കള്ളൻ...


 നഗരത്തിലെ ഒരു പണി തീരാത്ത കെട്ടിടം... സമയം പത്ത് പതിനൊന്നായി കാണും ഒരു ഓട്ടോറിക്ഷ കെട്ടിടത്തിനെ മുന്നിൽവന്നു നിന്നു.  അതിൽ നിന്ന് ഒരു ചെറുപ്പക്കാരൻ പുറത്തിറങ്ങി.


പൊടിമീശ,  പിടിവലിയിലോ മറ്റോ ആയിരിക്കണം ബട്ടൻസ്‌ ഒക്കെ പൊട്ടിയ ഷർട്ട്. കണ്ണുകളിൽ വല്ലാത്ത ക്ഷീണം. കാണുമ്പോൾ ആഴ്ചയോളം ഉറക്കം നഷ്ടപ്പെട്ടൊരാളെ പോലെയുണ്ട്.

പണം കൊടുത്ത ശേഷം  അദ്ദേഹം കെട്ടിടത്തിന്റെ അകത്തേക്ക് കയറി. ഏറ്റവും മുകളിലത്തെ നില ലക്ഷ്യമാക്കിയണ് വരുന്നത് എന്ന് തോനുന്നു. മൂന്നും നാലും നിലകൾ കയറിയിട്ടും ചെക്കൻ കയറി പോയിക്കൊണ്ടേയിരിക്കാണ്. വല്ലാണ്ട് പരിഭ്രാന്തനാണ്.

ഏറ്റവും  മുകളിലത്തെ നിലയിൽ എത്തി, പാരപ്പറ്റിന്റെ മുകളിൽ കയറി നിന്ന ശേഷം  കണ്ണടച്ചു കൊണ്ട് ഒരുപാട് തവണ  ശ്വാസം എടുത്തുകൊണ്ടേയിരുന്നു. താഴേക്ക് ചാടാൻ

മനസ്സ് അനുവാദം കൊടുക്കുന്നതിന് മുമ്പേ


" അല്ല ഇങ്ങൾ ഇപ്പോൾ ചാടിയാൽ ഞാൻ ദൃക്‌സാക്ഷിയാകും  അത് വേണ്ട ,ഞാൻ ചാടിയിട്ടു ചാടിയാൽ  പോരെ..."



പെട്ടന്ന് എന്റെ ശബ്ദം കേട്ടതും  പേടിച്ചു ചെക്കൻ താഴേക്കിറങ്ങി നിന്നു

" നിങ്ങൾ ആരാ?

ഇവിടുന്ന് പോ...എനിക്ക് മടുത്തു...പോ.."


എന്റെ കണ്ണുകളിലേക്ക് നോക്കി എന്റെ മറുപടിക്കായി അദ്ദേഹം കാത്ത് നിന്നു.


"ഞാൻ പോകാം പക്ഷേ ഞാൻ ആദ്യം മരിക്കും

പറ്റുമോ.. ഇല്ലേൽ നിങ്ങൾ  എനിക്ക് ഒരു തലവേദനയാകും "

സൂര്യൻ ചൂട് പിടിച്ചു വരുന്നുണ്ട് അത്രയും ഉയരം അതിന്റെ ചൂട് കൂട്ടുന്നുണ്ടായിരുന്നു. അയാൾ നന്നായി വിയർക്കുന്നുണ്ട്.

ഞാൻ ചോദിച്ചു " ഏതായാലും നീ മരിക്കാൻ തീരുമാനിച്ച സ്ഥിതിക്ക് നിന്നെ അലട്ടുന്ന പ്രശ്നം എന്താണെന്ന് ഒന്ന് പറ. പണമാണോ, കടം കയറി മുങ്ങിയ കപ്പലാണോ...?ഏയ് ഇത്ര ചെറുപ്പത്തിൽ സാധ്യത ഇല്ല. അപ്പോ പിന്നെ പ്രണയ നൈരാശയാകും...ലേ? " 


"അതൊന്നുമല്ല"

"എന്റെ ചോദ്യം എല്ലാ സിനിമകളിലെയും  ആത്മഹത്യ സീനിലെ സ്ഥിരം ക്ളീഷേ ചോദ്യമാണെങ്കിലും നീ പറ എന്താണ് നിന്റെ പ്രശ്നം. മരിച്ചു കഴിഞ്ഞാൽ  ഒരാളോടെങ്കിലും തന്റെ പ്രശ്നം പറഞ്ഞിട്ടാണ് താൻ മരിച്ചത്  എന്ന്  പറഞ്ഞു സമാധാനിക്കാലോ.. ഏത്...


ഒരു വട്ടനെ പോലെ ഒരുകൂസലും ഇല്ലാതെ ചിരിച്ചു കൊണ്ട് പറയുന്ന എന്നെ നോക്കി ആ ചെറുപ്പക്കാരൻ പറഞ്ഞു.


"അമ്മയുടെ സ്നേഹം"

കലങ്ങിയ കണ്ണുകളിലെ  ഉപ്പ് രുചിയുടെ നീര്  ഒരുപക്ഷേ അവന്റെ കണ്ണുകൾക്ക് മധുരമാണെന്ന് തോന്നി. അല്ലേൽ പിന്നെ....

അമ്മയോടുള്ള സ്നേഹം കൊണ്ടൊക്കെ ഒരുത്തൻ ഹാ ഓരോ പടപ്പുകൾ.


"സത്യമായിട്ടും അമ്മയാണ് ഞാൻ ഈ നിൽക്കുന്നതിന് കാരണം. അവരുടെ സ്നേഹം അവരോട് എനിക്കുള്ള സ്നേഹം. നിങ്ങൾക്ക് അറിയോ ഞാൻ  ഒരു കള്ളനാണ്. വെറും കള്ളനല്ല. ആ പേര് ചാർത്തപ്പെട്ട ശേഷം  വെറുതെ വിട്ട കള്ളൻ .

ഒരു ദിവസം രാത്രി പന്ത്രണ്ടുമണിയായി കാണും സിനിമയും കണ്ട് വീട്ടിലേക്ക് വരുകയായിരുന്നു. 'അമ്മ മരിച്ചതിൽ പിന്നെ ഇങ്ങനെയാണ് വൈകിയേ വീട്ടിലേക്ക് വരൂ. നേരത്തെയൊക്കെ വന്നിട്ടിപ്പോ എന്തിനാ. അവിടെ ആരാ ഉള്ളത്. തീയേറ്ററിന്റെ മുന്നിലെ തട്ടുകടയിൽ നിന്നാണ് സ്ഥിരം രാത്രിയിലെ അത്താഴം.

അങ്ങനെ ഒരാഴ്ച മുമ്പ്  ഞാൻ എന്റെ വീട്ടിലേക്ക് പോകുവായിരുന്നു.  ഒരു ചെറിയ പഞ്ചായത്ത് റോഡ്‌ ആണ്. സ്ട്രീറ്റ് ലൈറ്റുകൾ മിക്കതും മിന്നാമിന്നി പോലെയാണ്. അങ്ങനെ കത്തുന്നത് തന്നെ വലിയ കാര്യമാണ്.

ഏതോ ഒരു വീട്ടിൽ കള്ളൻ കയറിയിരിക്കുന്നു. 

കുറച്ചു സ്വർണ്ണവും പണവും മോഷണം പോയിട്ടുണ്ട്. കള്ളൻ അവരുടെ കണ്ണ് വെട്ടിച്ചു

ഒടുകയായിരുന്നു. മൊബൈലിലെ വെട്ടം കൊണ്ട് കൂര തിരയുന്ന എന്നെ വന്ന് ആരോ ഇടിച്ചു. അത് ആ കള്ളനായിരുന്നു. ദൂരെ നിന്ന് ഒരു ജീപ്പ് വേഗത്തിൽ വരുന്നുണ്ട്. പെട്ടന്ന് ആ കള്ളൻ എണീറ്റ് ഓടി. അത് ഒരു പോലീസ് ജീപ്പായിരുന്നു .അവര് നോക്കുമ്പോൾ തൊണ്ടി മുതൽ കൊണ്ട്  ദാ കിടക്കുന്നു ഞാൻ നിലത്ത്.  അപ്പത്തന്നെ പിടിച്ചു അകത്തിട്ടു.. ഞാനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് കുറേ പറഞ്ഞു നോക്കി. പക്ഷേ അവർ അതൊന്നും ചെവി കൊണ്ടില്ല. അവർ എന്നെ  പത്രക്കാർക്ക് കാണിച്ചു കൊടുത്തു. എന്റെ ചിത്രങ്ങൾ എടുത്തു. പിറ്റേ ദിവസം ടിവിയിലും പത്രത്തിലും മുഴുവൻ ഞാനായിരുന്നു. എല്ലാവരും അത് ആഘോഷമാക്കി. അവർ എന്നെ കോടതിയിൽ ഹാജരാക്കി  റിമാൻഡ് ചെയ്തു. 

അഴിക്കുള്ളിൽ പെട്ട് എന്റെ ശ്വാസം നിലച്ച പോലെയായിരുന്നു. ഉറക്കം വരുന്നില്ല.കാവൽ നിൽക്കുന്ന പോലീസ് കാരനോട് പറഞ്ഞു 

"സാറേ ഞാൻ ഒരു തെറ്റും ചെയ്‌തിട്ടില്ല "

അയാൾ കയ്യിലുള്ള  വടി കൊണ്ട് കമ്പിയിൽ ആഞ്ഞടിച്ചു.

"മിണ്ടാതെ അവിടെ കിടന്നോ അല്ലേൽ ഇത് നിന്റെ  മുതുകത്ത് ആയിരിക്കും"

കണ്ണ് അടച്ചു. മുന്നിൽ ദേ 'അമ്മ ,ഞങ്ങളുടെ കൊച്ചു വീട്. ഞാൻ എന്റെ ബാല്യകാലത്തേക്ക്  വഴുതി വീണിരുന്നു അപ്പോഴേക്കും. ഒന്നാം ക്ലാസുകാരൻ പയ്യൻ ബാഗിൽ നിന്ന് പെൻസിൽ എടുത്ത  കൂട്ടത്തിൽ ഒരു കളർ ചോക്ക്. അമ്മ കണ്ടതും  ഞാൻ അത് മറച്ചു പിടിച്ചു. അമ്മ ദേഷ്യത്തിൽ എന്നെ നോക്കി "പറ ഇത് എവിടുന്ന് കിട്ടി" ഞാൻ പറഞ്ഞു ഒരു കൂട്ടുകാരൻ തന്നതാണെന്ന്. അമ്മ ഒന്നും മിണ്ടിയില്ല.

പിറ്റെ ദിവസം ബാഗിന്ന് ടിഫിൻ ബോക്സിന്റെ കൂടെ സ്ക്കൂബിഡേ ടെ ചിത്രമുള്ള ഒരു ബോക്‌സ് കൂടെ അമ്മക്ക് കിട്ടി .ക്ലാസ് ടീച്ചർ അമ്മക്ക് വിളിച്ച് ഞാൻ അത് മോഷ്ടിച്ചതാണെന്നും അത് എന്റെ ക്ലാസ്സിലെ ആല്ബി കണ്ടു എന്നും പറഞ്ഞു .

"നിനക്കിത് എവിടുന്ന് കിട്ടി "

"അറിയാതെ പെട്ടതാകും അമ്മേ എനിക്ക് അറിയില്ല"

അത് പറഞ്ഞതെ ഒള്ളു കണക്കിന് കിട്ടി എനിക്ക്. ഇനി നീ മോഷ്ടിക്കുമോന്നും ചോദിച്ച്. 

അന്ന് രാത്രി ഒരു മൂലയിൽ ഒന്നും കഴിക്കാതെ മിണ്ടാതെ ഇരിക്കുന്ന എന്റെ അടുത്തേക്ക് അമ്മ വന്നു.

"അമ്മടെ മോന് അമ്മയോട് ദേഷ്യമാണോ. സാരല്ല പോട്ടെ ഇനി അങ്ങനെ ഒന്നും ചെയ്യരുത് ട്ടോ. മോഷ്ടിക്കുന്നത് ഒക്കെ തെറ്റാണ്  അത് നല്ല കുട്ടികൾ ചെയ്യൂല.

പെട്ടെന്ന് ഞാൻ അമ്മയോട് ചോദിച്ചു.

"അപ്പോ കായം കുളം കൊച്ചുണ്ണി മോഷട്ടിക്കുന്നതോ അത് ഞാൻ ടി വി കണ്ടല്ലോ.. ചോദ്യം കേട്ട് അമ്മ കുറേ ചിരിച്ചു.

 ഒന്നും പറഞ്ഞില്ല പകരം  ,"മോൻ മീശ മാധവൻ സിനിമയിൽ മുള്ളാണി പപ്പൻ പറയുന്നത് കേട്ടിട്ടില്ലേ "കള്ളൻ എന്ന പേര് വീണാൽ പിന്നെ അത് തേച്ചാലും മച്ചാലും പോകില്ല എന്ന്."

അന്ന് അമ്മയുടെ നെറുകയിൽ തൊട്ട് സത്യം  ചെയ്തതാണ് ഇനി കക്കത്തില്ല എന്നും പറഞ്ഞ്.

പക്ഷേ ഇപ്പൊ ആ പേര് വീണു. ഇനി ആ പേര് പോകുമോ..?

ഇല്ല...ഇനി അത് എന്റെ കൂടെ ഒരു വാലായി ഉണ്ടാകും.

ഒരാഴ്ചക്കുള്ളിൽ വേറെ ഏതോ നാട്ടിൽ നിന്ന് ഒരു കള്ളനെ പിടിച്ചു. മോഷ്ടിച്ച സ്ഥലങ്ങൾ പറഞ്ഞ കൂട്ടത്തിൽ  ഇതും പറഞ്ഞു. അങ്ങനെ ഞാൻ അല്ലെന്ന് തെളിഞ്ഞു എന്നെ വെറുതെ വിട്ടു. പ്രതി ആയപ്പോൾ ഫ്രണ്ട് പേജിൽ ഫോട്ടോ സഹിതം വന്നു. നിരപരാധിയാണെന്ന് കണ്ട് വിട്ടയച്ചപ്പോൾ ഒരു മൂലയിൽ ഒരു കൊച്ചു വാർത്തയായി ഒതുങ്ങി..

നാട്ടിൽ ചെന്നപ്പോൾ എല്ലാവരും  എന്നെ ആ കള്ളനായി തന്നെ കണ്ടു.  അയലവാസികളുടെ പേടി. നാട്ടുകാരുടെ പരദൂഷണം. ഒരു കൊച്ചു പയ്യൻ ടൗണിൽ വെച്ച് എന്നെ കള്ളാ എന്നു വിളിച്ചു..ആരും എന്റെ നിരപരാധിത്വം അംഗീകരിച്ചില്ല. അമ്മക്ക് കൊടുത്ത വാക്കും പാലിക്കാൻ കഴിഞ്ഞില്ല. ഇനിയും ജീവിക്കുന്നതിൽ അർത്ഥമില്ല ഒരു പ്രതീക്ഷയുമില്ല.

അവന്റെ കഥ മുഴുവൻ കേട്ട ശേഷം ഞാൻ ചോദിച്ചു "എന്നിട്ട് നീ മരിക്കാൻ തീരുമാനിച്ചോ"

     "അതെ"

"എന്നാൽ ഞാൻ പോവാണ് ശരിക്ക് നോക്കിക്കോണം എങ്ങനെയാണ് നീ തിരഞ്ഞെടുത്ത മരണം എന്ന്"  ഇതും പറഞ്ഞു ഞാൻ ചാടി.

എന്റെ ശരീരം താഴേക്ക് വീഴുന്നത് അവൻ കണ്ടു തല ആദ്യം ഒരിടത്ത് ഇടിച്ചു മറ്റൊരിടത്ത് ഇടിച്ചു അങ്ങനെ നിലത്ത് എത്തും മുമ്പേ ശരീരവും  തലയോട്ടിയും  ശരീരവും ഒക്കെ ഏതാണ്ട് ഒരു പരിവായി. താഴെ എത്തി,  ചോര വാർന്നു കിടക്കുന്ന എന്നെ കണ്ട് അവൻ പേടിച്ചു.


"എന്തേ പേടിച്ചോ നീ"

 (ഭയങ്കരമായ ശബ്ദത്തിൽ ചിരിക്കുന്നു)

  "ആരാ നിങ്ങൾ ആരാണ് "

(അന്തരീക്ഷം  കറുത്തു സൂര്യൻ ഇരുളിൽ പോയി ഒളിച്ചു...  മൃഗങ്ങൾ ശബ്ദം ഉണ്ടാക്കി)

ഞാൻ 

" ദൈവം "

"ഞാൻ ആണ് നീ ഈ അവസ്ഥയിൽ എത്താൻ  കാരണമായ ദൈവം "

അവൻ പേടിച്ചു. ഞാൻ ഒന്ന്  ചിരിച്ചു 

"നീ കുറെ സിനിമ ഡയലോഗ് ഒക്കെ പറഞ്ഞത് അല്ലേ ഞാനും ഒന്ന് പറയാം. മമ്മൂട്ടിയുടെ ഒരു സിനിമയിൽ പറയുന്നില്ലേ "പ്രതീക്ഷകൾ അവസാനിക്കുമ്പോളാണ് ഇമ്മാനുവലെ ജീവിതം തുടങ്ങുന്നത് എന്ന്."

നീ ഒരു വിപ്ലവം സൃഷ്ടിക്ക്. വോട്ടിന് വേണ്ടി യുള്ള രാഷ്ട്രീയവിപ്ലവം അല്ല. നിലനിൽപ്പിന് വേണ്ടിയുള്ള വിപ്ലവം .

ആ വിപ്ലവം അവന്റെ കാതിൽ ഞാൻ മന്ത്രിച്ചു .


അവൻ അവിടുന്ന് നേരെ പോയത് കോടതി വളപ്പിലേക്ക് ആയിരുന്നു. കയ്യിൽ  ഒരു കയർ ഉണ്ട്. അവിടത്തെ മാവിന്റെ ഉച്ചിയിൽ കയറി  കഴുത്തിൽ കയറിട്ടു. എന്നിട്ട് അവൻ ഉറക്കെ വിളിച്ചു പറഞ്ഞു.

"ഞാൻ കള്ളനാണെന്നു ഒരു നാൾ മുദ്ര കുത്തപ്പെട്ടു അത് നിങ്ങൾക്കറിയാം . നിങ്ങളിൽ എന്റെ നിരപരാധിത്വം അറിഞ്ഞ ആരെങ്കിലുമുണ്ടോ...?

ഇന്നും അപ്പോൾ ഞാൻ ഒരു കള്ളനാണ്. ഒരു ആഴ്ചയോളം ഞാൻ  അനുഭവിച്ച ജയിൽവാസം. എനിക്ക് വേണ്ടി നിങ്ങൾ എന്ത്‌ ചെയ്തു. നിരപരാധിയായ എനിക്ക് നീതി കിട്ടാത്തിടത്ത്  ഞാൻ മരണം എന്ന നീതി സ്വീകരിക്കുന്നു."

കേരളത്തിലെ മുഴുവൻ മാധ്യമങ്ങളും വരുന്നതുവരെ  അവൻ അത് പറഞ്ഞു കൊണ്ടേയിരുന്നു. ഫയർഫോഴ്സ്  കിണഞ്ഞു ശ്രമിക്കുന്നുണ്ട്  അവനെ ഒന്ന് താഴെ ഇറക്കാൻ.  ഒടുക്കം  ജഡ്‌ജും പോലീസും അവന്റെ നിരപരാധിത്വം ജനങ്ങളോട് വിളിച്ചു പറഞ്ഞു. 

അവർ പരസ്യമായി മാപ്പ്‌ പറഞ്ഞു. അത് ഒരുപക്ഷേ  പത്രത്തിലെ  ഒരു കൊച്ചു കോളത്തിൽ ഒതുങ്ങിയില്ല ആദ്യ പേജിൽ തന്നെയുണ്ട്. ദേശീയ മാധ്യമങ്ങൾ വരെ അത് റിപ്പോർട്ട് ചെയ്തു.

അങ്ങനെ അവൻ ആ പേര് മായ്ച്ചു കളഞ്ഞു.

     "കള്ളനെന്ന പേര്"

ഇത് കേവലം ഒരു കഥയാണ് . ഞാൻ തുന്നി ഉണ്ടാക്കിയ കഥ ..പക്ഷേ  ഒന്ന് ചോദിച്ചോട്ടെ. ഇന്നും  നീതി കിട്ടാത്ത ഒരുപാട് നിരപരാധികൾ നമുക്ക് ചുറ്റും ഇല്ലേ...ഉണ്ട് അതാണ് സത്യം.

നീയും ഒരു കഥയാണ് മനുഷ്യ....വെറും കഥ.

By

Sabith koppam

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ