ലൈലയെ തേടുന്ന മജ്നു




" അറിഞ്ഞില്ലേ , മാനുഹാജിക്ക് പിന്നെയും ഹാൽ അളകീക്ക്ണ് "
എല്ലാരും ഇത് കേട്ടതും ചായക്കടയിൽ നിന്നും  ആ പറഞ്ഞവന്റെ കൂടെ  മാനുഹാജിയുടെ വീട്ടിലേക്ക് പോയി.

" അല്ല കുമാര എന്താണ് പ്രശ്നം  ,ആൾ ഹജ്ജിന് പോയതാർന്നല്ലോ എപ്പഴാ തിരിച്ച് വന്നേ ?"
" ഓന് പ്രാന്താണ്, ഹജ്ജ് ഒക്കെ കഴിഞ്ഞ് ഇന്നലെ വന്ന്ക്കുണ്. ഇതിപ്പോ സ്വത്ത് മുഴുവൻ  മക്കൾടെ പേരിലാക്കി മൂപ്പര് വൃദ്ധസദനത്തിലേക്ക്  പോവാനുള്ള പുറപ്പാടാണ്."

"അതെന്താ മക്കളേറ്റ് കച്ചറയാണോ .?

" ഏയ് മക്കളേറ്റ് ഒന്നും പ്രശ്നം ഉണ്ടായിട്ടല്ല അയാൾക്ക് ഓരോ സമയത്ത് ഓരോ പിരാന്തല്ലേ, ആ ഖദീജ മയ്യത്തായെ പിന്നെ ഇങ്ങനെയാണ് .ഇതൊക്കെ മകൾക്ക് ഒരു കുറച്ചിൽ  അല്ലേ അപ്പോ അവര് പോകാൻ സമ്മതിക്ക്ണണ്ടാവൂല!."

മാനുഹാജിയുടെ വീടിന് മുന്നിൽ എല്ലാവരുമുണ്ട് അവരെല്ലാം ഹാജിയാരെ യാത്രയാക്കാൻ വന്നവരാണ്  ചായക്കടയിലെ കുമാരേട്ടനും ,മുറുക്കാൻ പീടികയിലെ മമ്മദും ,കളികൂട്ടുകരായ രാമനും കുഞ്ഞുലക്ഷ്മിയും  അങ്ങനെ മാനുഹാജിയുടെ പ്രിയപ്പെട്ടവർ എല്ലാം ആ ഗേറ്റിന് മുന്നിൽ നിൽക്കുന്നുണ്ട്.

വെള്ളിപൂശിയ മുറുക്കാൻ പെട്ടിയിലെ വെറ്റിലകൾ എണ്ണി വെച്ച് ,അതിൽ നിന്നും ഒരെണ്ണം എടുത്ത് നിവർത്തി ചുണ്ണാമ്പ് തേച്ച്  അടക്കയും പൊലയും തിരികി മടക്കി ചുവന്ന കല്ലുള്ള മോതിരത്തിൽ മുത്തി വായയിലിട്ട്  ചവച്ചു കൊണ്ട് ഉമ്മറത്തേക്ക് നീട്ടിയൊരു തുപ്പാണ്

" ഇങ്ങട്ട് കേറിവാ മമ്മദേ  ,വെറ്റില തീർന്നാൽ ഞാൻ കുമാരന്റെ കടയിലേക്ക് വിളച്ചു പറയണ്ട് "മമ്മദ് വെറ്റില ചുവപ്പുള്ള പല്ലുകാട്ടി ഒന്ന് ചിരിച്ചു .

"കേട്ടോ കുഞ്ഞുലക്ഷ്മി  , ഇവര് മക്കൾ എല്ലാരും കൂടെ  പറയാണ് വാപ്പ പോണ്ട ഞങ്ങൾ നോക്കില്ലേന്ന് , നോക്കിയിരിക്കാൻ ആണേൽ പുത്തൻ ഫോട്ടോ ഒരെണ്ണം ഞാൻ തരാ പക്ഷേ ഞാൻ മയ്യത്ത് ആയിട്ടേ മാലയിടാവൂന്ന് പറഞ്ഞു അപ്പോ തൊട്ട് മൂന്നിന്റെയും മോന്തായം കടന്നൽ കുത്തിയ പോലെയാണ്. ഹാ പത്തു മുപ്പത് കൊല്ലം ഓരെ ഞാൻ നോക്കിയന്ന് കരുതി അതിന്റെ കടം വീട്ട വാപ്പ എന്ന് പറയുംപോലെ അല്ലേ ഇത്. അത് ഏതായാലും വേണ്ട . ഖദീജനെ നിക്കാഹ് ചെയ്യുമ്പോൾ ന്റെ ന്ന് പറയാൻ ആകെ ഉണ്ടായിരുന്നത് പണ്ട് ബെഞ്ചമിൻ സായിപ്പ് ഇംഗ്ളണ്ടിലേക്ക് പോകുമ്പോൾ തന്ന ആ ജീപ്പ്  മാത്രമാണ് .പിന്നെ ഇന്ന് കാണുന്നത് ഒക്കെ ഉണ്ടാക്കിയത് ആ വളയം പിടിച്ചിട്ടാണ് . ബെഞ്ചമിൻ ടൂർസ് ആൻഡ് ട്രാവെൽസ് മക്കൾ വലുതായപ്പോൾ ബീ ടൂർസ് ആൻഡ് ട്രാവെൽസ് ആയി . പേര് മാറ്റിയാലും എനിക്ക് അത് എന്റെ ബെഞ്ചമിൻ സാറിന്റെ  വണ്ടിയാണ് .ഇനി ഇതൊക്കെ നിങ്ങൾക്ക് ഉള്ളതാണ് ഞാൻ ഒന്ന് ഇനി വിശ്രമിക്കട്ടെ അത് അല്ലേ നല്ലത്."

ആരോടും യാത്ര പോലും പറയാണ്ട് ആ മുറുക്കാൻ പെട്ടിയും എടുത്ത് ജീപ്പിൽ കയറി ഒറ്റ പോക്ക് ആയിരുന്നു.പിന്നീട് ആ മനുഷ്യൻ ചെന്ന് കയറിയത്  ഒരു വൃദ്ധസദനത്തിൽ ആയിരുന്നു.
ആദ്യത്തെ രണ്ടു ദിവസം മൂപ്പര് ഒന്ന് കഷ്ടപെട്ടെങ്കിലും . പിന്നെ സൗഹൃദങ്ങളായി പരിചയക്കാരയി  പതിയെ അവിടത്തെ ഒരു  അന്തേവാസിയായി മാറി.

"  വറീദേ  ആരാ ഓൾ ,കുറെ നേരമായല്ലോ വായിട്ട് അലക്കാൻ തുടങ്ങീട്ട്. ഇവിടുത്തെ അന്തേവാസിയാണോ "

" ഓൾ ഇവടത്തെ അന്തേവാസിയൊക്കെ തന്നെയാണ് . പേര് ലൈല .നമുക്ക് ഒക്കെ സൂചികുത്തുന്നതും മരുന്ന് തരുന്നത് ഒക്കെ ഓളാണ് ."

"അപ്പോ ഓൾ നഴ്സാണോ ?"

"  നഴ്സോ ഡോക്ടറോ അങ്ങനെ എന്തെല്ലോ ആണ് , ഇവടെ വന്നിട്ട് ഏതാണ്ട് രണ്ടര വർഷായിക്കാണും." 
മാനുഹാജിക്ക് എന്തോ ലൈലത്താനെ അങ് വല്ലാണ്ട് പിടിച്ചിട്ടുണ്ട്.   ഈ 65  ആം  വയസ്സിൽ  മൂസയെ എണീപ്പിച്ച് ഇരുത്തുന്നതും  മരുന്ന് കൊടുക്കുന്നതും കണ്ടിട്ട്...

" നമ്മുക്ക്  ഒക്കെ ഒന്ന് എണീകണങ്കിൽ എന്തു  ഇടങ്ങേറാണ് ,ഓൾ അതാ ആ മൂസയെ എടുത്തിട്ട് പോകുന്നു . ഓളെ ഒക്കെ സമ്മതിക്കണം ."


"എന്താണ് ഹാജിയാരെ മുഹബ്ബത്ത് തോന്നുന്നുണ്ടോ ?

" ഏയ് നമ്മക്ക് നമ്മടെ ഖദീജയാണ് ഹൂറി. ഇത് ഒന്നും  അങ്  ഏശില്ല."
ഉറങ്ങി  കിടക്കുന്ന  മാനുഹാജിയെ തട്ടി ഉണർത്തി " അതെ ഈ സമയത്ത് മരുന്നുണ്ടല്ലോ കഴിക്കുന്നില്ലേ ..."
" ഹാ ഞാൻ അത് മറന്നു " എന്നും പറഞ്ഞ് തിരിഞ്ഞു നോക്കുമ്പോൾ  ,ദേ ലൈല വറീദിനോട് വീമ്പു പറഞ്ഞെങ്കിലും കുറച്ചു നിമിഷത്തേക്ക് മാനുഹാജി ആ കിടപ്പ് അങ്ങനെ കിടന്നു.

"ഇങ്ങൾ ബീ ടൂർസ് ആൻഡ് ട്രാവൽഡിന്റെ മുതലാളി അല്ലേ പിന്നെ എന്താ ഇവടെ "

 ലൈലാത്ത മാനുകയോട് ചോദിച്ചു. മൂപ്പര് ആണേൽ തരിച്ചു നിൽക്കല്ലേ

" കുറച്ചു കാലം ബന്ധങ്ങൾ ഒക്കെ മറന്ന്  ജീവിക്കാന്ന് കരുതി." 

പിന്നീട് അവര് ഒന്നും തന്നെ മിണ്ടിയില്ല...
ഓര്  പതിയെ കൂട്ടായി  മിക്കസമയവും ഒരുമിച്ചായിരിക്കും   വീട്ടുകാര്യവും  നാട്ടുകാര്യവും പറഞ്ഞ്  അവര് ആ വരാന്തയിലൂടെ നടന്നു , വറീദ് അതിനെ ഒരു  വയസ്സൻ മരം ചുറ്റി  പ്രേമം എന്നു വിശേഷിപ്പിച്ചു .

ഒരു  ദിവസം രേവതി  ഡോക്ടർ അന്തേവാസികൾക്കുള്ള ഭക്ഷണം കൊണ്ടുവന്നു .അവരുടെ കൂടെ രണ്ട് ഇരട്ട കുട്ടികളും ഉണ്ടായിരുന്നു . അപ്പുവും അച്ചുവും,  അവര് അവടെ ഒക്കെ കുസൃതികൾ കാട്ടി നടന്നു

 " നിങ്ങൾ തമ്മിൽ  ലൈൻ ആണോ "

 ലൈലത്തയെ ചുണ്ടി ചിരിച്ചു കൊണ്ട് കുട്ടികൾ ചോദിച്ചു.

 " നിലത്ത് നിന്ന് പൊന്തിയിട്ടില്ല  ഓരോന്ന് ചോദിക്കുന്ന ചോദ്യം നോക്കാ "

മാനു ഹാജി ചിരിച്ചു  കൊണ്ട് ചുറ്റും നോക്കി പറഞ്ഞു.

" ന്റെ സ്ക്കൂളിൽ എല്ലാരും അങ്ങനെയാണ്  സ്നാക്സ് കഴിക്കുമ്പോൾ ,ലഞ്ച് കഴിക്കുമ്പോൾ വെള്ളം കുടിക്കാൻ പോകുമ്പോഴൊക്കെ ഓര് ഓർടെ ലൈനിനെ കുട്ടിയാണ് പോവാർ  ദേ നോക്ക് മുത്തശ്ശാ ആ ഡോഗിന് വരെ ലൈനുണ്ട്."

കുട്ടികളുടെ കുസൃതികൾ കണ്ട് വറീദ് ചിരിച്ചു .

"  അല്ല മോനെ അപ്പോ അനക്ക് ലൈൻ ഒന്നുല്ലേ ." 

"ഉണ്ടാർന്നു ഒരു ഫിദ ണ്ടാർന്നു,ടീന ണ്ടാർന്നു, മാനസ ണ്ടാർന്നു ."  വറിദ് പതുക്കെ മാനുഹാജിയെ ഒന്ന് നോക്കി.

" ഓലെ ഒക്കെ ഓൻ  തേച്ചു മുത്തശ്ശാ" അച്ചു ഇടയിൽ കയറി പറഞ്ഞു.

" അത് ഓര് ആരും എനിക്ക് ഹാപ്പി ബർത്ത് ഡേ ക്ക് ഗിഫ്റ്റ് തരാഞ്ഞിട്ട് അല്ലേ."

" അപ്പോ അതിനാണോ അനക്ക് ലൈന് ".

വറീദ് കുട്ടികളോട് വല്ലാതെ അടുത്ത പോലെ  ഹാജിയാർക്ക് തോന്നി. മാത്രമല്ല അവര് പോയതിൽ പിന്നെ വറീദ് ഭയങ്കര ആലോചനകളിൽ ആയിരുന്നു

" ഇളയ മോന്റെ  മക്കൾക്ക് ഇതേ പ്രായമായിരിക്കും .അവരെ മടിയിൽ ഇരുത്തി കൊഞ്ചിക്കുന്ന പ്രായത്തിൽ അല്ലേ. ഞാൻ ഇങ്ങോട്ട് പോന്നത് , പെട്ടന്ന് അവരെ ഓർമ വന്നു.

 "  എപ്പോഴും ചിരിച്ചു കണ്ടിട്ടുള്ള ആ വയസ്സന്റെ രണ്ട്  കണ്ണും നിറയുന്നത് അന്ന്  ആദ്യമായി  അവര് കണ്ടു.

" ലൈല  ഇയ്യു  എന്താ കല്യാണം  കഴിക്കാഞ്ഞത് ?"

" എന്താപ്പോ കഴിച്ചിട്ട്.... മനുകാക്ക എന്തിനാണ് കല്യാണം കഴിച്ചത്. "

ഹാജിയര് ഒന്നും മിണ്ടിയില്ല പകരം തലയാട്ടി ഒന്ന് ചിരിച്ചു ... പിന്നെ ഒരു വെറ്റില എടുത്ത് ചുവന്ന കല്ലുള്ള മുതിരത്തിൽ മുത്തി  വാഴയിൽ വെച്ച് നീട്ടി ഒരു തുപ്പും തുപ്പി.

" ന്റെ ഒക്കെ കല്യാണ പ്രായത്തിൽ കല്യാണം കഴിക്കുക എന്നു പറയുന്നത് തന്നെ ഭർത്താവിനെ നോക്കി അവര് പണി കഴിഞ്ഞു വരുമ്പോൾക്കും വെള്ളം ചൂടാക്കി തോർത്ത് കയ്യിൽ കരുതി കാത്തിരിക്കണം ,ഇനി അത് കഴിഞ്ഞാൽ കലത്തിൽ നിന്ന്  ചോറ് ഊറ്റി മേശപ്പുറത്ത് ഒരു പാത്രത്തിൽ വിളമ്പി കൊടുക്കണം , അവരുടെ കഴിക്കലൊക്കെ കഴിഞ്ഞാൽ  പിന്നെ നമ്മൾ ഇരുന്ന് വേണങ്കിൽ കഴിക്കാം .പിന്നെ  അവർക്ക് സുഗം വേണമെന്ന് തോന്നുമ്പോൾ  മലർന്ന് കിടന്ന് കൊടുക്കുക ,  മക്കളെ പെറ്റും  നോക്കിയും ജീവിക്കുന്ന ഒരു  ഉദ്യോഗം മാത്രമായിരുന്നു  കല്യാണം. എനിക്ക് പൊന്നമ്മ ചേച്ചീടെ ഹോസ്പിറ്റലിൽ നഴ്സ് ഉദ്യോഗം ഉണ്ടല്ലോ അത് കൊണ്ട് ഞാൻ കെട്ടിയില്ല. "

മടികുത്തിൽ നിന്ന് ഒരു താലി മാല എടുത്ത് കയ്യിൽ വെച്ചിട്ട്

 "  ഞാൻ എനിക്ക് ഒരു കൂട്ടിന് വേണ്ടി കെട്ടിയത് ആയിരുന്നു. ഒന്നു മിണ്ടാൻ കേട്ടിരിക്കാൻ അവൾ പറയുന്നത് ഞാനും ഞാൻ  പറയുന്നത് അവളും ( ഒന്ന് ചിരിച്ചു )  അതിക കാലം കേട്ടിരിക്കാൻ കിട്ടിയില്ല . മൂന്നാമത്തെ പ്രസവത്തിൽ ഒരാളെ മാത്രമേ ജീവനോടെ കിട്ടിയൊള്ളൂ..

പുറത്ത് നല്ല മഴ പെയ്തു പതിയെ രണ്ടാളും എഴുന്നേറ്റ് അവരവരുടെ ബെഡിലേക്ക് പോയി .
പുറത്ത് വലിയ ആളും ബഹളവും കേട്ടാണ് മനുഹാജി എഴുന്നേൽക്കുന്നത് . വറീദ് ന്റെ മുഖമൊക്കെ ആകെ ഞെട്ടലുളവാക്കുന്നത് ആയിരുന്നു .

"അവൾ പോയി, ലൈല അവൾ ആ മുറിയിൽ ദേ മരിച്ച് കിടക്കുന്നു."

മാനുകാക്ക കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല. അയാൾ ആകെ അവശനായി .
സമയം അരിച്ച് അരിച്ച് നീങ്ങി. പോലീസ് വന്നു പോസ്റ്റ്മോർട്ടം കഴിഞ്ഞു ഒടുക്കം അടക്കവും കഴിഞ്ഞു.

ശ്വാസം മുട്ടിയാണ് മരിച്ചിരിക്കുന്നത്, ആരോ  ശ്വാസം മുട്ടിച്ച് കൊന്നതാണ് . ഒരുപാട് ചർച്ചകൾക്ക് ശേഷം പോലീസ് കൊലപാതകം ആണെന്ന നിഗമനത്തിൽ എത്തി .

ഏറ്റവും അടുപ്പമുള്ള മാനുവിനോടും  വറീദിനോടും പോലീസ് ലൈലയെ പറ്റി ശരിക്ക് ചോദിച്ച് മനസ്സിലാക്കി. എല്ലാ അന്തേവാസികളെയും ഒരു ഹാളിലേക്ക് വിളിപ്പിച്ചു . തിരിഞ്ഞും മറിഞ്ഞും  പോലീസ് കാര് ചോദ്യങ്ങൾ ചോദിച്ചു . 

പെട്ടന്ന് ഒരു ഫോണ് കാൾ വന്നു .

"  ഇനി ഇപ്പോ ചോദ്യവും പറച്ചിൽ ഒന്നുമില്ല ,ആളെ കിട്ടിയിട്ടുണ്ട്. വറീദേ ഇങ് വാ "

"  സാർ ഞാനല്ല "

" ഞാൻ നിങ്ങൾ ആണെന്ന് പറഞ്ഞോ ഇല്ലല്ലോ ഇങ് പോരെ, ആണോ അല്ലേ എന്നൊക്കെ നമുക്ക് തീരുമാനിക്കാം "

വറീദ് നെ  നടുവിലേക്ക് നിർത്തുന്നു.

" എത്ര വർഷമായി ഇവിടെ ? "

"നാൽ"

" കേട്ടില്ല ഉറക്കെ പറ"

"നാല് വർഷം "

 " നിന്റെ സുഹൃത്ത് മാനു വന്നിട്ടോ ?"

" ആറു മാസം "

"ലൈലയോട് വല്ല മുൻ വൈരാഗ്യം ഉണ്ടാർന്നോ"

" ഇല്ല "

"പിന്നെ എന്തിനാണ്  ?"

" ഞാൻ അല്ല സാർ "

അത് ശരിയാണ് നിങ്ങൾ അല്ല ( മാനു ഹാജിയെ ഒന്ന്  ചെരിഞ്ഞു നോക്കിയിട്ട് )പിന്നെ എന്തിനാണ് മാനു ഹാജി ഇങ്ങൾ ഓളെ കൊന്നത് "

എല്ലാവർക്കും അത് ഒരു വലിയ ഞെട്ടൽ ആയിരുന്നു
  " മാനുവോ  അവർ നല്ല കൂട്ടായിരുന്നല്ലോ , എപ്പോഴും ഒരുമിച്ചായിരുന്നല്ലോ  പിന്നെ എന്തിന് "
 
അന്തേവാസികൾക്ക് ഒക്കെ  വിശ്വസിക്കാൻ പറ്റുന്നില്ല.
വീണ്ടും ഒരു ഫോണ് വന്നു .എല്ലാവരും നിശ്ശബ്ദതരായി , പോലീസ് എന്താ പറയുന്നത് എന്ന് അവർക്ക് മനസ്സിലാകുന്നില്ലായിരുന്നു.

" കഴിഞ്ഞ മുപ്പത് വർഷമായി വേലായുധന് ഡോക്ടറും അവർക്ക് ശേഷം വന്ന രാജീവ് ഡോക്ടറും ചികില്സിച്ച മാനു ഹാജി ചെലപ്പോ ചെയ്തു കാണും .  അറസ്റ്റ് ഹിം"

നീണ്ട ചോദ്യം ചെയ്യൽ തുടർന്നു ഒടുക്കം കുറ്റ സമ്മതം

" അപ്പോ സാറിന് അറിയ കഴിഞ്ഞ മുപ്പത് കൊല്ലമായി  ഞാൻ ഒരു പ്രാന്തനായിരുന്നു എന്ന് .സാർ ആ പറഞ്ഞത് സത്യമാണ് .പക്ഷേ രണ്ടു വർഷം മുമ്പ്  ആ പ്രാന്ത് ഒക്കെ മാറി.ഈ കൊലപാതകം ഞാൻ സ്വബോധത്തോടെ  സ്വയ ഇഷ്ടപ്രകാരം ചെയ്തതാണ് . ഖദീജ പോയപ്പോൾ എന്റെ സമനിലഫുൾ തെറ്റി  എനിക്ക് ആകെ വട്ടായി .
ഹജ്ജിന് പോയപ്പോൾ ഒരു ഡോക്ടറെ കണ്ടു .എന്നോട് അയാൾ അതികമൊന്നും സംസാരിച്ചില്ല ഇത്രയെ പറഞ്ഞോള്ളു. 

 "എന്റെ ആദ്യത്തെ സിസേറിയന് നിങ്ങടെ വൈഫിന്റെ ആയിരുന്നു .അന്ന് സംഭവിച്ചത്  ഞങ്ങടെ സീനിയർ ഡോക്ടർടെ ഒരു കൈപ്പിഴ ആയിരുന്നു " 

അന്ന് ആ പ്രസവം എടുത്തത് ഒരു ഡോക്ടർ ലൈല ആയിരുന്നു  .അയാളോട് കൂടുതൽ അന്വേഷിച്ചപ്പോൾ . അന്ന് അവർക്ക് ഇച്ചിരി  നേരത്തേ വീട്ടിൽ പോവണം എന്നുണ്ടായിരുന്നു  പക്ഷേ ഞാങ്ങടെ കേസ്   ഇത്തിരി കോംപ്ലികേറ്റഡ് അയോണ്ട് അവരെ പോവാൻ അനുവദിച്ചില്ല .അവർ  വേഗത്തിൽ  കാര്യങ്ങൾ ചെയ്യാൻ നോക്കിയപ്പോൾ പറ്റിയ ചെറിയ ഒരു കൈപ്പിഴ ആയിരുന്നു അത്.
പിന്നീട് ആശുപത്രിക്കാർ അവരുടെ ഇന്റർണൽ കമ്മറ്റി മുഖേന ഒരു അന്വേഷണം നടത്തുകയും പിന്നീട് അവരെ പുറത്താക്കുകയും ചെയ്തു. അന്ന് അവർ അത്ര തിടുക്കം കൂട്ടാൻ കാരണം പിറ്റേ ദിവസം അവരുടെ കല്യാണമായിരുന്നു .
പിന്നീട് ആ കല്യാണം എന്തോ കാരണം കൊണ്ട് മുടങ്ങി .പിന്നീട് അങ്ങോട്ട് അവർക്ക് ജീവിതത്തിൽ ഒരുപാട് തിരിച്ചടികൾ നേരിട്ടു. ഒടുക്കം വൃദ്ധസദനത്തിൽ  പാർപ്പും ചികിത്സയുമായി കഴിഞ്ഞു കൂടുകയായിയായിരുന്നു.

" മാനു ഹാജി നിങ്ങടെ ഡോക്ടർ പറഞ്ഞ ഒരു കാര്യമുണ്ട്  എന്താ അറിയോ ..?
നിങ്ങൾ ഈ കഥ പറയാൻ തുടങ്ങീട്ട് ഏതാണ്ട്  പത്തു മുപ്പത് കൊല്ലമായി എന്നാണ് , ഡോക്ടർ ലൈല ഒക്കെ മരണപ്പെട്ടിട്ട് വർഷങ്ങളായി...എല്ല ലൈലമാരും . നിങ്ങടെ ഭാര്യയെ കൊന്നവൾ അല്ല."

അയാൾ നിരാശയുടെ മുഖത്തോടെ പോലീസ് കാരനെ നോക്കി എന്നിട്ട് അട്ടഹസിക്കാൻ തുടങ്ങി.

" വെറുതെയാണ് സാറേ സാർ ഒന്ന് പൊന്നമ്മ വർഗീസിന്റെ ഹോസ്പിറ്റലിൽ  പോയി ഒന്ന് അന്വേഷിക്ക് അപ്പോ അറിയാം സത്യം. ഞാൻ അവളോട്  എന്തേ കല്യാണം കഴിക്കാഞ്ഞത് എന്ന് ചോദിച്ചപ്പോൾ  അവൾ എനിക്ക്  പുരുഷമേധാവിത്വം , ആണ് അഹന്തയൊക്കെ   കാരണമായി പറഞ്ഞു.പിന്നെ, പിന്നെ എന്റെ പാവം ഖദീജയെ  ആ നശിച്ചവൾ എന്ന്  പേര് പറയാതെ പറഞ്ഞു കൊണ്ട് അന്ന് നടന്ന സംഭവം വിവരിച്ചു . അവളിൽ ഒരു കുറ്റബോധവും ഞാൻ കണ്ടില്ല  . അവൾ  നല്ല  ഉറക്കം ആയിരുന്നു ജനാലയിലൂടെ ഒന്ന് മുഖം പൊത്തി പിടിക്ക മാത്രമേ വേണ്ടി വന്നൊള്ളൂ..അവൾ കാലിട്ടടിക്കുന്നത് കണ്ടപ്പോൾ, ന്റെ    ഫൈസൽ കാലിട്ട് അടിക്കുന്നത് കാണാൻ ന്റെ ഖദീജക്ക് ഭാഗ്യം ഉണ്ടായില്ലല്ലോ എന്ന് ഓർത്തു പോയി."

"ലൈലയെ കൊന്നത്  ഒരു മജ്നുവാണ് സാറേ, കഥകളിലെ കാമുകനായ മജ്നു അല്ല .
ഭ്രാന്തനായ മാനു , "

കഴുകന്മാർക്ക് കൊത്തി വലിക്കാൻ ഒരു ഇറച്ചി കഷ്ണമായി  ന്റെ ഖദീജാനെ ഇട്ടുകൊടുക്കില്ല അത് ഇനി എത്ര  പ്രിയപ്പെട്ട കഴുകന്മാർ  ആയാലും "

അയാളുടെ കണ്ണുകൾ ഇമവെട്ടിയില്ല , ഭയപ്പെടുത്തുന്ന ചിരിയിൽ അയാൾ പോലീസ് കാരെ തന്നെ നോക്കിയിരുന്നു......


- സാബിത്ത് കൊപ്പം




അഭിപ്രായങ്ങള്‍

  1. വളരെ നല്ല കഥ, مشاء الله

    മറുപടിഇല്ലാതാക്കൂ
  2. مشاء الله , അടിപൊളി കഥയാട്ടോ
    മാവു ഹാജിയുടെ ഭ്രാന്ത് വല്ലാതെ മനസ്സിൽ കയറി. ഇനിയും എഴുതണേ.....
    എഴുത്തിനായി കാത്തിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ