സ്വർഗത്തിലെ ദിവ്യപ്രണയം ..

 




സ്വർഗത്തിന്റെ താഴ്‌വരയിൽ നിന്ന് ഭൂമിയിലേക്ക് നോക്കിക്കരയുന്ന അവളെ കണ്ടപ്പോൾ ആദ്യം ചിരിവന്നു.

"  ഇനി നീയെന്തിനു കരയണം...90  വയസ്സ് വരെ ജീവിച്ചില്ലേ..."

പഴയ കാമുകന്റെ പാറയിൽ ചിരട്ട ഉരച്ചപോലെയുള്ള ആ ശബ്ദം ഒരുപാട് വർഷങ്ങൾക്ക് ഇപ്പുറം കേട്ടപ്പോൾ അവൾ ആശ്ചര്യത്തോടെ പെട്ടെന്ന് തിരിഞ്ഞു നോക്കി ..

"നിനക്ക് ഇപ്പോഴും ചെറുപ്പമാണല്ലോ? "അവൾ  കൗതുകത്തോടെ ചോദിച്ചു .

"ഇവിടെ ബാല്യമില്ല വാർദ്ധക്യമില്ല വെറും യൗവ്വനം മാത്രമാണ് വെറും യൗവ്വനം ,നിനക്കിപ്പോ ചുക്കിച്ചുളിഞ്ഞ മുഖമോ വിരലുകളോ ഒന്നും ഇല്ല നോക്കിയേ ,ഇത് ഭൂമിയല്ല  സ്വർഗമാണ്."

  ഭൂമിയിലേയ്ക്ക് നോക്കിക്കരഞ്ഞിരുന്ന അവൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി പെട്ടെന്നു തന്നെ എന്തോ ഓർത്ത് വീണ്ടും കരയുകയും ചെയ്തു.

"ദേ നോക്ക് ഏറിയാൽ ഒരാഴ്ച അവർ നിനക്ക് വേണ്ടി കണ്ണീർ പൊഴിക്കും. അത് കഴിഞ്ഞാൽ.... "

അത് കഴിഞ്ഞാൽ എന്താണ് അവൾ കണ്ണ് തുടച്ചു കൊണ്ട് ചോദിച്ചു .

"അവർ പതിയെ നിന്നെ മറക്കും ,നിന്റെ ഓർമ ദിവസത്തിൽ അവർ വലിയ ആഘോഷദിവസം പോലെ ഇറച്ചി ചോറും മധുര കറിയും ഒക്കെ ഉണ്ടാക്കി നിനക്ക് വേണ്ടി പ്രാർത്ഥിക്കും. മരിച്ചു പോയ നിനക്ക് ഇപ്പോ അത്യാവശ്യം അതാണല്ലോ."

"നീ എന്തിന് എന്റെ അടുത്തേക്ക് വന്നത് "അവൾ  എന്റെ മുഖത്തേക്ക് നോക്കി .

"അഞ്ചു വർഷങ്ങൾക്കു മുമ്പ്  നിന്റെ  ഭർത്താവ് മരണപ്പെട്ടപ്പോൾ ഞാൻ ദാ ആ മരച്ചുവട്ടിൽ ഇരിപ്പുണ്ടായിരുന്നു. ദൈവത്തിന്റെ മാലാഖമാർ അവനെ  ഈ താഴ്വരയിൽ കൊണ്ട് വന്നിട്ടപ്പോൾ  അവനും നിന്നെ പോലെ ഭൂമിയിലേക്ക് നോക്കി സങ്കടപ്പെട്ടിരുന്നു. അപ്പോൾ ഞാനും ഭൂമിയിലേയ്ക്ക് നോക്കി.  അവിടെ നീയും മക്കളും ഉണ്ടായിരുന്നു. നിങ്ങളെല്ലാവരും വളരെ സങ്കടത്തിൽ ആയിരുന്നു. അന്ന് അവനെ കാത്ത്  ഇത്പോലെ ഒരു പെൺകുട്ടി വന്ന് നിന്നിരുന്നു. എന്തിനാണ് ഓരോ മരണം സംഭവിക്കുമ്പോഴും ആരെങ്കിലും ഇവടെ സന്തോഷത്തോടെ വന്ന് നിന്നിരുന്നതെന്ന് എനിക്കിപ്പോ മനസ്സിലാകുന്നുണ്. അല്ലേൽ പിന്നെ നിന്നെ സ്വീകരിക്കാൻ ഞാൻ എന്തിനിവിടെ എത്തി. "

"ആരായിരുന്നു ആ പെൺകുട്ടി "അവൾ ചോദിച്ചു

"ഞാൻ ആരായിരുന്നോ നിനക്ക് അതു പോലെ അവന്റെ പ്രിയപ്പെട്ട ആരെങ്കിലുമായിരിക്കും "

"കാമുകിയോ "

"അപ്പോ ഞാൻ നിനക്ക് കാമുകൻ ആയിരുന്നു വല്ലേ "ഞാൻ തമാശയോടെ ചോദിച്ചു.

"അവർ ഇവടെ ഉണ്ട് സുഖമായിത്തന്നെ ജീവിക്കുന്നു.  ഭൂമിയിൽ ഒന്നിക്കാൻ പറ്റാത്ത വാശിയിൽ  ഇവിടെ നന്നായി സ്‌നേഹിച്ചു ജീവിക്കുന്നു. ദൈവത്തിന് പോലും അവരുടെ പ്രണയത്തിൽ അസൂയ തോന്നുന്നുണ്ടാവും."

ഒരു ദിവസം അവൻ പെട്ടെന്ന് താഴ്വരയുടെ അടുത്തേക്ക് ഓടിക്കിതച്ചു വന്നു. അന്ന് നീ നിന്റെ സ്ഥിരം അസുഖമായ ശ്വാസംമുട്ടൽ കൊണ്ട് പിടയുന്നത് അവൻ സങ്കടത്തോടെ നോക്കി നിന്നു. അന്നെനിക്ക് മനസ്സിലായി അവൻ എന്നെ പോലെ മണ്ടനല്ലെന്ന്. ജീവൻ നഷ്ട്ടപെട്ടിട്ടും  അവൻ നിന്റെ കൃതൃമ ശ്വാസത്തിൽ ജീവിച്ചില്ലേ നിന്നെ സ്നേഹിച്ചില്ലേ.ഞാനോ നിന്നെ ഓർത്ത് വെറുതെ...അത് പോട്ടെ പറയാൻ വന്ന കാര്യം വിട്ട് പോയി. അന്നവൻ നിന്നെ നോക്കി ഒരു കാര്യം പറഞ്ഞിരുന്നു. എന്തിനാണ് അവൻ അങ്ങനെ പറഞ്ഞത് "

"അദ്ദേഹം എന്താ പറഞ്ഞത് ?"

"നീയാണ് ശരി ,നീ പറഞ്ഞതുപോലെ ആത്മാവ് അതിന്റെ ഉടമസ്ഥനിൽ എത്തിയിരിക്കുന്നു " എന്താണ് അതിന്റെ അര്ത്ഥം .

നീ എങ്ങനെയാ മരിച്ചത് എന്നവൾ ചോദിച്ചുകൊണ്ട് എന്റെ ചോദ്യത്തെ അവഗണിച്ചു .

"ഞാനോ ഞാൻ രണ്ടു വട്ടം മരിച്ചു. ഒന്ന് എന്റെ  ഇരുപത്തിമൂന്നാമത്തെ വയസ്സിൽ, അല്ല സത്യത്തിൽ 23 ആകാൻ 17 ദിവസം കൂടെ ബാക്കിയുണ്ടായിരുന്നു. പിന്നെ  ഒരു ഉറക്കത്തിൽ ആരോടും ഒന്നും പറയാതെ ഇങ്ങ് പോന്നു (അവൾചിരിച്ചു ).നീ അന്ന് പറഞ്ഞ കാര്യങ്ങൾ ഞാൻ  പലപ്പോഴും ഓർക്കാറുണ്ട് "

"എന്ത് "അവൾ ചോദിച്ചു

"ഞാൻ ആദ്യം മരണപ്പെട്ട ആ ഉച്ച സമയംനീ എന്നോട് പറഞ്ഞത് ഞാൻ ഓർക്കുന്നു , "എന്നെ ഒരു കൂട്ടർ വന്ന് പെണ്ണ് കണ്ടു ,അന്ന് വൈകീട്ട് തന്നെ എല്ലാം ഉറപ്പിച്ചു അടുത്ത് നിന്നുള്ള ആലോചന ആയോണ്ട് ഇവിടെ ഉള്ളവരെല്ലാം സമ്മതിച്ചു". അപ്പോ ഞാൻ  നിന്നോട് ചോദിച്ചു."നീയോ.. "പക്ഷേ, നീ ഒന്നും മിണ്ടിയില്ല.

 തെറ്റ് എന്റേതു മാത്രമായിരുന്നു. ഞാൻ ഒരൽപം  ധൈര്യം കാണിച്ചിരുന്നെങ്കിൽ...അല്ല ജോലിയും കൂലിയുമില്ലാത്ത ഒരു കുടുംബം മൊത്തം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഞാൻ എന്ത്  ധൈര്യം കാണിക്കാനാണ്. അന്ന് ഞാൻ  ശരിക്കും മരിച്ചു."

" അല്ല ആത്മഹത്യാ ചെയ്തൂന്ന് പറ" അവൾ പിറുപിറുത്തു .

"നീ പറയുന്നത് ഇവടെ കാത്തു നിൽക്കുന്നവർ ഒക്കെ അവരുടെ ആദ്യ പ്രണയങ്ങൾ ആണെന്നാണോ?''

"ആണെങ്കിൽ "

"ഞാൻ അല്ലല്ലോ നിന്റെ ആദ്യ കാമുകി "അവൾ ചിരിപൊത്തി പറഞ്ഞു

"എന്നെ സ്നേഹിച്ചവർ പലരുണ്ടായിരിക്കാം പക്ഷേ എന്റേത് മാത്രമാകണം എന്നു ഞാനാഗ്രഹിച്ചത്  നിന്നെ മാത്രമായിരുന്നു." ഞാൻ എങ്ങനെ ഒക്കെയോ പറഞ്ഞു തീർത്തു

"നമ്മളെപ്പറ്റി  ഞാൻ അയാളോട് പറഞ്ഞു അയാൾ അവളെ പറ്റിയും. പക്ഷെ എന്നെക്കാൾ വലിയ വിഷമം അയാളുടെ മുഖത്ത് കണ്ടു. ഞാൻ അപ്പോ അയാളെ ആശ്വസിപ്പിച്ചു. 

"പരസ്പരം ഒന്നാവാൻ കഴിയാത്തവർ ഒരു പുനർജന്മത്തിലൂടെ ഒന്നിക്കും.  ഇല്ലേൽ മരണം കൊണ്ടെങ്കിലും..." അവൾ എന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു .

അന്ന് എനിക്ക് എല്ലാം മനസ്സിലായി ,അവിടെ വെച്ച് ഞങ്ങൾ വീണ്ടും പ്രണയിച്ചു തുടങ്ങി

 ഭുമിയിലാണെങ്കിൽ അത് ഒരു അവിഹിതമാണ് സ്വർഗത്തിൽ  ആയത് കൊണ്ട് അത് ഒരു ദിവ്യപ്രണയമായിരിക്കും .


sabith koppam

അഭിപ്രായങ്ങള്‍