കാൽപന്തിന്റെ. മിശിഹായെ സ്നേഹിച്ച പാത്തു..


ശിഹാബ് റൂമിലേയ്ക്കു വരുമ്പോൾ കുഞ്ഞൂന്റെ പന്തിൽ കാലും വച്ച് തനിച്ചിരിക്കുന്ന പാത്തുവിനെയാണ്  കാണുന്നത്. ശിഹാബ് പതുക്കെ അടുത്തേക്ക് ചെന്ന് ന്താ ന്റെ പാത്തു വിന് പറ്റിയത്? മുഖം ഒക്കെ വാടി യിരുക്കുന്നല്ലോ ന്ന് ചോദിച്ചു. "ഒന്നൂല്ല ഇക്കാ"പാത്തു പെട്ടെന്ന് മറുപടി പറഞ്ഞ് പന്ത് കട്ടിലിന്റെ അടിയിലേക്ക് തട്ടി. ശിഹാബ്  വീണ്ടും ചോദിച്ചു"പാത്തു ഞാൻ നിന്നോട് ചോദിക്കണം  എന്ന് ഇടക്ക് ഒക്കെ വിചാരിച്ചിരുന്നതാണ് പിന്നെ എന്തോ മറന്നുപോയി. നിനക്കെന്താ ഈ പന്തുകളിയോട് ഇത്രക്ക് ഇഷ്ട്ടം. നീ ഒരു പെണ്ണല്ലെ.. പെണ്ണുങ്ങളിൽ പൊതുവായി കാണുന്ന  സീരിയൽഭ്രമവും കണ്ണാടിക്കുമുമ്പിലുള്ള കോപ്രായങ്ങളും  ടിക്ക് ടോക്കും ഒന്നും നിന്നിൽ ഞാൻ കണ്ടിട്ടില്ല. എന്നാൽ ഏത് നേരത്താണെങ്കിലും മുടങ്ങാതെ പന്തുകളി കാണാൻ നീ ശ്രമിക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഫാത്തിമാശിഹാബ് എന്ന കട്ട മെസ്സി ആരാധികയെ പറ്റി ഒന്നെനിക്ക് പറഞ്ഞു തരുമോ പാത്തു...?"

ഇക്ക എന്താ എന്നെ കളിയാക്കുവാണോ..ഇത് ഒക്കെ ഇപ്പോ എന്താ ഇത്ര അറിയാനുള്ളത്. പിന്നെ പെണ്ണുങ്ങൾക്ക്‌ പന്ത് കളിക്കാൻ പാടില്ലാന്നുണ്ടോ...? ബ്രസീലിന്റെ മാർത്തയും ബാഴ്‌സലോണയുടെ കരോലിൻ എബ്രഹാമും പി.സ്.ജി യുടെ സാറ ഡ്രെബ്രൈറ്റസുമൊക്കെ ലോകം അറിയുന്ന ഫുട്ബാൾ കളിക്കാരികളാണ്. അവരും പെണ്ണുങ്ങൾ തന്നെ. ലോകം അറിയുന്ന പെൺപുലികൾ...
ഞാൻ ഒരു പന്തുകളിപ്രാന്തി ആയതിൽ അതിശയം ഒന്നും ഇല്ല...പേർഷ്യക്കാരൻ കുഞ്ഞിഖാദർ തന്റെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് വന്നപ്പോൾ ഓർക്കാപ്പുറത്ത് കിട്ടിയ ഒരു ഗോൾ ആയിരുന്നു ഞാൻ. നാല് ആൺകുട്ടികൾക്ക് കൊഞ്ചിക്കൻ വാപ്പ ഒരു അനിയത്തി കുട്ടിയെ കൊടുത്തു.  അഞ്ചാമത്തെ ഗോളിന് ശേഷം ജീവിതം എന്ന കളിക്കളത്തിൽ നിന്നും ഉമ്മച്ചിക്ക് റെഡ് കാർഡ് കിട്ടി. മരണം അങ്ങനെ ആണല്ലോ പ്രതീക്ഷിക്കാതെ വിരുന്നു വരും .
അതിൽ പിന്നെ വീട്ടിലെ പെണ്ണെന്ന വർഗം ഞാൻ മാത്രമായി...നിങ്ങളൊക്കെ പണ്ട് പത്തിന്റെയും ഇരുപതിന്റെയും പച്ചയും ചുവപ്പും  നിറത്തിലുള്ള പ്ലാസ്റ്റിക്‌ പന്ത് തട്ടി വളർന്നപ്പോൾ  ഞാൻ ഇക്കാക്കാരുടെ അസ്സൽ ഫുട്ബാൾ തട്ടിയാണ് പിച്ച വെച്ചത്. ഇക്കാക്കമാരുടെ ചേറിന്റെ മണം വമിക്കുന്ന ബൂട്ടുകൾ കുഞ്ഞിക്കാലിൽ അണിഞ്ഞ് ഞാൻ പന്ത് തട്ടി. കൊത്താംകല്ലും  സാറ്റ് കളിയുമൊക്കെ കളിച്ചു നടക്കേണ്ട പ്രായത്തിൽ ഇക്കാക്കമാരോടൊപ്പം  പന്ത് തട്ടി കളിച്ചാണ്  ഞാൻ വളർന്നത്. അതുകൊണ്ട് തന്നെ മറ്റെന്തിനെക്കാളും ഇത് കണ്ടിരിക്കാനാണ് എനിക്കിഷ്ടം.
2004 മെസ്സി ബാഴ്‌സലോണ ടീമിൽ ആ 30 നമ്പർ ജേഴ്‌സി ഇട്ട് കളിച്ചപ്പോൾ ഇക്കാക്കാടെ മടിയിലിരുന്ന് കണ്ടവളാ ഞാൻ. അന്ന് മനസ്സിൽ കയറ്റി വെച്ചതാണ് മൂപ്പരെ. 2014 ൽ ആ കണ്ണൊന്ന് നിറഞ്ഞപ്പോൾ ഞാനും കരഞ്ഞു. വിരമിക്കാണെന്ന്  പിന്നെ പറഞ്ഞപ്പോൾ   തിരിച്ചു വരണേന്ന് പാത്തു മനസ്സിൽ ഒരായിരം വട്ടം ഉരുവിട്ടിട്ടുണ്ട്. സെലീന രാഹൂഫിന്റെ ഫോട്ടോ ഡയറിയിൽ ഒളിപ്പിച്ചപ്പോൾ ഞാൻ മെസ്സിയുടെ ഫോട്ടോ ഡയറിയിൽ ഒളിപ്പിച്ച് വെച്ച് ഇരുന്നു."

"പാത്തൂ"ശിഹാബ് നീട്ടി വിളിച്ചു .

"എന്താ ഇക്കാ''

"കാൽ പന്തിന്റെ മിശിഹായെ സ്നേഹിച്ച പാത്തുമ്മയാണ് അപ്പോ ഇജ്"

അങ്ങനെ പറയല്ലേ ഇക്കാ...വേണേൽ വാട്സ്ആപ്പിലെ ബയോ ലെ പേര് വിളിച്ചോ 

'ഫുട്ബാൾ പ്രാന്തി' ന്ന്...

അല്ല ഇപ്പോ എന്താ അന്റെ പ്രശ്നം...? അത് തന്നെയാണ് ഇക്കാ ന്റെ പ്രശ്‌നം ഈ പ്രാന്തിക്ക് ആ പന്ത് നിശ്ചലമാകുന്നത് ഇഷ്ടമല്ല.  ഇന്നാ പന്ത് ഉരുളുന്നില്ല എല്ലാം നിർത്തിയില്ലേ ഇക്കാ...
എല്ലാം... ആ ആരവങ്ങൾ നിലച്ചു. മൈതാനങ്ങൾ ഉറങ്ങി അതു തന്നെയാണ് ഈ പ്രാന്തി യെ വിഷമിപ്പിക്കുന്നത്.
By
Sabith koppam

അഭിപ്രായങ്ങള്‍