പ്രളയം....


മുമ്പൊക്കെ മഴ പെയ്യുന്നത് കണ്ടിരിക്കാൻ എന്തു രസമായിരുന്നെന്നോ... ഇപ്പോ   മഴ ഒന്ന് കനത്തു പെയ്താൽ ഉള്ളിലൊരു ആധിയാണ്... വല്ലാത്ത ഭയമാണ്... ഭീതി നിറഞ്ഞ നാളുകളുടെ ഓർമപ്പെടുത്തൽ കൂടിയാണത്.


മഴയെ പറ്റി പറഞ്ഞപ്പോൾ  ഒരു സുഹൃത്ത് പറഞ്ഞതാണിത്. അവരുടെ വീടിന്റെ അടുത്ത് പുഴ ഉള്ളത് കൊണ്ട് തന്നെ കഴിഞ്ഞ രണ്ട് വർഷമായി അവർക്ക് മഴ കയ്പ് നിറഞ്ഞ ഒന്നാണ്. നിറഞ്ഞു കവിഞ്ഞു ഒഴുകുന്ന പുഴ  അതിർവരമ്പുകൾ എല്ലാം മറന്നു കൊണ്ട് ഒരു വരവുണ്ട് എല്ലാം വിഴുങ്ങാനെന്ന പോലെ... പ്രളയ കാലത്തെ പറ്റി അവൻ പറയുന്ന വാക്കുകളാണ് . ഒരു ദിവസം  കിടന്നുറങ്ങുമ്പോൾ പുറത്ത് നല്ല മഴ. പുതച്ചു മൂടി കിടന്നു. നല്ല തണുപ്പ്‌...കാൽ കോച്ചുന്ന തണുപ്പ്. കുളം നിറഞ്ഞൊഴുകിയപ്പോൾ കൂട്ടുകാരോടൊത്ത് നീന്തുന്ന മനോഹരമായ സ്വപ്‍നം. നല്ല കുളിരുള്ള കാറ്റ്. പെട്ടെന്നായിരുന്നു കരച്ചിൽ കേട്ട് ഞെട്ടിയുണർന്നത്‌. എണീറ്റ് കാൽ നിലത്ത് വെച്ചപ്പോൾ റൂമിൽ ഞെരിയാണിക്ക് മുകളിൽ വെള്ളം...തൊട്ടിലിൽ കിടക്കുന്ന കുട്ടിയെ വെള്ളം തൊട്ടു തൊട്ടില്ല എന്ന മട്ടിൽ...
ഒരു കൈ വെള്ളത്തിൽ കിടന്ന് മരവിച്ച കയ്യുമായി വയസ്സായ ഒരു അമ്മൂമ്മ. പിന്നെ ദുരിതാശ്വാസ ക്യാമ്പിലെ  അന്തിയുറങ്ങലുകൾ... കഷ്ടപ്പെട്ടു കുത്തി പൊന്തിച്ച കൂര തിരിച്ചു ചെല്ലുമ്പോൾ അവിടെ തന്നെ കാണുമോ എന്ന അങ്കലാപ്പ്... അന്നൊക്കെ അമ്മ തിരിഞ്ഞും മറിഞ്ഞും കിടക്കും ഒന്ന് ഉറക്കം കിട്ടാൻ. കണ്ണടച്ചാൽ ചീവീടിന്റെയും തവളകളുടെയും കരച്ചിൽ... വെള്ളം ഒറ്റി ഒറ്റി വീഴുന്ന ശബ്ദം...പിന്നെ ആരുടെയോ നിലവിളിക്കുന്ന ശബ്ദം...പിന്നെയെങ്ങനെ ഉറക്കം കിട്ടും.

മഴ പെയ്യട്ടെ, ദൈവത്തിനോട് പ്രാർത്ഥിക്കണമോ എന്ന് അറിയില്ല കാരണം കിടപ്പാടം നഷ്ട്ടപെട്ടതിൽ മൂപ്പിലാനോട് കലശലായ ദേഷ്യം ഉണ്ട്. പക്ഷേ ഒരു അടി കൂടെ വെള്ളം ഉയർന്നിരുന്നെങ്കിൽ  തൊട്ടിലിലെ കുഞ്ഞിന്റെ അവസ്ഥ അതലോചിക്കുമ്പോൾ ഭക്തിയും തോന്നുന്നുണ്ട്.

മഴ പെയ്യട്ടെ, അവൻ കരയട്ടെ, കരഞ്ഞു കരഞ്ഞു കണ്ണ് ചുമക്കുമ്പോൾ ഭൂമിയെ നോക്കട്ടെ, വെള്ളം കുടിച്ച് കുടിച്ച് വയർ വീർത്ത ഭൂമിയെ കണ്ടാൽ പിന്നെ ശാന്തനായിക്കോളും....
മഴ ഒരു അനുഗ്രഹമാണ്...  എല്ലാ അർത്ഥത്തിലും ഇടക്ക് ഇച്ചിരി ദേഷ്യം കൂടുതൽ ഉണ്ടന്നേ ഉള്ളൂ.

By sabith koppam

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ