താര...


താരാ കുറുപ്പ്...! അവരുടെ ഒരു ഡയറിയും ഇനിയും പോസ്റ്റ് ചെയ്യാത്ത ഒരു കത്തുമായി യാത്ര തിരിച്ചതാണ്. ഏഴുവർഷമായി പോസ്റ്റ് ചെയ്യാതെ വെച്ചിട്ടുള്ള ആ കത്തിന്റെ മുകളിലെ  അഡ്രസ്സും തപ്പിപ്പിടിച്ചറങ്ങുമ്പോൾ ചെന്നുപെട്ടത് സുരേഷിന്റെ ഇടിഞ്ഞു പൊളിഞ്ഞ വീടിന്റെ മുമ്പിലായിരുന്നു. അയൽവാസികൾ തന്ന പുതിയ മേൽവിലാസവുമായി ഞാൻ യാത്ര തുടങ്ങി. 
മനോഹരമായ രണ്ടു നില വീടിന്റെ മുമ്പിൽ കാറിൽ നിന്ന് ഇറങ്ങുമ്പോൾ ആ വീടിന്റെ ഭംഗി അസ്വദിക്കുകയായിരുന്നു ഞാൻ. ശരിക്കും തലയെടുപ്പുള്ള ഒരു വീട്. വാതിൽ തുറന്ന്  പുറത്തേക്ക് വന്ന വ്യക്തിയെ ഞാൻ ശ്രദ്ധിച്ചു.  ഡയറിയിൽ പറഞ്ഞിട്ടുള്ള അതേ വ്യക്തി തന്നെ. കറുത്ത നിറത്തിൽ കുറിയിട്ട് വലതു കയ്യിൽ വാച്ചു കെട്ടിയ കട്ടത്താടിയും മീശയും ഉള്ള  അദ്ദേഹത്തെ കണ്ട പാടെ സുരേഷ് ആണെന്ന് ഞാൻ ഉറപ്പിച്ചു.

സുരേഷ് ആണോ...?
അതെ
നിങ്ങളുടെ ഒരു സാധനം ഏൽപ്പിക്കാൻ വന്നതാണ്.
എന്റെ ഹെയർകട്ടും മീശയും ഒക്കെയൊന്ന് വീക്ഷിച്ച ശേഷം അവൻ ചോദിച്ചു."സാർ പോലീസ് ആണോ...? കണ്ടാൽ അത് പോലെ ഉണ്ട്."
ഞാൻ ഒന്ന് ചിരിച്ചു " സുരേഷേ, വീട് കൊള്ളാം എത്രനാളായി ഇങ്ങോട്ട് മാറിയിട്ട്...ഞാൻ പഴയ  വീട്ടിൽ പോയിരുന്നു."
"ഈ വീട് എന്റെ ഒരു കസിൻ  രണ്ടുവർഷം മുമ്പ് പണി കഴിപ്പിച്ചതാണ്. കഴിഞ്ഞ വർഷം അവർ കുടുംബത്തോടെ യു.എസ്സിൽ പോയി. അപ്പോ ഞാൻ ചുളു വിലക്ക് ഇതങ്ങ് മേടിച്ചു.

സാറിന്  കുടിക്കാൻ എന്താ വേണ്ടത് ചായയോ കാപ്പിയോ...?
കാപ്പി എന്നു പറഞ്ഞ ശേഷം  ഞാൻ ഡയറിയും  കത്തും അദ്ദേഹത്തിന് നേരെ നീട്ടി. ഇത് താരാ കുറുപ്പിന്റെയാണ്. ഇതിലെ കത്ത് അവർ നിങ്ങൾക്ക് എഴുതിയതാണ്. പിന്നെ എന്തോ അവർ ഇത് പോസ്റ്റ് ചെയ്തില്ല.
അകത്ത് നിന്നും സുന്ദരിയായ ഒരു സ്ത്രീ  കാപ്പിയുമായി വന്നു. അത് അവന്റെ ഭാര്യയാണെന്ന് ആ സിന്ദൂരം ചൂടിയ നെറുകിൽ നിന്നും എനിക്ക് മനസ്സിലായി. കുറച്ചു നേരം ഡയറിയിലേക്ക് തല കുനിച്ച് നോക്കിയിരുന്ന ശേഷം"സാറിന് ഇതെവിടന്ന് കിട്ടി ?" ആ ചോദ്യം ചോദിക്കുമ്പോൾ ഞാൻ അവന്റെ മുഖം ശ്രദ്ധിച്ചു. അവൻ്റെ മുഖത്ത് അതു വരെ ഉണ്ടായിരുന്ന തെളിച്ചമെല്ലാം മങ്ങിയിരിക്കുന്നു. അവന്റെ മുഖത്ത് എനിക്ക് വല്ലാത്ത ഒരു ഭയം കാണാൻ സാധിച്ചു. അവൻ അടുത്ത ചോദ്യം ചോദിക്കും മുമ്പേ ഞാൻ ഇടക്ക് കയറി.
"താരയുമായി നിങ്ങൾ പ്രണയത്തിലായിരുന്നു അല്ലേ?" കുറച്ചു നേരം അവൻ ഒന്നും മിണ്ടിയില്ല ശേഷം ഒരു പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. 
"ഏയ്  അവളുടെ അകൽച്ചക്ക്  തന്നെ കാരണം എന്റെ പ്രണയമായിരുന്നു. അത് കൊണ്ട് തന്നെ  ആ പ്രണയത്തിൽ എനിക്ക് വിശ്വാസം ഇല്ല സാർ." ഇടക്ക് കയറി ഞാൻ വീണ്ടും പറഞ്ഞു. അതുകൊണ്ട് ആയിരിക്കും നിങ്ങളുടെ കല്യാണത്തിന്റെ അന്ന് fbയിൽ ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടത് "നിന്നെ നഷ്ടപ്പെട്ടു എന്ന് എല്ലാരും പറയുന്നു. എന്നാൽ നഷ്ടപ്പെടുത്തി എന്നെനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. അതു കൊണ്ടായിരിക്കാം എന്റെ ഹൃദയം ഇന്നൊരു ആത്‍മഹത്യാശ്രമം നടത്തി പരാജയപ്പെട്ടത്." എന്താണ് കുറ്റബോധം ആയുരുന്നോ ഈ പോസ്റ്റിന്റെ പിന്നിൽ...?"
"എന്നെങ്കിലും ഞാൻ പ്രണയാഭ്യർത്ഥന നടത്തുമെന്ന്  കരുതി അവൾ അകന്ന് അകന്ന് പോകുവായിരുന്നു സാർ.''

സുരേഷേ, എന്നെ കണ്ടിട്ട് നിനക്കൊരു പൊട്ടനായിട്ടു തോന്നുന്നുണ്ടോ? ഈ ഡയറി മുഴുവൻ വായിച്ചിട്ടാണ് ഞാൻ നിങ്ങടെ മുമ്പിൽ വന്നിരിക്കുന്നത്. ഈ ഡയറിയിൽ മുഴുവൻ നിങ്ങളാണ്. അതും ഒരു നായകനായിട്ട്... താരയുടെ നയാകൻ. പക്ഷേ നിങ്ങളുടെ ഈ വാക്കുകൾ കേട്ടപ്പോൾ നിങ്ങൾ കേവലം ഒരു വില്ലൻ മാത്രമാണ് എന്ന് തോന്നി പോകുന്നു. ഈ ഡയറിയിലെ നായകൻ ഒരിക്കലും  ഇങ്ങനെ അല്ല. ശരി ഓക്കെ... നിങ്ങൾ തമ്മിൽ പ്രണയത്തിൽ അല്ലായിരുന്നു. അവൾ നിങ്ങളുടെ പ്രണയം നിരസിച്ചു ല്ലേ....അല്ല ഭയന്ന് അകന്നു പോയി എന്നല്ലേ സുരേഷ്" സുരേഷ് തല താഴ്ത്തി കൊണ്ട് തന്നെ പറഞ്ഞു  "അതെ"

ഞാൻ ഈ വീട്ടിലേക്ക് കയറുമ്പോൾ നീ എന്നോട് ചോദിച്ചു സാർ ഒരു പോലീസ് ഓഫീസർ ആണോ എന്ന്. അത് എല്ലാം മറച്ചു പിടിച്ച് യൂണിഫോം ഒന്നും ഇല്ലാതെ സാധാരണക്കാരനായി നിന്റെ യടുത്ത് ഇതെല്ലാം താങ്ങി വന്നത് എന്തിനാണെന്ന് നിനക്ക് അറിയോ.  അതിന്റെ പിന്നിൽ ഒരു കാരണം ഉണ്ട്...ഒരു കഥ യുണ്ട്.
"ഒരു ദിവസം പോലീസ് സ്റ്റേഷനിലേക്ക് ഒരു ഏഴു വയസ്സുകാരി പെൺകുട്ടി കയറി വന്നു  ഒരു ഡയറിയും കത്തുമായി .അത് ഒന്ന് വായിച്ചു കേൾപ്പിക്കണം എന്ന് അവൾ എന്നോട് ആവശ്യപ്പെട്ടു. അവളുടെ അമ്മ മരിക്കും മുമ്പ്  തന്റെ അച്ഛൻ ഇതിലുണ്ട് എന്നും പറഞ്ഞ് ഏല്പിച്ചതാണ്  എന്നാ കുട്ടി പറഞ്ഞു.  അത് മുഴുവൻ വായിച്ച ശേഷം അവൾ പറഞ്ഞു അവൾക്ക് അവളുടെ അച്ഛനെ കാണണം എന്ന്. സ്റ്റേഷന്റെ തൊട്ടപ്പുറത്ത് ഉള്ള ക്വാർട്ടേഴ്സിൽ ഒരു സ്ത്രീ മൂന്ന് ദിവസം മുമ്പ് മരണപ്പെട്ടു എന്നും അവരുടെ കുട്ടിയാണ് ഇതെന്നും കോൺസ്റ്റബിളും പറഞ്ഞു.
ഇനി പറ സുരേഷ് നിങ്ങൾ നായകൻ ആണോ അതോ വില്ലനോ.?

 താരയ്ക്ക് കുഞ്ഞോ...? അവൾക്ക് ഞാൻ എന്നും ഒരു നായകനായിരുന്നു സാറേ. സത്യത്തിൽ ഏഴുവർഷം മുമ്പ്  അവളെ വിളിച്ചിറക്കി കൊണ്ടുവരാൻ പല തവണ ശ്രമിച്ചതാണ്. അപ്പോഴൊക്കെ അവളുടെ അച്ഛൻ എതിർക്കുമായിരുന്നു. അന്നെനിക്ക് പണമോ ഈ നിലയും വിലയും ഒന്നും ഉണ്ടായിരുന്നില്ല. എന്തിന് ഒരു ജോലി പോലും ഉണ്ടായിരുന്നില്ല. അവളുടെ അച്ഛൻ അവളെ പൂട്ടിയിട്ടു എന്നെ ആട്ടി പായിച്ചൂന്ന് മാത്രമല്ല മകളെ ശല്യം ചെയ്തൂന്ന് പറഞ്ഞു കേസും കൊടുത്തു. പോലീസുകാരിൽ നിന്ന് ശരിക്കും കിട്ടി. സ്റ്റേഷനിൽ വെച്ച് അവളുടെ അച്ഛൻ അവളുടെ കല്യാണം നിശ്ചയിച്ചുവെന്നും പറഞ്ഞ് ഒരു കത്തും തന്നു. നാട്ടിലേക്ക് പോയ ഞാൻ എല്ലാം മറക്കാൻ സമയം എടുത്തു. എല്ലാവരുടെ യും നിർബന്ധ പ്രകാരം സുമയെ കെട്ടി. ഒരു പക്ഷേ എന്റെ കുഞ്ഞ് അവളുടെ വയറ്റിൽ വളരുന്നുണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നെങ്കിൽ ഇതൊന്നും..."
നിറ കണ്ണുകളോടെ ഇത് പറയുമ്പോൾ അയാൾ ഇടയ്ക്കിടയ്ക്ക് പിറകിലേക്ക് നോക്കുന്നുണ്ടായിരുന്നു. തന്റെ ഭാര്യയെക്കുറിച്ച് ചിന്തിക്കുന്നുണ്ടായിരുന്നു. 

"സുരേഷേ തന്റെ മകളെ ബലം പ്രയോഗിച്ചും ഭയപ്പെടുത്തിയും  പുതിയ വിവാഹത്തിന് സമ്മതിപ്പിക്കാം എന്ന  കുറുപ്പിന്റെ കണക്ക് കൂട്ടലുകൾ തെറ്റിച്ചയിരുന്നു മകളുടെ ഗർഭം ഇടക്ക് വില്ലൻ ആയത്....അഭിമാനം നോക്കി  നോക്കി ആറ് മാസത്തിൽ കൂടുതൽ അങ്ങേർക്ക് അതാ മുറിയിൽ ഒളിപ്പിക്കാൻ  സാധിച്ചില്ല..തന്റെ മകൾ പിഴച്ചു പെറ്റുവെന്ന വാർത്ത നാട്ടിൽ പാട്ടയപ്പോൾ. തന്റെ മകളോടുള്ള വാശി അങ്ങേര് ഒറ്റ കയറിൽ തീർത്തു. വാശിയാണ് പോലും... അന്നേ നിനക്ക് കെട്ടിച്ചു തന്നിരുന്നെങ്കിൽ  ഇതൊന്നും സംഭവിക്കില്ലായിരുന്നു. അപ്പോളാണ് അങ്ങേരുടെ ഒരു ദുരഭിമാനം മാങ്ങാത്തൊലി."

"സാർ സുമ അറിഞ്ഞാൽ എന്റെ ജീവിതം... ഞാൻ എന്താ ചെയ്യുക" എന്ന് മുഴുവനാക്കും മുമ്പേ  സുമ അകത്ത് നിന്നും വന്നു "ഞാൻ എല്ലാം കേട്ടു ഏട്ടാ ആറുവർഷമായി  ഒരു കുഞ്ഞിക്കാലിനായി നേരാത്ത നേർച്ചകൾ ഇല്ല. കഴിക്കാത്ത വഴിപാടുകൾ ഇല്ല. അവസാനം ദത്തെടുക്കാൻ വരെ തീരുമാനിച്ചു.  അത് നിങ്ങടെ സ്വന്തം ചോരയല്ലേ... ഞാൻ നോക്കിക്കോളാം. പിന്നെ ഈ പറഞ്ഞതിൽ ഇത് വരെ നിങ്ങളെന്നെ ചതിച്ചു എന്ന്  എന്നെ വിശ്വസിപ്പിക്കുന്ന ഒന്നും എനിക്ക് കാണാൻ കഴിഞ്ഞില്ല.


കാർ തുറന്ന് ആ കുട്ടിയെ  അവരെ ഏൽപ്പിച്ചു പോരുമ്പോൾ ഒന്ന് മാത്രമേ ഞാൻ പറഞ്ഞുള്ളൂ. "ആ കത്ത് നീ ഇനി വായിക്കണ്ട അത് ഒരുപക്ഷേ നല്ലതാകാം ചീത്തതാകാം. അത് ഒരു നിമിത്തം മാത്രം ആണെന്ന് വിശ്വസിക്കുക. ആ കത്തിന്റെ നിയോഗം കുട്ടിയെ നിന്നിൽ എത്തിക്കുക എന്നത് മാത്രം ആയിരുന്നു."
സാർ നിങ്ങളുടെ പേര്?
കാർത്തിക് 'sub inspector karthik vishwanath'
 കാർ പോകുന്നത്  നോക്കി നിൽക്കുന്നതിനിടെ സുരേഷ് അകത്തേക്ക് ഓടി. തന്റെ പഴയ  ഫയലുകൾ പരതി. അതിൽ നിന്നും ഒരു കത്ത് കിട്ടി. പണ്ട് അവളുടെ അച്ഛൻ അവളുടെ കല്യാണം ഉറപ്പിച്ചു എന്ന് പറഞ്ഞു പോലീസ് സ്റ്റേഷനിൽ നിന്ന് തന്ന കത്തായിരുന്നു അത്. സുരേഷ് അത് തുറന്ന് നോക്കി.

 💥   Thara
            Weds
                  Karthik viswanath💥

"സംഭവിച്ചത് എല്ലാം നല്ലതിന്  ഇനി സംഭവിക്കാൻ പോകുന്നതും നല്ലതിന് "

By
Sabith koppam

അഭിപ്രായങ്ങള്‍

  1. കൊള്ളാം മുത്തേ നന്നായിട്ടുണ്ട് എഴുത്ത് നിർത്തരുത് നല്ല കഴിവുണ്ട് തുടർന്നും എഴുതുക ദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ ❤️❤️

    മറുപടിഇല്ലാതാക്കൂ
  2. ഞാൻ ആദ്യമായാണ് സബിത്തിനെ വായിക്കുന്നത്. ബ്ലോഗുലകം വഴിയാണ് ഇവിടെ എത്തിയത്.

    തുടക്കം തന്നെ താരാ കുറുപ്പ് എന്ന് വായിച്ചപ്പോൾ ക്ലാസ്സ്‌മേറ്റ്സ് സിനിമയുടെ വല്ല അഡാപ്റ്റേഷനും ആണോന്ന് സംശയിച്ചു. ദുരൂഹത നിറഞ്ഞ തുടക്കം കഴിഞ്ഞ്, പതിവ് കഥാ വഴികളിലേക്ക് നീങ്ങി എന്ന് തോന്നിച്ചു. പക്ഷേ, അവസാനത്തെ ആ ട്വിസ്റ്റ് കലക്കി. നല്ല കഥ. ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ