അജബലിയുടെ വ്യഥ..







നിറവയറുമായി സൈനബ് ഉമ്മറപടിയിൽ ഇരിക്കുന്നുണ്ട്,വെറ്റില മുറുക്കി തുപ്പി ഉച്ചത്തിൽ സംസാരിച്ചു കൊണ്ട്  സൂറാബി വീട്ടിലേക്ക് കയറി വരുന്നുണ്ട് " നക്കികൾ വോട്ട് തെണ്ടുമ്പോൾ എന്താ വിനയം സുൽഫത്ത് ന്റെ ഇളയ ചെക്കന്റെ മൂക്ക് വരെ പീഞ്ഞു കൊടുത്തിരുന്നു . ഈ വജ്ജ് ഒന്ന് നന്നാക്കാൻ പറഞ്ഞാൽ ഓന്റെ ചുറ്റിക നക്ഷത്രം കൈപ്പത്തിയും  പൂവും ഒക്കെ ഒറ്റ മൂളലാണ്  അയിന് എന്താ ഉമ്മ ചെയ്യലോ..വർഷം മൂന്നായി.." സൂറാബി  നടക്കുംതോറും നീട്ടി നീട്ടി തുപ്പി കൊണ്ട് മുകളിലേക്ക് കയറി വന്നു .


എടി എരണം കേട്ടൊളെ അന്നോട് ഞാൻ ഈ വയറും വെച്ച് ഉമ്മറപടിയിൽ വന്നിരിക്കരുത്  എത്ര വട്ടം പറഞ്ഞുക്കുണ്  കേറി പൊടി അകത്ത്" സൂറാബി സൈനബിനെ  വീടിന്റെ അകത്തേക്ക് പറഞ്ഞയച്ചു.

മുറ്റത്തു വീണ ചുള്ളി കമ്പുകൾ  പെറുക്കുന്ന കൂട്ടത്തിൽ  എന്തോ കണ്ട സൂറാബി  വീണ്ടും സൈനബിനെ ഉറക്കെ വിളിച്ചു " സൈനബാ എടി സൈനബാ.." സൈനബ് വിളികേൾക്കുന്നില്ല  .കുറച്ചു നേരം കഴിഞ്ഞ് വീണ്ടും " സൈനബാ എടി സൈനബാ.." വിളി കേൾക്കാത്ത മകളെ പഴിച്ച്   എന്തോ ഒന്ന് മുറ്റത്ത് നിന്ന് എടുത്ത്  ചെറിയ കുഴി കുത്തി  അതിലിട്ട് മൂടി.

" ഉമ്മാ ഇങ്ങളോട് ഞാൻ എത്ര വട്ടം പറഞ്ഞിണ്ട് ന്നെ സൈനബാ ന്ന് വിളിക്കല്ലേന്ന്  ന്റെ പേര് സൈനമ്പാന്ന് അല്ല ന്റെ പേര് സൈനബ് എന്ന് അല്ലേ.." മുഖം കടുന്നിൽ കുത്തിയ  പോലെ ചോക ചോകാന്ന് ചോപ്പിച്ച്  ഓൾ സൂറാബിനോട് കയർക്കാൻ തുടങ്ങി.

"ഓ ഒരു പത്രാസുകരി വന്നുക്കുണ്  എടി ന്റെ പേര് സുഹ്റാ ന്നാണ്  ഇന്നേ അന്റെ ബാപ്പ കെട്ടി കൊണ്ടുവരുമ്പോൾ മൊല്ലാക്കാന്റെ മുമ്പിൽ  വെച്ച് ന്റെ വാപ്പക്ക് കൈയ്യും കൊടുത്ത് പറഞ്ഞത് മൂസഹാജിയുടെ മകൾ സുഹറാനെ  ഇണയായി തുണയായി....

എന്നിട്ടോ  ഈ നാട്ടുകാര് എന്നെ വിളിക്കുന്നത് ചൂടത്തി സൂറാബി എന്നാണ് ഇപ്പോ കുറച്ച് ആയിട്ട്  ചൂടത്തി ന്ന് മാത്രേ ഞാൻ കേൾക്കാറോള്ളു "

സൈനബ് ചിരിച്ച് ചിരിച്ച് ആ മുഖത്ത് ഒരു ഉമ്മ കൊടുത്ത് 


"ഓ ഒളുടെ ഒരു ഉമ്മ എവിടെർന്നു ഞാൻ ഇവടെ കിടന്ന് തൊണ്ട കീറുമ്പോൾ "

"ഞാൻ നിസ്കരിക്കാർന്നു ഉമ്മാ " സൈനബ്  ഉമ്മയെ ഒന്ന് നോക്കി .

"ഓ ന്റെ മോൾ മുസ്ഹഫിന്റെ നടുകത്തെ  കഷ്ണം ആണല്ലോ ,എടി പൂങ്കോല പോലെ മുടി ഉണ്ടേൽ  അത് വാർന്നിടുമ്പോൾ   മുറ്റത്ത്ക്ക് ഇടരുതെ ന്ന് അന്നോട് ഞാൻ പറഞ്ഞിട്ടില്ലേ...

ഒന്നെങ്കിൽ  ആരും കാണാത്തിടത്ത് കൊണ്ട്   ഇടുക അല്ലേൽ ഒരു ചെറിയ കുജ്ജ്  കുത്തി ആയിൽ ഇട്ടുടെ അല്ലേലും അത് ഒന്നും അന്റെ കാര്യത്തിൽ പറഞ്ഞിട്ടില്ലല്ലോ.. "

അങ്ങനെ  ഇണങ്ങിയും പിണങ്ങിയും സുഹ്റാബിയും സൈനബും ഡെലിവറി കാത്ത് കഴിഞ്ഞു.


ആട്ടിൻ കൂട്ടിലേക്ക് ചുണ്ടി സൂറാബി ആരോടോ പറയുന്നുണ്ട് " ഇത് ഇവളുടെ മാപ്പിള ഷൂക്കൂർ ഇല്ലേ ഓന്റെ പണിയാണ് .ഓൾക്ക് വിശേഷണ്ട് ന്ന്  അറിഞ്ഞപ്പോൾ കുറച്ച് കായ് ഓൻ അയച്ചു ,ഉമ്മാ നല്ല രണ്ട് ആട്ടിൻ കുട്ടികളെ  വാങ്ങി ന്നും പറഞ്ഞ് ഒളുടെ പേർ കഴിഞ്ഞാൽ അറക്കാൻ ഉള്ളതാണ് അതിറ്റങ്ങളെ."

എന്നും സൈനമ്പ്  അവറ്റകളെ ഓരോന്ന് പറഞ്ഞ് വിളിച്ചും കൊഞ്ചിച്ചും നോക്കി ഇണ്ടാക്കിയതാണ് .സൂറാബി പഴമ്പൂരാണം പറയാൻ  അയൽപക്കത്തെ വീടുകളിലേക്ക് പോയാൽ  സൈനബ്  ഈ ആടുകളെ നോക്കി  ഉമ്മറത്ത് ഇരിക്കും .അവറ്റകളോട് മിണ്ടിയും  പറഞ്ഞും നേരം കഴിച്ചു കൂട്ടും .ആടുകൾ ആണേൽ മുട്ടി ഒരുമ്മി മുട്ടി ഒരുമ്മി അവളുടെ പുറകെ നടക്കും .പ്രസവം അടുക്കാറായപ്പോഴേക്കും  സൈനബ്  ആടുകളെ വല്ലാണ്ട് ഇഷ്ട്ടപ്പെട്ടു തുടങ്ങിയിരുന്നു.

"ഇക്കാ ,നമുക്ക് പാത്തുനെയും കൊൽസുനേയും അറക്കണോ  "

"അത് ആരാ ?"

"ഹാ നമ്മുടെ ആടുകൾ "

"അറക്കാണ്ട് പിന്നെ ,അതിറ്റങ്ങളെ അതിന് അല്ലേ വാങ്ങിയത്"

"വേണ്ട ഇക്കാ അതിങ്ങൾ പാവല്ലേ" സൈനബ് ഒരുപാട് പറഞ്ഞു നോക്കി.

"ന്റെ സൈനു അത് ഇപ്പോൾ  നട്ടു നടപ്പ് അങ്ങനെ അല്ലേ. കുഞ്ഞ് ജനിച്ചാൽ ആടിനെയോ പൊതിനെയോ ഒക്കെ അറക്കും അത് ഒക്കെ സ്വാഭാവികം അല്ലെ ആയിൻ ആണോ നീ ഇങ്ങനെ "

"എന്നാൽ പിന്നെ ഇങ്ങൾക്ക് അത് അപ്പോ വാങ്ങിയാൽ പോരാർന്നില്ലേ .എന്തിനെ ഇത്ര നേരത്തെ ഇവടെ കൊണ്ട് വന്ന് എന്നെ കൊണ്ട് തീറ്റ കൊടുത്ത് വളർത്തിച്ചത് "

ഒരു പൊറ്റമ്മയുടെ  സ്നേഹം അവടെ വല്ലാണ്ട് പരിമണം വീശുന്നുണ്ടായിരുന്നു.

"അത് പിന്നെ അപ്പോഴത്തെ സന്തോഷത്തിന് ഞാൻ അങ്ങനെ ചെയ്തു ". സൈനബ് ദേഷ്യത്തിൽ ഫോണ്  കട്ടാക്കി.നാളുകൾ കടന്ന് പോയി സൈനബ് പ്രസവിച്ചു ,അപ്പോഴേക്കും  ഷുക്കൂർ നാട്ടിൽ എത്തി .

ഏഴിന്റെ അന്ന് വീട്ടിലേക്ക് രണ്ട് കൂട്ടർ വന്നു .ഒന്ന്  ഒസ്സാൻ കാദറും ശുക്കൂറും ഓന്റെ കുടുംബക്കാരും  രണ്ട് അറവുകാരൻ സൈതാലിയും കൂട്ടാളികളും..

ആട്ടിൻ കൂട് തുറന്ന് സൈതാലി പാത്തുനേയും കോൽസുനേയും കൊണ്ട് പോയി .തൊട്ടിലിൽ നിന്ന് ഷുക്കൂർ കുഞ്ഞിനെ ഉമ്മയുടെ മടിയിലേക്ക് വെച്ചു കൊടുത്തു .മൂർച്ചകൂട്ടിയ കത്തി വീടിന്റെ പിന്നാമ്പുറത്ത് സൈതാലി എടുത്ത് കാണും ആടുകൾ വല്ലാണ്ട് കരയുന്നുണ്ട്. ഒസ്സാൻ കാദർ കത്തി കൊണ്ട് പതുക്കെ മുടികളയാൻ തുടങ്ങി. കുഞ്ഞും വാ വിട്ട് കരയാൻ തുടങ്ങി. കുഞ്ഞിന് അവര് ഹാദിയ എന്ന് പേരിട്ടു .അന്ന് സൈനബ് ന്റെ കണ്ണ് വല്ലാണ്ട് കലങ്ങിയിരുന്നു തന്റെ  കുഞ്ഞ് കരയുന്നത് കണ്ട് ആണോ അതോ പാത്തുന്റെയും  കോൽസുന്റെയും  കരച്ചിൽ കേട്ട് ആണോ അറിയില്ല. അവളുടെ കണ്തടങ്ങൾ നിറഞ്ഞിരുന്നു.


 എല്ലാം കഴിഞ്ഞ് അമ്മയിമാർ കുഞ്ഞിന് പണ്ടം ചാർത്തി. സൈനബ് തന്റെ കുഞ്ഞിനെ മാറോട് ചേർത്ത് പിടിച്ചു പെട്ടന്ന് ഒരു കരച്ചിൽ കേട്ടു പിന്നാമ്പുറത്ത് നിന്നാണ്  ആ കരച്ചിൽ കേട്ടതും അവളുടെ മുഖം പ്രകാശിച്ചു ആ ചുണ്ടുകളിൽ ഒരു ചെറു പുഞ്ചിരി വിടർന്നു .ആടുകളുടെ കരച്ചിൽ ആർന്നു അത്.അറത്തിട്ടില്ല എന്ന് അവൾക്ക്  മനസ്സിലായി. പെട്ടന്ന് അവളുടെ മുഖം വാടി ആ ചിരി മഞ്ഞു ചിരിച്ചു കൊണ്ട് അവളെ നോക്കുന്ന ഷൂക്കൂർ നെ നോക്കി " വേറെ ഒന്നിനെ അറത്തു ലെ"  ഷൂക്കൂർ തല താഴ്ത്തി ഒന്നും മിണ്ടിയില്ല."

അവൾ അവളുടെ കുഞ്ഞിന്റെ നെറുകിൽ തലോടി അവനോട് പറഞ്ഞു  

"അതും ഒരു ജീവനായിരുന്നു "

By sabith koppam




 

അഭിപ്രായങ്ങള്‍