പ്രണയ മഴ...






ചെറിയ ചാറ്റൽ മഴ ഉണ്ട്. രാത്രിയുടെ മൗനത്തിൽ നക്ഷത്രങ്ങൾ എല്ലാം കണ്ണ് ചിമ്മി ചിരിക്കുന്നുണ്ട് ...

"ദേ മനുഷ്യാ കിടക്കുന്നില്ലേ ?''

"വന്നവരും  പോയവരും മഴയെ ശപിച്ചു. 
മഴയെ പ്രണയിച്ചവന്റെ മരണത്തിന് വരാതിരിക്കാൻ പറ്റുമോന്ന് മഴ.." കവി അയ്യപ്പന്റെ ഈ വരികൾ നീ കേട്ടിട്ടുണ്ടോ എൽസമ്മേ..

"ഈ പാതിരാത്രിക്ക്  ഇങ്ങൾ മഴയെ പ്രണയിക്കാൻ നടക്കുവാണോ മനുഷ്യാ.."

അങ്ങ് കോട്ടയത്തെ നല്ല നസ്രാണി ചെക്കന്മാർ  കെട്ടി കൊണ്ട് പോവേണ്ട നീ ഇന്ന്   ഈ മുസ്തഫടെ വീട്ടിൽ കുരിശ് വരച്ചു മുട്ടിപ്പായി പ്രാർത്ഥിക്കുന്നുണ്ടേൽ അത് എന്റെ പ്രണയത്തിന്റെ ചൂട് ഒന്ന് കൊണ്ട് മാത്രമല്ലടി. 

ഇച്ചായൻ കഴിച്ചിട്ടുണ്ടോ? അതോ സിഗരറ്റ് തന്നെ അല്ലേ വലിക്കുന്നേ??

എടീ കള്ള് അത് മ്മക്ക് ഹറാമാണ്. നിനക്ക് വേണേൽ നിന്റെ തന്തപിടീടെ അടുത്ത് പോയി കള്ളോ പോർക്കോ അടിച്ചോ ഞാൻ ഒന്നും പറയില്ല. ഇന്ന് ഈ ചടയനും കള്ളും കോപ്പും ഒന്നും ഇല്ലാതെ തന്നെ ഞാൻ ഫിറ്റ് ആകും. അതാണ് ഈ ദിവസത്തിന്റെ പ്രത്യേകത
 "ദേ മനുഷ്യാ മഴ വരുന്നുണ്ട്  വന്ന് കിടക്കാൻ നോക്ക്."  .ഇന്ന് മഴ പെയ്യും. കാരണം അയ്യപ്പന്റെ വരികൾ പോലെ അവർക്ക് പ്രണയം മഴയോടായിരുന്നു..സുബൈറും ആസിഫയും അവരുടെ ദിവസം ആണിന്ന്. 
"ഈ കഥാപാത്രങ്ങൾ ഏതാ ഇക്കാ...?

 " വെറും കഥാപാത്രങ്ങൾ അല്ല അവർ....നിനക്ക് അറിയോ കുട്ടിക്കാലത്ത് അവനും ഞാനും ഇശാ നിസ്‌കാരത്തിന് ശേഷം യത്തീംഖാനയുടെ തട്ടുംമുകളിലത്തെ നിലയിൽ കേറി പുറത്തേക്ക് നോക്കും. എന്നിട്ട് ആകാശത്തെ വിരിഞ്ഞു നിൽക്കുന്ന അമ്പിളി അമ്മാവനെ നോക്കി അവൻ പറയും  "മുസ്‌തു ദേ നോക്ക് ആ ചന്ദ്രനിന് അകത്ത് ഒരു ഉമ്മ കുട്ടിക്ക് കുപ്പായം തുന്നുന്ന പോലെ നിനക്ക് തോന്നുന്നുണ്ടോ? ഞാൻ പറഞ്ഞു ഹാ തോന്നുന്നു ഇനി അത് നമ്മുടെ ഉമ്മ ആണോ ന്ന് ചോദിച്ച് പരസ്പരം നോക്കി നിക്കും. അപ്പോഴേക്കും മുക്രി ഉസ്താദ്  പുറകിൽ വന്ന് നല്ല ചൂരൽ കൊണ്ട് പൂശും.  "പോയി കിടന്ന് ഉറങ്ങടാ ഹിമാറുകളെ നാളെ സുബ്ഹിക്ക് നീച്ചില്ലേൽ നിന്റെ ഒക്കെ ചന്തിക്ക് ഞാൻ ചൂരൽ കഷായം തരും...."
ഇതാടോ എന്റെ സുബൈർ.
അപ്പോൾ ആസിഫ.?
അസിഫയോ അവളോ...അവൾ അവളാണ് മഴ... വരണ്ടുണങ്ങിയ സുബൈർന്റെ ജീവിതത്തിലേക്ക് പെയ്തിറങ്ങിയ മഴ...

സ്ക്കൂൾ കാലഘട്ടം തൊട്ട് പ്രീഡിഗ്രി കാലഘട്ടം വരെ പെയ്തൊഴിഞ്ഞ മഴയാണ് അവൾ. ഇന്നും സൗഹൃദമാണോ  പ്രണയമാണോന്ന് അറിയാത്ത  പ്രണയങ്ങളിൽ അദ്ധ്യാപകർ എഴുതിത്തള്ളിയ പ്രണയം. ചില സമയങ്ങളിൽ ഏട്ടനും അനിയത്തിയും പോലെ കുറുമ്പ് കാട്ടി വഴക്കിടും ചില സമയങ്ങളിൽ  നല്ല സുഹൃത്തുക്കളെ പോലെ തോന്നും ചില സമയങ്ങളിൽ  കണ്ണിൽ കണ്ണിൽ നോക്കി പ്രണയിക്കും .

അവരെ പറ്റി പറയുമ്പോൾ നിങ്ങൾ എന്തിനാ കരയുന്നത് മനുഷ്യാ...എന്റെ ഡയറി നീ വായിച്ചിട്ടില്ലേ...അതിൽ ആദ്യ പേജിൽ ഇങ്ങനെ കുറിച്ചിട്ടത് നീ ശ്രദ്ധിച്ചിട്ടുണ്ടോ...?
"രണ്ട് ശരീരവും  ഒരു മനസ്സുമായി  നടക്കുന്നത് സൗഹൃദവും ഒരു ശരീരവും ഒരു മനസ്സുമായി നടക്കുന്ന പ്രണയവുമെന്ന്...ഇത്ര കാലമായിട്ടും നിനക്കതിന്റെ അർത്ഥം മനസ്സിലായിട്ടില്ലേ..."
"ശരി... നിങ്ങൾ ബാക്കി പറ...''
ബാക്കി എന്താ...അവന്റെ ജീവിതത്തിൽ അവളും... അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും തീർക്കുന്ന ഒരു പ്രണയ ഡോക്ടർ ആയി ഞാനും  ജീവിക്കാൻ തുടങ്ങി.
അസിഫയെ പറ്റി അവൻ പറയാറുണ്ട് ആസിഫ അവൾ മഴ പോലെയാണെന്ന്. എന്നിട്ട് ഈ അടുത്ത് ഇറങ്ങിയ ഏതോ സിനിമയിലെ ഡയലോഗ് പോലെ അവൻ പറയും "മഴ വരുന്നതിന് മുമ്പ്  അന്തരീക്ഷം മൂടിക്കെട്ടും ചെറിയ മിന്നൽ  ഉണ്ടാകും പിന്നെ ഇടി പൊട്ടും പിന്നെ പതിയെ പെയ്തിറങ്ങും. ആ മഴയിൽ മുളക്കുന്ന കൂണ് പോലെ ഞാൻ നിന്ന് വിറക്കും. അവളുടെ സാമീപ്യം എന്നെ അങ്ങെനെ ഒക്കെ ചിന്തിപ്പിക്കുന്നു മുസ്‌തൂ"

എന്നിട്ട് ഇക്കാ അവർ ഇപ്പോ എവിടെയാണ്...?

അവരോ... നിന്റെ ലാസർ  അച്ചായൻ...! എപ്പോഴും പറയാറില്ലേ വിധി വിധി എന്ന്  ആ വിധി എന്ന നീരാളി പിടുത്തതിൽപെട്ടു പോയെടോ അവരും ....
വിധിയാണ് പോലും നാലാം മാസത്തിൽ ദൈവം തമ്പുരാൻ എഴുതിവെച്ച പോലല്ലേ നടക്കൂ. ഇനി അത് അങ്ങനെ ആവാതിരിക്കാൻ പടപ്പായൽ പോരാ പടച്ചവൻ ആകണം. അത് പറ്റാത്തിടത്തോളം കാലം വിധി എന്നു പറഞ്ഞ് മോങ്ങിയിരിക്കാം.
ഒരു യതീം ചെക്കനായിട്ട് മകൾ പ്രേമത്തിൽ ആണെന്നറിഞ്ഞ വാപ്പ മകളെ മുറിയിൽ പൂട്ടിയിട്ട ശേഷം  സുബൈറിനെ കാണാൻ വന്നു.

"ഒരു കുട്ടി ജനിച്ചാൽ അത് ഇനി പെണ്ണാണെങ്കിൽ ചെലവ് പെരുത്താ... പക്ഷേങ്കിൽ ഊരും പേരും അറിയാത്ത ഒരുത്തന് ഞാനെന്റെ കുട്ടീനെ എങ്ങനെ കെട്ടിച്ചു കൊടുക്കാനാ. തങ്ങളുപ്പാപ്പ നടത്തുന്ന യതീം ഖാന ഇപ്പോ നമുക്ക് അന്റെ തറവാട് ആണെന്ന് ഒന്നും പറയാൻ പറ്റില്ലല്ലോ..ഇനി നീ എന്റെ കുട്ടിടെ പിറകെ മണപ്പിച്ചു നടന്നാൽ ചന്തി കഴുകാനും ചോറ് കഴിക്കാനും ആ രണ്ട് കൈ കാണില്ല മോനേ.

മാസ്സ് ഡയലോഗ് പറഞ്ഞ് പോവാൻ നേരത്ത് ഓൾടെ വാപ്പ അളിയൻ ചെക്കന്മാരോട് ഒന്ന് തലോടാനും പറഞ്ഞു. പെരുത്ത് കിട്ടിയെടോ അടി അന്ന് ഞങ്ങൾ രണ്ടു പേർക്കും.

പ്രേമം എന്ന വലിയ എന്തോ ഒന്നാണ് അത് നഷ്ടപ്പെട്ടാൽ പിന്നെ ജീവിച്ചിരിക്കൂലാന്നൊക്കെ ഇന്നത്തെ പെണ്കുട്ടികളോട് പറഞ്ഞ ഓൽ ഒന്ന് ചിരിക്കും. എന്നിട്ട് തേച്ച കണക്കുകൾ നിരത്തും. എന്നാൽ ആസിഫ അവൾ അവൾക്ക് അവനെന്നു വെച്ചാൽ പ്രാന്തായിരുന്നു. നിക്കാഹിന്റെ തലേ ദിവസം അങ് കെട്ടി തൂങ്ങിയെടോ.. ശരിക്കും പറഞ്ഞാൽ കൂട്ടിൽ അടച്ച തത്തയെ പോലെ ഉള്ള അവളുടെ ആ വീട്ടിലെ ജീവിതത്തിൽ നിന്ന് കുറച്ചെങ്കിലും അവളെ പറക്കാൻ അനുവദിച്ചിരുന്നെങ്കിൽ അത് അവനായിരുന്നു...
അവളുടെ  മരവിച്ച ശരീരം  കണ്ട് കരഞ്ഞ് മാറി നിന്ന് കണ്ണ് തുടച്ച് നിന്നിരുന്ന സുബൈർ...
അന്ന് ആരോടും പറയാതെ ഇറങ്ങി പോയതാണ്. അന്നും ഇത് പോലെ മഴ പെയ്തിരുന്നു. ഇന്ന് അവർ എന്നെ തനിച്ചാക്കി പോയിട്ട് 12 വർഷം കടന്ന് പോയി...അതിന് ശേഷമാണ് കോട്ടയത്തു വന്നതും നിന്നെ കണ്ടു മുട്ടിയതും എല്ലാം..
ഇനി  ഇക്കാ അവൻ തിരിച്ചു വരുമോ...? 

അറിയില്ല വന്നാൽ ഞാൻ അവന് പറഞ്ഞു കൊടുക്കും. ഈ ഭൂമിയിൽ പ്രണയിച്ചു ജീവിക്കുന്നതിനേക്കാൾ പ്രയാസം മറ്റൊന്നിനാണ്ന്ന്...
"അതെന്താ ഇക്കാ"
വിരഹം, പ്രണയം വെറും സ്വർത്ഥതയാണ്. വിരഹമാണ് പ്രണയ നൈരാശ്യമാണ് ഏറ്റവും ഇടങ്ങേർ പിടിച്ചത്. അത് അതിജീവിച്ചാൽ മതി. അത് മാത്രം മതി...

ഇക്കാ നിങ്ങള് എന്തെക്കെയോ എന്നിൽ നിന്ന് മറയ്ക്കുന്നു. സത്യം പറ... ഇങ്ങനെ തന്നെയാണോ സംഭവിച്ചത്...?
കഴിഞ്ഞ പന്ത്രണ്ട് വർഷമായി ഉറ്റ ചങ്ങാതിയെ കാണാഞ്ഞിട്ട് ഒന്ന് അന്വേഷിക്കുക പോലും ചെയ്തില്ലേ നിങ്ങൾ...?ഇനി അസിഫയുടെ വാപ്പ വല്ലതും ചെയ്‌തു കാണുമോ അവനെ...
ചിരിച്ചുകൊണ്ട് മുസ്തഫ പറഞ്ഞു "നമുക്ക് അയാളെ സംശയിച്ചു കൂടാ എന്നൊന്നും ഇല്ല. വാപ്പ കാരണവന്മാരായി പൂത്ത പണവും സ്വത്തും  കെട്ടിപിടിച്ചു ഇരിക്കുന്ന ഹാജിയാരും കുടുംബവും, ഇരുപത്തിനാലു മണിക്കൂറും പോത്ത് പോലെ രണ്ടെണ്ണം ഇടവും വലവും. നാട്ടിലെ എല്ലാവർക്കും ഭയവും ബഹുമാനവും ആണ്. മുറിക്കി ചുവപ്പിച്ച് കാറി തുപ്പിയുള്ള സംസാരവും ഒക്കെ നമ്മുടെ കൊച്ചു കഥയിലേക്ക് പറ്റിയ വില്ലൻ തന്നെയാണ് ഹാജിയര് അല്ലേ എൽസമ്മേ...
അല്ല മനുഷ്യാ നിങ്ങൾക്ക് നിങ്ങടെ സുഹൃത്തിന് എന്താ പറ്റി എന്ന് അറിയാൻ ഒരു ആഗ്രഹവും ഇല്ലേ..?
"നീ വന്ന് കിടക്കാൻ നോക്ക് നിനക്ക് നാളെ കോടതിയിൽ പോകേണ്ടത് അല്ലേ.. എൽസമ്മക്ക് പക്ഷേ കിടന്നിട്ട് ഉറക്കം വന്നിരുന്നില്ല. പെട്ടന്ന് ഒരാൾ അപ്രത്യക്ഷമാകുക അതും  തന്റെ പ്രണയിനി ആത്മഹത്യ ചെയ്ത അതെ ദിവസം... പന്ത്രണ്ട് വർഷമായി ഒരു വിവരവും ഇല്ല ഉറ്റ സുഹൃത്തിന് പോലും.
എൽസമ്മ രാവിലെ എണീറ്റ ഉടനെ തന്നെ  തന്റെ കൂടെ പഠിച്ച  ഹരിദാസിന് വിളിച്ചു.ആൾ ഇപ്പോൾ സിറ്റി പൊലീസ് കമ്മിഷണർ ആണ്.

"ഹലോ ഞാൻ എലിസബത്താണ് തന്റെ കൂടെ പ്രീഡിഗ്രിക്ക് കോട്ടയത്തുണ്ടായിരുന്നു."
ഹരിദാസ് അവിടെ നിന്ന് എന്തൊക്കെയോ ചോദിക്കുന്നുണ്ട് "ഹാ ഇല്ല...ഞാൻ ലോ കോളേജിൽ പഠിക്കുമ്പോൾ ആയിരിക്കും .ഹാ പിന്നെ എനിക്ക് തന്റെ ഒരു ഹെല്പ് വേണം. ഒരു സുബൈർ ഹസ്ബന്റിന്റെ ഫ്രണ്ടാണ്. പന്ത്രണ്ട് വർഷമായി ഒരു വിവരവും ഇല്ല. നീ ഒന്ന് അന്വേഷിക്കുമോ...?പിന്നെ ഇത് കേസ് രജിസ്റ്റർ ചെയ്യണ്ട അൺഒഫീഷ്യൽ ആയിട്ട് മതി. സുഹൃത്തിന് വേണ്ടി നീ ഇത് ചെയ്യില്ലേ...?''
എൽസമ്മ നടന്ന കഥ മുഴുവൻ ഹരിദാസിന് പറഞ്ഞു കൊടുത്തു.
"ഓകെ ഹരിദാസ് ഫോട്ടോ കിട്ടുവാണേൽ ഞാൻ വാട്സ്ആപ്പ് ചെയ്യാം"
എലിസബത്ത് ഭർത്താവിന്റെ ഡയറിയും പഴയ  കടലാസുകളും ഒക്കെ തപ്പി. അവർ രണ്ട് പേരും കൂടിയുള്ള ഒരു ഫോട്ടോ  ഹരിദാസിന് അയച്ചു കൊടുത്തു.


ഒരാഴ്ചയോളം ഹരിദാസിന്റെ വിവരം ഒന്നും ഉണ്ടായില്ല. പെട്ടെന്ന് ഒരു ദിവസം ഏൽസമ്മയുടെ ഫോണിലേക്ക് അവൻ വിളിച്ചു.
"പറയൂ ഹരിദാസ് എന്തായി കാര്യങ്ങൾ...?"

"എലിസബത്ത് ചെറിയ ഒരു പ്രശ്നം ഉണ്ട്. നീ എനിക്ക് ഫോട്ടോ അയച്ചു തന്നപ്പോൾ ഹസ്ബന്റിനെ മാർക്ക് ചെയ്ത് ആണ് തന്നിരുന്നത്. ആ രണ്ട് പേരും കൂടിയുള്ള ഫോട്ടോ കാണിച്ചപ്പോൾ മുതലാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഒന്നെങ്കിൽ നീ മാർക്ക് ചെയ്ത ഇടത്ത് മിസ്ടെയ്ക്ക് സംഭവിച്ചു കാണും. അല്ലേൽ എന്തോ വലിയ കളി നടന്നിട്ടുണ്ട്.. നീ പറഞ്ഞത് അനുസരിച്ച് ആ നാട്ടിലും യതീം ഖാനയിലും ഒക്കെ ഞാൻ സന്ദർശിച്ചിരുന്നു. അവിടെ നിന്നാണ് ഈ സത്യങ്ങൾ ഞാൻ മനസ്സിലാക്കിയത്. "
ഹരിദാസ് താൻ കണ്ടെത്തിയ കാര്യങ്ങൾ എലിസബത്തിന് പറഞ്ഞു കൊടുത്തു.
"ഇനി ഈ കഥ പൂർത്തിയാക്കേണ്ടത് നിങ്ങടെ ഭർത്താവ് ആണ്. അദ്ദേഹത്തിന് മാത്രമേ ഇനി എന്തേലും ചെയ്യാൻ പറ്റുള്ളൂ. ഞാൻ ഏതായാലും ഇത് പുറത്ത് വിടുന്നില്ല..ഒരു കാര്യം ശ്രദ്ധിക്കുക  വാലില്ലാത്ത ഒരു എലിയിടെ പിറകെ പോയി സ്വന്തം വാല് കളയണ്ട.
രാത്രി വളരെ വൈകി വരുമെന്ന് പറഞ്ഞ ഭർത്താവിനോട് ഈ കാര്യങ്ങൾ ചോദിക്കാൻ  വേണ്ടി മാത്രം അവൾ ഉറങ്ങാതെ കാത്തിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടയിൽ അവൾ  ചോദിച്ചു . ഹാജിയർ തന്നെ ആണോ വില്ലൻ? ശരിക്കും സമർത്ഥനായ വില്ലൻ സുബൈർ അല്ലേ??
''നീ അത് ഇത് വരെ വിട്ടില്ലേ... നിന്റെ സംശയങ്ങൾ തീർക്കാൻ ഇനി സാക്ഷാൽ സുബൈർ തന്നെ നേരിട്ട് വരേണ്ടി വരുമല്ലോ..''

എങ്കിൽ മുസ്തഫയായി അഭിനയിക്കുന്ന സുബൈർ പറ എന്തിന് ഇങ്ങനെയൊക്കെ...? മുസ്തഫയുടെ പേരിൽ ആൾ മാറാട്ടം നടത്തി നിങ്ങൾ എന്തിനു ജീവിക്കുന്നു...ഇനി നിങ്ങൾ മുസ്തഫയെ കൊന്നതാണോ...?
നോക്കണ്ട നിങ്ങളുടെ ഡയറീന്ന് കിട്ടിയ ഫോട്ടോ വെച്ച് അന്വേഷിച്ച് നിങ്ങടെ നാട്ടുകാർ എനിക്ക് മുസ്തഫയെയും സുബൈറിനെയും വേർതിരിച്ചു പറഞ്ഞു തന്നു. സത്യം പറ എന്തിന് നിങ്ങൾ മുസ്തഫയുടെ പേര് വെച്ചു ജീവിക്കുന്നു...?ശരിക്കുള്ള മുസ്തഫ ജീവിച്ചിരിപ്പുണ്ടോ അതോ ഇനി നിങ്ങൾ കൊന്നോ... സത്യം പറ...
ഓ...ഭർത്താവിന്റെ രഹസ്യ കലവറയുടെ താക്കോലും കൊണ്ട് വന്ന്  രഹസ്യങ്ങൾ മനസ്സിലാക്കിയ സ്ഥിതിക്ക് ഇനി സുബൈറിന് ഒരു വഴിയുമില്ലല്ലേ.. ഓക്കെ... അതേ അതേടി ഞാൻ തന്നെയാണ് സുബൈർ.....ന്റെ മുസ്‌തു ഞാനും നിസ്ക്കാരം കഴിഞ്ഞു വരുന്നതും കാത്ത് ഹാജിയർ ഏർപാടക്കിയ ആളുകൾ കാത്ത് നിൽപ്പുണ്ടായിരുന്നു...ഞാൻ നിസ്കാരം കഴിഞ്ഞ് ഇറങ്ങാൻ അല്പം താമസിച്ചപ്പോൾ മുസ്‌തു  റോഡിലേക്ക് ഇറങ്ങി. ഇരുട്ടിൽ ഞാൻ ആണെന്ന് തെറ്റിദ്ധരിച്ച അവർ അവനെ കൊണ്ടുപോയി... മൽപിടുത്തത്തിനിടയിൽ അവൻ  കൊല്ലപ്പെട്ടു. ആൾമാറിയത് അറിഞ്ഞ ഉടനെ അവർ എന്നെ തേടിയെത്തി. എന്നെ ഒരു മുറിയിൽ പൂട്ടിയിട്ട ശേഷം മുസ്‌തുവിനെ അവർ കത്തിച്ചു എന്നിട്ട് പ്രണയ നൈരാശ്യത്തിൽ ആത്മഹത്യ ചെയ്തു എന്ന് വരുത്തി തീർത്ത് ഞാനാണെന്നും പറഞ്ഞ് അസിഫക്ക് കാണിച്ചു കൊടുത്തു..പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വരെ കാശ് കൊടുത്ത് അവർക്ക് അനുകൂലമായി എഴുതി ചേർത്തു. കത്തിക്കരിഞ്ഞ എന്റെ ശരീരം കണ്ട് മനം നൊന്താണ് അവൾ ആത്മഹത്യ ചെയ്തത്. മാസങ്ങളോളം ഞാനാ മുറിയിൽ കിടന്നു. ഒടുക്കം അവിടന്ന് രക്ഷപ്പെട്ടു പോന്നു. പുറത്തെത്തിയ ഉടനെ ഹാജിയരെ ഒരു കാർ ആക്സിഡന്റിലൂടെ  കൊലപ്പെടുത്തി...അത് ഒരു ആക്സിഡൻറാണെന്ന് കണ്ട മാത്രേ തോന്നുന്ന രീതിയൽ ഞാനത് ചെയ്തു.

പിന്നെ ഞാൻ എന്റെ സുഹൃത്തിലേക്ക് ചുരുങ്ങുകയായിരുന്നു .നീ പറഞ്ഞ പോലെ സുബൈറിനെ കണ്ടെത്തിയാൽ മുസ്തഫ മരിക്കും. മുസ്തഫ മരിച്ചാൽ ഹാജിയർക്കും കുടുംബത്തിനും സംഭവിച്ചത് പുറം ലോകം അന്നേഷിക്കും. ഞാൻ ഇതെല്ലാം ചെയ്തത് അവൾക്ക് വേണ്ടി അല്ല ഒരു തെറ്റും ചെയ്യാത്ത ന്റെ മുസ്‌തൂന് വേണ്ടിയാണ് ...നിനക്ക് എന്നെ വേണേൽ പോലീസിനെ ഏൽപ്പിക്കാം...ശിക്ഷിപ്പിക്കാം...ഞാൻ എവിടെ വേണേലും ഇതേറ്റു പറയാം എന്ത് ശിക്ഷ ഏറ്റു വാങ്ങാനും ഞാൻ തയ്യാറാണ്.

എലിസബത്ത് കുറെ നേരം മിണ്ടാതെയിരുന്നു. എന്നിട്ട് ഹരിദാസിന് വിളിച്ചു "സോറി മുസ്തഫയും സുബൈറും അങ്ങോട്ടും ഇങ്ങോട്ടും മാറിയത് ആണ്. എനിക്ക് തെറ്റു പറ്റിയ താണ്."
"സമർത്ഥയായ എലിസബത്തിന് തെറ്റു പറ്റുകയോ വിശ്വസിച്ചു.. ഭർത്താവ്  സുകുമാരകുറുപ്പ് കളിച്ചുവല്ലേ.. ഞാൻ ഒന്നും പുറത്ത് വിടുന്നില്ല"
"ഇനി അത് എന്റെ ഭർത്താവ് ആണെന്നിരിക്കട്ടെ അല്ലെന്നിരിക്കട്ടെ എത്രയോ കേസ്കൾ തെളിവ്‌ സഹിതം ഹാജരാക്കീട്ട് തെളിവില്ലെന്ന് പറഞ്ഞു ഒന്നും ആവാതെ പോകുന്നു. ആ കൂട്ടത്തിൽ ഈ കേസും  കിടന്നോട്ടെ.."
ആശ്ചര്യത്തോടെ സുബൈർ ചോദിച്ചു"നീ ചെയ്യുന്നതിന്റെ സീരിയസ്നെസ്സ് നിനക്ക് മനസ്സിലാകുന്നുണ്ടോ എൽസമ്മേ.."
"ഞാൻ ഗർഭിണിയാണ് ഇന്ന് ഡോക്ടറെ കണ്ടിരുന്നു അത് അവനായാലും അവളായാലും  അവർക്ക് ഒരു നല്ല അച്ഛനായി നിങ്ങൾ വേണം ഉണ്ടാകില്ലേ..? എലിസബത്തിന്റെ വാക്കുകൾ കേട്ടപ്പോൾ സുബൈറിന്റെ കണ്ണുകൾ നിറയുകയായിരുന്നു... ആനന്ദത്തിന്റെ ചുടുകണ്ണീർ...!

By
Sabith koppam

അഭിപ്രായങ്ങള്‍