ഒരു കൊച്ചുപട്ടം

 



റൂമിൽ കണ്ണാടിയിൽ നോക്കിയിരിക്കുന്ന അസ്മയുടെ അടുത്തേക്ക് ലച്ചു ഓടി വന്നു "അയ്യേ അസ്മു താത്ത  ഡ്രെസ്സ് മാറ്റിയിട്ടില്ല ല്ലോ...." ഉറക്കെയുള്ള ലച്ചുന്റെ  സംസാരം കേട്ട് ഉമ്മ മുകളിലേക്ക് വിളിച്ച് പറയുന്നുണ്ട് 

" കുടുംബത്തിൽ ഒരു കല്യാണം ഉണ്ടെന്ന് അറിഞ്ഞാൽ ഈ പെണ്ണ്  മുറിക്ക് പുറത്തിറങ്ങില്ല മര്യാദക്ക് മാറ്റി പുറത്തിറങ്ങിക്കോ പെണ്ണേ വാപ്പി വിളിക്കട്ടെ ഞാൻ പറഞ്ഞു കൊടുക്കുന്നുണ്ട് അന്റെ കുറുമ്പ്."

ശരിയാണ് അസ്മു ഇപ്പോ കുടുംബങ്ങളിലെ കല്യാണത്തിന് ഒന്നും പോകാറില്ല .അതിന് അവൾക്ക് അവളുടെതായ കാരണങ്ങളുമുണ്ട് .വല്യതാത്തി തൊട്ട് ഇന്നലെ  കുടുംബത്തിലേക്ക് കെട്ടി കൊണ്ട് വന്ന പെണ്ണ് അടക്കം അവൾക്ക് കല്യാണലോചനകൾ കൊണ്ട്  പുറകെ നടക്കും .

അമ്മായിമാരും ചില അമ്മാവൻ കാരണവന്മാരും   കഴുകൻ കോഴി കുഞ്ഞുങ്ങളെ റാഞ്ചാൻ  വട്ടമിട്ട് പറക്കും പോലെ കല്യാണ പന്തൽ മൊത്തം നടക്കുന്നുണ്ടാകും .ഇങ്ങനെ ഒക്കെ ആണെങ്കിലും ഒടുക്കം ഉമ്മയുടെ നിർബന്ധത്തിന് അവൾ കല്യാണത്തിന് പോകാൻ തീരുമാനിച്ചു.


ചെന്നപാടെ  കല്യാണപെണ്ണ് ഫോട്ടോ പിടുത്തത്തിലാണ് അറിഞ്ഞപ്പോൾ ഉമ്മ അങ്ങോട്ട് ഓടി അസ്മുന്  അതും അത്ര പിടിച്ചില്ല .അവൾ മനസ്സില്ല മനസ്സോടെ ഉമ്മയുടെ നിഴൽ പിന്തുടർന്നു. ഒടുക്കം എല്ലാരേയും ഫോട്ടോ എടുക്കാൻ വിളിച്ചു  അസ്മുനെയും വിളിച്ചു, അല്ലങ്കിൽ ഇരുപത്തിനാല് മണിക്കൂറും ഫോണിൽ ഫോട്ടോ എടുത്ത് നടക്കുന്ന അവളുടെ പുറകിലേക്ക് വലിയൽ കണ്ട് ഉമ്മ പല്ലു കടിച്ചു കണ്ണ് കൊണ്ട് ആക്ഷൻ കാണിച്ചും അവളെ ഫോട്ടോക്ക് പിടിച്ചു നിർത്തി .അതാ വരുന്നു ക്യാമറ മാന്റെ കമന്റ്  "ഒന്ന് ചിരിക്ക് എടോ ,ഇനി ഇപ്പോ ഇതൊക്കെ ശീലിക്കണ്ടേ അടുത്ത പുതുപെണ്ണ് അല്ലേ,". അസ്മു അവനെ ദേഷ്യത്തോടെ നോക്കി " പിന്നെ അവന് ആണല്ലോ ഇതൊക്കെ തീരുമാനിക്കൽ " അവിടെ നിന്ന് തന്നെ  അവൾ പ്രതീക്ഷിച്ച ചോദ്യങ്ങൾ വന്നു തുടങ്ങി എന്ന് കണ്ടപ്പോൾ അവൾ പതുക്കെ  ഒരു മൂലയിൽ പോയി ഇരുന്നു.


കല്യാണം ഒക്കെ അല്ലേ വയർ നിറച്ച് ഫുഡ് കഴിച്ച് ഈ ദേഷ്യം തീർക്കാന്ന് കരുതിയപ്പോൾ. നേരെ പോയി പെട്ട ടേബിൾ .നാട്ടിലെ കുടുംബശ്രീനേക്കാൾ വലിയ വാർത്ത അവതാരിക ഖദീജ താത്താന്റെ മുന്നിൽ.

" എടി അസ്മു ഇജ്ജ് ന്റെ സുൽഫിടെ കൂടെ പഠിച്ചിരുന്നത് അല്ലേ, ഒനൊക്കെ ഇപ്പോ പഠിത്തം മതിയാക്കി ദുബായ് പോയി ,നല്ല ശമ്പളമാണ് അവടെ എന്തോ കഫ്തീരിയ അങ്ങനെ എന്തോ ആണ് വലിയ എന്തോ പണി ആണ് ന്ന ഓൻ പറഞ്ഞത് .ആട്ടെ ഇയ്യു ഇപ്പളും പഠിക്കാണോ..."

"ഉം"

" അല്ല സുലൂ മകൾക്ക് ഫുൾ എപ്പളസ്സ് കിട്ടിന്ന് കരുതി ,ഇജ്ജ് ഇവളെ കെട്ടിക്കാൻ ഒന്നും നോക്കുന്നില്ലേ..."

പിന്നീട് അങ്ങോട്ട്    തട്ട് ഒരുപാട് വട്ടം റിഫിൽ ചെയ്തു വന്നു. ഓരോ പ്രാവശ്യവും  വിവാഹത്തിന്റെ മഹത്വം പറഞ്ഞു കൊണ്ടുള്ള ഉപദേശങ്ങളും കൂടെ വന്നു.


നാളുകൾ കടന്നു പോയി അന്ന് തുറിച്ചു നോക്കിയ ഏതോ നോട്ടത്തിന്റെ പരിണിതഫലം എന്നോണം ഒരു കല്യാണലോചന വീട്ടിൽ വണ്ടി വിളിച്ച് എത്തി. ലഡു വന്നു ജൂലിബി വന്നു പിന്നെ ഒരു പാർലെ ബിസ്ക്കറ്റും .ഇനി വരാനുള്ളത് അസ്മയുടെ  ജ്യൂസ് ആണ്. ഇതൊക്കെ ഒരുമിച്ച് കൊണ്ട് വച്ചാൽ എന്താ എന്ന് ഒരുപക്ഷേ അവൾ ആ നിമിഷം ചിന്തിച്ചു കാണും.

ജ്യൂസ് കൊടുക്കുന്ന സമയം അവൾ ഒന്ന് അവന്റെ മുഖത്തേക്ക് നോക്കി . എന്നിട്ട് പതിയെ ഉമ്മയുടെ പുറകിലേക്ക് മാറി നിന്നു.  " എന്നാൽ പിന്നെ അവർ എന്തേലും സംസാരിച്ചോട്ടെ " വന്ന കൂട്ടത്തിലെ ആരോ ഒരാൾ പറഞ്ഞു.

ഹാൾ ന്റെ ഒത്തനടുക്ക് അവർ എല്ലാം മാറി നിൽക്കാതെ എന്ന മാറി നിന്നു എന്ന പോലെ ഉള്ള ഒരു നിർത്തം. അസ്മു ഉടനെ " ഞങ്ങൾ ഒന്ന് നടക്കട്ടെ അൽപ്പം "ഉമ്മ അവിടെ നിന്ന് കണ്ണുരുട്ടി .പക്ഷേ അവൾ സ്വയം മുറ്റത്തേക്ക് ഇറങ്ങി.

" ഈ സിനിമയിൽ കാണും പോലെ ഒന്നും അല്ലല്ലേ.. " അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

" ആദ്യത്തെ  പെണ്ണ് കാണൽ ആണോ.."

"ഉം"

" ഇത് വെറുതെ ഒരു ഷോ ആണ് , ഏത് വരെ പഠിച്ചു ,മദ്രസ പിന്നെ തുടർപഠനം .കുറച്ചു കൂടെ പറയുവാണെങ്കിൽ അവൻ അവന്റെ രണ്ട് കാര്യങ്ങൾ പറയും അത്ര തന്നെ. ഇത്രയൊക്കെ ഈ തറവാട്ടിൽ നടന്ന പെണ്ണ് കാണാലിൽ നടന്നിട്ടൊള്ളു .ഇപ്പോ തന്നെ ആ ഹാളിൽ നിന്ന് പുറത്ത് ഇറങ്ങിയപ്പത്തന്നെ എന്റെ ഇവിടുത്തെ വില്ലത്തരം മനസ്സിലായിലെ "

അവൻ ചിരിക്കാൻ തുടങ്ങി "  ഒക്കെ എന്റെ പേര് ശാഖിബ്‌, നിനക്ക് വേണേൽ ശാഖി എന്ന് വിളിച്ചോ. ഞാൻ  ഒരു   അഡ്വക്കേറ്റ് ആണ് പിന്നെ ,നിനക്ക് എന്തോ പറയാൻ ഉണ്ട് എന്ന് തോന്നുന്നു അതോണ്ട് നീ ആദ്യം പറ നിന്റെ കാര്യങ്ങൾ."

അവൾ അവനെ ഒന്ന് നോക്കി " എനിക്ക് അതികം പറയാൻ ഒന്നുമില്ല എനിക്ക് ഈ കല്യാണത്തിന് താല്പര്യമില്ല അത് നിങ്ങളെ ഇഷ്ട്ടപെടാഞ്ഞിട്ട് ഒന്നും അല്ലാട്ടോ.. എനിക്ക് കുറച്ചു കഴിഞ്ഞിട്ട് ഒക്കെ മതി."

ശാഖിബ്‌ അവളോട്  അവളുടെ സ്വപ്നങ്ങളെ പറ്റി ചോദിച്ചു. "ഒരു പെണ്ണിന്റെ സ്വാപ്നം ന്താ ഡോക്ടർ എൻജിനീയർ അങ്ങനെ ഇങ്ങനെ എന്നോക്കെ അവർ പറയും അത് പോലെ ഉള്ളത് ഒക്കെ എനിക്കും ഉണ്ട് പക്ഷേ എന്നോട് ആരേലും സ്വാപ്നം എന്താന്ന് ഒക്കെ ചോദിച്ചാൽ  ക്ലാസ് കഴിഞ്ഞ് വന്നാൽ അലിക്ക ബാഗ് ഒക്കെ റൂമിലേക്ക് എറിഞ്ഞ്  കളിക്കാൻ പോകും എനിക്ക് ആണേൽ  വന്ന ഡ്രെസ്സ് അലക്കി ഇടണം ബാക്കി വീട്ടിലെ എന്തേലും ജോലിയൊക്കെ തന്ന് അവടെയിരുത്തും അത് പോലെ ഒരു ദിവസ   മെങ്കിലും  ഒന്ന്, ഇങ്ങൾ ചിരിക്കൊന്നും വേണ്ട ഇത്‌ ഒക്കെ ഓരോ പൂതികളാണ്. കളി കഴിഞ്ഞ് വന്നാൽ അലിക്ക ആ കിണറിന്റെ അടുത്ത് പോയി ആ വയർപ്പിൽ തലെക്കൂടെ ഒരു ബക്കറ്റ്‌ വെള്ളം പാരും   അത് എങ്ങാനും  ഞാൻ ആണെങ്കിൽ ഒന്ന് ആലോചിച്ചു നോക്കൂ .ഒരു പെണ്ണ് കിണറിന്റെ അറ്റത് തലയിൽ വെള്ളം ഒഴിക്കേ അതും രാത്രി  .ഈ വീട് കുലുങ്ങാൻ കൂടുതൽ ഒന്നും വേണ്ടല്ലോ...പിന്നേ പണ്ടേ ഉള്ള ഒരു സ്വപ്നം  രാത്രി..... രാത്രി ഒറ്റക്ക് നടക്കൽ ഒന്നും അല്ലാട്ടോ ഈ വീടിന്റെ ഓപ്പോസിറ്റ് ഒരു തട്ടു കട ഉണ്ട് രാത്രി  ഒക്കെ അവടെ നല്ല തിരക്ക് ഉണ്ടാകും അവിടത്തെ ഓംലെറ്റ് ന് വേണ്ടി വാശി പിടിച്ചാൽ അലിക്ക അവിടെ ന്ന് പാർസൽ വാങ്ങി കൊണ്ട് വന്ന് തരും . ഒരു 12 മണി ഒക്കെ ആകുമ്പോൾ ഈ ലോറി ഡ്രൈവർമാർക്ക് വേണ്ടി  ഒരു സ്‌പെഷ്യൽ ഓംലെറ്റ് ഉണ്ട് അത് ആ ടൈമിലെ കിട്ടു ഒരു ദിവസം അലിക്ക അത് കഴിച്ചിട്ട് നല്ല ടേസ്റ്റ് ആണെന്ന് പറഞ്ഞിരുന്നു അത് ഒന്ന് കഴിക്കണം പക്ഷേ പാർസൽ വേണ്ട അവടെ പോയി കഴിക്കണം  .എത്ര ചെറിയ സ്വപ്നങ്ങൾ ആണ് ലെ  ഞാൻ ഇടക്കിടക്ക് അത് ആലോചിക്കാറുണ്ട് ."

ശാഖിബ്‌ കുറെ നേരത്തേക്ക് ഒന്നും മിണ്ടിയില്ല " ഇത്ര ഒക്കെ കേട്ടിട്ട് അവടെ അകത്ത് നിന്റെ ബന്ധുക്കളോട് ok പറഞ്ഞാൽ അത് ശരിയല്ല.   എനിക്ക് അറിയാം ഞാൻ ഒന്ന് സമ്മതം മൂളിയാൽ മാത്രം മതി അവടെ നിന്റെ ഈ കൊച്ചു സ്വപ്നങ്ങൾക്ക് ഒന്നും അവർ സ്ഥാനം തരില്ല പിന്നെ നീ പറയാത്ത വലിയ സ്വപ്നങ്ങൾക്കും . എഡോ എന്നെങ്കിലും തനിക്ക് ഒരു കൂട്ട് വേണം എന്ന്  തോന്നുലെ അന്ന് ഞാൻ ഉണ്ടാകും .ഞാൻ കാത്തിരിക്കാം ,ഞാൻ എന്താണോ ആഗ്രഹിച്ചത് ആ ഒരു  ആളാണ് താൻ എന്ന് ന്റെ മനസ്സ് പറയുന്നു തന്റെ വെട്ടി തുറന്നുള്ള സംസാരം  പിന്നെ നഷ്ട്ടപെടുത്തേണ്ട എന്ന് മനസ്സ് വല്ലാണ്ട് പറയുന്നു."

അവൾ ചുറ്റും നോക്കി കൊണ്ട് " അത് വേണ്ടഡോ  പണ്ട് കുട്ടിക്കാലത്ത്  വാപ്പി  ഒരു പട്ടം ഉണ്ടാക്കി പറത്തി കാണിച്ചു ഞാൻ ഉറക്കെ പറക്ക് പട്ടമേ ആകാശം മുട്ടെ പറക്ക് എന്ന്  ഉറക്കെ അരികത്ത് നിന്ന് വിളിച്ചു പറഞ്ഞു കൊണ്ടേ ഇരുന്നു .പക്ഷേ അത് കൂടുതൽ ഒന്നും പറന്നില്ല അതിന്റെ ചരടിന്റെ ഒരു അറ്റം  വാപ്പിടെ കയ്യിലായിരുന്നു  .പിന്നീട്‌ ആ ചരടിന്റെ ഒരു അറ്റം എന്റെ കയ്യിലേക്ക് വെച്ചു തന്നു .എന്നിട്ടും അതിന് പറക്കാൻ പറ്റിയില്ല. ഇനി അത്  നിങ്ങടെ  കയ്യിലേക്ക് വെച്ചു തന്നാലും ഇങ്ങനെ ഒക്കെ തന്നെ ആയിരിക്കും . ആ ചരട് ആരാണ് എന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല."

 "ചരട് ആരാണ് എന്നതിൽ അല്ല ആ ചരട് നീ പൊട്ടികുമോ ഇല്ലയോ എന്നതാണ് കാര്യം..."

അവൻ അവൾക്ക് ഒരു പുഞ്ചിരി മാത്രം സമ്മാനിച്ച്‌ യാത്രയായി.


ഒരുപക്ഷേ  ശാഖിബ്‌ ന് ശേഷം പിന്നീട് വന്ന ആരെങ്കിലും  അത് എല്ലാം അവളിൽ നിന്ന് കവർന്നിട്ടുണ്ടാകും . അസ്മയെ പോലെ ചിന്തിക്കുന്ന ഒരുപിടി സുഹൃത്തുക്കൾക്ക് വേണ്ടി ഞാൻ എഴുതുന്നു.


By സാബിത്ത്  കൊപ്പം

  



അഭിപ്രായങ്ങള്‍

  1. കല്യാണം എന്നത് ചിലർക്ക് കിളിയെ കൂട്ടിൽ അടക്കുന്നത് പോലെ ആണ്... മറിച്ച് ചിലർക്ക് കൂട് തുറന്നു വിടുന്നത് പോലെ ആണ്...

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ