അക്ഷരത്തെറ്റ്....

 

അതിരാവിലെ സൂര്യൻ ഉറക്കത്തിൽ നിന്നും എണീക്കുന്നേയുള്ളൂ. പിണങ്ങിയിരിക്കുന്ന  എന്റെ അക്ഷരങ്ങളെ  ഒന്ന് ഇണക്കുവാനും ഒരു കഥയുടെ റൂഹ് അക്ഷരങ്ങളിലേക്കിട്ടു കൊടുക്കാനും വേണ്ടി ഞാൻ അതിരാവിലെ തന്നെ എണീറ്റു.

കൊച്ചു വെളുപ്പാൻ കാലത്ത്  ടെറസ്സിൽ നിന്ന് നോക്കിയാൽ കാണാം  ഒന്ന് നടന്നാൽ തീരാവുന്ന പ്രശ്നങ്ങൾ ഉള്ളവർ കൈവീശി വീശി നടക്കുന്നത്‌. എന്റെ പ്രശ്നമാകട്ടെ എന്റെ  അക്ഷരങ്ങൾ തന്നെയായിരുന്നു. ഉമ്മച്ചി ഉണ്ടാക്കിത്തരുന്ന കട്ടന്റെ ചൂടിൽ നല്ല തണുത്ത കുളിരുള്ള അക്ഷരങ്ങൾ കടലാസു കഷ്ണത്തിലിട്ട് ഞാൻ ചൂട് പിടിപ്പിക്കുമായിരുന്നു.

പക്ഷേ ഇടയ്ക്കെപ്പോഴോ അക്ഷരങ്ങൾ വെറും   കരിക്കട്ടയായി തുടങ്ങി.


എന്തായിരിക്കും പ്രശ്നം, ഒറ്റപ്പെടലുകളിൽ  മുങ്ങിത്താഴ്ന്നപ്പോഴായിരുന്നു അക്ഷരങ്ങൾ ചലിച്ചു തുടങ്ങിയത്. അത്രമേൽ ഇഷ്ട്ടപ്പെട്ട എന്തോ ഒന്ന് നഷ്ടപ്പെട്ടപ്പോൾ അതിന് ചൂട് കൂടിത്തുടങ്ങി. പിന്നെ എപ്പോഴോ സ്വപ്നങ്ങൾ നെയ്തു കൂടെ കൂടിയ ഒരു ചിത്രശലഭം അത് ഒന്ന് കൂടെ ചൂട് കൂട്ടി.

ഒറ്റപ്പെടുന്നു എന്ന് തോന്നുമ്പോൾ  അതിന്റെ ചിറകിലേറി പൂക്കളായ പൂക്കളിൽ നിന്നെല്ലാം തേൻ നുകർന്നു. അങ്ങനെ എന്റെ പൂപോലെ മൃദുലമായ ഹൃദയം തരളിതമായിത്തീർന്നു.


     ഇടയ്ക്ക് വെച്ച് ജീവിതത്തെ പറ്റി ആഞ്ഞു ചിന്തിച്ചപ്പോളാണ് അക്ഷരങ്ങൾ എല്ലാം ചിതറി ഓടിയത്. പ്രണയത്തെപ്പറ്റി മാത്രം എഴുതുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോളാണ് എവിടെയോ എഴുത്തിന്റെ താളം മാറിയതു പോലെ തോന്നിയത്. അപ്രതീക്ഷിതമായി വന്ന ചില അർഹതയില്ലാത്ത സ്ഥാനമാനങ്ങൾ മൂലം  എഴുതുന്ന വാക്കുകളിൽ താളപ്പിഴകൾ കാണാൻ തുടങ്ങി. എഴുത്തുകൾ പലതും ഞാൻ വെട്ടി കുറച്ചു.

ജോലിഭാരം, സമായമില്ലായ്മ, മാനസിക പിരിമുറുക്കം എന്നിവ എഴുത്തുകളെ പൂർണ്ണമായും കൊല്ലാനുള്ള രൂപത്തിലേക്ക്  എന്നെ കൊണ്ടെത്തിച്ചു.

അതെ അതാണ് പ്രശ്നം...

 

    കണ്ണടച്ചുപിടിച്ചു ചുറ്റും ഇരുട്ടാണ്. പതിയെ മനസ്സിൽ കഥകൾ ആലോചിച്ചു മനസ്സ് ശാന്തമാക്കി. ഇരുൾ നിറഞ്ഞ അവിടെ കുറച്ചു പ്രകാശം ഞാൻ കണ്ടു. അതിലേയ്ക്കൊന്ന്  നോക്കിയപ്പോൾ ഉള്ളിൽ ഒരു കഥ രൂപപ്പെടുന്നതായി  എനിക്ക് കാണാമായിരുന്നു. അക്ഷരങ്ങളെ ചേർത്ത് വെക്കാൻ ഞാൻ ശ്രമിച്ചു പറ്റുന്നില്ല. കണ്ണ് പതിയെ തുറന്ന് സ്വയം ഒന്ന് കുറ്റപ്പെടുത്തി. ഞാൻ ഒന്നുമല്ല എന്ന തരത്തിൽ ഞാൻ എന്നെ കളിയാക്കി. എന്നിട്ട് വീണ്ടും കണ്ണടച്ചു പിടിച്ചു കഥയെ ഉൾകൊള്ളാൻ ശ്രമിച്ചു. അതും പരാജയപ്പെട്ടു.

പിന്നെ ഞാൻ എന്നെ ഒരൽപ്പം പൊക്കിയടിച്ചു. അത് കൊണ്ടും ഒന്നും സംഭവിച്ചില്ല. ഒടുക്കം പേനയും പേപ്പറും ഒരു മൂലയിലേക്കിട്ട് കിടന്ന് ഉറങ്ങി. ഉറക്കത്തിൽ മുഴുവൻ മനസ്സിൽ നിന്നും പുറത്ത് ചാടാൻ ശ്രമിച്ച ആ കഥ മാത്രമായിരുന്നു. ഞാൻ പെട്ടെന്ന് ഞെട്ടിയെണീറ്റ് മൂലയിലേക്കിട്ട പേപ്പറും പേനയും തിരികെ എടുത്ത് ഒന്ന് കൂടെ ശ്രമിച്ചു. തെറ്റി പിണങ്ങി പോയ അക്ഷരങ്ങൾ  എല്ലാം കടലാസുകഷ്ണത്തിലേക്ക് പെറ്റിടാൻ തുടങ്ങി. അങ്ങനെ പുതിയ ഒരു ജീവൻ തുളുമ്പുന്ന ഒരു കഥയായി. ഫോൺ എടുത്ത് ഏറ്റവും പ്രിയപ്പെട്ടവൾക്ക് വിളിച്ചു. ഒരു കുഞ്ഞ് കഥ ജനിച്ചിട്ടുണ്ട് എന്ന് പറഞ്ഞു. എല്ലാവരും ആ പുതിയ അതിഥിയെ കാണാൻ വെമ്പൽ കൂട്ടി. ഉമ്മ വന്ന് ഒന്ന് സൂക്ഷിച്ചു നോക്കി ഇതിൽ മുഴുവൻ നീയാണല്ലോ. നീ എഴുതി ഉണ്ടാക്കിയ നിന്റെ കുട്ടി അല്ലേ നിന്നെ പോലെയല്ലേ ഉണ്ടാകൂ എന്ന് ഉപ്പയും പറഞ്ഞു. എല്ലാർക്കും സന്തോഷമായി. ഇനി വേണ്ടത് ഒരു പേരാണ്. പിണങ്ങി പോയ അക്ഷരങ്ങൾ ആയത് കൊണ്ട്  എന്നോട് തെറ്റിയ അക്ഷരങ്ങളെ ഞാൻ അക്ഷരത്തെറ്റ് എന്നു വിളിച്ചു. കുടുംബക്കാരും കൂട്ടുകാരും വേണ്ടപ്പെട്ടവരും ചേർന്ന് ലൈക്ക്സും കമന്റ്സും ചാർത്തി. അമ്മായിമാർ കുഞ്ഞിന് ചാർത്തിയ കമന്റാഭരണങ്ങളുടെ മഹിമ പറഞ്ഞു രസിച്ചു.

പക്ഷേ എല്ലാർക്കും വിഷമം ഒന്ന് മാത്രമായിരുന്നു. കുഞ്ഞിനെ പേരും തറവാടിത്തവുമുള്ള ഒരു പത്രത്തിലേക്ക് കെട്ടിച്ചു വീടാൻ പറ്റാത്തത്. അവര് മനസ്സിൽ കണ്ടിരുന്നുവത്രെ സാബിത്ത് കൊപ്പം എന്ന പിതൃനാമത്തിൽ അക്ഷരത്തെറ്റ് എന്ന എന്റെ കുഞ്ഞിനെ. എന്റെ കഥയെ  പേരുകേട്ട ഒരു തറവാടിന്റെ മേന്മയിൽ കേരളത്തിലെ നല്ലവരായ വായനക്കാർക്ക് കെട്ടിച്ചു കൊടുക്കുന്നത്...

പക്ഷേ അവർക്ക് ഒരു കാര്യം ഉറപ്പായിരുന്നു എന്നെങ്കിലും എന്റെ ഏതെങ്കിലും ഒരു കുഞ്ഞിനെ തേടി ഒരു തറവാടി പത്രാധിപൻ പെണ്ണ് ചോദിച്ചു വരുമെന്ന് .ഇഷ്ട്ടപ്പെട്ടാൽ കെട്ടികൊണ്ടുപോകാൻ വായനക്കാരും...

By

Sabith koppam

അഭിപ്രായങ്ങള്‍

  1. ഈ അക്ഷരക്കൂട്ടുകൾ ഒരു പുസ്തകമായി കാണാൻ അക്ഷമനായി കാത്തിരിക്കുന്ന ഒരു കൂട്ടുകാരൻ, ആ മുഹൂർത്തത്തിനായി കാത്തിരിക്കുന്നു ✌️✌️✌️🥰

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ