തനിക്കൊപ്പം.....


ഇരുണ്ട ആകാശത്തിൽ പൊട്ടിച്ചിതറിയ കണ്ണാടിച്ചില്ല് പോലെ നക്ഷത്രങ്ങൾ  വെട്ടി തിളങ്ങുന്നു . കടകമ്പോളങ്ങൾക്ക് മുന്നിലൂടെ ഞങ്ങൾ ഓടി നടന്നു. രാത്രിയിൽ കൊപ്പം പട്ടണത്തിന്റെ നിയന്ത്രണം ഞങ്ങളുടെ കയ്യിലായിരിക്കും. രാത്രി കാലങ്ങളിലെ ഞങ്ങളുടെ അക്രമങ്ങൾ പകലിലെ മഞ്ഞപത്രങ്ങളിൽ ചൂടൻ തലക്കെട്ടുകൾ ആയിരുന്നു. "നഗരത്തിൽ തെരുവ് നായ്ക്കളുടെ വിളയാട്ടം". റോഡിന്റെ സൈഡിൽ ഇരുന്നിരുന്ന  ഭിക്ഷക്കാരൻ  എനിക്ക് ഒരു  ബിസ്ക്കറ്റ് ഇട്ട് തന്നു. ഞാൻ അയാൾക്ക് മുമ്പിൽ വാലാട്ടി നടന്നു. പെടുന്നനെ വന്ന ബസ്സിന്റെ പുറകെ ഞാൻ ഓടി. ആ ബസ്സിൽ നിന്നും ആരോ ഇറങ്ങി  നടക്കുന്നത് ഞാൻ കണ്ടു. ഞാൻ ആ പാദങ്ങളിലേക്ക് സൂക്ഷിച്ചു നോക്കി. സുന്ദരമായ കാലുകൾ. ഞാൻ പതിയെ തല ഉയർത്തി നോക്കി. സുന്ദരിയായ ഒരു പെണ്ണ്. കയ്യിൽ ഒരു ബാഗും തൂക്കി വിജനമായ  ആ തെരുവിൽ അവൾ ഒറ്റക്ക് ബസ് സ്റ്റോപ്പിലേയ്ക്ക് കേറി നിന്നു. ഭയമോ ആശങ്കയോ.. എന്തോ അവളുടെ  മുഖം വിളറി  വെളുത്തിരിക്കുന്നു .
ഒരു പാതിരാത്രി ഒരു പെണ്ണ് ബസ്സ് സ്റ്റോപ്പിൽ... ഇരുകാലികളായ മനുഷ്യരെ പോലെ നാൽ കാലിയായ ഞാനും കാമക്കണ്ണുകളോടെ അവളെ നോക്കി. ആ സമയത്തായിരുന്നു ഭിക്ഷാടകൻ ഉറക്കെ ഇങ്ങനെ പറഞ്ഞ് ഇരുട്ടിലേക്ക്  മറഞ്ഞത്. "അമ്മ ഉണ്ടാക്കിയിരുന്ന  സ്വാദിഷ്ടമായ ഭക്ഷണത്തെക്കാൾ രസമുണ്ട്  അമ്മേ, ഞാൻ ഇന്ന് കഴിച്ച ഹോട്ടൽ വേസ്റ്റിന്...'' പിന്നെ എന്തോ അവളെ ആ കണ്ണുകളോടെ കാണാൻ എന്റെ മനസ്സ് അനുവദിച്ചില്ല... ഇരുട്ടിന്റെ മറവിൽ കുറുക്കന്മാർ കോഴിക്കൂടുകൾ തേടി ഗ്രാമങ്ങളിലേക്ക് പോയി. ഞാൻ ഉറക്കെ ഓളിയിട്ടു. എന്റെ സന്ദേശത്തിനു മറുപടിയായി  എന്റെ കൂട്ടാളികളും ഓളിയിട്ടു. അത് അവളെ കൂടുതൽ ഭയപ്പെടുത്തി. ആ സുന്ദരമായ കാലുകൾ അവൾ ഇറുക്കി പിടിക്കുന്നുണ്ടായിരുന്നു. ശ്വാസം പിടിച്ചു പിടിച്ചായിരുന്നു അവൾ ശ്വാസം എടുത്തിരുന്നത് . വിയർത്ത് വിയർത്ത് ഒടുക്കം വിയർപ്പുതുള്ളികൾ നെറ്റിയിൽ നിന്നും കഴുത്തിലേക്ക് ഒലിച്ചിറങ്ങി.
അവളെ അലട്ടുന്ന പ്രശ്നം അറിയണമെന്ന് എനിക്ക് തോന്നി. സ്നേഹം കുറച്ച് കൊടുത്താൽ അത് ഇരട്ടിയായി കിട്ടും എന്ന് കേട്ടിട്ടുള്ളതുകൊണ്ട് ഞാൻ വാലാട്ടി സ്നേഹം പ്രകടിപ്പിച്ചു. അവളെ മുട്ടിയുരുമ്മി ഒരു അനുസരണയുള്ള  നായയെ പോലെ ഞാൻ അടുത്തുകൂടി. തണുത്ത ഭംഗിയുള്ള ആ കൈ കൊണ്ട് അവൾ എന്റെ തലയിൽ തടവി. ഞാൻ ആ ഭംഗിയുള്ള കാലിനടിയിൽ അവൾക്ക് കാവലായി ഇരുന്നു. അവളുടെ ഫോൺ റിങ് ചെയ്തു.
"ഞാൻ ഇവിടെ ഉണ്ടമ്മേ.. ഇനി ഒരിക്കലും നശിച്ച വീട്ടിലേക്കില്ല. എവിടെ ആണെന്ന് മാത്രം   അമ്മ ചോദിക്കരുത്.'' അവൾ ഫോൺ കട്ട് ചെയ്തു.
എന്റെ തലയിൽ തലോടി അവൾ പറഞ്ഞു" ഒരു പെണ്ണ് ഈ ലോകത്ത് നിന്നും എന്താണ് പ്രതീക്ഷിക്കുന്നത് അറിയോ..? അനന്തമായ സ്നേഹം... അവളുടെ സ്വപ്നങ്ങൾക്ക് ചിറകടിക്കാൻ കൂട്ട് നിൽക്കുന്ന ഒരു വ്യക്തി. പക്ഷേ ആ സ്നേഹം ഞാൻ  എവിടെയും കണ്ടില്ല. എല്ലായിടത്തും  ദൂരെ നിന്നു മാത്രേ കണ്ടിട്ടുള്ളൂ. അടുത്തേക്ക് ചെന്നപ്പോൾ എല്ലാം ചീഞ്ഞളിഞ്ഞ മാംസം പോലെ ദുർഗന്ധം ഉള്ളതായി തോന്നി ". രാത്രിയുടെ തണുത്ത കാറ്റിന് ഒരു നനവ് ഉണ്ടായിരുന്നു. ആരുടെ കണ്ണുനീരാണെന്ന് മാത്രം അറിയില്ല. കാരണം രണ്ടു പേരുടെയും  കണ്ണുകൾ നിറഞ്ഞിരുന്നു.
ഞങ്ങൾക്ക് മുമ്പിൽ നിറുത്തിയ വണ്ടിയിൽ നിന്നും മൂന്ന് പേര് ഇറങ്ങി ഉച്ചത്തിൽ അലറി "ലക്ഷ്‌മീ ഈ വണ്ടിയിൽ കയറ്... ഇല്ലെങ്കിൽ...😠"
പേടിച്ചു വിറച്ച ലക്ഷ്മി എന്നെ നോക്കി ബാഗ് ഇറുക്കി പിടിച്ചു നിന്നു. പുറകെ നിന്ന് ഞാൻ ഇങ്ങനെ മനസ്സിൽ പറഞ്ഞു കൊണ്ടേയിരുന്നു. "പ്രതികരിക്ക് ലക്ഷ്മി നിനക്കൊപ്പം ഞാൻ ഉണ്ട്". പക്ഷേ, അവൾ  അങ്ങനെ തന്നെ നിന്നു. അവർ ബലം പ്രയോഗിച്ചുകൊണ്ട് പോകാൻ നോക്കി. ഞാൻ അവർക്ക് നേരെ കുരച്ചു ചാടി. കയ്യിൽ ഉണ്ടായിരുന്ന കമ്പി കൊണ്ട് അടിക്കുകയും ചെയ്തു. അതോടെ കൂട്ടത്തിലെ ഒരുത്തനെ ഞാൻ കടിച്ച്  പീസ് ആക്കി. ആ ദേഷ്യത്തിൽ അവർ അവളുടെ തലക്ക് ആ കമ്പി കൊണ്ട് ഒരു അടി ആയിരുന്നു. ഒരു നിമിഷത്തേക്ക് ഞാൻ നിശ്ചലനായി. ഞാൻ വീണ്ടും കുരച്ചു കൊണ്ട് അവർക്ക് നേരെ ചാടി. അടുത്ത അടി എന്റെ നെറുകിലും കിട്ടി. കടി കൊണ്ട വേദനയിൽ അവർ വണ്ടി എടുത്ത്  പെട്ടെന്ന് പോയി...
പാതി ജീവനിൽ ഞാൻ ഉച്ചത്തിൽ ഓളിയിട്ടു കുരച്ചു കൊണ്ട് ശബ്ദം ഉണ്ടാക്കി. ഒടുക്കം ഒരു ഓട്ടോ ചേട്ടൻ അവളെ രക്ഷിച്ചു. എന്നെ ആരും ശ്രദ്ധിച്ചില്ല. ഞാൻ പതിയെ മരണത്തിലേക്ക് വീണു ദൈവമേ,,,
ഇതു കേട്ടപ്പോൾ കഥയുടെ ബാക്കി ദൈവം പൂരിപ്പിക്കാൻ തുടങ്ങി. അവൾ രക്ഷപെട്ടു സുഖമായിരിക്കുന്നു. കണ്ണുതുറന്ന അവൾ ആദ്യം തിരക്കിയത് തനിക്കൊപ്പം ഉണ്ടായിരുന്ന നായയെപ്പറ്റിയായിരുന്നു. നഴ്‌സുമാർ പറഞ്ഞത്  നിങ്ങളെ മാത്രമേ ഇവിടെ എത്തിച്ചിട്ടുള്ളുവെന്നാണ്. ഡീറ്റെയിൽസ് ബുക്കിൽ ഓട്ടോ പേര് മാത്രം എഴുതി വെച്ച് അയാൾ മുങ്ങി. എന്തായിരുന്നു ആ ഓട്ടോയുടെ പേര് "തനിക്കൊപ്പം"എന്ത്? തനി കൊപ്പത്തുകാരൻ...!
By
Sabith koppam

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ