ഹാജിയാരുടെ പൂതി

 

 രാത്രി ഒരു പന്ത്രണ്ട് മണി ആയിക്കാണും കിരണിന് പെട്ടന്ന് ഒന്ന് വണ്ടി എടുത്ത് ചെല്ലാൻ പറഞ്ഞുകൊണ്ട് ഫോൺ വരുന്നത് .കിരൺ ഉടനെ തന്നെ പോവുകയും ചെയ്തു . രാവിലെ സമയം ഒരു 9 മണി ആയിക്കാണും കിരൺ തിരിച്ചു  വീട്ടിലേക്ക് വരുമ്പോൾ. ”എന്താ നിന്നെ ഒരു ആശുപത്രി മണം?,നിനക്ക് ഇന്നലെ രാത്രി വന്ന ഓട്ടം ആശുപത്രിയിലേക്ക് ആയിരുന്നോ...? " അമ്മ ഭക്ഷണം എടുത്ത് വെക്കുന്നതിനിടയിൽ ചോദിച്ചു .

" അതെ അമ്മേ  ആ ഷകീബിന്റെ ഉപ്പുപ്പയില്ലേ  മൂപ്പർക്ക് പെട്ടന്ന് അസുഖം കൂടി , ഇപ്പോ ഐ. സി. യു  വിലാണ് " കിരൺ കഴിക്കുന്നതിന്റെ ഇടയിൽ തന്റെ രാത്രി ഓട്ടത്തെ കുറിച്ച് പറഞ്ഞു കൊടുത്തു .

"ആര്  അവറാൻ കുട്ടി ഹാജിയെ..? "

"അതെ "

"അങ്ങേർക്ക് ഒരു പത്ത് എമ്പത്തഞ്ചു വയസ്സയി കാണൂലെ ? തീരെ കിടപ്പിലായിരുന്നോ "

അമ്മ ശകീബിന്റെ  ഉപ്പുപ്പയുടെ അസുഖത്തെ പറ്റി തിരക്കി ." ഏയ് കിടപ്പിലൊന്നും ആയിട്ടില്ല  വയസ്സ് അത്രേ ഒക്കെ ആയെങ്കിലും ഇന്നലെ കൂടെ ആ മുറ്റത്തു കൂടെ  നടന്നിരുന്ന മനുഷ്യനാണ് .ഇടക്ക് പുലർച്ചക്ക് ഒക്കെ ഓട്ടം പോകുമ്പോൾ . ഒരു വടിയും കുത്തി പള്ളിയിൽ  പോകുന്നത് കാണാറുണ്ട് ." കിരൺ തന്റെ അമ്മക് ഹാജിയാരുടെ പ്രായം അദ്ദേഹത്തെ തളർത്തിയിട്ടില്ല എന്ന് പറഞ്ഞു കൊടുത്തു . ശരിയാണ്  ഹാജിയാരുടെ ജീവിത രീതി അങ്ങനെയുള്ള ഒന്നായിരുന്നു .ചെറുപ്പം തൊട്ടേ ശീലിച്ചു പോന്നിരുന്ന ചിട്ട വട്ടങ്ങൾ , അങ്ങനെ ഒക്കെയുള്ള  ജീവിതം അദ്ദേഹം വല്ലാതെ ആസ്വദിച്ചിട്ട് ഒന്നുമില്ലെങ്കിലും അതിന് ഒരു കോട്ടവും തട്ടാതെ ദിനചര്യയിൽ കൊണ്ട് വന്നിരുന്നു .ദിവസവും നേരത്തെ എഴുന്നേറ്റ്  പള്ളിയിൽ പോയി നിസ്‌ക്കരിച്ച് ,കാദർ ഇക്കാന്റെ കടയിൽ നിന്ന്  മൂപ്പരുടെ ഇളയ ചെക്കനെ കൊണ്ട് പത്രം ഉച്ചത്തിൽ വായിപ്പിച്ച് ഒരു ചായ കുടിച്ചു കൊണ്ട് അത് കേട്ടിരിക്കും. അവിടന്ന് നേരെ വീട്ടിൽ പോകും ഒരു വടിയും കുത്തി കൃഷിയിടങ്ങളിൽ ഒക്കെ ഒന്ന് പോകും മക്കൾ എല്ലാം വെടിപ്പായി ചെയ്യുന്നുണ്ടോ എന്നൊക്കെ ഒന്ന് നോക്കി ,പണിക്കരുടെ വീട്ടുകാര്യങ്ങൾ തിരക്കി ആർക്കേലും എന്തേലും പ്രയാസം ഉണ്ടേൽ മുണ്ടിന്റെ അറ്റത്ത് കെട്ടിവെച്ചതിൽ  നിന്ന് പത്തോ നൂറോ കൊടുക്കും .ഇങ്ങനെ ഒക്കെയാണ് അദ്ദേഹത്തിന്റെ ഒരു  ദിവസത്തെ ജീവിതം .തന്റെ ക്ഷീണവും തളർച്ചയും ഒന്നും ആരെയും അറിയിക്കാതെയുള്ള ഒരു ജീവിതം .

 

ഹോസ്പിറ്റൽ വരാന്തയിൽ രണ്ടു മക്കളും  പിന്നെ ശകീബ് അടക്കമുള്ള പേരമക്കളും പ്രാർത്ഥനയോടെ കാത്തിരിപ്പാണ് .ഡോക്ടർ പുറത്തേക്ക് വന്നു .എല്ലാവരും അദ്ദേഹം എന്ത് പറയുമെന്ന ആശങ്കയിലാണ്

" ഇപ്പോ  കുഴപ്പം ഒന്നുമില്ല  ഓർമ  ഒക്കെ വന്നിട്ടുണ്ട് ,സംസാരിക്കുന്നൊക്കെയുണ്ട്  പക്ഷേ അദ്ദേഹത്തിന്റെ  ശരീരം ഭയങ്കര വീക്കാണ് .മരുന്നിനോട് ഒന്നും പ്രതികരിക്കുന്നില്ല .കാണേണ്ടവർക്ക് കേറി കാണാം പിന്നെ കൂടുതൽ സംസാരിപ്പിക്കരുത്  ".

മൂത്ത മകൻ ജബ്ബാറും ഇളയ മകൻ അഷ്‌റഫിന്റെ മകൻ ശകീബും   ഡോക്ടറുടെ കൂടെ അദ്ദേഹത്തിന്റെ മുറിയിലേക്ക് പോയി  " നിങ്ങടെ ഉപ്പാക്ക് ഇപ്പോ  വയസ്സ് എമ്പത്തിയാറാണ് .അത് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരേണ്ട ആവശ്യം ഒന്നുമില്ലാന്ന് എനിക്ക് അറിയാം .നിങ്ങൾ ഈ വയസ്സാൻ കാലത്ത് മൂപ്പരെ ഇങ്ങനെ ചായക്കടേക്കും കൃഷിയിടങ്ങളിലേക്ക് ഒക്കെ വിടുന്നത് എന്തിനാ, ശരീരം ക്ഷീണിക്കില്ലേ ...





 ഒരാഴ്ച്ച മുമ്പ് ഒന്ന് വീണു എന്നു പറഞ്ഞു ,എന്താ ഒന്ന് കൊണ്ട് വന്ന് ചെക്കപ്പ് ചെയ്താൽ  " ഡോക്ടർ  അവരെ നന്നായി ശകാരിക്കുന്നുണ്ട് .

" സാർ , ഉപ്പ നമ്മൾ പറയുന്നത് ഒന്നും കേൾക്കില്ല ,ഇനി അതവ  എന്തേലും നമ്മൾ പറഞ്ഞാൽ അന്ന് ഇരുട്ടുവോളം ആ കാര്യവും പറഞ്ഞ് വഴക്ക് ഉണ്ടാക്കും .വീണപ്പോൾ ഞങ്ങൾ കുറെ നിർബന്ധിച്ചതാണ് .എനിക്ക് ഒന്നും ഇല്ല ഞാൻ എങ്ങോട്ടും  ഇല്ലാ എന്നും പറഞ്ഞ് ഇരുന്നാൽ  എത്രേച്ചിട്ടാ നമ്മൾ നിർബന്ധിക്കുക "

ഡോക്ടർ ഒന്ന് ചിരിച്ചു .

" എനിക്ക് നിങ്ങടെ ഉപ്പാനെ കുറെ നാളുകൾ ആയിട്ട് അറിയാം എന്റെ അച്ഛന്റെ പേഷ്യന്റെ  ആയിരുന്നു ആദ്യം .അച്ഛൻ  ശേഷം കുറെ നാളുകളായിട്ട് ഞാൻ തന്നെ അല്ലേ  നോക്കുന്നത് .അത് കൊണ്ട് ഉപ്പാടെ അത്തരം പിടിവാശികൾ ഒക്കെ എനിക്ക് നന്നായി അറിയാം .പലപ്പോഴും എന്നോട് തന്നെ പറഞ്ഞിട്ടുണ്ട് ഒരു പത്ത് അമ്പത് വയസ്സാകുന്നതിന് മുമ്പേ തന്നെ സകല ഇഷ്ടങ്ങളും  ഇഷ്ട്ട ഭക്ഷണങ്ങൾ ആഗ്രഹങ്ങൾ ഇതൊക്കെ തനിക്ക് ഒഴിവാക്കേണ്ടി വന്നിട്ടുണ്ടെന്ന് അത് കൊണ്ടാണ് ഞാൻ ഇങ്ങനെ  എഴുന്നേറ്റ്  നടക്കുന്നത്  . ഷുഗറും പ്രഷറും കൊളസ്ട്രോളും  തുടങ്ങി ഇല്ലാത്ത അസുഖങ്ങൾ ഒന്നും ഇല്ല . എന്നിട്ടും മൂപ്പര്  ഈ പ്രായത്തിലും മണ്ടി  പായുന്നുണ്ടേൽ അത് അദ്ദേഹത്തിന്റെ  കണ്ട്രോൾ ഒന്ന് കൊണ്ട് മാത്രമാണ് . പക്ഷെ ഇപ്പോ  കാര്യങ്ങൾ അങ്ങനെ ഒന്നും അല്ല ,ശരീരത്തിലെ പല ഭാഗവും ഫങ്‌ഷനിങ് അല്ലാ .ശരീരം ഭയങ്കര വീക്കാണ്  " ഡോക്ടർ ഹാജിയാരുടെ  നിലവിലെ സ്ഥിതിയും പുതിയ രോഗത്തിന്റെ പേരും പറഞ്ഞു കൊടുത്തു . തന്റെ വാപ്പയുടെ ഇപ്പോഴത്തെ അസുഖത്തെ പറ്റി  പറഞ്ഞതും  മക്കൾ വല്ലാണ്ട് തളർന്നു

" വിരലിൽ എണ്ണാവുന്ന ദിവസങ്ങളെ അദ്ദേഹത്തിന് ഇനി ഒള്ളു .ഓരോ ദിവസം കഴിയും തോറും  ശരീരത്തിലെ ഓരോ ഭാഗങ്ങൾ പ്രവർത്തന രഹിതമായി  കൊണ്ടിരിക്കും .ഇനി നിങ്ങൾ കൂടെ ഉണ്ടാകുക എന്നുള്ളതാണ് പ്രധാനം ,പിന്നെ മുകളിലുള്ള ആളുടെ കയ്യിലാണ് ,നമ്മുക്ക് ചെയ്യാവുന്നത് എല്ലാം കടന്നു പോയിരിക്കുന്നു ,കുറച്ചു മുമ്പേ രോഗം തിരിച്ചറിയാൻ കഴിഞ്ഞിരുന്നേൽ നമുക്ക് എന്തേലും  ചെയ്യാമായിരുന്നു  ഇത് ഇപ്പൊ ലാസ്റ്റ് സ്റ്റേജ് ആയി..."

ഡോക്ടറുടെ മുറിയിൽ നിന്ന് ഇറങ്ങുമ്പോൾ  ശകീബിന്റെ മനസ്സിൽ  മുഴുവൻ പണ്ട് കുട്ടിക്കാലത്ത്  ഉപ്പുപ്പാ തന്നോട് പറഞ്ഞ കാര്യങ്ങൾ ആയിരുന്നു " എടാ ശക്കീ  നീ ഈ മിട്ടായി ഒക്കെ തിന്ന്  നടന്നാൽ  ഉപ്പുപ്പന്റെ  പോലെ പെട്ടന്ന് വയസ്സൻ ആവില്ലേ ,  ഉപ്പുപ്പ മുട്ടായി തിന്നാൽ ഗംഗാധരൻ ഡോക്ടർ വഴക്ക് പറയുന്നത്  നീ കേട്ടിട്ടില്ലേ ..."

" അത് എന്തിനാ ഉപ്പുപ്പാനെ വഴക്ക് പറയുന്നേ "

"ഉപ്പുപ്പാക്ക് മധുരം കഴിക്കാൻ ഒന്നും പറ്റില്ലടാ ,ഇറച്ചി കൂട്ടാൻ പറ്റൂല.എത്ര നാളായി അറിയോ വായക്ക് രുചിയുള്ള  നല്ല കപ്പയും പോത്തും കഴിച്ചിട്ട്   ,ജീവിക്കാൻ വേണ്ടി ഇഷ്ട്ടങ്ങൾ ഒക്കെ ഒഴിവാക്കി ജീവിക്കുന്ന ഒരു  വിഡ്‌ഢിയാണ്  മോനെ  ഞാൻ . എന്നെങ്കിലും ഞാൻ മരിക്കാൻ  കിടക്കുമ്പോൾ മോൻ മോന്റെ ഉപ്പാനോടും മൂത്താപ്പനോടും പറയണം . മരിക്കുന്നതിന് മുമ്പ് അവസാനമായി  ഇച്ചിരി കപ്പയും പോത്ത് വരട്ടിയതും  കൊണ്ട് കൊടുക്കണമെന്ന് . ഈ കഞ്ഞിയും ഉണക്ക മുളകും ബ്രെഡ്ഡും ഒക്കെ സ്ഥിരം കഴിക്കുന്നത് കൊണ്ട് ആണോ എന്തോ വയറിന് ഇപ്പൊ മൂന്ന് നേരം ഭക്ഷണം വേണമെന്ന് ഒരു വാശിയുമില്ല ,തീരെ വിശപ്പില്ല .പിന്നെ  ഉണക്കമുളകും കഞ്ഞിയും കുടിച്ച് ഖിയാമത്ത് വരെ  ആ ഖബറിൽ കിടക്കേണ്ടി വരുവാന്ന്  പറയുമ്പോൾ ഒരു വിഷമം .അവടെ ആരും കപ്പയും പിന്നെ ബീഫും ഒന്നും കൊണ്ട് തരില്ലല്ലോ "

അവർ രണ്ടു പേരും അതും പറഞ്ഞ് ഒരുപാട് ചിരിച്ചു .

" അത് ഞാൻ ഏറ്റു ഉപ്പുപ്പാ "

" എന്നാൽ നീ നിന്റെ ഉപ്പാനോട് പറഞ്ഞ് ഒരു ബീഡികൂടെ തരാൻ പറ .പണ്ട് കദീജ  കാണാതെ പാത്തും  പതുങ്ങിയും  ഒക്കെ വലിച്ചിരുന്ന  ആ ഒരു സുഖം അവൾ ഈ ലോകത്ത് ഇല്ലേലും   പോകും മുമ്പ്  അവസാനമായി എനിക്ക് അത് ഒന്ന് അറിയണം "

വരാന്തയിലെ ബെഞ്ചിൽ ഇരുന്ന് വർഷങ്ങൾക്കിപ്പുറം ഇതെല്ലം ഓർക്കുമ്പോൾ ശകീബിന്റെ  കണ്ണുകൾ അറിയാണ്ട്  നിറ യുന്നുണ്ടായിരുന്നു .

തന്റെ മുന്നിൽ ഒരു കൊച്ചു കുട്ടിയെ പോലെ തന്റെ അന്ത്യാഭിലാശം  വർഷങ്ങൾക്ക് മുമ്പ് ഉപ്പുപ്പ  പറഞ്ഞത് അവൻ എല്ലാവരോടും പറഞ്ഞു ആരും അവനെ അതിന് സമ്മതിച്ചില്ല പലരും എതിർത്തു ചിലര്  ദേഷ്യപ്പെട്ടു .

"മൂപ്പര് ഇത്രയും സീരിയസായി കിടക്കുമ്പോൾ  ആണോ നിന്റെ കപ്പയും ബീഡിയും "

"ഓൻ പ്രാന്ത് അല്ലാണ്ട് എന്താ ,ഞാനാണ് വാപ്പാടെ ഇളയ മോൾ എന്നോടുള്ള സ്നേഹക്കൂടുതലും ഇഷ്ടക്കൂടുതലും എന്നെ എത്രത്തോളം വാപ്പാക്ക് കാര്യമാണ് എന്നൊക്കെ  എല്ലാർക്കും അറിയുന്നത് അല്ലേ  ആ ഇന്നോട് പോലും  ഇങ്ങനെ ഒന്നും വാപ്പ പറഞ്ഞിട്ടില്ല  ഓനോട്‌ വേണേൽ തമാശ പറഞ്ഞത് ആകും " അമ്മായി കണ്ണീരും മൂക്കും തുടച്ച് കാണുന്ന ബന്ധുക്കളോട് ഒക്കെ  പറഞ്ഞു നടന്നു .നിമിഷ നേരം കൊണ്ട് കുടുംബങ്ങളിൽ ഇത് ഒരു ചർച്ച വിഷയമായി .

" എടാ നീ ഇനി അത് കൊടുത്തിട്ടാണ്  ഉപ്പ മരിച്ചത് ന്ന് വരെ ചിലപ്പോൾ പറയും നിന്റെ  കുടുംബക്കാര് ,ഇല്ലാത്തത് പറഞ്ഞുണ്ടാക്കാൻ ഓ അവരെ കഴിഞ്ഞേ ആരും ഒള്ളു.ഇജ്ജ് അതിന് ഒന്നും നിക്കണ്ട   "  ഉമ്മയുംഅവനെ  മുടക്കി.

ഹാജിയാര്  ഇന്നോ നാളെയോ എന്നും പറഞ്ഞു കൊണ്ട് ഐ.സി.യു  വിൽ   കിടക്കാണ്

"ആരും അറിയണ്ട നീ ആ ഹോട്ടലിൽ  എവിടേലും ഒന്ന് പറഞ്ഞു വെച്ചക്ക് ആവശ്യം വന്ന നമുക്ക്  അപ്പോഴത്തെ സാഹചര്യത്തിന്  അനുസരിച്ച് എന്തേലും ചെയ്യാം .അല്ലേൽ പിന്നെ അതിന് കഴിഞ്ഞില്ലേൽ ന്റെ കുട്ടിക്ക് ജീവിത കാലം മുഴുവൻ ഒരു വിഷമമായി അത് മനസ്സിൽ ഉണ്ടാകും "

ഉപ്പ മകന് തന്റെ വാപ്പയുടെ ആഗ്രഹം നിറവേറ്റാൻ സമ്മതം മൂളി .പക്ഷേ  അപ്പോഴും തന്റെ മറ്റു ബന്ധുക്കൾ തടസ്സം നിക്കുമോ എന്ന ആശങ്ക അവൻ ഉണ്ടായിരുന്നു

എല്ലാവരെയും കാണണമെന്ന് ഹാജിയാര്  പറഞ്ഞത് കൊണ്ട് എല്ലാവരും  ആ മുറിയിലേക്ക് പോയി .

ഓരോരുത്തരെയും  മാറി മാറി നോക്കി ഒന്ന് പുഞ്ചിരിച്ചു .ഷകീബിനെ  നോക്കി ഇടറിയ ശബ്ദത്തിൽ " മോനെ ഷക്കീ നീ മറന്നോ എവടെ എന്റെ കപ്പയും ബീഫും " ചിരിച്ചു കൊണ്ട് ചോദിച്ചു ." നിക്ക് ഇനി അതികം സമയമില്ല  നീ അത് കൊണ്ടുവാ "

"ഉവ്വ് ഉപ്പുപ്പാ ,ജംഷി എടുക്കാൻ പോയിട്ടുണ്ട് "

ഒന്ന് ചിരിച്ചിട്ട് ചോദിച്ചു ബീഡിയോ ".

ഒരു ആയുസ്സിന്റെ  അവസാന നിമിഷത്തെ ആഗ്രഹം പറച്ചിൽ കേട്ട് അവരുടെ കണ്ണുകൾ ഈറനണിഞ്ഞു .

ഒരു കുഞ്ഞി കൈയിലിൽ ലേശം കപ്പയും രണ്ടു കഷ്ണം  ബീഫും ,ബീഡി ഒന്ന് ചുണ്ടത്ത്  വെച്ച് എടുക്കുകയും ചെയ്തു തന്റെ ആഗ്രഹം പൂർത്തിയാക്കി  തന്റെ പേരക്കുട്ടിയുടെ കവിളിലൊരു മുത്തവും കൊടുത്തു .

ഇന്ന് ആറടി മണ്ണിൽ ഉറങ്ങുകയാണ് ഹാജിയാര്,  തന്റെ അവസാന പൂതിയും നിറവേറ്റി , മൂപ്പര്  എപ്പോഴും  പറയും പോലെ " ജീവിക്കാൻ വേണ്ടി ആഗ്രഹങ്ങൾ  മാറ്റി ഒടുക്കം മരിക്കാൻ വേണ്ടി  ആഗ്രഹങ്ങളും ഇഷ്ട്ടങ്ങളും  നിറവേറ്റി കൊണ്ട് "

അഭിപ്രായങ്ങള്‍