യാത്രകളിലെന്നും എന്നിലെ ഞാനറിയാത്ത മുഖങ്ങൾ പുറന്തള്ളി വരാറുണ്ട്. എനിക്ക് തീർത്തും അപരിചിതമായ ഒരു മുഖം;
ലോക്ക്ഡൗണിനു മുമ്പേ പരിചയപ്പെട്ട ഒരു കൂട്ടുണ്ട്. തല്ലിപ്പൊളിയാണേലും നമ്മളുടെ ഉള്ളിന്റെ ഉള്ളിലെ കൊച്ചു കൊച്ചു നോവുകൾ വരെ കണ്ടെത്തി പരിഹാരം കാണുന്ന ഒരു ഒന്നൊന്നര സൈക്കോ..😂
യാത്രകളെ ഏറെ സ്നേഹിക്കുന്ന ഞങ്ങൾ രണ്ടു പേരും ഈ കൊറോണ കാലത്ത് നടക്കാത്ത യത്രകളെ പറ്റി പറഞ്ഞു കൊണ്ടേയിരുന്നു... മഴ പെയ്യുന്ന രാത്രികളിൽ ബൈക്കിൽ ഞങ്ങൾ യാത്ര പോകുന്ന രീതിയിൽ കഥ മെനഞ്ഞു...നീ എവിടെയെത്തി... ഞാൻ വീടിന് പുറത്തുണ്ട്...എങ്കിൽ ഞാൻ ഇതാ എത്തി എന്നും പറഞ്ഞു ഇൻസ്റ്റാഗ്രാമിന്റെ ഇൻബോക്സിലൂടെ ഞങ്ങൾ യാത്ര പോയി... മല മുകളിലെ ഒരു തട്ടുകടയിൽ നിന്നും ഞങ്ങൾ ഓംലെറ്റും ചായയും കുടിച്ചു. ശരിക്കും വെർച്വൽയാത്ര ആണെങ്കിലും ന്റെ വീട്ടിലും ഓൾടെ വീട്ടിലും ഇരുന്ന് ഞങ്ങൾ അതിന്റെ രൂചി അറിഞ്ഞു എന്നതാണ് സത്യം. ഓരോ രാത്രികളിലും ഞങ്ങൾ ഞങ്ങളുടെ സ്വപ്നസ്ഥലങ്ങളിലൂടെ യാത്ര പോയിക്കൊണ്ടേയിരുന്നു. ഹിമാലയം ലടാക്ക് എന്നൊക്കെ പറഞ്ഞ് ഞങ്ങൾ അക്ഷരങ്ങളിലൂടെ യാത്രക്ക് ഇറങ്ങും. രാത്രി വൈകി വരുന്ന മെസ്സേജുകളിൽ അവൾ പോകേണ്ട സ്ഥലം കുറിച്ചിടും. പിന്നെ വണ്ടിയിൽ കയറലും എണ്ണ അടിക്കലും എല്ലാം മനസ്സുകൊണ്ട് അക്ഷരങ്ങൾ ഉപയോഗിച്ചു ഞങ്ങൾ തീർത്ത മായലോകത്താണ്. അങ്ങനെ യാത്രയിൽ ജനിച്ച ഒരു ഗ്രാമം ആണ് ഇൻസ്റ്റഗ്രാമം. പതിവ് പോലെ ഞങ്ങൾ ഒരുമിച്ച് ആ ഗ്രാമം തുന്നിച്ചേർക്കാൻ തുടങ്ങി.
അവൾ : ടാ നീ ശ്രദ്ധിച്ചോ ഈ ഗ്രാമത്തിന്റെ പേര് "ഇൻസ്റ്റാഗ്രാമം"
ഞാൻ : ശരിയാണെല്ലോ. ദേ നോക്ക്...വലത് വശത്ത് താമസിക്കുന്നവർ എല്ലാം പിന്തുടർന്ന കുടുംബക്കാരാണ്. ഇടത് വശത്ത് താമസിക്കുന്നവർ എല്ലാം പിന്തുടരുന്ന കുടുംബക്കാരാണ്.
അവൾ : (ഉള്ളിൽ ചിരിയടക്കി) അപ്പോ ആ നിറമങ്ങിയ വീടുകൾ എല്ലാം ?
ഞാൻ : ചിലപ്പോൾ തടഞ്ഞുവെച്ചവരാകും.
അവൾ : നമുക്ക് ഈ ഗ്രാമത്തിൽ ഒരു ചിത്രം പകർത്താം എന്നിട്ട് അതിന്റെ ഇഷ്ടക്കാരോട് കൂട്ട് കൂടം.
ഞാൻ : നമുക്ക് ഈ ഗ്രാമത്തിൽ ഒരു വീട് വെക്കാം ,നമ്മുടെ വീടിന് എന്ത് പേരിടും....?
അവൾ : കഥ വീട് (the story home)😊
അങ്ങനെ ഞങ്ങൾ മെനഞ്ഞു ഉണ്ടാക്കിയ ഗ്രാമത്തിൽ നിന്നും ഞങ്ങടെ കൂരയിൽ എത്തിയപ്പോൾക്കും ഞങ്ങൾക്ക് ആയിരത്തോളം കുടുംബങ്ങൾ ഉണ്ടായി.
ഇന്ന് ഞങ്ങൾ അക്ഷരങ്ങളുടെ മായലോകത്തിൽ നിന്നും യഥാർഥ യാത്രയും പ്രതീക്ഷിച്ചുള്ള ഒരു കിനാവ് തുന്നിച്ചേർക്കുന്ന തിരക്കിലാണ്..
By
Sabith koppam
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ