അന്ധവിശ്വാസം
"ഭൂമിയിലെ മനുഷ്യന്മാരെയെല്ലാം കണ്ണുകൊണ്ട് പോലും കാണാൻ പറ്റാത്ത ഒരു കീടം എടുത്തിട്ട് അലക്കി പോലും.. കുറെ കാലമായി അന്തരീക്ഷത്തിലെ മുഴുവൻ പൊടിപടലങ്ങളും മുക്കീലൂടെയും വായിലൂടെയും വലിച്ച് കയറ്റിയിരുന്ന പതിവ് ശീലമാണ് ഒരു പരിധിവരെ അവർക്ക് മാറ്റേണ്ടി വന്നത്. മാസ്‌ക്ക് ഉള്ളത് കൊണ്ട് നേരിട്ടുള്ള തീറ്റ നിന്നുവെന്ന് സാരം. " ഒരു ചാനൽ ചർച്ചയിൽ എനിക്ക് മുൻപരിചയം ഒന്നും ഇല്ലാത്ത ഏതോ ഒരു ചങ്ങായി വളരെ ലാഘവത്തോട് കൂടി മനുഷ്യന്റെ ദിനചര്യകൾ മാറിയത് പറയുമ്പോഴാണ് നമുക്കിടയിൽ വന്ന മാറ്റങ്ങളെ പറ്റി ഞാൻ ചിന്തിക്കുന്നത്. എത്ര ശരിയാണ് മാസങ്ങളോളം ആയി നമ്മൾ ഒന്ന് നേരേ ശ്വാസം എടുത്തിട്ട്...പഴയ പോലെ ഒന്ന് പുറത്തിറങ്ങിയിട്ട്...ഒരു നേരം കുളിയും കഴിക്കുമ്പോൾ മാത്രം കൈ കഴുകിയും നടന്നിരുന്ന നമ്മളെ കേവലം ഒരു വൈറസ് ശുചിത്വബോധമുള്ളവരാക്കി മാറ്റി അല്ലേ...
ജോലിയില്ലാത്ത നാളുകൾ... ഭയവും പട്ടിണിയും മുന്നിൽ കണ്ട് സർവം മൂടിക്കെട്ടി ജോലിക്ക് പോകുന്ന എല്ലാവർക്കും അന്ധമായ വിശ്വാസങ്ങൾ ആയുരുന്നു. എന്നും എപ്പോഴും എല്ലായിപ്പോഴും ഈ ഭൂമി ഇങ്ങനെ കാണുമെന്ന്... ആ വലിയ അന്ധവിശ്വാസമാണ് തകർക്കപ്പെട്ടത്... മുമ്പ് ഒരുപാട് തവണ വിശ്വാസങ്ങൾ തകർക്കപ്പെട്ടിട്ടുണ്ടെങ്കിലും മനുഷ്യനല്ലേ ലാഭം മാത്രമേ ഓർത്തുവെക്കൂ... നഷ്ടവും തിരിച്ചറിവുകളും മറന്നാണ് ശീലം.
ദൈവങ്ങൾ പോലും കൈയൊഴിഞ്ഞിട്ടും വീട്ടിലെ പെണ്ണുങ്ങൾക്ക് ഇപ്പോഴും ഭയങ്കര വിശ്വാസമാണ് അന്ധമായ വിശ്വാസം എല്ലാം പഴയ പോലെ ആകുമെന്ന വിശ്വാസം. പുണ്യതീർത്ഥങ്ങളും ഗ്രന്ഥങ്ങളും എടുത്ത് അവർ പ്രാർത്ഥിച്ചു കൊണ്ടേ ഇരിക്കുകയാണ്... ഒരു നാൾ ജനിക്കും ഒരു നാൾ മരിക്കുമെന്നും അറിഞ്ഞിട്ടു കൂടി അവർ മരണത്തെ തോൽപ്പിക്കാൻ ഉള്ള കൊടും പ്രാർത്ഥനയിലാണ്.
ഇടയ്ക്കൊക്കെ എനിക്കും തോന്നാറുണ്ട് എല്ലാം പഴയ പോലെ ആകുമെന്ന്. ഉറങ്ങാൻ നേരം കണ്ണൊന്ന് അടച്ചു പിടിക്കുമ്പോൾ എല്ലാം പഴയ പോലെ കാണാറുണ്ട്. വാ മൂടിക്കെട്ടാത്ത... സാനിറ്റൈസറിന്റെ വൃത്തികെട്ട മണം ഇല്ലാത്ത ആ ഇന്നലെകൾ. എല്ലാം ഒന്ന് ഉറങ്ങി നീക്കുമ്പോൾ പഴയ പോലെ ആകുമെന്ന എന്റെ വിശ്വാസം...ഒരു കോവിഡ് രോഗിപോലും അവശേഷിക്കുന്നില്ല എന്ന വാർത്തകൾ കാതുകളിൽ മുഴങ്ങുന്ന നാളുകൾ...പലരും എന്റെ അന്ധമായ വിശ്വാസമാണ് എന്ന് പറഞ്ഞു അതേ ന്റെ മാത്രം അന്ധവിശ്വാസം...!
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ