മുഹബ്ബത്ത്


കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയപ്പോൾ തുടങ്ങിയ ടെൻഷനാണ് അഷ്‌റഫിന്. ബോഡിങ് പാസ്സ് വാങ്ങുന്നിടത്തു നിന്നും  വിമാനത്തിൽ കയറിയതിന് ശേഷവുമൊക്കെ…അഷറഫിന് തന്റെ തൊട്ട് അടുത്തുള്ള സീറ്റിൽ സഹയാത്രികനായി കിട്ടിയത്‌ കൊണ്ടോട്ടിക്ക് അടുത്തുള്ള ഒരു ഉബൈദിനെ ആയിരുന്നു. അഷ്റഫ് സീറ്റ് ബെൽറ്റ് ഇട്ട് വിമാനം പറന്നുയരുന്നതും കാത്ത് ഇരുന്നു...


അഷറഫിന്റെ ടെൻഷനും  പെരുമാറ്റവും ഒക്കെ കണ്ടിട്ട് ഉബൈദ് ചോദിച്ചു  "ആദ്യമായിട്ടാണോ വിമാനത്തിൽ കയറുന്നത്". അഷ്റഫ് ഒരല്പ്പം മടിയോടെ.. ഹാ അതെ ഒരു അറബിടെ വീട്ടിലേക്കാണ്. എന്താ പണി ഏതാ പണി എന്നൊന്നും അറീലാ… “ആഷറഫിന്റെ മറുപടിക്ക് തലയാട്ടി കൊണ്ട് ഉബൈദ് വീണ്ടും ചോദിച്ചു. “അപ്പോ നാട്ടിൽ എന്തായിരുന്നു പണി”. അത് പിന്നെ അത്... എന്നൊക്കെ പറഞ്ഞ് അഷ്റഫ് പറയാൻ മടിച്ചു നിന്നു. ഹാ ഇജ്ജ്  പറയഡോ… ന്ന് പറഞ്ഞ് നിർബന്ധിച്ചപ്പോൾ

"ബാർബർ" ആണ് ഇക്കാ മുഖം ചുളിച്ചു കൊണ്ട് അഷ്റഫ് പറഞ്ഞു. ശേ ഇത് പറയാൻ ആണോ.. ഇയ്യിങ്ങനെ മടിച്ചു നിന്നത്. എല്ലാ ജോലിക്കും അതിന്റെതായ വിലയുണ്ട്,  പിന്നെ ബാർബർ ജോലി അത്ര മോശം ജോലി ഒന്നും അല്ലല്ലോ...


അതല്ല ഇക്കാ ഈ ബാർബർ അഷറഫ് എന്ന പേര് മാറി ഗൾഫുകാരൻ അഷ്റഫ് ആവുല്ലോ എന്ന്  ചിന്തിച്ച് ഒരു സുപ്രഭാതത്തിൽ പെട്ടിയുമെടുത്ത് ഇറങ്ങിയതൊന്നുമല്ലാ. ഇപ്പോൾ തന്നെ  എയർപോർട്ടിൽ ഇരിക്കുമ്പോൾ നാട്ടിലെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഒരു വോയ്സ് കേട്ടു. നമ്മടെ ബാർബർ അഷ്റഫ് ഗൾഫിൽ പോയിന്ന്. സത്യത്തിൽ എനിക്ക് അത് കേട്ടപ്പോൾ ചിരിയാണ് വന്നത്. ഒസ്സാൻ കുഞ്ഞഹമാദിന്റെ മോൻ  വാപ്പാടെ  കുടുംബത്തൊഴിൽ  മുന്നോട്ട് കൊണ്ട് പോകാൻ തീരുമാനിച്ച അന്ന് വീണ പേരാണ് അത്. ഭാഗ്യത്തിന് ആരും ഒസ്സാൻ എന്നൊന്നും വിളിച്ചില്ല. അവന്റെ കഥകൾ കേൾക്കാൻ ഉബൈദിൻ ഒരു പൂതി തോന്നി...





ഉബൈദ് ആഷറഫിന്റെ കഥകൾക്ക് കാത് കൊടുത്തു. ഇങ്ങൾക്ക് അറിയോ..പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ക്ലാസ് കഴിഞ്ഞാൽ വാപ്പാന്റെ കൂടെ കടയിൽ പോയി നിന്ന് പണി പഠിക്കും. ഒരു ദിവസം അത് ക്ലാസ്സിലെ ഒരു ചെങ്ങായി കണ്ടു. പിന്നെ പറയണോ.. പുകിൽ. പിറ്റേ ദിവസം മുതൽ ക്ലാസ്സിലെ ബാർബർ പട്ടം എനിക്ക് അവർ ചാർത്തി തന്നു. കളിസ്ഥലങ്ങളിലും വരാന്തകളിലും മൂത്രപൂരയിലെ ചുമരിൽ വരെ ആ ശബ്ദവും പേരും മുഴച്ചു നിന്നു. "ദാ വരുന്നു ബാർബർ, ദാ പോണു ബാർബർ, ബാർബർ വരുന്നുണ്ട് തല കൊടുക്ക്" അതൊക്കെ ഒരു കാലം. കളിയാക്കിയുള്ള വിളികൾ സഹിക്കാൻ വയ്യാതെ വന്നപ്പോൾ ഒരുത്തനെ അങ്ങോട്ട്‌ കയറി മേഞ്ഞു. നല്ല കണക്കിന് കൊടുത്തു. അതിന്റെ ദേഷ്യത്തിൽ ക്ലാസ് കഴിഞ്ഞു പോകുമ്പോൾ ഒരു കല്ല് എടുത്ത് ന്റെ നെറ്റിക്ക് എറിഞ്ഞു ഓൻ. നെറ്റി പൊട്ടി  സ്റ്റിച്ചും വീണു… അവൻ ക്ലാസ്സിലെ ഒന്നാം നമ്പർ  പഠിപ്പി ആയത് കൊണ്ടും ടീച്ചർ മാരുടെ കണ്ണിലുണ്ണി ആയത് കൊണ്ടും ഒസ്സാന്റെ രണ്ടാം ക്ലാസ്സിന്റെ പടി മാത്രം കണ്ടിട്ടുള്ള ഭാര്യ നബീസാനെ അവർ എന്തെല്ലാമോ…പറഞ്ഞ് ഒത്ത് തീർപ്പാക്കി വിട്ടു. അല്ലേലും നമ്മൾ രക്ഷിതാക്കൾ പരാതി പറയാൻ പോയാൽ പഠിക്കുന്നില്ല ക്ലാസ്സിൽ കയറുന്നില്ല എന്നൊക്കെ പറഞ്ഞ് ഉത്തരം മുട്ടിക്കൽ അവരുടെ സ്ഥിരം പരിപാടി ആണല്ലോ……


ഉബൈദ്ക്കാ ഇത് നോക്കിയേ… ഇത് അന്നത്തെ പാടാണ്. ഇപ്പോ ഞാനൊരു ഒരു മാസം മുമ്പ് ഓനെ കണ്ടു,  കടയിൽ മുടിവെട്ടാൻ വന്ന അവന് എന്നെ മനസ്സിലായിട്ടില്ല..എനിക്ക് പെട്ടെന്ന് മനസ്സിലാക്കുകയും  ചെയ്തു. ശരിക്കും ബാർബറിന് മാത്രം കിട്ടുന്ന ഒരു അവസരമാണ് അത്. കത്തിക്കും കത്രികക്കും മുന്നിൽ തല കുനിച്ചു ഇരുത്താൻ പറ്റുന്നു എന്നത്. അത് ഇനി ശത്രു ആണേലും മിത്രം ആണേലും, ഓന്റെ തലയിലെ..ഓരോ മുടിവെട്ടുമ്പോഴും താടിയിൽ കത്തി വെക്കുമ്പോഴുമെല്ലാം ഒരു ആനപകയുള്ള  ഒരു വില്ലന്റെ പോലെ എന്റെ മുഖം മാറിയത് എനിക്ക് കണ്ണാടിയിൽ കാണാമായിരുന്നു.കൂട്ടുകാർ എല്ലാം ബാർബർ എന്ന് കളിയാക്കിയടത്ത് എന്നെ അഷറഫ് എന്ന് വിളിക്കാൻ ഒരാളെ ഉണ്ടായിരുന്നുള്ളു. സുഹ്റാബി!

അവൾ മാത്രം എന്നെ അഷറഫെന്ന്  നീട്ടി വിളിച്ചു. ഹാജർ പട്ടികയിലെ പേര് വിളിക്കുന്ന ടീച്ചറും,  അവളും മാത്രമായിരുന്നു എനിക്ക് അങ്ങനെ ഒരു പേര് ഉണ്ടെന്ന് ഇടക്ക് ഓർമ്മിപ്പിക്കാറുള്ളത്. എന്നെ കളിയാക്കുന്നവരെ ശാസിച്ചും ഞാൻ വിഷമിക്കുമ്പോൾ സ്വന്തനിപ്പിച്ചും അവൾ എന്നും കൂടെ ഉണ്ടായിരുന്നു. പ്രീഡിഗ്രിയുടെ അവസാന കാലത്താണ്  അവൾ പറയുന്നത്  അവൾക്ക് എന്നെ ഇഷ്ടമാണെന്ന്. ഞാൻ എന്നെങ്കിലും അവളോട് ഇഷ്ട്ടമാണ് എന്ന് പറയുമെന്ന് പ്രതീക്ഷിച്ചിരുന്നു,  എന്നാൽ

കുന്നിക്കൽ ഹാജിടെ ഇളയ മോൾ ഒരു ഒസ്സാൻ ചെക്കനെറ്റ്  പ്രമത്തിലാണ് എന്ന് അറിഞ്ഞാലുള്ള പുകിൽ ആലോചിച്ചിട്ട്  ഞാൻ ഒന്നും അന്ന് അവളോട്‌ പറഞ്ഞില്ല. പക്ഷേ അവളുടെ പ്രണയം ശക്തമായിരുന്നു.വരുന്ന ഓരോ ആലോചനകളും അവൾ മുടക്കി കൊണ്ടിരുന്നു. പക്ഷേ ഒരുനാൾ പിടിക്കപ്പെട്ടു. അന്ന് അവൾ എടുത്ത തീരുമാനം അത് ആണ് എന്നിലെ കാമുകനെ ഉണർത്തിയത്. എനിക്ക് കല്യാണം ഒന്നും നോക്കണ്ട എനിക്ക് ഒരാളെ ഇഷ്ട്ടമാണ്! അഷ്റഫ് ന്ന പേര് ഇപ്പോ ബാർബർ ഷോപ്പിൽ ഉണ്ടാകും പറ്റുമെങ്കിൽ അത് നടത്തി തയോന്ന്.. മൂത്ത അളിയൻ ഒരൊറ്റ അടിയെ അടിച്ചിട്ടൊള്ളു ന്ന കേട്ടത് പക്ഷേ ആ സ്പോട്ടിൽ ബോധം പോയി…

പിന്നെ അന്ന് ആ നാട്ടിലെ എല്ലാ പകൽ മാന്യന്മാരും 5 വകത് പള്ളിയിൽ ഇല്ലേലും… ഇമാനിയും സെക്രട്ടറിയുമായ  വലിയ പുള്ളികളെയും കൂട്ടി ഹാജ്യാരുടെ മക്കളും പേരമക്കളും എല്ലാം ന്റെ ബിസ്മി സലൂണിലേക്ക് ഇടിച്ചു കയറി.


അവന് പ്രേമിക്കാൻ ഹാജ്യാരുടെ മോളെ…കിട്ടിയുള്ളൂ എന്നുള്ള സ്ഥിരം ക്ളീഷേ സിനിമ ഡയലോഗ്കൾ ഞാൻ അവിടെ ഉയർന്നു കേട്ടു. അത് വരെ ഇല്ലാത്ത ഒരു ധൈര്യം എവിടുന്ന് വന്നു ന്ന് അറീലാ. 23 വയസ്സാണ് 2 ലക്ഷം രൂപ കടമുണ്ട്. ആകെയുള്ള 10 സെന്റ് പെങ്ങളെ കെട്ടിച്ചിട്ട് ബാങ്കിൽ പണയത്തിലുമാണ്! ആ ഞാൻ അവരോട്

“ ഞാൻ അവളെ പ്രേമികാനും വന്നിട്ടില്ല  പെണ്ണ് ചോദിച്ചും വന്നിട്ടില്ല. പക്ഷേ അവൾക്ക് എന്നെ ഇഷ്ട്ടമാ… എനിക്ക് വേണ്ടി എത്ര കാലം വരെയും ഓൾ കാത്തിരിക്കും അത് കൊണ്ട് ഇനി അഷ്റഫ് ഒരു പെണ്ണ് കെട്ടുന്നുണ്ടേൽ അത് സുഹ്റാബിയെ മാത്രം ആയിരുക്കും.”


“ഡാ ഡയലോഗിന് പഞ്ച് പോരട്ടോ…

“പിന്നെ അത്രയും പേരും കണ്ണും ചോപ്പിച്ച് നീക്കുമ്പോൾ ഞാൻ സിനിമ സ്റ്റൈലിൽ മീശമാധവനിൽ ദിലീപ് പറയുമ്പോലെ പറയ എന്ന അസ്സൽ ആയിരുന്നു.”

ഉബൈദും അഷ്‌റഫും ചിരിക്കുന്നത്  കണ്ടിട്ട് മറ്റുളളവർ അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

എന്നിട്ട് എന്താ ഉണ്ടായത്  ഉബൈദ് ചോദിച്ചു.

എന്നിട്ട് എന്താ ഉണ്ടായത്  ഉബൈദ് ചോദിച്ചു. മക്കളും പേരമക്കളും അലമ്പാണെലും തന്തപിടി പൊളിയായിരുന്നു. മകളെ നിക്കാഹ് ചെയ്തു തരാന്ന് പറഞ്ഞു. രണ്ട് വർഷത്തെ അവളുടെ പഠിപ്പ് കഴിഞ്ഞിട്ട്.

ഒസ്സാൻ കുഞ്ഞമാഹദ് ഇത്രേ പറഞ്ഞുള്ളു “പെണ്ണ് കെട്ടാൻ വാപ്പന്റെ കുട്ടിക്ക് വാപ്പ ഒരു ഉറുപ്പിക തരില്ല എവിടെ ച്ചാ പോയി പൈസ ഉണ്ടാക്കിക്കോ….” അങ്ങനെയാണ് ആട് ജീവിതം വായിച്ച ഞാൻ മനസില്ല മനസ്സോടെ ഇങ് പോന്നത്.


മേൽ അനങ്ങി പണിക്ക് പോകുന്നവരോട് ഞാൻ പണ്ട് ഇടക്കിടക്ക്  പറഞ്ഞിരുന്നു, 10 ഗ്രാമുള്ള ഈ കത്രികയും പിടിച്ച്‌ ഈ കസേരക്ക് ചുറ്റും കറങ്ങുമ്പോൾ കണ്ടു നിക്കുന്നവർക്ക് ഒരു ഭാരിച്ച പണി ആണെന്ന് ഒക്കെ തോന്നുമെങ്കിലും ഇതിന്റെ ഒരു സുഖം അത് മറ്റു പണിക്ക് കിട്ടില്ല.

പക്ഷേ ഇനി ഇപ്പോ അത് ഒക്കെ പറഞ്ഞിട്ട് എന്താ കാര്യം …

ഉബൈദ് പിന്നെ അഷ്റഫ് നെ കാണുന്നത് 15 വർഷത്തിന് ശേഷമാണ്..... 2004 ലെ ആ വിമനയാത്രയിൽ കണ്ട അഷ്‌റഫെ… അല്ലായിരുന്നു തടി ഇല്ലാതെ ഉണക്ക കമ്പ് പോലെ ഇരുന്ന ചെക്കൻ തടിച്ചു  മിനുങ്ങിക്കുണു. “ദുബായ് കാരൻ അഷ്‌റഫ് അല്ലേ…” ന്ന് ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ട് ഉബൈദ്ക്ക കളിയാക്കല്ലേ… ഇപ്പൊ  ഞാൻ നല്ല അസ്സൽ മീൻ കാരൻ ആണ്. ഫിഷ് പ്രോഡക്ട്സിന്റെ  import export ആണ് പണി.

ആ ചിരിചുള്ള മറുപടി യിൽ ജയിച്ചവന്റെ ഒരു ആത്മവിശ്വാസം ഉണ്ടാർന്നു….

By

Sabith koppam


കഥ ഇവിടെ അവസാനിക്കുന്നു.... ചില കഥകൾ കുറച്ചു പറഞ്ഞു പോവനെ പറ്റു അത് കൊണ്ട്.... നിങ്ങൾക്ക് ഇഷ്ട്ടപെട്ടു എന്ന് കരുതുന്നു.....


അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ