നാണുവും കോതയും...





ചെറിയ ചാറ്റൽ മഴയുണ്ട്. പൂക്കളിൽ തേൻ നുകരാൻ വന്ന പൂമ്പാറ്റകൾ വെള്ളം കുടഞ്ഞു പാറി പോയി...ദൂരെ നിന്ന് നാണുവിന്റെയും കോതയുടെയും ആടുകളുടെ കരച്ചിൽ കേൾക്കുന്നുണ്ട്. പതിയെ ആ കരച്ചിലിന് കാതോർത്തു... ഒരു പറ്റം ആടുകളും  പിന്നെ പുറകിലായി നാണുവും വരുന്നത് കാണായി..
നാണു അമ്മൂമ്മയെ കാണാൻ നല്ല ചേലാണ്.. മുറുക്കി ചോപ്പിച്ച് ചുളിഞ്ഞു തൂങ്ങിയ കയ്യിൽ ഒരു കരിവളയും  തലയിൽ ഇരു കെട്ട് പുല്ലും  കയ്യിൽ ഒരു വടിയും പിടിച്ച് നടക്കുന്നിടത്തെല്ലാം  തുപ്പി മോണ കാട്ടി ചിരിക്കുന്ന നാണു അമ്മൂമ്മ...
നാണു പിറകിലേക്ക് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു ..."ഞാൻ ഇവടെ കുത്തിരിക്കാണ് കോതേ..ഇനി ഇവറ്റ ഇവടെ മേഞ്ഞോളും ..."
ഞാൻ പതിയെ തല ഉയർത്തി നോക്കി. കാജാബീഡിയും  തലയിൽ ഒരു കീറിയ തോർത്തും പിന്നെ നാണം മറക്കാൻ  ഒരു മുണ്ടും അതാണ്  കോതയുടെ വേഷം. ഈ പൊത്തിൽ ഞാൻ കഴിയാൻ തുടങ്ങീട്ട്  മാസങ്ങളോളമായി. ഇന്നു വരെ മൂപ്പര് കുപ്പായം ഇടുന്നത് ഞാൻ കണ്ടിട്ടില്ല...
പാറപ്പുറത്ത് ഇരുന്ന് അടക്ക പൊട്ടിച്ച് വെറ്റിലയിൽ ചുണ്ണാമ്പ് തേച്ച് നാണു വഴിയിൽ വെച്ചു.
കോതേ നമ്മൾ പണ്ട് ആടുകളുമായിട്ട് എവിടെയൊക്കെ പോയിരുന്നതാണ്..ഇന്ന് നമ്മൾ താമസിക്കുന്ന ഈ കുന്ന് മാത്രേ ഉള്ളൂ.  ബാക്കി ഒക്കെ വീടും മറ്റും വന്ന്  നിറഞ്ഞ്‌.
ബീഡിക്കറ പറ്റിയ പല്ലും ചുണ്ടുമൊക്കെ  മൂച്ചീടെ ഇലയുടെ ഞെട്ടി കൊണ്ട് ഉരതുന്നത് നിർത്തി കൊണ്ട് കോത പറഞ്ഞു. "അധികം ഒന്നും ഇല്ലെടി തെരുവിലേക്ക് ദൂരം... ഇവിടെയും നഷ്ടപ്പെടാൻ പോകുകയാണ്.... രണ്ടു മാസത്തിനകം ഇവിടവും മാന്തും... എന്തോ വലിയത് വരുന്നുണ്ടെന്നാ ആ ഏമാന്റെ സംസാരത്തിൽ നിന്നും മനസ്സിലായത്."
 വാടിയ മുഖം ഒട്ടും നാണുവിന് ചേരില്ല. ചുളുങ്ങിയ മുഖം, കുഴിഞ്ഞ കൺത്തടങ്ങൾ എല്ലാം വിഷമം എന്ന വികാരം വരുത്തിയ വ്രണങ്ങളാണ്.
പണ്ട് 80 കളുടെ മദ്ധ്യത്തിൽ ക്വാറിയിലും കിണറ്റിലും പാറ പൊട്ടിക്കാൻ  പോയിട്ടൊക്കെ  ഒറ്റത്തടിയായി നടന്നിരുന്ന കോതയുടെ ജീവിതത്തിലേക്ക് നാണു വരുന്നത്. അവറാൻ കുട്ടിടെ കിണർ പണിയുടെ സമയത്താണ്.. വെടിമരുന്ന് നിറക്കാൻ കുഴി എടുക്കുന്ന കോത തലയിൽ മണ്ണ് ചട്ടി ചുമന്ന് മുറുക്കി തുപ്പി പോകുന്ന നാണുവിനെ ഒരു മിന്നായം പോലെ കണ്ടു...

ഒരു ദിവസം സുലൈമാന്റെ ചായക്കടയിലിരുന്ന് നല്ല ചൂട് ചായയും കപ്പയും സമ്മന്തിയും കൂട്ടി കഴിക്കുമ്പോൾ അവളെ വീണ്ടും കണ്ടു.  മഴയത്ത് ഒരു ചെമ്പിന്റെ  ഇലയും തലയിൽ പിടിച്ച് കയ്യിൽ ഒരു തൂക്കുപാത്രവുമായി അവൾ ആ ചായക്കടയിലേക്ക് വന്ന് കയറി. കോതയുടെ മനസ്സിലേക്ക് കൂടി ആയിരുന്നു  എന്ന് പറയാം. നാട്ടിൽ പിന്നീട് ക്വാറികൾക്കെതിരെ പ്രക്ഷോഭം ഉണ്ടായപ്പോൾ  ആരൊക്കെയോ ചേർന്ന്  അവരുടെ കൂര കത്തിച്ചു. ഉള്ളതെല്ലാം വാരി പെറുക്കി  അവർ അന്ന് ഈ കുന്ന് കയറിയതാണ്.

നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നുണ്ടാകും  ഇത്രയും നേരം ഇവരുടെ  കഥ പറഞ്ഞ  ഈ ഞാൻ  ആരാണെന്ന്. എങ്ങനെ ഇവരുടെ കൂടെ കൂടി എന്നൊക്കെ. ഞാൻ പാവം ഒരു അണ്ണാൻ കുഞ്ഞ്. ഞങ്ങൾ തമ്മിലുള്ള ബന്ധം  പരമ്പര പരമ്പരയായി  കൈമാറി വന്ന ഒരു മധുര പ്രതികാരത്തിൽ  നിന്നായിരുന്നു.
എന്റെ മുത്തച്ഛനും മുത്തശ്ശിയും  സന്തോഷത്തോടുകൂടി ഒരു മരത്തിന്റെ പൊത്തിൽ ജീവിക്കുകയായിരുന്നു. ഒരു ദിവസം മരം ഒന്നാകെ കുലുങ്ങി ടപ്പേ ടപ്പേന്ന് വല്ലാത്ത ശബ്ദവും. ഇടി വെട്ടിയതാണെന്നാണ് ആദ്യം കരുതിയത്. പുറത്ത് ചെന്ന് നോക്കിയ മുത്തച്ഛന്റെ  തലയിൽ പെട്ടന്ന്  ഒരു കരിങ്കല്ല് വന്ന് വീണു. പാവം ന്റെ മുത്തച്ഛൻ...ആ നിമിഷം മരണം അടഞ്ഞു. അപ്പോഴാണ് മുത്തശ്ശിക്ക് മനസ്സിലായത് അത് ആരോ കിണറിലെ പാറ പൊട്ടിക്കുന്നതിന്റെ  ശബ്ദം ആയിരുന്നു എന്ന്. ചെന്ന് നോക്കിയപ്പോഴാണ് കോതയെ കാണുന്നത്. അന്ന് മുതൽ കോതയോടുള്ള ദേഷ്യം മുത്തശ്ശി മനസ്സിൽ കൊണ്ട് നടന്നു. തക്കം കിട്ടിയാൽ കൊല്ലാൻ. എന്താ നോക്കുന്നത്  അണ്ണാറക്കണ്ണനും തന്നാലയത് എന്ന് ഇങ്ങൾ മനുഷ്യന്മാർ തന്നെയല്ലേ പറഞ്ഞു നടന്നിരുന്നത് ...പിന്നെ മുത്തശ്ശി അമ്മക്ക് പറഞ്ഞു കൊടുത്തു. അമ്മ എനിക്കും...പക്ഷേ എനിക്ക് ഇപ്പോ പ്രതികാരബുദ്ധി ഒന്നും ഇല്ലാട്ടോ. ഇവരോട് സ്നേഹം മാത്രമാണ്. കാരണം അവരുടെ ആടുകളുടെ  പാലും അവർ നട്ടു നനച്ചുണ്ടാക്കിയ പഴങ്ങളുമാണ്  എനിക്ക് അവരുടെ കുടിലിൽ നിന്ന് കിട്ടുന്നത്.  വിശക്കുന്നവന്റെ  വിശപ്പ് അടക്കുന്നവൻ  ശത്രുവാണെങ്കിൽ അവനോട് എന്ത് വികാരമാണ് പ്രകടിപ്പിക്കണ്ടതെന്ന് മാത്രം ഞാൻ ഇന്നുവരെ പഠിച്ചില്ല. ആരും പഠിപ്പിച്ചതും ഇല്ലാ...
ഭൂതകാലത്തിലേക്ക് പോയപ്പോൾ നേരം ഇരുട്ടിയത് അറിഞ്ഞില്ല. നാണു തന്റെ  കുടിലിൽ ചിമ്മിണി വിളക്ക് തെളിച്ചു. ദൂരെ നിന്ന് ഏതോ വാഹനം  കുന്ന് കയറുന്നതായി എനിക്ക് കാണാൻ കഴിഞ്ഞു.
ആരാണ് ഈ അസമയത്ത്..?
ജീപ്പ് കോതയുടെ കുടിലിന് മുന്നിൽ നിർത്തി. അതിൽ നിന്ന്  തീരെ പരിചയം ഇല്ലാത്ത ഒരാൾ ഇറങ്ങി. മുറ്റത്ത്‌ ബീഡിയും വലിച്ചു ഇരിക്കുന്ന കോത പെട്ടന്ന് തോളിൽ ഇട്ടിരുന്ന തോർത്ത് കയ്യിൽ എടുത്ത് കുനിഞ്ഞു നിന്നു.
"കോതക്ക് ഞാൻ ആരാണെന്ന് മനസ്സിലായോ...?''

''ഇല്ലാ...''

" ഈ സ്ഥലം ആരുടെയാണെന്ന് അറീലേ? "പണിക്കരുടെ..."
 ആ പണിക്കരുടെ  മകനാണ്  ഞാൻ...
അച്ഛന് നിങ്ങൾ ഇവിടെ താമസിക്കുന്നത് കൊണ്ട് വലിയ പ്രശ്‌നം ഒന്നും ഉണ്ടായിരുന്നില്ല. കാരണം അച്ഛന് ഈ സ്ഥലത്ത് ഒന്നും ചെയ്യാൻ താൽപര്യമില്ലായിരുന്നു...അതുകൊണ്ട് തന്നെ   വലിയ എതിർപ്പുകൾ ഒന്നും ഞങ്ങൾ മക്കളിൽ  നിന്ന് ഉണ്ടായിട്ടില്ല. പക്ഷേ അച്ഛൻ ഒരു ആഴ്ച്ച മുമ്പ് മരണപ്പെട്ടു. മകനായ എനിക്ക്  ഇവിടെ കുറെ പദ്ധതികൾ ഉണ്ട്. കോളേജ്, ഹോസ്പിറ്റലിൽ അങ്ങനെ കുറേ... 
കോത ഇടക്ക് കയറി  " അല്ല മോനേ, അപ്പോ ഞങ്ങൾ...''
 "നിങ്ങളെ വേണേൽ ഞാൻ വല്ല വൃദ്ധസദനത്തിലോ മറ്റോ കൊണ്ടുവിടാം. ആരും ഇല്ലാത്തതല്ലേ.. പിന്നെ ഇത്രയും വർഷം ഇതൊക്കെ നോക്കി നടന്നതിന്  കുറച്ചു ചില്ലറ വല്ലതും തരാം. പക്ഷേ, നാളെ ഇവിടം വിട്ടു പോയേക്കണം.''
വന്ന ആൾ തന്റെ ഹുങ്ക് കാട്ടി പോയി. പിന്നീട് ആ കുടിലിൽ  നടന്നത് എനിക്കല്ലേ അറിയൂ...
കലങ്ങിയ കണ്ണുമായി  കോത നാണുവിന്റെ അടുത്ത് പോയി. കണ്ണ് തുടച്ചു സങ്കടം പുറത്ത് കാണിക്കാതെ  ചിരിച്ചു കൊണ്ട്  നാണു കഴിക്കാൻ വിളിച്ചു. മൺകുടുക്കയിൽ നിന്നും കഞ്ഞി മുക്കി ഒരു ചീന മുളകും  കൊടുത്തു നാണു പറഞ്ഞു. "ഇത് കഴിക്കിം ഇന്ന് കൂടെ അല്ലേ ഒള്ളൂ. നാളെ മുതൽ പട്ടണത്തിൽ  ഒരു കെട്ടിടത്തിൽ  നമ്മടെ സമപ്രായക്കാരുടെ ഒപ്പം ഇരുന്ന് കഴിക്കേണ്ടിവരും.  അപ്പോ എനിക്ക് ഇങ്ങനെ നോക്കിയിരിക്കാൻ പറ്റുമോ...നാണു സങ്കടം മറച്ചു വെച്ച് കൊണ്ട് പല്ല് കൊഴിഞ്ഞ മോണ കാട്ടി ചിരിച്ചു.

കോതയുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ കഞ്ഞിയിലേക്ക് ഇറ്റി. " ഇങ്ങൾ എന്ത് പണിയാ കാണിച്ചത് ഉപ്പില്ലേൽ പറഞ്ഞാൽ പോരെ..."
വയസ്സാൻ കാലത്ത് സങ്കടത്തിൽ തമാശ പറഞ്ഞ് സ്വയം തന്റെ മനോധൈര്യം  കാണിക്കുന്ന  ആ മുത്തശ്ശി എന്നെ മറ്റൊരു ചോദ്യത്തിൽ കരയിപ്പിച്ചു കളഞ്ഞു...
"നമുക്ക്  ഒരു മകൻ ഉണ്ടായിരുന്നെങ്കിൽ😢"

തന്നെ കൂടെ കൂട്ടിയതിൽ പിന്നെ തന്റെ എല്ലാ ചോദ്യങ്ങൾക്കും മൂപ്പര് മറുപടി തന്നിട്ടുണ്ട്. പക്ഷേ ഈ ചോദ്യത്തിന് മാത്രം ഒരു മറുപടി യും തന്നില്ല എന്ന പരിഭവം അവരുടെ മുഖത്തുണ്ടായിരുന്നു.

കോത തന്റെ കുടിലിൽ നിന്നും പുറത്തിറങ്ങി ഞാൻ അന്തിയുറങ്ങുന്ന ഈ മരത്തിന്റെ  ചുവട്ടിൽ വന്ന് കിടന്നു. നല്ല നിലാവുള്ള രാത്രിയാണ്. വർദ്ധക്യത്തിന്റെ മഞ്ഞനിറം മൂടിക്കെട്ടിയ ആ കണ്ണുകൾ കൊണ്ട് നക്ഷത്രങ്ങളെ നോക്കി കിടന്നു. ആ രാത്രി തന്റെ മുമ്പോട്ടുള്ള ജീവിതത്തിന്റെ കഥയുടെ എഴുത്തു കൂടെ അദ്ദേഹത്തിന്റെ മനസ്സിൽ നടക്കുന്നുണ്ടായിരുന്നു.

സൂര്യൻ കുന്നിന്റെ മണ്ടയിൽ നിന്ന് സർവ ചാരചരങ്ങൾക്കും ശുഭദിനം ഓതി. കോത മരച്ചുവട്ടിൽ നിന്നു എണീറ്റ് തന്റെ കുടിലിലേക്ക് പോയി. തന്റെ  പെമ്പറന്നോത്തി ഇത്ര നേരായിട്ടും  എണീറ്റിട്ടില്ല എന്ന് ആ പരിസരം കണ്ടപ്പോൾ അദ്ദേഹത്തിന്  മനസ്സിലായി. ഞാനും മരത്തിൽ നിന്നിറങ്ങി. പതിവായി എനിക്ക് കിട്ടാറുള്ള പാലും പഴത്തിനും വേണ്ടി കുടിലിലെത്തി ." ആടുകളെ കറന്നിട്ടില്ല...അടുപ്പ് പുകഞ്ഞിട്ടില്ല... നാണു മുത്തശ്ശി ഉണർന്നിട്ടുമില്ല..."
കോത അടുത്തു ചെന്നിരുന്ന് വിളിച്ചു. നല്ല ഉറക്കത്തിലാണെന്ന് ഞാൻ മനസ്സിൽ പറഞ്ഞു. പിന്നെ കോത കുലുക്കി വിളിച്ചു. ശരീരം മൊത്തമായി കുലുങ്ങുന്നു. കോതയുടെ കണ്ണുകൾ അരുവിപോൽ ഒഴുകുന്നത് എനിക്ക് ആ ഉറക്കത്തിന്റെ  പൊരുൾ മനസ്സിലാക്കി തന്നു. ഉറങ്ങുക തന്നെയാണ്  പക്ഷേ മറ്റേതോ ലോകത്താണ് അവർ എഴുനേറ്റിരിക്കുന്നത് എന്ന്. മരണം ഇത്രയും ക്രൂരനാണോ  തന്റെ ഭർത്താവിന്  കൂട്ടായിരിക്കേണ്ട  സമയത്ത് തന്നെ  അവരെ  വിളിച്ചിറക്കി കൊണ്ടുപോയ മരണമല്ലേ ശരിക്കും പണിക്കരുടെ മകനേക്കാൾ ക്രൂരൻ എന്ന് ഞാൻ ചിന്തിച്ചു പോയി.
ഒരു പ്രാന്തനെ ഞാൻ കണ്ടിട്ടില്ലായിരുന്നു ഇന്ന് കണ്ടു. തന്റെ ആടുകളെ മുഴുവൻ കെട്ടഴിച്ചുവിട്ട്  അട്ടഹസിച്ചു ചിരിക്കുന്ന ഒരു മനുഷ്യൻ സ്വന്തം കൂരയ്ക്കകത്ത് ഒരു കുഴിവെട്ടി  നാണുവിനെ അടക്കം ചെയ്ത ശേഷം ചിരിച്ചു കൊണ്ട് പിച്ചും പിഴയും പറഞ്ഞു നടന്നു "മനുഷ്യൻ ന്തണത്രേ മനുഷ്യൻ... ദൈവം ആണത്രേ ദൈവം... ജനിച്ച അന്ന് മുതൽ നിലനിൽപ്പ് ഇല്ലാതെ ഓടിയോടി ജീവിച്ച ഞാനപ്പോ ആരാ?" 
മണ്ണെണ്ണ എടുത്ത്‌ തന്റെ കൂര കത്തിച്ചു. എന്നിട്ട് അതിനെ നോക്കി ചിരിക്കുന്നു. അയാളെ കണ്ടപ്പോൾ എനിക്ക്‌ പേടി തോന്നി. പെട്ടെന്ന് അയാൾ എന്നെ നോക്കി ഒന്നു ചിരിച്ചു. ആ ചിരിയുടെ  അർത്ഥം ആലോചിക്കും മുമ്പ്  അങ്ങേര് ആ കത്തി നിക്കുന്ന കൂരയിലേക്ക് ഓടി കയറി. ഇറച്ചി വെന്തുരുകുമ്പോൾ പോലും  അദ്ദേഹം ഭ്രാന്തനെ പോലെ ചിരിക്കുവായിരുന്നു. പ്രിയപ്പെട്ടവരുടെ മരണം  വേദനകൾ മറക്കാനും സ്വയം നശിപ്പിക്കാനും കഴിയുന്ന ഒന്നാണെന്ന് ഞാൻ വിശ്വസിച്ചു. അന്നേരം എനിക്ക്‌ എന്റെ മുത്തശ്ശിയെ ഓർമ്മ വന്നു. പിന്നെ കോതയുടെ ആ ചിരിയും...
ഭൂമിക്കും പണിക്കരുടെ സൽപുത്രനും ഭാരമാകാതെ അവർ മറ്റൊരു ലോകത്തേക്ക് യാത്ര പോയി.. അവർ ഇല്ലാത്ത ആ കുന്ന് അമ്മയില്ലാത്ത കിളിക്കൂട് പോലെ തോന്നിയപ്പോ ഞാനും അവിടം വിട്ടു. ഇടക്ക് അവിടെ ഒന്ന് ചെല്ലും. എല്ലാം ഒന്ന് ഓർമ്മിക്കും തിരിച്ചിങ്ങ് പോരും.
എന്റെ കണ്ണുകൾ നിറയുന്നുണ്ടോ....പക്ഷേ ഞാൻ ഇത് തുടക്കില്ലാ...

By
Sabith koppam

അഭിപ്രായങ്ങള്‍