എന്നും സുന്ദരിയായ ഒരു പെണ്കുട്ടി എന്റെ ഉദരത്തിൽ ഒരു കത്ത് കൊണ്ടു വന്നിടും. ഇൻസ്റ്റാഗ്രാമും വാട്സ്ആപ്പും ഫേസ്ബുക്കും ഇമെയിലുമെല്ലാം നിറഞ്ഞു നിൽക്കുന്ന ഈ കാലത്തും സ്ഥിരമായി കത്ത് പോസ്റ്റ് ചെയ്യുന്ന ഒരു പെണ്കുട്ടി , അവൾ എനിക്കൊരു അത്ഭുതമായിരുന്നു.
മുടി മെടഞ്ഞു തുളസിക്കതിർ ചൂടി എന്നും എനിക്ക് ദർശനം തരുന്ന ആ സുന്ദരി .... അവളുടെ വരവ് ദൂരെ നിന്ന് തന്നെ എനിക്ക് അറിയാമായിരുന്നു. അവളുടെ കാലിലെ കൊലുസ്സിന്റെ ശബ്ദത്തിന് എന്റെ കാതുകളെ സുഖിപ്പിക്കുന്ന സൗന്ദര്യമുണ്ടായിരുന്നു. എനിക്ക് താഴെ ഇട്ടിട്ടുള്ള കരിങ്കല്ലിൽ ചവിട്ടി കയറി എന്റെ ഉദരത്തിലേക്ക് കത്ത് ഇടുമ്പോൾ എന്റെ മനം നിറക്കുന്ന ഒരു സുഗന്ധം വീശാറുണ്ട്. കാച്ചിയ എണ്ണയുടെ ചൂരും കൂട്ടിക്കൂറ പൗഡറിന്റെ മടുപ്പിക്കാത്ത മണവും എന്റെ മൂക്കിലേക്ക് ഒരുമിച്ച് എത്തുമായിരുന്നു.
പുഞ്ചിരിച്ചു കൊണ്ട് അവൾ എന്നും ഇടുന്ന കത്തുകൾക്ക് കസ്തൂരിയുടെ മണം ഉണ്ടാകാറുണ്ടെന്ന് എന്റെ ഉദരത്തിലെ മറ്റു കത്തുകൾ അടക്കം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഒടുക്കം രണ്ടും കല്പിച്ച് ഞാൻ ആ കത്തിനോട് സംസാരിക്കാൻ തിരുമാനിച്ചു.
"സുന്ദരിക്കുട്ടിയുടെ മാറിൽ ഒളിച്ചു കടന്ന് എന്റെ ഉദരത്തിലേക്ക് രാപ്പർക്കാൻ വരുന്ന കസ്തൂരിയുടെ ഗന്ധം ഉള്ള പുരുഷകേസരി നിന്റെ യാത്ര എങ്ങോട്ടാണ് ?"
"കടലാസിന്റെ വാടനിറഞ്ഞ നിന്റെ ഉദരത്തിൽ ഞാൻ ഒരു അറബ് രാജ്യത്തെ രാജകുമാരൻ തന്നെയാണ് (ചിരിക്കുന്നു)...എന്റെ യാത്ര മറ്റെങ്ങോട്ടുമല്ല ,എന്റെ യാത്ര സ്വപ്നഭൂമിയിലേക്കാണ്."
ഞാൻ തുടർന്ന് ചോദിച്ചു. "നിനക്ക് അവിടെ എന്തു കാര്യം?"
"അവിടെ കണ്ണുകാണാത്ത ഒരു യുവ കോമളനുണ്ട്. പതിനാലാംരാവുപോൽ പുഞ്ചിരിക്കുന്ന ഒരു ഒരു യുവാവ്. അദ്ദേഹം എന്നെ സ്നേഹത്തോടെ എടുക്കും എന്നിട്ട് എന്നെ ഒന്ന് വാസനിക്കും. എന്നിട്ട് തന്റെ അനിയത്തിക്കുട്ടിയോട് അതൊന്ന് വായിച്ചു തരാൻ പറയും. അവൻ അതങ്ങനെ കേട്ടിരിക്കും. ചില സമയങ്ങളിൽ അവന്റെ കണ്ണുകൾ തിളങ്ങാറുണ്ട്...ചില സമയത്തവ കലങ്ങി മറിയാറുമുണ്ട്."
"എന്താണ് ആ കത്തുകളിൽ?" ഞാൻ ചോദിച്ചു.
"സുന്ദരമായ പ്രണയം...അക്ഷരങ്ങളിലൂടെ ഞാൻ നിന്നോട് എന്റെ പ്രണയം പറയാറുണ്ട്. ഇരുൾ നിറഞ്ഞ രാത്രികളിൽ സംസാരിക്കാറുമുണ്ട് സ്വപ്നലോകത്ത്. ഒരിക്കലും നിന്റെ കണ്ണുകൾക്ക് എന്നെ കാണാൻ കഴിയില്ല എന്ന പോലെ ഒരിക്കലും നിന്റെ കാതുകൾക്ക് എന്റെ ശബ്ദവും കേൾക്കാൻ കഴിയില്ല എന്നതാണ് എന്നെ വല്ലാതെ വിഷമിപ്പിക്കുന്നത്. ഞാൻ നിനക്ക് വേണ്ടി ഈ കായലോരത്ത് കാത്തിരിപ്പുണ്ട്." അവസാനമായി അവൾ കത്തിൽ കുത്തിക്കുറിച്ചത് ഇങ്ങനെയായിരുന്നു.
"അപ്പോൾ അവൾ ഊമയാണോ?"
"തീർച്ചയായും ഇവരുടെ പ്രണയം എന്നെ അസൂയപ്പെടുത്തിയത് ആ ഒരൊറ്റ കാരണം കൊണ്ടാണ്. സംസാരിക്കാത്ത അവളും കണ്ണുകാണാത്ത അവനും പ്രണയത്തിന്റെ തോണിയിൽ ഈ കായൽ കടക്കാറുണ്ട് അവിടെ അന്ധൻ എന്നോ ഊമയെന്നോ ആരും അവരെ വിശേഷിപ്പിക്കാറില്ല."
ഒരിക്കൽ അവന്റെ കുഞ്ഞനുജത്തി ചോദിച്ചു ''ഏട്ടാ ചേച്ചിയെ കാണാൻ കഴിയാത്തതിൽ വിഷമം ഉണ്ടോ?"
"ഇല്ല ! ഇരുട്ട് നിറഞ്ഞ ഈ ലോകത്ത് ഞാൻ അവൾക്ക് കുറച്ചു നിറങ്ങൾ നൽകിയിട്ടുണ്ട്. അതിലൂടെ എന്റെ കണ്ണുകൾക്ക് അവളെ കാണാനാണ് ഇഷ്ട്ടം. നിങ്ങളുടെ കണ്ണുകൾക്ക് ചിലപ്പോൾ അവൾ ഇരുനിറത്തിൽ ആയിരിക്കാം. ചിലപ്പോൾ കറുമ്പി ആയിരിക്കാം. അത് അല്ലേ നമ്മുടെ സൗന്ദര്യ ചിന്തകൾ. പക്ഷേ അതെല്ലാം നിങ്ങളുടെ കണ്ണുകൾക്ക്. എന്റെ കണ്ണുകൾക്ക് അവൾ സുന്ദരിയായി ഒഴുകുന്ന ഒരു നദിയാണ് "
പിറ്റേ ദിവസം പോസ്റ്റ് മാൻ വന്നു. ആ കത്തും കായൽ കടന്നു. കുറച്ചു നാൾ അവളോ കത്തുകളോ വന്നില്ല..പക്ഷേ അതിൽ പിന്നെ വൈകുന്നേരങ്ങളിൽ കാറ്റിൻ കസ്തൂരി
യൂടെ മണം ആയിരുന്നു. കായലിൽ എന്നും തിളങ്ങുന്ന കണ്ണുകൾ ഉള്ള മത്സ്യത്തെ കാണാമായിരുന്നു. കായലോരത്തെ ചീവിടുകൾ കായലിൻ ഈയിടെയായി ചേല് കൂടുന്നുണ്ട് എന്ന് നിലാവിനോട് പരാതി പറയുമായിരുന്നു.
കുറച്ചു നാളുകൾക്ക് ശേഷം ആരോ പറയുന്നത് കേട്ടു. "ഊമയായ ഒരു പെൺകുട്ടിയും അന്ധനായ ഒരു ചെറുപ്പക്കാരനും ഒരു തോണി തുഴഞ്ഞു കായൽ കടക്കുന്നതായി ഞാൻ കാണാറുണ്ടെന്ന്..."
By
Sabith koppam
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ