ഗൗഡ

 

തേഞ്ഞിക്കാട് എന്നൊരു ഗ്രാമമുണ്ടായിരുന്നു അവിടെ  ധാരാളം വയലുകളും കുന്നിൻ ചെരിവുകളും വലിയ കായലുകളും കൊണ്ട് സമ്പന്നമായിരുന്നു  അവിടെ കൂപ്പിൽ തടി എടുത്തും കൃഷി ചെയ്തും ജീവിക്കുന്ന കുറച്ച്  ഗ്രാമവാസികളും . തേഞ്ഞിക്കാടിനോട് ചേർന്ന് ഒരു വലിയ കാട്ടുപ്രേദേശം തന്നെയുണ്ട്

വന്യമൃഗങ്ങളുടെ ശല്യം പോരാത്തതിന് രാജാവിന്റെ  സേനാധിപരിൽ നിന്നും മന്ത്രി മാരിൽ നിന്നുമുള്ള അമിതമായ ചൂഷണം . ഈ ഗ്രാമത്തിൽ  കൂപ്പിൽ പണിക്ക് പോകുന്ന ശങ്കരന്റെ മകനായിരുന്നു  ഉണ്ണികൃഷ്ണൻ, അച്ഛന്റെ കൂടെ തടി പണിക്കും മരപണിക്കും പോയി കൊണ്ടിരുന്ന അവൻ ഒരു ദിവസം  വിമത സേന നേതാവ് അമ്പു ഗൗഡയുടെ സേനയിൽ ചേരാൻ പോയി.പാവം ആരതി കുഞ്ഞു നാൾ തൊട്ടേ ഉണ്ണിയെ  പ്രണയിച്ചു കൊണ്ടിരിക്കുകയാണ് .ഒടുക്കം ശങ്കരൻ അവരെ കല്യാണം കഴിപ്പിക്കാൻ വരെ തീരുമാനിച്ചു. അങ്ങനെ ഉണ്ണികൃഷ്ണൻ തന്റെ മുറപെണ്ണായ ആരതിയെ വിവാഹം കഴിക്കാൻ തയ്യാറായി കല്യാണത്തിന് ഒരു ദിവസം ബാക്കി നിൽക്കെ  ആ രാത്രി .!
ശ് ,ശൂ...
ആരതി ചുറ്റും നോക്കി അരുമില്ലല്ലോ ,അവൾ വീണ്ടും കിടന്നു ,ദേ വീണ്ടും ആ ശബ്ദം . ഇത്തവണ സൂക്ഷിച്ചു നോക്കിയപ്പോൾ  ആ നിൽക്കുന്നു തന്റെ മുറചെറുക്കൻ . "എന്താ ഏട്ടാ ഈ നേരത്ത്‌ അയ്യോ അമ്മ ഒക്കെ അറിയും ട്ടോ " അവൾ നാണിച്ച് കൊണ്ട് തറയിൽ വിരലോടിക്കാൻ തുടങ്ങി.
"ആരതി ഞാൻ ......"
"എന്താ ഏട്ടാ പറ..."
"ഞാൻ പോവാണ് ,ആരോടും പറയണ്ട അങ് തഞ്ചാവൂരിലേക്കാണ്. ഞാൻ എന്നും പറയാറില്ലേ അമ്പു ഗൗഡ ,അവരുടെ സേനയിൽ ചേരാൻ പോവാണ്. എനിക്ക് നിന്നെ ഒത്തിരി ഇഷ്ട്ടമാണ് പക്ഷേ , ഞാൻ അങ്ങോട്ട് പോയാൽ തിരിച്ചു വരുമൊന്ന് പോലും അറിയില്ല .അത് കൊണ്ട് ആരതി എല്ലാം മറക്കണം നല്ല കുട്ടി ആയിട്ട് വേറെ ഒരാളെ മിന്നു കെട്ടണം .എനിക്ക് അമ്പു ഗൗഡയെ പോലെ നാടിനു വേണ്ടി ജീവിക്കണം ആരതി...."ഉണ്ണികൃഷ്ണന്റെ വാക്കുകൾ കേട്ട് ആരതി തരിച്ചു നിന്നു. അവൾക്ക്  അവളുടെ ചങ്കിലെ വെള്ളം വറ്റി നാക്ക് അനങ്ങുന്നില്ല ഒരു വാക്ക് പോലും മിണ്ടാൻ പറ്റുന്നില്ല . കുറച്ചു സമയം എടുത്തെങ്കിലും അവൾ " ഏട്ടാ ,  ഏട്ടന് അതാണ് ഇഷ്ടമെങ്കിൽ പോയിട്ട് വരു , ഏട്ടന് ന്നെ ഇഷ്ടമാണല്ലോ ഞാൻ കാത്തിരിക്കാം ." ഉണ്ണികൃഷ്ണൻ വീണ്ടും പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു ." അരുത് ഒരു  പക്ഷേ തിരിച്ചു വരുമോ എന്നു പോലും നിക്ക് അറീല ,നീ കാത്തിരിക്കരുത്.
അന്ന് തേഞ്ഞിക്കാടിൽ നിന്നും മറഞ്ഞത്  തേഞ്ഞി കായലിന്റെ മുകളിൽ പുഞ്ചിരി തൂക്കുന്ന നിലാവും പിന്നെ ഉണ്ണികൃഷ്ണനുമായിരുന്നു.
നേരം പരാ പാരാ വെളുത്തു, നാട് അറിഞ്ഞു ഗ്രാമം അറിഞ്ഞു രാജ്യ സദസ്സിൽ വരെ വിവരം എത്തി കല്യാണ ചെക്കൻ ഉണ്ണികൃഷ്ണൻ നാട് വിട്ടു അതും അമ്പു ഗൗഡയുടെ സേനയിൽ ചേരാൻ. ന്നാലും ആ ശങ്കരന്റെ മോൻ ഇങ്ങനെ ചെയ്യുമെന്ന് ആരേലും കരുതിയോ വഷളൻ അമ്പു ഗൗഡയുടെ സേനയിൽ ചേരാൻ പോയിരിക്കുന്നുത്രേ .നാട് മുഴുവൻ പരിഹാസമായി പുച്ഛമായി ശങ്കരൻ പണിക്ക് പോലും പോകാൻ പറ്റാത്ത അവസ്ഥയായി  . ആരാ നിന്നോട് അക്ഷരം പഠിപ്പിക്കാൻ പറഞ്ഞത് ഈ പാടത്തും കൂപ്പിലും പണി എടുക്കാൻ എന്തിനാ അക്ഷരം പഠിക്കുന്നേ .പുറം നാട്ടിലെ വിപ്ലവകാരികളുടെ പുസ്തകം പഠിച്ചിട്ടുണ്ട് ഓൻ അല്ലേൽ ഇങ്ങെനെ ചെയ്യോ......




സത്യത്തിൽ ആരാണ് ഈ അമ്പു ഗൗഡ?
ഉണ്ണികൃഷ്ണൻ ആദ്യമായി ഈ പേര് കേൾക്കുന്നത് കൂപ്പിൽ പണിക്ക് വരുന്ന തമിഴൻ സെൽവനിൽ നിന്നാണ്. ഒരിക്കൽ രാജാവ് നികുതി പണം കൂട്ടിയപ്പോൾ സെൽവൻ അവനോട് പറഞ്ഞു " അമ്പു അണ്ണാക്കിട്ട് ഇന്ത മാതിരി വമ്പ് ഒന്നും നടക്കാത് ," ഇത് കേട്ടപ്പോ ഉണ്ണി ചോദിച്ചു ആരാണ് ഈ അമ്പു  അണ്ണൻ?.  സെൽവൻ അമ്പു അണ്ണൻ എന്ന അമ്പു ഗൗഡയെ പറ്റി പറഞ്ഞു കൊടുത്തു. അമ്പു ഗൗഡ തഞ്ചാവൂരിലെ ഒരു വിമത സേനാ നേതാവാണ് .ജനങ്ങളെ ദ്രോഹിക്കുന്ന രാജകന്മാർക്കും  മന്ത്രിമാർക്കും എന്നും ഒരു തലവേദനയാണ് .അങ്ങനെ അങ്ങനെ അമ്പു ഗൗഡയുടെ വീരസാഹസിക കഥകൾ ഉണ്ണിക്ക് സെൽവൻ പറഞ്ഞു കൊടുത്തു. ഒരിക്കൽ സെൽവന്റെ ഗ്രാമത്തിൽ  വലിയ വരൾച്ച ഉണ്ടായി കൃഷി എല്ലാം നശിച്ചു .കൃഷി ചെയ്യാൻ പറ്റാത്ത അവസ്ഥ വന്നപോൾ ഗ്രാമതലവനും മുതിർന്ന ഗ്രാമവാസികളും കൊട്ടാരത്തിൽ ചെന്ന് പരിഭവം പറഞ്ഞു. എന്നാൽ ദുഷ്ടനായ രാജാവ് അവരിൽ കൂടുതൽ നികുതി ചുമത്തി എന്ന് അല്ലാണ്ട് ഒരു സഹായവും ചെയ്തില്ല .ഭക്ഷണമില്ലാതെ വന്നപ്പോൾ അവർ മറ്റു ഗ്രാമങ്ങളിലെയും അവരുടെ ഗ്രാമങ്ങളിലെയും പ്രമാണിമാരുടെ വീടുകളിൽ കയറി മോഷ്ടിക്കാൻ തുടങ്ങി.
ഒരു നാൾ പിടിക്കപ്പെട്ടു.

അമ്പു ഗൗഡ   ആ ഗ്രാമത്തിലെ  ഒരു ആൽ മരച്ചുവട്ടിൽ ഇരിക്കുമ്പോഴാണ്  രണ്ടു ഭടന്മാർ വന്ന്  "മോഷണ കുറ്റം ചുമത്തപ്പെട്ട    ചിന്നി ഗ്രാമ നിവാസികൾക്കുള്ള  ശിക്ഷ ഇന്നേക്ക് മൂന്നാം നാൾ കൊട്ടാരത്തിൽ വെച്ച് നടക്കുന്നതാണ്. 100 ചാട്ടവാർ അടിയും  ചുണ്ടു വിരൽ മുറിച്ചു മാറ്റി കള്ളനെന്ന മുദ്ര കുത്തി ഗ്രാമത്തിലൂടെ നടത്തിക്കുകയും ചെയ്യുന്നതാണ് ഈ ശിക്ഷ മോഷ്ടിക്കുന്നവർക്ക് ഒരു പാഠം ആകട്ടെ."അമ്പു ഗൗഡ ഇതിനെ പറ്റി അന്വേഷിച്ചു ഓരോ വീടുകളിലും  അരിയില്ലാത്ത അടുപ്പുകൾ പുകയുന്നത് കണ്ടപ്പോൾ ഗൗഡക്ക് ദേഷ്യം വന്നു .തന്റെ  രണ്ട്  പോരാളികളെ കൂട്ടി ഗൗഡ കൊട്ടാരത്തിലേക്ക് ചെന്നു . രാജ സദസ്സിലേക്കാണ് ഈ കൊമ്പൻ മീശക്കാരൻ ചെല്ലുന്നത്. ഒരു യോദ്ധാവിന്റെ ശരീര പ്രകൃതം വിരിഞ്ഞ  നെഞ്ച്, കടു കട്ടിയായി പേശികൾ, ഒത്ത ഉയരം  നല്ല ശബ്ദം .കൊട്ടാരം നർത്തകിമാരും രാജകുമാരിമാരും എല്ലാം ഗൗഡയുടെ മുഖത്ത് നിന്നും കണ്ണു മാറ്റുന്നില്ല.
" രാജൻ ,
ഞാൻ ഇന്നാട്ടുകാരൻ അല്ല തഞ്ചാവൂരിൽ നിന്നാണ് .ഞാൻ ഈ നാട്ടിൽ ഇന്നലെ ചിന്നി ഗ്രാമം  സന്തർശിക്കുകയുണ്ടായി .ആ ഗ്രാമം മുഴു പട്ടിണിയിലാണ് .ആ പട്ടിണി മൂലം തന്റെ കുഞ്ഞുങ്ങൾ  മരിച്ചു തുടങ്ങിയപ്പോഴാണ് അവർ നിങ്ങടെ അരികിൽ ആശ്രയത്തിൽ വന്നത് .പക്ഷേ രാജാവ് കൈയൊഴിഞ്ഞു . അവർ അന്നം മോഷ്ടിച്ചു. വിശപ്പ് കൊണ്ടാണ് അവരെ വെറുതെ വിടണം രാജൻ."
രാജ സദസ്സ് ഒന്നാകെ ചിരിച്ചു  ഉടനെ രാജാവ് " ആഹാ ഈ സദസ്സിനെ ഒന്നാകെ ചിരിപ്പിച്ച ഇയാളെ നമുക്ക് നമ്മുടെ കൊട്ടാരം വിദൂഷകൻ ആക്കിയലോ ഹാ ഹാ " രാജാവ് ഉച്ചത്തിൽ  ചിരിക്കാൻ തുടങ്ങി  .ഉടനെ അമ്പു ഗൗഡ " എന്റെ സംസാരം കേട്ടിട്ട് നിങ്ങൾ ഇത്ര ചിരിച്ചെങ്കിൽ എന്റെ പേര് കൂടെ കേട്ടാൽ നിങ്ങൾ  ചിരിച്ച് ചിരിച്ച് ഇവിടെ നിലത്ത് കിടന്ന് മണ്ണ് കപ്പും " മന്ത്രി ഉടനെ ചാടി എഴുനേറ്റ് " ആഹാ അത്രയും ഹാസ്യം നിറഞ്ഞതാണോ ഈ ദിക്കാരിയുടെ നാമം  പറ നോം ഒന്ന് കേൾക്കട്ടെ..."
ഗൗഡ ഒന്ന് ചിരിച്ചു പതിയെ തന്റെ കൊമ്പൻ മീശ ഒന്ന് ചിരിച്ചു  തന്റെ  ഇളം നീല മോതിരത്തിൽ ചുംബിച്ചു കൊണ്ട് "ഗൗഡ !  അമ്പു ഗൗഡ .... ഒരു കീരിടവും ചെങ്കോലും കൊട്ടാരവും ഇല്ലാതെ ഇതൊക്കെ ഉള്ള 6 രാജ്യങ്ങളിലെ മരമണ്ഡന്മാരായ രാജാക്കന്മാർ താണ് കേണു വഴങ്ങുന്ന അമ്പു ഗൗഡ ,."
കൊട്ടാരം നിശബ്ദമായി  സദസ്സിലെ ഓരോരുത്തരുടെയും കണ്ണുകളിൽ അയൽ രാജ്യത്തെ  രാജസദസ്സിൽ കുന്തത്തിൽ ചാർത്തിയ മന്ത്രിമാരുടെയും  രാജസേവകരുടെയും തലകൾ മിന്നി മറഞ്ഞു .ആവേശത്തിൽ എഴുനേറ്റു നിന്ന മന്ത്രിയുടെ മുട്ട് ഇടിക്കാൻ തുടങ്ങി...പിന്നെ അവിടെ ഗൗഡയുടെ നിയമം ആയിരുന്നു. അത്രയും ഭടന്മാർ ഉള്ള ആ കൊട്ടാരത്തിന് അകത്ത് കേവലം രണ്ടു പോരാളികളെ വെച്ച് കയറി ചെന്ന് വിറപ്പിച്ചിട്ടുണ്ടെങ്കിൽ അയാളുടെ വീരകഥകൾക്ക് രാജാവിന്റെ സൈന്യത്തിന്റെ  വീര്യം കുറക്കാൻ പകത്തോളം മൂർച്ചയുണ്ടായിരുന്നു.

സെൽവനിൽ നിന്നും കഥകൾ കേട്ട്  തഞ്ചാവൂരിൽ എത്തിയ ഉണ്ണികൃഷ്ണൻ , നേരെ പോയത് സാവത്രിയുടെ അടുത്തേക്ക് ആയിരുന്നു. തഞ്ചാവൂരിലേക്ക് പുറപ്പെട്ടിട്ട് ഏകദേശം ആറു മാസമായിരിക്കുന്നു സെൽവനിൽ നിന്ന് കേട്ട കഥകൾ എല്ലാം സെൽവൻ തേഞ്ഞികാടിലേക്ക് വരുന്നതിന് മുമ്പുള്ള കഥകളാണ്  .സെൽവൻ ഗ്രാമത്തിലേക്ക് വന്നിട്ട് ഏകദേശം 2 വർഷമായി കാണും . ഉണ്ണികൃഷ്ണൻ തഞ്ചാവൂരിൽ ഗൗഡയെ തിരക്കി നടന്നു ,ചോദിക്കുന്നവരെല്ലാം  സാവിത്രിയെ ശപിക്കുന്നു .അവളെ പോയി കാണാൻ പറയുന്നു.ആ നശിച്ചവളാണ്  എല്ലാത്തിനും കാരണം എന്ന് പറയുന്നു .

തഞ്ചാവൂരിലെ ഒരു  വീട്ടിൽ നിന്നും നല്ല മനോഹരമായ പാട്ടു കേൾക്കുന്നു   . നല്ല സ്വരം നല്ല ഈണം   ഉണ്ണികൃഷ്ണൻ ആ പാട്ട് നെ പിന്തുടർന്നു.  പെട്ടന്ന്  കുറച്ച് കുട്ടികൾ ഉണ്ണിയെ തടഞ്ഞു . എങ്ങോട്ടാണ് ഓടി പോകുന്നേ ,സാവിത്രി ദേവി പാട്ട് പാടുന്നത് കേട്ടില്ലേ .അവർക്ക് ബുദ്ധിമുട്ടാകും ഇവടെ നിൽക്കുക . ഒരു കൊച്ചു പയ്യൻ ഒരു മുതിർന്ന കാവൽക്കാരനെ പോലെ തന്നെ തടഞ്ഞത് ഉണ്ണികൃഷ്ണനിൽ ചിരി പടർത്തി.
പാട്ടു തീർന്നു അകത്തു നിന്നു കൊലുസ് നാദം കേൾക്കുന്നുണ്ട് ഉണ്ണികൃഷ്ണൻ താഴേക്ക് നോക്കി നിന്നു  നല്ല മനോഹരമായ രണ്ടു പാദങ്ങൾ. ചുവന്ന മനോഹരമായ  ചിത്രങ്ങൾ വരച്ച കാൽപാദം അവൻ പതിയെ തല ഉയർത്തി അതി സുന്ദരിയായ ഒരു യുവതി.
ആരാ എന്തു വേണം ?
ഞാൻ പാട്ട്...അല്ല ഗൗഡ...
എന്ത് ?
" ഞാൻ അമ്പു ഗൗഡയെ തേടി വന്നതാണ്  അദ്ദേഹത്തിന്റെ സേനയിൽ ചേരാൻ  ന്റെ കല്യാണം വരെ മുടക്കി ഓടി പോന്നതാണ് നിക്ക് എന്തായാലും അമ്പു അണ്ണനെ കാണണം "
അവര് ഒന്നും മിണ്ടാണ്ട് നടക്കാൻ തുടങ്ങി .
"നിങ്ങൾ പാടുന്നത് കേട്ടപ്പോൾ ന്റെ ആരതി പാടുന്നത് പോലെ തോന്നി. അവൾ പാടുന്ന പോലെ തന്നെയുണ്ട് ." പെട്ടന്ന് അവര് നിന്നു പുറകിലേക്ക് തിരിഞ്ഞു നോക്കി ഒന്ന് ചിരിച്ചു.
വീണ്ടും നടന്നു , "നാട്ടിൽ പോവാൻ നോക്ക്" അവർ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
"ഇല്ല പറ്റില്ല ഇനിക്ക് അമ്പു ഗൗഡയെ പോലെ ആകണം ."
പെട്ടന്ന് അവർ അവന്റെ കഴുത്തിൽ പിടിച്ച് ചുമരിലേക്ക് ചാർത്തി .അവനെ ഒന്ന് വാസനിച്ചു .പതിയെ അവന്റെ ശാരീരത്തിലൂടെ കൈ ഓടിച്ചു. " ഓരോ പുരുഷന്റെയും മണം വ്യത്യസ്തമാണ് ന്റെ അരികിൽ വരുന്നവർക്ക് എല്ലാം ഒരു മണമേ പാടു അത് കാമത്തിന്റെ മണമാണ് .നിനക്ക് അതില്ല. നിനക്ക് മരണത്തിന്റെ മണമാണ് , അത് എന്നയാലും നിന്നെ തേടി വരും പിന്നെ നീ എന്തിന് അതിനെ തേടി പോണം . " അവൾ അവനെ വരിഞ്ഞു മുറിക്കി ചുംബിച്ചു "ഇനിയും ഗൗഡയെ വേണോ" അവൾ  പതുക്കെ ചോദിച്ചു .
അവൻ അവളെ തള്ളി മാറ്റി നടന്ന് അകന്നു .
അവൾ പൊട്ടിച്ചിരിച്ചു."അപ്പോ ഗൗഡയുടെ ശിഷ്യഗുണങ്ങൾ ഒക്കെ ഉണ്ട് നിനക്ക് പെണ്ണ് മടികുത്ത് അഴിച്ചു നിന്നാലും വിപ്ലവം പുലമ്പുന്ന അമ്പു വിന്റെ അതേ ആവേശം. പക്ഷേ നീ അറിയാതെ ആണേലും പറഞ്ഞു പോയല്ലോ ഞാൻ ആരതിയെ പോലെ ആണെന്ന്. അവൾ ഒരിക്കലും സാവിത്രി ആവതിരിക്കാൻ നീ തിരിച്ചു പോണം ഇല്ലേൽ" അവർ ഒരു മുറി തുറന്ന് കൊണ്ട് പറഞ്ഞു "  നീ ഇത് പോലെ ഒരു ഗൗഡ ആകേണ്ടി വരും.
താൻ ആകാശം മുട്ടെ കണ്ട വിപ്ലവകാരി  കൈ കാലുകൾ തളർന്ന് കട്ടിലിൽ കിടക്കുന്നു. അവൻ ആകെ തളർന്ന് ഇരുന്നു
" മോനെ...
ഗൗഡയെ കാണാൻ വന്നിട്ട് അവിടെ ഇരിക്കാണോ ഇങ് അകത്തേക്ക് വരു."അവൻ പതിയെ അകത്തേക്ക് ചെന്നു.
നീ ക്രിസ്ത്യാനികളുടെ ബൈബിൾ  വായിച്ചിട്ടുണ്ടോ ?
"ഇല്ലാ "
പോട്ടെ യേശുവിന്റെ കഥ അറിയോ
"ഹാ അറിയാം"
"അതിൽ ഒരു യൂദാസ് ഉണ്ട് അത് പോലെ ഒരു യൂദാസ്  ആണ് ഈ നിക്കുന്നത്.". അമ്പു വിനെ വീഴ്ത്താൻ പതിനെട്ട് അടവും പഴറ്റി ഒടുക്കം ഉപയോഗിച്ച അസ്ത്രമായിരുന്നു സാവിത്രി.
" ഈ ഗ്രാമത്തിലുള്ളവർ എല്ലാം ഇവളുടെ ചൂടിൽ വീണപ്പോൾ ഞാൻ മാത്രം മഴങ്ങിയത് ഇവളുടെ പട്ടുകളിലാണ്. ദൂരെ ആ തെരുവിൽ ഇരുന്നാൽ കേൾക്കാം ഇവളുടെ പാട്ട് . എല്ലാ സന്ധ്യകളിലും ഞാൻ ഈ  പടിപ്പുര തേടി വരും ഇവളുടെ പാട്ട് കേൾക്കാൻ വേണ്ടി മാത്രം. എന്നെ കാണുമ്പോൾ ഇവൾ കൂടുതൽ മനോഹരമായി പാടും ഒരു മാതിരി  മത്ത് പിടിക്കുന്ന അവസ്ഥയാണ് .ഒരു ദിവസം  ഇവളെ മുന്നിൽ നിർത്തി അവർ എന്നെ വെട്ടി .അവൾ അന്ന് അത്ര സന്തോഷത്തിൽ അല്ല പാടിയിരുന്നുന്നത്  ചിരിക്കുന്നുണ്ടങ്കിലും അവളുടെ കണ്ണ് നിറഞ്ഞ്  ഒഴുകുന്നത് ഞാൻ ശ്രദ്ധിച്ചില്ല .ശ്രദ്ധിച്ചപ്പോൾക്കും  കത്തിയും വാളും  എന്റെ മാംസങ്ങളെ വാരി പുണർന്നിരുന്നു.. വെട്ടി നുറുങ്ങി കിടക്കുമ്പോഴും പാട്ടു നിർത്താതെ  പാടി കൊണ്ടിരിക്കാൻ ഞാൻ അവളോട് വാശി പിടിച്ചു എന്റെ ജീവൻ തിരിച്ചു പിടിക്കാൻ വേണ്ടി മാത്രം . അന്ന് കയറിയതാണ് ഈ കട്ടിലിൽ. ഇവിടെ ഉണ്ടെന്ന് ഒരാൾക്ക് പോലും അറിയില്ല ആകെ അറിയുന്നത് . സാവിത്രിയുടെ ചതി മനസ്സിലാക്കാതെ അവളുടെ പാട്ടും മേനിയും കണ്ട് മയങ്ങി  ചൂട് പറ്റാൻ പോയ അമ്പു ഗൗഡയെ മാത്രമാണ്. അത് ഇഷ്ടമല്ലാത്തവർ ഇവളെ ശപിച്ച് ജീവിക്കുന്നു .ഇഷ്ടമുള്ളവർ ഉപഹാരങ്ങളും പ്രശംസയും കൊണ്ട് ഈ പടിപ്പുര കടന്നു വരും. ആംബുവിനെ വീഴ്ത്തിയവൾക്ക്  കൊണ്ട് വരുന്ന പഴവും പലഹരങ്ങളും ഞാൻ ഇവടെ മുറിക്ക് അകത്ത് ഇരുന്ന് കഴിക്കുമ്പോൾ. തൊട്ട് അപ്പുറത്ത് എന്റെ കൂടെ വിപ്ലവം പറഞ്ഞു നടന്നവർ ഇവളുടെ ചൂട് പറ്റാൻ വരും. അവർ എന്നെ മറന്നു തുടങ്ങി പക്ഷേ ഇപ്പോഴും  ഇവളുടെ വിയർപ്പിന്റെ ഗന്ധം അവര് മറന്നിട്ടില്ല.
നീയും മറക്കണം"

"അത് പിന്നെ "
നാട്ടിൽ പോണം , അവിടെയുള്ള അനീതികൾക്ക് എതിരെ മുഷ്ടി ചുരുട്ടണം ,കൂടെ ചൂട് പറ്റുന്നവരെ പോലും വിശ്വാസിക്കരുത് ഈ വഴിയിൽ ആണെങ്കിൽ മാത്രം.വിപ്ലവം ഗൗഡയുടെ കൂടെ ആണെങ്കിലും ഒറ്റക്ക് ആണെങ്കിലും വിപ്ലവം വിപ്ലവം തന്നെയാണ്   "
മനസ്സില്ല മനസ്സോടെ  ഉണ്ണി അവിടം വിടാൻ ഒരുങ്ങി. സാവിത്രി അവന് നെറ്റിയിൽ ഒരു ചുമ്പനം നൽകി  " ചുംബനത്തിന് ഒരു വാത്സല്യത്തിന്റെ മണമാണല്ലോ സാവിത്രി അക്കാ " ഉണ്ണികൃഷ്ണൻ ചിരിച്ചു കൊണ്ട് ചോദിച്ചു .അവൾ അവനെ യാത്രയാക്കി .നാട്ടിൽ തിരിച്ച് എത്താൻ ആറു മാസമെടുത്തു. അമ്പു വിന്റെ സേനയിൽ ഒരു വർഷം പോയി നിന്നത് കൊണ്ട് നാട്ടിൽ അവനിപ്പോൾ വലിയ പേരാണ്. വലിയ ഭയവും ബഹുമാനവുമൊക്കെയാണ്  .അമ്പുവിന്റെ ശിഷ്യനിൽ നിന്ന് അടവുകൾ പഠിക്കാൻ ആളുകൾ വന്നു അവൻ വലിയ സമാധാന പ്രിയനായി അഭിനയിച്ചു .ഇനി വിപ്ലവം ഇല്ല എന്ന് അവരോട് പറഞ്ഞു. രാജാവ് സേന തലവനാക്കി നിയമിച്ചു. ആരതി  ഇന്ന് അവന്റെ കുഞ്ഞുങ്ങളുടെ അമ്മയാണ് . ഇന്നും തന്റെ ഭർത്താവിനെ അന്ന് രാത്രി താൻ പറഞ്ഞു വിട്ടത്‌കൊണ്ടാണ്  ഇതെല്ലാം സംഭവിച്ചത് എന്ന വിശ്വാസത്തിൽ അവൾ  കഴിയുന്നു.


അഭിപ്രായങ്ങള്‍

  1. അജ്ഞാതന്‍2022, ഓഗസ്റ്റ് 9 2:13 PM

    അപ്രതീക്ഷിതമായിട്ടാണ് നിങ്ങളുടെ പേജ് എനിക്ക് കാണാൻ സാധിച്ചത്. കണ്ടതിൽ ഒരുപാട് സന്തോഷം. എഴുത്തുകൾ എല്ലാം വളരെ നന്നായിട്ടുണ്ട്. കൂടുതൽ അറിയാൻ ഞാൻ ശ്രമിക്കാം ഇൻശാഅല്ലാഹ്‌ ❤️

    മറുപടിഇല്ലാതാക്കൂ
  2. കൊള്ളാം.
    പട്ടാമ്പിക്കാരൻ ആണല്ലേ 🌹

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ