തി. 121 ഓളം പേരെ ആ പ്രളയം ഭൂമിയിൽ നിന്നും പിരിച്ചു കളഞ്ഞു.

ദൈവം വീണ്ടും പറഞ്ഞു. ഇത്ര കഠിനമായി ശിക്ഷിക്കാൻ ഞാൻ മഴയോട് പറഞ്ഞിട്ടില്ലലോ..
മഴ :” ദൈവം ക്ഷമിക്കണം  അങ്ങ് നിർദ്ദേശിച്ച പോലെ ആണ് കാര്യങ്ങൾ പോയിക്കൊണ്ടിരുന്നത്. പക്ഷേ, ഇത്രയും  വലിയ തോതിൽ പ്രശ്നമാകാൻ കാരണം അവരുടെ മുൻപത്തെ പ്രവർത്തികൾ ആണ്. പാറ പൊട്ടിക്കലും കുന്നിടിക്കലും മരം വെട്ടലും പിന്നെ മഴ വെള്ളം ഒഴുകി പോയിരുന്ന  സ്ഥലങ്ങൾ നിരത്തി കെട്ടിടങ്ങൾ ഉണ്ടാക്കലുമൊക്കെയാണ്. നാട്ടിലെ  ഭരണാധികാരികൾ റോഡ് നേരാക്കുന്ന കൂട്ടത്തിൽ അഴുക്ക് ചാലുകൾ ശ്രദ്ധിക്കാത്തതുമൊക്കെ അവരുടെ നാശത്തിന് കാരണമായി…
ദൈവം :ഇത്രയൊക്കെ സംഭവിച്ചിട്ടും അവർ ഇനിയും പഠിച്ചിട്ടില്ലല്ലേ…ഇപ്പോ നിലവിലെ പ്രശ്നം എന്താണ് ? ഉടനെ മാലാഖ തന്റെ ഇടത്തെ ചിറകിലെ തൂവൽ എടുത്ത് വായിച്ചു തുടങ്ങി.”മതമാണ് പ്രശ്നം .ജാതി മത വർഗ വർണ്ണങ്ങളുടെ പേരിൽ പരസ്പരം തമ്മിൽ തല്ലുകയാണ് ദൈവമേ….''
ഇപ്പോ നിലവിലെ ഭരണാധികാരികൾ നിയമങ്ങളിൽ കൈകടത്തി തുടങ്ങി നിയമങ്ങളിൽ മാറ്റം വരുത്തി കൊണ്ടിരിക്കുന്നു.
ദൈവം : എന്താണ് അത് കേക്കട്ടെ..!
 മാലാഖ തന്റെ ഇടത്തെ ചിറകിലെ തൂവൽ എടുത്തു വായിച്ചു തുടങ്ങി”പാകിസ്ഥാൻ ബംഗ്ലാദേശ് അഫ്ഗാനിസ്ഥാൻ എന്നീ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മത ന്യൂനപക്ഷങ്ങൾക്ക്  ഇന്ത്യൻ പൗരത്വം നൽകാൻ വ്യവസ്‌ഥ ചെയ്യുന്ന പൗരത്വ(ഭേദഗതി ) നിയമം  പാർലമെന്റിന്റെ ഇരു സഭകളിലും  പാസായി. ദി സിറ്റിസൻ ഷിപ്പ് ആക്റ്റ് 1955ൽ ആണ്  ഭേദഗതി വരുത്തിയത്.  അതുപ്രകാരം  മേൽപറഞ്ഞ  മൂന്ന് രാജ്യങ്ങളിലും ഹിന്ദുസിക്ക്ബുദ്ധജൈനക്രിസ്ത്യൻ എന്നീ വിഭാഗക്കാർക്ക് പൗരത്വം ലഭിക്കുമ്പോൾ  മുസ്ലിം വിഭാഗങ്ങൾക്ക് മാത്രം ലഭിക്കുന്നില്ല. 2014 ഡിസംബർ 31 നു മുമ്പ് എത്തിയ വർക്കാണ് നിയമത്തിന്റെ അനൂകൂല്യം ലഭിക്കുകയുള്ളൂ. ബില്ലിൽ മുസ്ലിംകളെ മാത്രം ഒഴിവാക്കിയത്‌ മതസൗഹാർദ്ദത്തിൽ കഴിയുന്ന  ഇന്ത്യയിലെ ജനങ്ങളെ ക്ഷുഭിതരാക്കി. എല്ലാവർക്കും തുല്യത എന്ന അടിസ്ഥാന തത്വം ഉയർത്തി സമരത്തിന്  ഇറങ്ങുന്നവരെ വെടിവെച്ചും അറസ്റ്റ് ചെയ്തും ഭരണാധികാരികൾ ഒരു കലാപഭൂമിയാക്കാൻ ശ്രമിക്കുകയായിരുന്നു.
ദൈവം “: എന്താ ഈ മനുഷ്യൻ ഇപ്പോഴും ഇങ്ങനെ  മതം പറഞ്ഞു അടികൂടുന്നത്?  ഇവനറിയുന്നില്ലല്ലോ  സ്രഷ്ടാവ് അവനെ സൃഷിടിക്കുമ്പോൾ അവന് മതം ഇല്ലായിരുന്നു എന്ന്. ഹിന്ദു  അല്ലേൽ മുസ്ലിം ക്രിസ്ത്യൻ എന്നൊക്കെ പറയുന്ന  ഇവമാർക്ക് അവരുടെ മതം തെളിയിക്കാൻ എന്തു  തെളിവാണ് ഉള്ളത്.. ഞാൻ പടച്ച എല്ലാ മനുഷ്യരും ശ്വസിക്കുന്നത് ഒരേ വായുവാണ്. അവരുടെ ശരീരത്തിലെ രക്തത്തിന്റെ നിറവും ഒന്നു തന്നെ . തലയിൽ തൊപ്പി  ഇട്ടതു കൊണ്ടോ ചന്ദനക്കുറിയിട്ടതുകൊണ്ടോ കഴുത്തിൽ കുരിശു മാല ഇട്ടിരിക്കുന്നതുകൊണ്ടോ ആ മതക്കാരൻ ആണ് എന്ന് പറയാൻ ആർക്കും അവകാശം ഇല്ല.. ഞാൻ അവരെ ഭൂമിയിലേക്ക് വിട്ടത് പൂർണനഗ്നരായിട്ടാണ്. ഒരു തൊപ്പിയും ഒരു കുറിയും കുരിശും ഞാൻ ആർക്കും വിഭാവനം ചെയ്തിട്ടില്ല. നഗ്നയായ നീ അണിഞ്ഞ ലോഹയും അല്ലേൽ നീളൻ ജുബ്ബയും കാവി തുണിയും വെള്ള വസ്ത്രവും എല്ലാം പിന്നെ അവർ തിരഞ്ഞെടുത്തതാണ് . പിന്നെ മതം പറഞ്ഞു അഹങ്കാരിക്കാൻ മനുഷ്യർക്ക് എന്തുയോഗ്യതയാണ് ഉള്ളത്...

മാലാഖ: അങ്ങ് ക്ഷുഭിതനാകേണ്ട. പ്രശ്നം  ശാന്തമാക്കാൻ അവർ ശ്രമിക്കുന്നുണ്ട് . രാജ്യവ്യാപകപ്രതിഷേധം അവരെ  താളം തെറ്റിക്കുന്നുണ്ട്.
ദൈവം: മനുഷ്യൻ മനുഷ്യനാണെന്നും ദൈവത്തോളം വളർന്നിട്ടില്ലെന്നും  മനസ്സിലാക്കി സമാധാനത്തോടെ കഴിഞ്ഞില്ലെങ്കിൽ ഇന്നത്തെ (ഡിസംബർ 26) സൂര്യഗ്രഹണവും  നോക്കി ഇരിക്കുന്ന അവരെ  അതേ സൂര്യന്റെ ചൂടുകൊണ്ട് എരിയിച്ചുകളയും ഞാൻ .  ഇതാണെന്റെ ഉത്തരവ്.
സൂര്യൻ : കല്പന പോലെ പ്രഭോ…
ദൈവം പറഞ്ഞത് മുഴുവൻ കേട്ട ഭൂമി ഇപ്രകാരം പറഞ്ഞു “എല്ലാം അറിയുന്ന അങ്ങ് എന്തുകൊണ്ട്  ഇങ്ങനെ പറയുന്നു എന്നറിയില്ല.  അവരെ എന്നും എല്ലാവരും ദ്രോഹിച്ചിട്ടേയുള്ളൂ.  കടൽ കടന്ന് വന്ന അറബികൾ മുതൽ പറങ്കി  കളുടെയും വെള്ളക്കാരുടെയും ബൂട്ടിന്റെ ചവിട്ട് നെഞ്ചത്ത് ഏറ്റു വാങ്ങിയവരാണ് അവർ.  ഇനി സ്വന്തം ആളുകളിൽ നിന്നു കൂടി കൊള്ളാനായിരിക്കും യോഗം.
മരിച്ചു വീഴുന്ന ഓരോ ഇന്ത്യകാരനും എന്റെ മടിത്തട്ടിലേക്കാണ്  മരിച്ചു വീഴുന്നത് . അവർ അടക്കം ചെയ്യുന്ന ഓരോ ശരീരവും ഞാൻ സ്നേഹത്തോടെ ആണ് ഏറ്റു വാങ്ങിയിട്ടുള്ളത്.
“അവർ ഇപ്പോ മുഷ്ട്ടി ചുരുട്ടി പുതു വിപ്ലവവും പുതു ചരിത്രവും സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.
By
സാബിത്ത് കൊപ്പം

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ