ആയിഷാ മൻസിലും ഉപ്പുപ്പയും (പാഠം ഒന്ന്)


പാഠം ഒന്ന് :തളി കിസകൾ,

വേനലവധിയാണ്, ഹാഷിമിന്റെയും  സൽമയുടെയും കുട്ടികൾക്ക് വെക്കേഷൻ അടിച്ചു പൊളിക്കാൻ നാട്ടിൽ പോകണം. ഊട്ടിയിലെ ബോർഡിങ് സ്കൂളിൽ നിന്നും  അവധിക്ക് പോകാൻ അവർക്ക് മുന്നിൽ രണ്ട് ചോയ്സ് ഉണ്ട് .
താജ്മഹലും കുത്തബ് മീനാറും ഒക്കെ  സന്ദർശിച്ച്‌ ഉപ്പാടെയും ഉമ്മാടെയും കൂടെ ഡൽഹിയിൽ നിൽക്കാം. ഹാഷിം ടൈംസിൽ എഡിറ്ററാണ്. സൽ‍മ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിലും. രണ്ടാമത്തെ ചോയ്സ് നാട്ടിലെ തളിയാണ്. അവിടെ ആയിഷ മൻസിലിൽ  ഉപ്പൂപ്പയും ഉമ്മൂമ്മയും ഉണ്ട്. അവരുടെ അടുത്തേക്കു പോകാം.
അങ്ങനെ ഊട്ടിയിലെ അവസാന ദിവസം ഇരട്ടകളായ ആരിഫും ആരിഫയും  തന്റെ കൂട്ടുകാരോടൊത്ത് ക്ലാസ്സിൽ ഇരിപ്പാണ്.

"എന്നിട്ട് നിങ്ങൾ ആരുടെ അടുത്തേക്കാണ് പോണത് എന്ന് തീരുമാനിച്ചോ..?"

"ഹാ"(ആരിഫും ആരിഫയും പറഞ്ഞു).
" ഉപ്പാടെ ഒപ്പം ഡൽഹിയിൽ അടിച്ചു പൊളിക്കാൻ പോകുവായിരിക്കും ഓര്... "കൂട്ടത്തിൽ ഒരാൾ പറഞ്ഞു.
"അല്ല ഞങ്ങൾ തളിയിലേക്കാണ് പോണത്. അവിടെ പോയാൽ  ഉപ്പൂപ്പ നല്ല കഥകൾ പറഞ്ഞു തരും. ഇഷ്ടം പോലെ പലഹാരങ്ങൾ കിട്ടും. വെള്ളിയൂരിലെ നീലക്കുളവും വെള്ളി മീനും, ചീമക്കിട്ടിലെ ഞാവൽ പഴവും നല്ല രസമായിരിക്കും തളിയിൽ. "
അപ്പോഴേക്കും ആരിഫ ബെഞ്ചിന്റെ മുകളിൽ കയറി. " ഇങ്ങൾക്ക് ന്റെ ഉപ്പുപ്പടെ കഥ പറഞ്ഞു തരാ.. മൂപ്പര് ആരാ മോൻ ന്ന് അറിയോ...ഒരു സംഭവമാണ്. തളിയിലെ വീടിന് എങ്ങനെ ആയിഷ  മൻസിൽ എന്ന് പേര് വന്നതെന്ന് നിങ്ങക്ക്  അറിയോ.."
ഇടക്ക് കയറി  ആരിഫ് " അത് ഞാൻ പറയാ,കഥ പറയാൻ അനക്ക് അറിഞ്ഞൂടാ മാറിക്ക് അങ്ങോട്ട് "
"ഉപ്പൂപ്പ കൂപ്പിൽ പണിക്ക് പോയിരുന്ന കാലം ,സൈതാലിടെ മില്ലിൽക്കുള്ള തടി ഒക്കെ എടുക്കലാണ് ഉപ്പൂപ്പാടെ പണി. ഇപ്പോ ബീഡി കുറ്റി പോലെ ചുമച്ചു ഇരിക്കുമെങ്കിലും  പണ്ടത്തെ ബ്ലാക്ക്‌ ആൻഡ് വൈറ്റ്  ഫോട്ടോയിൽ ഉപ്പൂപ്പനെ കാണാൻ ഇമ്മടെ സൽമാൻ ഖാനെ പോലെയുണ്ട്. എന്തൊരു മസിലാന്ന് അറിയോ..".
ഇവരുടെ കഥ തള്ളാണെന്ന് കരുതി കുട്ടികൾ മറച്ചു പിടിച്ച് ചിരിക്കുന്നും കളിയാക്കുന്നുമൊക്കെയുണ്ട്. പക്ഷേ അതൊന്നും ശ്രദ്ധിക്കാതെ ആരിഫ് കഥ പറഞ്ഞു തുടങ്ങി.
സൈതാലിടെ കൂടെ  വയനാട്ടിൽ ഉമ്മറുട്ടീടെ വളപ്പിൽ തടി പിടിക്കുമ്പോളാണ്   ഉപ്പൂപ്പ ആദ്യമായി ആയിച്ചുമ്മൂനെ കാണുന്നത്.അല്ല ആയിഷാ നെ കാണുന്നത്. ഉപ്പൂപ്പ അപ്പോൾ ഒരു തേക്കിന്റെ തടി ഏറ്റി ലോറിക്ക് ഇടാണ്."
ഇടക്ക് കയറി ഒരു ചെക്കൻ "ഇത് പുലിമുരുകൻ ലെ കഥയാണ് അയ്യേ പുളു പുളു.."
"സതീശൻ പി.വി നീ കഥ ഫുൾട്ടി (ഫുൾ)കേക്ക്.
ആയിഷ ഉപ്പൂപ്പാനെ തന്നെ നോക്കി നിക്കാണ്. പണിയൊക്കെ കഴിഞ്ഞപ്പോൾ  ആയിഷ ഇത്താത്ത ജമീലാനെ കൂട്ടി  പണിക്കാരുടെ അടുത്തേക്ക് വന്നു. "ന്റെ റബ്ബേ  കുട്ടിയോളൊക്കെ ക്ഷീണിച്ചുക്ക്ണ്,ആയിച്ചു എല്ലാർക്കും ഓരോ സുലൈമാനി കൊടുക്ക്. കടിക്കാൻ ഓരോ നെയ്യപ്പവും ആയിക്കോട്ടെ എന്താ മോനെ  .."
അവര് ഭയങ്കര സൽക്കാര പ്രിയരാണ് ജമീലാത്ത കണ്ണൂർക്കാരിയാണ്. ഇക്കാക്കാടെ പെണ്ണുങ്ങളാണ്  ജമീല. അങ്ങനെ ഒരു മാസം ഓരുടെ വളപ്പിൽ പണി ഉണ്ടാർന്നു. ഓരോ ദിവസവും  ഓരോ പലഹാരങ്ങൾ അച്ചപ്പം, കുഴലപ്പം, ചക്കര ചോർ തുടങ്ങി ഒരുപാട് പലഹാരങ്ങൾ കൊണ്ട് കൊടുത്തു ആയിഷ. അങ്ങനെ അങ്ങനെ ആ നാട്ടിലെ പണിതീർന്നപ്പോൾക്കും രണ്ടുപേർക്കും മുഹബ്ബത്തും പൂത്ത്.

" എന്നിട്ടോ"
പിള്ളേര് ഒക്കെപാടെ ചോദിച്ചു .
"എന്നിട്ട് എന്താ ഞാനും കൂടെ പോരട്ടെ എന്ന് ഒരു  നെയ്യപ്പത്തിന്റെ കൂടെ ഓര് ചോദിച്ചു "
ഉപ്പൂപ്പ അപ്പോൾ" ആയിഷാ  നാട്ടിൽ വീട് പണി നടക്കുവാണ്  മേൽക്കൂര നേരാക്കിയാൽ ഞാൻ നിന്നെ കൂട്ടാൻ വരാം "
അങ്ങനെ നാട്ടിൽ പോയ ഉപ്പൂപ്പ വീട് പണിയും തീർത്തു  വീടിന് ഒരു പേരും ഇട്ടു
"ആയിഷ മൻസിൽ".
ഞങ്ങൾ നാട്ടിൽ പോയാൽ പലഹാരങ്ങൾ ഒക്കെ തരാറ് ആ ആയിഷുമ്മയാണ് .
അപ്പോൾ നിങ്ങടെ ഉമ്മൂമ്മാന്റെ പേര് അല്ലേ ആയിഷാ എന്ന്.
"ഉമ്മൂമ്മാന്റെ പേര് കദീജ എന്നാണ്.(അത് വരെ കഥ കേട്ടിരുന്ന വരൊക്കെ ഇത് കേട്ടതോട് കൂടി  മുഖം വാടി പിന്നീടുള്ള കഥ കേൾക്കാൻ തിടുക്കം കൂട്ടി)
പക്ഷേ വണ്ടി വന്നതും അവർ അതിൽ കയറി പോയി.. ഇനി കഥ അങ് തളിയിലാണ്. തളിയും ആയിഷുമ്മയും അടങ്ങിയുള്ള ആയിഷാ മനസ്സിൽ ന്റെ കിസാ ഇവിടെ തീരുന്നില്ല...
കാത്തിരിക്കുക.


പാഠം 2:ഒരു ക്ളീഷേ ഫ്ലാഷ്ബാക്ക്..



ആരിഫയും ആരിഫും നാട്ടിലേക്ക്  പുറപ്പെട്ടു. തളി മലമുകളിലെ ഒരു ഗ്രാമമാണ്. കേരളത്തിന്റെ  നടുഭാഗത്ത് ഉയർന്നു കാണുന്ന  മലനിരകളിലൊന്നിൽ ഒരുപാട് രഹസ്യങ്ങൾ കൊണ്ട്  മൂടിയ ഒരു സ്വപ്നഭൂമിയാണ് തളി. ആ നാട്ടിലേക്ക് നാളുകൾക്ക് ശേഷം അവർ വരികയാണ്. വെള്ളിയൂരിലെ നീല കുളവും വെള്ളിമീനും, കഥകൾ പറയുന്ന ഗരുഡൻ ഗുഹയും  ഗുഹയ്ക്കകത്തെ നൂറാരാജകുമാരിയുടെ  പ്രതിമയും എല്ലാം ഉപ്പൂപ്പാടെ  കഥകളിൽ മാത്രം കേട്ടിട്ടുള്ളതാണ്.  ഇതെല്ലാം   നേരിൽ കാണുകയാണ്  ഇവരുടെ വരവിന്റെ പ്രധാന ലക്ഷ്യം തന്നെ. പിന്നെ പകുതി പറഞ്ഞു വെച്ച ഉപ്പൂപ്പാന്റെ ഫ്ലാഷ് ബാക്ക് സ്റ്റോറി കൂടി...!

"എടിയെ കുട്ട്യോൾ പുറപ്പെട്ടൂന്ന് അല്ലേ പറഞ്ഞു  ഇത് വരെ എത്തീലല്ലോ"  ഉപ്പൂപ്പ ഉമ്മുമ്മയോട്  ഇടക്കിടക്ക് തിരക്കി കൊണ്ടിരുന്നു.

"കുഞ്ഞൂട്ടൻ വിളിച്ചപ്പോൾ ചുരം കയറി തുടങ്ങീന്ന് പറഞ്ഞു. ഇപ്പോ എത്തും  കുട്ട്യോൾ."

തേയില തോട്ടങ്ങളുടെ നടുവിലൂടെ അവർ ആയിഷാ മൻസിൽ ലക്ഷ്യമാക്കി നീങ്ങി. ചുരം കയറിയതും ആദ്യം കാണുക ബീവിപ്പടിയാണ്. അവിടെ നിന്നും ഒരു ഒന്നൊന്നര കിലോമീറ്റർ ഉള്ളിലേക്ക് നടക്കണം. വണ്ടി ഒന്നും പോകില്ല.. തക്കാളി തോട്ടത്തിലൂടെ നടപ്പ്, ആരിഫും ആരിഫയും  നല്ല പഴുത്ത് ചുമന്ന തക്കാളി  പറിച്ചു കഴിച്ചുകൊണ്ടാണ് നടപ്പ്.

" ടാ മക്കളെ അതൊന്നും  കഴുകാതെ കഴിക്കല്ലേ.." കുഞ്ഞൂട്ടൻ ദേഷ്യപ്പെട്ടു.

"ഓ പിന്നെ ഉപ്പൂപ്പ വിഷം ഇടാതെ ഉണ്ടാക്കുന്നതാണ് ഇത്. ഇത് ഇങ്ങനെ ഒക്കെ തിന്നാം."

തല ഉയർത്തി നിൽക്കുന്ന പൈൻ മരങ്ങൾക്കിടയിൽ ഒരു വീട്. പൂർണമായും  മരത്തടികൾ കൊണ്ട് ഉണ്ടാക്കിയ വീട്. വൈകുന്നേരമാണ് അവര് അവിടെ എത്തുന്നത്. നല്ല തണുപ്പുണ്ട്. ആരിഫാ ഇടക്കിടക്ക്  തണുക്കുന്നു എന്ന് പറഞ്ഞു കൊണ്ടേയിരുന്നു.


പേര മക്കളെ കണ്ട പാടെ ഉപ്പൂപ്പയും ഉമ്മൂമ്മയും വന്ന് കെട്ടിപ്പിടിച്ചു. നല്ല ചൂട് കാപ്പി ലത ചേച്ചി ഇട്ട് കൊടുത്തു..

"എടിയെ ന്റെ കുട്ട്യോൾക്ക് എന്തേലും തിന്നാൻ കൊടുക്ക് "

"ലത നല്ല കാരറ്റ് ഹൽവ ഉണ്ടാക്കിട്ടുണ്ട്. എടി ലതെ കുട്ട്യോൾക്ക് അത് കൊടുത്തെ."

 " എന്നാ നിങ്ങൾ കഴിക്ക്. ഉപ്പൂപ്പ ഒന്ന് കിടക്കട്ടെ."


കുട്ടികൾ രണ്ട് പേരും കുളിച്ചു ഫ്രഷ് ആയി വന്നു.

"ഉപ്പൂപ്പാ.."

"ഇങ്ങൾ ആയിച്ചൂന്റെ അടുത്ത് പോയോ?"

''ഇല്ലാ''

"അവൾ നിങ്ങൾക്ക് എന്തൊക്കെയോ ഉണ്ടാക്കിയിട്ടുണ്ട് പോയി കഴിച്ചു വാ"

"അതൊക്കെ  ഞങ്ങൾ പോകാം ഞങ്ങൾ കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ പറഞ്ഞ കഥ പൂർത്തിയാക്കി താ (ആരിഫാ കയ്യിൽ പിടിച്ചു പറഞ്ഞു..

"അത് അത്രേ ഒള്ളു മക്കളെ"

അല്ല മുഴുവൻ പറ

"നിങ്ങൾ ഇത് ആരോടും പറഞ്ഞിട്ടില്ലല്ലോ"

അവർ പരസ്പ്പരം കള്ളച്ചിരി ചിരിച്ചു. "ഇങ്ങൾ ഉപ്പനോടും ഉമ്മാനോടും അല്ലേ പറയരുത് ന്ന് പറഞ്ഞ്. അത് ഞങ്ങൾ പറഞ്ഞിട്ടില്ല".

"ഉം നമ്മൾ എവിടെയാ നിർത്തിയത്?''

"ഇങ്ങൾ ഓലെ കെട്ടാൻ നാട്ടിൽ പോന്നു...പിന്നെ എന്താ ഇണ്ടായി എങ്ങനെ പ്പോ കദീസുമ്മ  ഉമ്മൂമ്മായി.

ഇങ്ങൾ ഓലെ  കെട്ടാൻ പിന്നെ പോയിലാല്ലേ.."


"ആരു പറഞ്ഞു കെട്ടീലാന്ന്. നാട്ടിൽ വന്ന് ഞാൻ ദാ ഈ വീട് കയറ്റി. ഇതിന്റെ പണി തീർക്കാൻ വിചാരിച്ചതിലും അധികം സമയം എടുത്തു. ഈ തടികൾ ഒക്കെ പുറത്ത് നിന്ന് കൊണ്ട് വന്നതാണ്. ചുമര് വരെ തടി കൊണ്ടു ഉണ്ടാക്കി മിനുസപ്പെടുത്തി. ഞാൻ മനസ്സിൽ  വരച്ച ഒരു വീട് ആക്കാൻ സമയം എടുത്തു. ഉപ്പയെയും കൂട്ടി വയനാട്ടിൽ പോയപ്പോഴേയ്ക്കും അവടെ എന്തോ പ്രശ്‌നങ്ങൾ...അവർ എല്ലാം കൂടെ കണ്ണൂരിലേക്ക് പോയിരുന്നു. നാട്ടിൽ വന്ന ഞാൻ കണ്ണൂരിലേക്ക് വണ്ടി കയറി. കണ്ണൂരിൽ കടലും കണ്ടു നടന്നത് മിച്ചം ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല..

അങ്ങനെ എല്ലാരും കൂടെ ഒരുപാട് നിർബന്ധിച്ചപ്പോൾ  ഞാൻ കദീജാനെ കെട്ടി. കദീജ ഹാഷിമിനെ  പ്രസവിച്ചു കിടക്കുമ്പോളാണ്  ഞാൻ വീണ്ടും വയനാട്ടിലേക്ക് പോകുന്നത്. അവടെ വെച്ച് അവളെ വീണ്ടും കണ്ടു. ഉമ്മർ മരിച്ചതും ജമീലാന്റെ കൂടെ കണ്ണൂരിൽ പോയതും അവിടെ അധികപറ്റായപ്പോൾ വീണ്ടും ചുരം കയറിയതും എല്ലാം എല്ലാം ഓൾ ഇന്നോട്‌ പറഞ്ഞു. പറയുമ്പോൾ മൂന്ന് ദിവസം പ്രായമുള്ള ഒരു കുട്ടിടെ വാപ്പയാണ് ഞാൻ. പക്ഷേ എനിക്ക് മുമ്പിൽ  നിറവേറ്റാൻ കഴിയാത്ത  ഓൾക്ക് കൊടുത്ത ഒരു വാക്ക്  ഉണ്ടായിരുന്നു. സംഭവിച്ചത് എല്ലാം  ഞാൻ പറഞ്ഞു ,എല്ലാം കേട്ട ശേഷം  ഒന്നും മിണ്ടാതെ അവൾ പോവാൻ നിന്നപ്പോൾ .അവരെ അവിടെ ഒറ്റക്ക് ഇട്ടു പോരാൻ എനിക്കും തോന്നീലാ.


അവളെ നിക്കാഹ് ചെയ്തു കൂടെ കൂട്ടി. അവളെ പാർപ്പിക്കാൻ കയറ്റിയ അതേ വീടിന്റെ  ഔട്ട് ഹൗസിൽ. പുറം പണിക്ക് വന്നവളെ പോലെ അവൾ ജീവിക്കാൻ തുടങ്ങീട്ട് വർഷങ്ങളായി.

മുമ്പ് ഒരിക്കൽ ഒരു രാത്രി ഞാൻ എന്റെ ഈ കഥ കദീജാനോട് പറഞ്ഞിരുന്നു എന്നെങ്കിലും കണ്ടുമുട്ടിയാൽ  ഞാൻ എന്ത് ഉത്തരം കൊടുക്കുമെന്ന് പറഞ്ഞ് കദീജാന്റെ മടിയിൽ തല വെച്ച് പരിഭവങ്ങൾ പറഞ്ഞിരുന്നു. അത് കൊണ്ടോ എന്തോ  ഞാൻ ആയിഷാ മൻസിലിലേക്ക്  ആയിഷയെ കൂട്ടി വന്നപ്പോൾ  അവളും ഒന്നും എന്നോട് മറുത്തു പറഞ്ഞില്ല. മോനെ കാണിച്ച് ഇവന് ഇത് ഒന്നും അറിയരുത് എന്ന് മാത്രമേ അവൾക്ക് ഉണ്ടായിരുന്നുള്ളു. അങ്ങനെ അവൾ ആ ഔട്ട് ഹൗസിൽ ഞങ്ങൾക്ക് ഒരു പ്രശ്നം ആകാതെ അവിടെ താമസിക്കാൻ തുടങ്ങി.


പിന്നെ ഇതെല്ലാം നിങ്ങളോട് എന്തിനാ പറഞ്ഞത് ന്ന് വെച്ചാ നിങ്ങടെ ഉപ്പ ഇതെല്ലാം വിറ്റ് ഈ നാട്ടിൽ നിന്നും ഞങ്ങളെ കൊണ്ടുപോകാൻ നോക്കാൻ തുടങ്ങീട്ട് കുറേയായി. ഞാൻ ഒരാൾ കാരണമാണ് അത് നീണ്ട് പോകുന്നത്. എന്റെ കാലം കഴിഞ്ഞാൽ നിങ്ങൾ ന്റെ മോനോട് പറയണം വിക്കരുത് ഇത് ആയിച്ചൂന്റെ കൂടി ആണെന്ന്...അല്ല ഞാൻ അങ്ങനെ പെട്ടെന്ന് ഒന്നും മരിക്കൂല.

ഇനി പോയി വല്ലതും കഴിക്ക് മക്കളെ."


കഥ  അവരുടെ പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ലെങ്കിലും  പ്രിയദർശൻ സിനിമകൾ കണ്ടു ശീലിച്ചത് കൊണ്ടോ എന്തോ  അവർ ആ കഥയിൽ സംതൃപ്തരായി.

അവർ നേരെ ആയിച്ചൂന്റെ അടുത്ത് പോയി.  ബീഫ് ഉപയോഗിച്ച് എന്തോ ഒരു പലഹാരം ഉണ്ടാകിട്ടുണ്ട്. നല്ല സ്വാദ്  അവർ വയർ നിറയും വരെ കഴിച്ചു. പോകാൻ നേരം ഒരു പൊതി കയ്യിൽ തന്നു. "ഇത് ഇനി രാത്രി കഴിക്കാം വെച്ചോ,ഇതിന്നൊരു  കഷ്ണം ഉപ്പുപ്പാക്ക് കൊടുക്ക് .ഷുഗറും കൊളസ്ട്രോൾ ഒക്കെ ഉള്ള ആളാണ് മൂപ്പര്. ഉമ്മൂമ്മ കാണണ്ട ,ഒരു കഷ്ണം കൊടുത്താൽ മതി .

പോകാൻ നേരം അവർ പിന്നിൽ നിന്ന് ഉറക്കെ പറഞ്ഞു.

"നാളെ രാവിലെ വാ തളിയിലെ മായകാഴ്ചകൾ കാണണ്ടേ. വെള്ളിയൂരിലെ നീല കുളവും വെള്ളി മീനുകളും പിന്നെ കഥകൾ പറയുന്ന ഗരുഡൻ ഗുഹയും  ഗുഹക്ക് അകത്തെ അത്തർ കച്ചവടക്കാരൻ അലി  പണിത നൂറ രാജകുമാരിയുടെ പ്രതിമയും  എല്ലാം...."

.

.പാഠം 3 : വെള്ളിയൂര്


ഉപ്പൂപ്പ ഭയങ്കര ദേഷ്യത്തിലാണ് ഔട്ട് ഹൗസിലേക്ക് പോകുന്നത്. "ആയിഷാ" ഉപ്പൂപ്പ ഉച്ചത്തിൽ വിളിച്ചു 

"എന്തിനാ ഇയ്യ് കുട്ടികൾക്ക് വേണ്ടാത്ത കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നത്?"

"അള്ളാ ഞാൻ ഒന്നും പറഞ്ഞിട്ടില്ല..."

"പിന്നെ എന്തിനാ നീ കുട്ടികളെ ആ നശിച്ച സ്ഥലത്തേക്ക് കൊണ്ട് പോകാന്ന് പറഞ്ഞത്"

അത് ഞാൻ അവരോട് ,ചുമ്മാ കഥകൾ പറയാനേ ഉദ്ദേശിച്ചിരുന്നൊള്ളൂ."

ഉപ്പുപ്പ അവരോട് കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല.

എന്നിട്ട്

"അത് തളിയുടെ മാത്രം രഹസ്യമാണ്. വെള്ളിയൂരിൽ പരക്കുന്ന അത്തർന്റെ ഗന്ധം പോലും വിഷമം കലർന്നതാണ്. ആ രഹസ്യം അറിയാൻ പോയവർ ആരും പിന്നീട് തിരിച്ചു വന്നിട്ടില്ല എന്ന് നിനക്ക് അറിഞ്ഞൂടെ?"

"നമ്മൾ തിരിച്ചു വന്നില്ലേ ഇക്കാ"

"അതിന്റെ പേരിൽ ഇന്നും നമ്മൾ അനുഭവിക്കുന്നുണ്ടല്ലോ. ആ സംഭവങ്ങൾക്ക് ശേഷം ന്റെ ഖദീജയിലോ നിന്നിലോ എനിക്ക് ഒരു കുഞ്ഞ് പിന്നെ ഉണ്ടായോ. ആ നശിച്ച സ്ഥലത്തിന്റെ ശാപമാണ് അവരുടെ അനുമതിയില്ലാതെ അങ്ങോട്ട് ചെന്നതിന്റെ ശിക്ഷ. മായകഥകൾ പറഞ്ഞ് കുട്ടികളെ ഇനി പറ്റിക്കേണ്ട. എന്നാ ഞാൻ പോവാണ് ആയിഷൂ..."

അവര് ചോദിച്ചാൽ ഞാൻ പറയും ഇങ്ങൾ കൊണ്ട് പോവേണ്ട പറഞ്ഞൂന്ന് ആയിഷൂ പുറകീന്ന് വിളിച്ചു പറഞ്ഞു.


കുറച്ചു സമയം കഴിഞ്ഞ്‌ കുട്ടികൾ വന്നു. വെള്ളിയൂരിൽ പോകാൻ വാശി പിടിച്ചു. അവടെ കൊച്ചു കുട്ടികൾക്ക് പോകാൻ പറ്റില്ല അവിടെ വലിയ ഒരു ഇബ്‌ലീസ് ഉണ്ട് എന്നൊക്കെ പറഞ്ഞ് കുട്ടികളെ പറഞ്ഞു പിന്തിരിപ്പിക്കാൻ ആയിച്ചു കുറെ നോക്കി. ഒടുക്കം ഉപ്പൂപ്പ പോകരുത് എന്ന് പറഞ്ഞത് ആയിച്ചു പറഞ്ഞു.

"അവരെ സ്വപ്‍നം കണ്ടവർക്ക് മാത്രമേ അങ്ങോട്ട് പോകാൻ പറ്റൂ..."

കുട്ടികൾ കൗതുകത്തോടെ ചോദിച്ചു ആരെ...?

"അത്തർ കച്ചവടക്കാരൻ അലിയെയും നൂറാ രാജകുമാരിയെയും .

അന്ന് ആ നശിച്ച രാത്രി, നിങ്ങടെ ഉപ്പൂപ്പയുടെ കയ്യും പിടിച്ച് ഈ നാട്ടിലേക്ക് പോന്ന ആ രാത്രി...ചുരം കയറി പകുതി ആയിട്ടെയുള്ളൂ കുതിര വണ്ടിയുടെ ചക്രം ഒരു പാറയിൽ തട്ടി. അത് പിന്നെ മുമ്പോട്ട് നിങ്ങാത്ത വിധം കേടുവന്നു. വണ്ടിയിൽ ഉള്ള സാധനങ്ങൾ തൽക്കാലം അവിടെ ഒളിപ്പിച്ചുവെച്ച് കുതിര പുറത്ത് പോകാൻ ഞങ്ങൾ തീരുമാനിച്ചു. അങ്ങനെ അതിനു പറ്റിയ ഒരു സ്ഥലം ഞങ്ങൾ അന്വേഷിച്ചു. ഒരുപാട് മുല്ല വള്ളികൾ ചുറ്റി പിണഞ്ഞ ഒരു ഗുഹ ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു.

ഞങ്ങൾ രണ്ട് പേരും അങ്ങോട്ട് നടന്നു. അന്ന് വരെ തളിയിൽ ആരും അറിയാത്ത ആ രഹസ്യം വെളിപ്പെടുമെന്ന് അലിപോലും കരുതി കാണില്ല ..നടക്കുന്തോറും ദൂരം കൂടുന്നു. ഒടുക്കം നടന്ന് തളർന്നപ്പോൾ മൂപ്പര് അവടെ ഇരുന്നു. നല്ല തണുപ്പ്...മുമ്പ് ഇല്ലാത്ത സുഗന്ധം ഉള്ള കാറ്റ്...എന്തോ എനിക്ക് മൂപ്പരെ ഒന്ന് ചുംബിക്കണമെന്നു തോന്നി. ഞാൻ ആ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.


പെട്ടെന്ന് ഞങ്ങൾ ഇരുന്ന ഭാഗം പിളർന്ന് താഴേക്ക് കൂപ്പ് കുത്തി. ഞങ്ങൾ മറ്റൊരു ലോകത്ത് എത്തി. മീനുകൾ സംസാരിക്കുന്ന നീല കുളമുള്ള ഇന്ന് വരെ കാണാത്ത പ്രകൃതി സൗന്ദര്യമുള്ള നാട്. പെട്ടെന്ന് പുറകിൽ നിന്ന് ഒരു പുരുഷന്റെയും സ്ത്രിയുടെയും ശബ്ദം ഇങ്ങനെ കേൾക്കുന്നു. നോക്കുമ്പോൾ ഒരു ഗുഹയാണ് അതിന്റെ അകത്ത് നിന്നാണ് ശബ്ദം. ഞങ്ങൾ അടുത്തേക്ക് നടന്നു. പെട്ടെന്ന് നീല കുളത്തിൽ നിന്നും ഒരു മീൻ പറഞ്ഞു:

"അരുത് അങ്ങോട്ട് യജമാനന്റെ അനുവാദം ഇല്ലാതെ പോകരുത് "

ഞങ്ങൾ അതിനെ തന്നെ നോക്കി നിന്നു.

"അതാണ് അലിയുടെ ഗരുഡൻ ഗുഹ"



(തുടരും)

Sabith koppam


അഭിപ്രായങ്ങള്‍