നമുക്ക് ഒന്ന് പ്രേമിച്ചാലോ ?





"അമ്മമ്മേ  ദേ നോക്ക് എനിക്ക് ന്റെ ക്ലാസ്സിലെ ഒരു കുട്ടി ലവ് ലെറ്റർ തന്നല്ലോ "

 മുറുക്കാൻ പെട്ടിയിൽ മരുന്നുകൾ അടുക്കി വെച്ച് അമ്മാമ  കൊച്ചു മകളെ അടുത്തേക്ക് വിളിച്ച് ഇരുത്തി

" അല്ല  ന്റെ കുട്ടിയെ ഇയ്യ്‌  ഇപ്പൊ എത്രയിലാ പഠിക്കുന്നേ  എട്ടിൽ  തന്നെ അല്ലേ...ഈ പ്രായത്തിൽ അനക്ക് വേറെ എന്തൊക്കെ പഠിക്കാന്ണ്ട് ."

അമ്മാമ കണ്ണുരുട്ടി നോക്കി , ആരതി ഒന്ന് പേടിച്ചുവെങ്കിലും അമ്മാമ പെട്ടന്ന് ചിരിച്ചു.

"ആട്ടെ എന്താണ് ഓൻ  എഴുതിക്കണത് ഈ  മുബൈലൊക്കെ ഉള്ള ഈ കാലത്ത് കത്തോ ,ഇയ്യ്‌ വായിക്ക് ഞാൻ ഒന്ന് കേൾക്കട്ടെ ....."

ആരതി കത്ത് തുറന്ന് വായിച്ചു 

" പ്രിയപ്പെട്ട ആരതി  ഞാൻ ഇന്നലെ  സീതാ രാമം  സിനിമ കണ്ടു ; ഇയ്യ്‌ കണ്ടിനോ ,നല്ല  സിനിമയാണ് .അതിൽ സീത രാമൻ  ഒരു കത്ത് എഴുതുന്നുണ്ട്   സീത രാമന്റെ ഭാര്യയാണ് ന്നൊക്കെ പറഞ്ഞ് .  എനിക്ക് ആണേൽ അത് കണ്ടപ്പോൾ  തൊട്ട്  ഒരു കത്ത് എഴുതാൻ   തോന്നാടോ ..ആർക്ക് എഴുതാം എന്നാലോചിച്ച് ആലോചിച്ച് വട്ടായപ്പോ പെട്ടന്ന് അന്നേ ഓർമ വന്നു .അതല്ല എനിക്ക് നിനക്ക് അയക്കാനാണ് തോന്നിയത് .നിനക്ക് അറിയാലോ എനിക്ക് നിന്നെ  ഭയങ്കര ഇഷ്ട്ടമാണന്ന് . അല്ല നമ്മൾ ഭാര്യ ഭർത്താക്കന്മാർ ആണല്ലോ ..നിനക്ക് ഇപ്പോ പഴയ സ്നേഹം ഒന്നുമില്ല .നീ എനിക്ക് പ്രണയിക്കാൻ പോലും ഒരു അവസരം തരുന്നില്ലല്ലോ വാ നമുക്ക് ഒന്ന് പ്രണയിക്കാം"

" അമ്മമ്മേ  നമുക്ക് ഒന്ന് പ്രണയിച്ചാലോ " അവൾ ചിരിക്കുന്നു.

" കൊള്ളാലോ ഈ ചെക്കൻ  ഇവൻ  എത്രയിലാണ് പഠിക്കുന്നത് ?"

" പത്തിലാണ് അമ്മമ്മേ "

"നീ ഒരു  രണ്ടു ദിവസം ആ ചെറുക്കനോട്  മിണ്ടാൻ ഒന്നും പോണ്ട  ,  ഒന്നെങ്കിൽ വേറെ കിളിയെ തേടി പോകും ഇല്ലേൽ നിന്നെ വട്ടം ചുറ്റി ഇങ് വരും " ഇതൊക്കെ കേട്ട് വരുന്ന അമ്മ  ദേഷ്യത്തിൽ 

"കൊച്ചു മോൾക്ക് ഈ പ്രായത്തിൽ പറഞ്ഞു കൊടുക്കാൻ പറ്റിയ ഉപദേശം . ആ ചെക്കന്റെ പേര് പറ ഞാൻ ജലജ ടീച്ചർക്ക് ഒന്ന് വിളിക്കട്ടെ"

" എന്റെ പൊന്ന് അമ്മേ ഞാൻ വിട്ടു വെറുതെ ആ പാവത്തിന് ടി .സി  വാങ്ങി കൊടുക്കണ്ടാ "

"അല്ല ഇത് ഇങ്ങനെ അല്ലേ  വരൂ അമ്മാമ്മേടെ അല്ലേ കൊച്ചു മോൾ .."

"അപ്പോ അമ്മാമക്ക്  പ്രേമം ഉണ്ടാർന്നോ ?"

അമ്മ ചിരിച്ചോണ്ട് അകത്തേക്ക് പോകുന്നു. അമ്മാമ്മ   ആരതിയുടെ കവിളിൽ തലോടി തിരിഞ്ഞു കിടന്നു . കണ്ണ് കലങ്ങിയിരുന്നു മുഖത്ത് നല്ല ചിരിയുമുണ്ടായിരുന്നു . നേരം ഇരുട്ടി  പൂമുഖത്ത്  മുബൈലിൽ കുത്തി കൊണ്ടിരിക്കുന്ന  ആരതിയെ അമ്മാമ്മ  അടുത്തേക്ക് വിളിച്ചു .

" നിനക്ക്  അറിയോ പണ്ട് ഈ ശ്രീ കൃഷ്ണപുരത്ത്  ഒരു വീട്ടിലും ഫോൺ ഉണ്ടാർന്നില്ല   അച്ഛൻ  ഇംഗ്ലീഷ് കമ്പനിയിലായിരുന്നു ഉദ്യോഗം .അത് കൊണ്ട് തന്നെ തറവാട്ടിൽ ഒരു ഫോൺ ഉണ്ടായിരുന്നു സായിപ്പിന് എപ്പളാണ് അച്ഛനെ കാണാൻ തോന്നുക എന്ന് പറയാൻ പറ്റില്ലല്ലോ   .

ഒരു ദിവസം  അത് നിർത്താതെ ബെല്ലടിക്കുന്നത് കണ്ട് ഞാൻ പോയി എടുത്തു അപ്പുറത്ത് നിന്ന് ഇംഗ്ലീഷിൽ  ആരോ ഗോവിന്ദൻ പണിക്കരെ ചോദിക്കുന്നു അച്ഛൻ ഇംഗ്ലീഷ് പഠിപ്പിച്ചോണ്ട് ഞാൻ തിരിച്ച് ഗോവിന്ദൻ പണിക്കരെ മകൾ മാധവിയുണ്ട് എന്ന് .അയാൾ തമിഴ് എന്തോ പിറുപിറുത്ത് ഫോൺ കട്ട് ചെയ്തു . 
 അയാൾ വീണ്ടും വിളിച്ചു ,എനിക്ക് ഒരു കൗതുകം തോന്നി ഞാൻ  വീണ്ടും എടുത്ത് അത് പോലെ പറഞ്ഞു .അയാൾ തർക്കിച്ചു .ഞാൻ എന്നും തർക്കിക്കാൻ പാകത്തിൽ ഓരോ കുസൃതികൾ ഒപ്പിച്ചു .എന്നും വിളിക്കാൻ തുടങ്ങി . ഞങ്ങൾ  പരസ്പ്പരം പരിചയപെട്ടു . പിന്നെ ആ ശബ്ദം കേൾക്കാതിരിക്കാൻ പറ്റാത്ത അത്ര അടുത്ത് പോയി . 

ഒന്ന് കാണുക പോലും ചെയ്യാത്ത ഒരാളെ   എത്രയോ തവണ കണ്ടപോലെ ആയിരുന്നു എനിക്ക് ഓരോ സംസാരത്തിലും  ഇണക്കവും പിണക്കവുമായി  ദിവസങ്ങൾ കടന്നു പോയി  പിണക്കങ്ങളും പരിഭവങ്ങളും ദിവസങ്ങളോളം നീണ്ടു നിന്നിട്ടുണ്ട് 

'മാധവി  നീ ആ  പാട്ട് ഒന്ന് പാട് '
എന്ന് മധുരമുള്ള തമിഴ് മൊഴിയിൽ പറയുമ്പോ ഞാൻ അറിയാണ്ട് പാടി പോകും . 
പക്ഷേ  അച്ഛൻ അറിഞ്ഞതിൽ പിന്നെ  എല്ലാം പ്രശ്‌നത്തിലായി ,വിളിയില്ല സംസാരമില്ല  നാളുകൾ തള്ളി നീക്കി ഞാൻ ഇവടെ ഫോണിന്റെ ഇങ്ങേ തലക്കൽ  കാത്തിരിക്കും .അച്ഛൻ ഭീഷണി പെടുത്തിയത് കൊണ്ടാണെന്ന് തോന്നുന്നു
അങ്ങേര് പിന്നെ ഒരിക്കലും വിളിച്ചില്ല"

" അപ്പോ ആൾ അമ്മാമ്മേനെ തേച്ചിട്ട് പോയിലെ "
ആരതി സങ്കടത്തോടെ ചോദിച്ചു .

അടുക്കളയിൽ നിന്ന് അമ്മ ഉറക്കെ പറഞ്ഞു  " തേച്ചിട്ട് ഒന്നും പോയിട്ടില്ല ആ ഉമ്മറ പടിയിൽ ഇരുന്ന് ബീഡി വലിക്കുന്നുണ്ട് . "

" അപ്പോ  മുത്തശ്ശൻ ആയിരുന്നോ അത് .എന്നിട്ട് എവിടെ ആ  ഫോൺ വിളിക്കാരൻ "
ആരതി ഉമ്മറത്തേക്ക് ഓടി  .

" പറ ബാക്കി കഥ പറ "അവൾ മുത്തശ്ശനെ നിർബന്ധിച്ചു കൊണ്ടിരുന്നു

" എന്നിട്ട് നാൻ സേലത്ത് നിന്ന് ഒരു വണ്ടി പിടിച്ചു ഇവളെ പാത്തതും  ഞാൻ അയ്യാക്കിട്ടു  മന്നിപ്പ് കേട്ട് ". മുത്തശ്ശൻ  തമിഴ് പറയുന്നത് ആദ്യമായിട്ട് കേൾക്കുന്ന ആരതി അന്തം വിട്ട് നിന്നു .

" ഒന്നുല്ല മോളെ അച്ഛനോട് മാപ്പ് ഒക്കെ പറഞ്ഞ് ഒന്ന് എളിമയോടെ നിന്നപ്പോൾ   സിനിമയിലൊക്കെ  പറയും പോലെ നീ എടുത്തോട  സെൽവാ ന്നും പറഞ്ഞ് അമ്മാമനെ  ഇങ്ങട്ട് തന്നു ."

ആരതി  ഉടനെ

" എന്ന ഞാൻ ഒന്ന് പ്രേമിച്ചു നോക്കിയാലോ ? "

അടുക്കളയിൽ  നിന്ന് വലിയ ശബ്ദങ്ങൾ ഒക്കെ കേൾക്കനുണ്ട് മിക്കവാറും അമ്മ  ആരതിയെ എയറിൽ ആക്കിയിട്ട്  ഉണ്ടാകും . വായനക്കാരെ അപ്പോ  നമുക്ക് ഒന്ന് പ്രേമിച്ചാലോ .................

- സാബിത്ത് കൊപ്പം


 

അഭിപ്രായങ്ങള്‍

  1. Kollallo, ippol onnu pernayichalonn oralochana

    മറുപടിഇല്ലാതാക്കൂ
  2. നിന്റെ ഓരോ എഴുത്തിനും വേണ്ടി കാത്തിരിക്കാറുണ്ട്. ഇന്നലെ കുറച്ച് തിരക്കായത് കൊണ്ട് വായിക്കാൻ പറ്റിയില്ല. തിരക്കിനിടയിലും തിരക്കി വന്നു വായിക്കാറുണ്ട്. അതുകൊണ്ടുതന്നെ അതിരാവിലെ എഴുന്നേറ്റ് ഒരു കഥ അങ്ങോട്ട് വായിച്ചു. എന്തായാലും മനോഹരമായിട്ടുണ്ട്. ❤️ ഇനിയും നന്നായി എഴുതാൻ കഴിയട്ടെ..
    സീതാറാം കണ്ടപ്പോൾ എനിക്കും കത്തുകളെഴുതണം എന്ന് തോന്നിപ്പോയി. പക്ഷേ ഇതുപോലെ ആർക്ക് എഴുതണമെന്ന് ചോദ്യചിഹ്നമായി മാറി🥀

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ